യു.എസ് . അതിർത്തിയിൽ നാലംഗ ഇന്ത്യൻ കുടുംബം മരവിച്ച് മരിച്ചു 

Published on 21 January, 2022
യു.എസ് . അതിർത്തിയിൽ നാലംഗ ഇന്ത്യൻ കുടുംബം മരവിച്ച് മരിച്ചു 

യുഎസ് അതിർത്തിയിൽ നിന്ന് മീറ്ററുകൾ മാത്രം അകലെ കാനഡയിൽ ഒരു കുഞ്ഞും കൗമാരക്കാരനും ഭാര്യയും ഭർത്താവും ഉൾപ്പെടെ നാല് ഇന്ത്യൻ പൗരന്മാരടങ്ങുന്ന കുടുംബത്തെ  മരിച്ച നിലയിൽ കണ്ടെത്തി.

ഇതേതുടർന്ന്    മനുഷ്യക്കടത്ത് കുറ്റം ചുമത്തി വ്യാഴാഴ്ച ഫ്ലോറിഡ സ്വദേശി  സ്റ്റീവ് ഷാൻഡിനെ (47) അറസ്റ്  ചെയ്തു 

ബുധനാഴ്ച നോർത്ത് ഡക്കോട്ടയിലെ കനേഡിയൻ അതിർത്തിയുടെ സമീപം  രേഖകളില്ലാത്ത രണ്ട് ഇന്ത്യൻ പൗരന്മാരുമായി  ഷാൻഡിനെ (47) അതിർത്തി പട്രോളിംഗ് ഏജന്റുമാർ പിടികൂടി. ഇയാളുടെ 15  പേർ  കയറുന്ന വാനിലായയിരുന്നു അവർ.

ഷാൻഡ് അറസ്റ്റിലായ സ്ഥലത്തേക്ക് കാൽനടയായി പോകുന്ന മറ്റ് അഞ്ച് ഇന്ത്യക്കാരെ പോലീസ്  പിന്നീട് കണ്ടെത്തി. അവരിൽ ഒരാളുടെ   ബാക്ക്പാക്കിനുള്ളിൽ കുട്ടികളുടെ വസ്ത്രങ്ങൾ, ഡയപ്പർ, കളിപ്പാട്ടങ്ങൾ, കുട്ടികൾക്കുള്ള മരുന്നുകൾ എന്നിവ ഉണ്ടായിരുന്നു.

യുഎസിലേക്ക് കടക്കുന്നതിനിടെ ഈ  ഗ്രൂപ്പിൽ നിന്ന് വേർപിരിഞ്ഞ നാലംഗ കുടുംബത്തിലെ  കുഞ്ഞിന് വേണ്ടി ഉള്ളതായിരുന്ന അത് 

കാറ്റിലും സ്നോയിലും രാത്രിയിൽ  ഗ്രൂപ്പിൽ നിന്ന്   നാല് പേര് വേര്പിരിഞ്ഞതായി അഞ്ചംഗ സംഘം പോലീസിനെ അറിയിച്ചു. 

അതേത്തുടര്ന്ന്   അധികൃതർ സ്നോമൊബൈലുകളും മറ്റും ഉപയോഗിച്ച്  അതിർത്തിയിൽ തിരച്ചിൽ ആരംഭിച്ചു.  കാനഡയിലെ  മാനിറ്റോബ പ്രവിശ്യയിലെ യു.എസ്. അതിർത്തിയിൽ നിന്ന്   ചുവടുകൾക്കുള്ളിൽ മരിച്ച ഒരു പുരുഷനും സ്ത്രീയും കുഞ്ഞും കൗമാരക്കാരനും അടങ്ങിയ  കുടുംബത്തെ  വൈകാതെ കണ്ടെത്തിയതായി അമേരിക്കൻ അധികൃതർ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസിനെ അറിയിച്ചു.

രക്ഷപ്പെട്ട അഞ്ചംഗ സംഘത്തിലെ ഒരു  സ്ത്രീയുടെ ശ്വാസം പലതവണ നിലച്ചതായി  കണ്ട അധികൃതർ അവരെ ആശുപത്രിയിലേക്ക് കൊണ്ട് പോയി.  ഫ്രോസ്റ് ബൈറ്റ്  കാരണം അവരുടെ ഒരു കൈ ഭാഗികമായി മുറിച്ചു കളയേണ്ടി  വന്നു. 

"ഇത്  ഹൃദയഭേദകമായ ഒരു ദുരന്തമാണ്,"  കനേഡിയൻ പോലീസ്  അസിസ്റ്റന്റ് കമ്മീഷണർ ജെയിൻ മക്ലാച്ചി പറഞ്ഞു.

ഈ ഇരകൾ തണുത്ത കാലാവസ്ഥ മാത്രമല്ല, അനന്തമായ ചതുപ്പും  വലിയ മഞ്ഞുവീഴ്ചകളും പൂർണ്ണമായ ഇരുട്ടും നേരിട്ടു," അവർ   പറഞ്ഞു.

യാത്രക്കിടെ സംഘം മൈനസ് 35 ഡിഗ്രി തണുപ്പിനെ അഭിമുഖീകരിക്കുന്നുണ്ടായിരുന്നു. തണുപ്പ് കൊണ്ടാണ് മരിച്ചതെന്നാണ് അധികൃതരുടെ അനുമാനം.

ഏകദേശം 11 മണിക്കൂറോളം തങ്ങൾ ക്രൂരമായ അവസ്ഥയിൽ നടക്കുകയായിരുന്നുവെന്നും ആരെങ്കിലും തങ്ങളെ വന്നു  കൊണ്ടുപോകുമെന്ന് പ്രതീക്ഷിച്ചതായും അഞ്ച് ഇന്ത്യൻ പൗരന്മാർ അധികൃതരോട് പറഞ്ഞു.

എല്ലാവരും ഗുജറാത്തി സംസാരിക്കുന്നവരാണെന്നു  അധികൃതർ അറിയിച്ചു. 

മിനസോട്ടയിലെ  സെന്റ് വിൻസെന്റിലുള്ള ജീവനക്കാരില്ലാത്ത ഗ്യാസ് പ്ലാന്റ് ആയിരുന്നു  ലക്‌ഷ്യം.

വ്യാജമായി നേടിയ സ്റ്റുഡന്റ് വിസ ഉപയോഗിച്ച് ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് കടക്കുന്നതിന് താൻ ഗണ്യമായ തുക നൽകിയെന്ന്  പിടിയിലായ  ഇന്ത്യൻ പൗരന്മാരിൽ ഒരാൾ പറഞ്ഞതായി കോടതിയിൽ പോലീസ് നൽകിയ പരാതിയിൽ പറയുന്നു. ചിക്കാഗോയിലെ അമ്മാവന്റെ വീട്ടിലേക്ക് ആരെങ്കിലും കൊണ്ടുപോകുമെന്ന് പ്രതീക്ഷിച്ചിരുന്നതായും അയാൾ  പറഞ്ഞു.

അഞ്ചുപേരും ഒരേ തരത്തിലുളള  ശീതകാല വസ്ത്രങ്ങൾ  ധരിച്ചിരുന്നു, രോമങ്ങൾ ട്രിം ചെയ്ത ഹൂഡുകൾ, കറുത്ത കയ്യുറകൾ,   ഇൻസുലേറ്റഡ് റബ്ബർ ബൂട്ടുകൾ എന്നിവ.  ഷാൻഡിനും  അതേ  വസ്ത്രങ്ങളായിരുന്നു.

മിനസോട്ടയിലെ  യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിൽ വ്യാഴാഴ്ചയാണ് ഷാൻഡ് ആദ്യമായി ഹാജരായതെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു. തിങ്കളാഴ്ച വാദം കേൾക്കുന്നത് വരെ കസ്റ്റഡിയിൽ തുടരാൻ ഉത്തരവിട്ടു. 

മനുഷ്യക്കടത്ത്  സംഘത്തെപ്പറ്റി അന്വേഷിക്കുകയാണെന്ന് യു.എസ. അധികൃതർ പറഞ്ഞു. ഷാൻഡ് അറസ്റ്റിലായ അതേ സ്ഥലത്ത് നടന്ന മറ്റ് മൂന്ന് കള്ളക്കടത്ത് പ്രവർത്തനങ്ങളെക്കുറിച്ച് തനിക്ക് അറിയാമായിരുന്നുവെന്ന് ഒരു ബോർഡർ പട്രോൾ ഏജന്റ് കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നു. രണ്ടെണ്ണം ഡിസംബറിലും ഒരെണ്ണം ഈ മാസം ആദ്യമാണെന്നും പരാതിയിൽ പറയുന്നു.

മാനിറ്റോബയിലെ അന്താരാഷ്‌ട്ര അതിർത്തി കടക്കാൻ ആലോചിക്കുന്ന ഏതൊരാൾക്കും തന്റെ പക്കൽ ഒരു സന്ദേശം ഉണ്ടെന്ന് കമ്മീഷണർ മക്ലാച്ചി പറഞ്ഞു: "അത് ചെയ്യരുത്."

നിങ്ങളെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ കഴിയുമെന്ന് ആരെങ്കിലും നിങ്ങളോട് പറഞാൽ  അത്  കേൾക്കരുത്. അവർക്ക് അതിനു കഴിയില്ല, അവർ  പറഞ്ഞു.

യു.എസ് . അതിർത്തിയിൽ നാലംഗ ഇന്ത്യൻ കുടുംബം മരവിച്ച് മരിച്ചു 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക