കഴുകന്‍ (ഗദ്യകവിത : ജോണ്‍ വേറ്റം)

Published on 21 January, 2022
 കഴുകന്‍  (ഗദ്യകവിത : ജോണ്‍ വേറ്റം)
                                 
       വിളിപ്പാടകലെ പച്ചനിറമുള്ളൊരു ത്രികോണമൈതാനം. 
       പകല്‍വെളിച്ചത്തതിനു പട്ടണമുഖം, രാവിലശുദ്ധഭൂമി. 
       തിരുമ്മും, ക്ഷണികസുഖവും, മയക്കുമരുന്നും വില്കുന്നിടം.
       രതി വികൃതികളും, ഭവനരഹിതരും രാപാര്‍ക്കും തലം.
       വഴിവിളക്കുകള്‍ അതിരിട്ടുനില്കുമാ സ്ഥലത്തിന്നരികെ,
       സര്‍ക്കാരോഫീസിനെതിരേ, വഴിവക്കത്തുണ്ടൊരു പടുമരം.
       വെയിലത്ത് തണലും, നിലാവില്‍ നിഴലും നല്കുമുപകാരി!
       അതിന്റെ ചുവട്ടിലാണൊരു ഏകാകിനിയുടെ ഏകാന്തവാസം. 
       രാവുറക്കമൊഴിഞ്ഞുവേലചെയ്യും ഞാന്‍, അന്നുമവളെ കണ്ടു, 
       എന്‍ കരളിന്‍കയത്തില്‍ കരുണാലയംപണിഞ്ഞവളെ. 
       എന്നും നന്നേപുലരുമ്മുമ്പ്, ദിനചര്യയ്ക്കായവള്‍ ഉണരും. 
       ഇടുങ്ങിയ, ഇരുള്‍മൂടിയ, മറവിടങ്ങളിലേക്ക് പോകും.
       കുളിമുറിയും, തുണിമാറ്റവും, ശൌചലായവും അവള്‍ക്കില്ല!
       കാതിപ്പൂവും, കൈവളയും, കെട്ടുതാലിയും, മുത്തുമാലയുമില്ല!
       വിശുദ്ധിയും, വെടിപ്പും, സൗന്ദര്യബോധവും, ഭിക്ഷുവിനുണ്ടാകുമോ?
       നവയവ്വനത്തിന്റെ കൊഴുപ്പും മുഴപ്പും അവള്‍ക്കുമുണ്ട്.
       കുളിച്ചൊരുങ്ങി നല്ലവസ്ത്രവും ധരിച്ചാല്‍, അതീവസുന്ദരി!
       ഓര്‍ക്കാന്‍, മണവറയിലെ മധുരാനുഭവങ്ങളൊട്ടുമില്ല. 
       കന്യകാത്വമെന്തെന്നും,  കവര്‍ന്നെടുത്തതാരെന്നുമറിവില്ല.
       കനച്ചചിന്തയും കദനപൂരിതമാം അനുഭവവുമുണ്ട്.
       
       ആരോ ഉപേക്ഷിച്ച, നാല് ചാടുകളുള്ള, ഒരുന്തുവണ്ടി സ്വന്തം. 
       അതിനടിയില്‍ തൂങ്ങും ഭാണ്ഡമാണവളുടെ സമ്പാദ്യം.
       ഓടവെള്ളത്തിലൊഴുകിവരും തുണിത്തുണ്ടുകളെടുത്തുണക്കും, 
       തെണ്ടിയാണെന്ന ബോധമില്ലാതെത്തും തീണ്ടാരിക്കുപയോഗിക്കാന്‍.
       ദൈവവും, പാപമോക്ഷവും, സ്വര്‍ഗ്ഗവും മനസ്സിലുണ്ടായിട്ടില്ല. 
       മൂഢവിശ്വാസം വളര്‍ത്തും മന്ദിരങ്ങളില്‍ പോയിട്ടുമില്ല.   
       അനുഭവഭാരംചുമന്നലഞ്ഞിടും യാചകവര്‍ഗ്ഗത്തിനെന്തിന്,          
       വിശപ്പും ദാഹവുമകറ്റാത്തൊരാ വ്യര്‍ത്ഥമാം സങ്കല്പങ്ങള്‍? 
       അഗതികളുടെ നിത്യശൂന്യതയറിയുന്നൊരു മനുഷ്യന്‍,       
       നടന്നുവന്നു, അവള്‍ക്കും നല്കി വിലവാങ്ങിയ പൊതിച്ചോറ്!
       അപ്പോഴും, അവഗണിത ജനത്തിന്റെ ഏറെ യാതനാചിത്രങ്ങളെന്‍ 
       ആത്മാവിന്നാഴങ്ങളില്‍ നീറ്റും കദനമുള്ളുകളായ്തറഞ്ഞു!
       എല്ലാമനുഷ്യരും തുല്യരാണെന്ന പ്രായോഗികസമത്വത്തിന്റെ, 
       ദിവ്യമാം ആനന്ദത്തിലെത്തുന്നേകവഴി സമഭാവനയല്ലെ?
       അര്‍ദ്ധനിശയുടെ കുളിരില്‍, അകലേനോക്കിയിരിയ്ക്കവേ,
       മനസ്സിലോടിവന്നു ഒരുപാടുത്തരംകിട്ടാത്ത ചോദ്യങ്ങള്‍.
       നടന്നുവന്നയുവാവ് മരച്ചോട്ടില്‍ പുകവലിച്ചിരുന്നു.
       ഉറങ്ങിക്കിടന്ന വികലാംഗയുടെ പുതപ്പിന്നടിയിലേറി, 
       അവന്‍ നിഷ്‌കരുണംഞെരിച്ചു, മൂകമായ് കീഴടങ്ങുംവരെ.
       പീഡകന്‍, തീപ്പെട്ടിയുരച്ചു ബീഡികത്തിച്ചു, മന്ദം നടന്നു!  
       ദുഷ്‌ക്കാമപ്രവര്‍ത്തിയുടെ ഇര, ദേഹവേദനയോടെതേങ്ങി,
       ദന്തക്ഷതമേറ്റുചോരകിനിഞ്ഞ, മാറിടമവള്‍തടവി.
       ആധുനികലോകത്തെ അശുദ്ധമാക്കുന്നൊരുതിന്മയോ പീഡനം?
       ജനാധിപത്യഭരണത്തിലത് വളരും വിരുദ്ധച്യുതിയോ?
       നിര്‍ത്തുമോ പുരുഷദുഷ്ഠതയുടെ കഠിനപീഡനങ്ങള്‍?
       മാറ്റുമോ യാചകസോദരങ്ങളിലെന്നും ഏറിടുംനോവുകളെ?
        ജോണ്‍ വേറ്റം


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക