ഭാരിച്ച ചെലവ്; മൂന്നു വര്‍ഷത്തിനിടെ സൗദി വിട്ടത് 1.05 ദശലക്ഷം പ്രവാസികള്‍

Published on 21 January, 2022
ഭാരിച്ച ചെലവ്; മൂന്നു വര്‍ഷത്തിനിടെ സൗദി വിട്ടത് 1.05 ദശലക്ഷം പ്രവാസികള്‍

റിയാദ്: 2018 മുതല്‍ 2021 മൂന്നാം പാദം വരെയുള്ള കാലയളവില്‍ 1.05 ദശലക്ഷം പ്രവാസികള്‍ സൗദി തൊഴില്‍ വിട്ടതായി കണക്ക്. സര്‍ക്കാര്‍ ഏജന്‍സികള്‍ പുറത്തുവിട്ട കണക്കിന്റെ അടിസ്ഥാനത്തില്‍ അറബ് പത്രങ്ങളാണ് 45 മാസത്തെ കണക്ക് പുറത്ത് വിട്ടത്. പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ലെവി ചുമത്താന്‍ ആരംഭിച്ചത് മുതലാണ് തൊഴിലാളികളുടെ മടക്കം കൂടിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ലെവിക്ക് തുടക്കം കുറിച്ച 2018 ല്‍  ഒരുതൊഴിലാളിക്ക് 400 റിയായിരുന്നു പ്രതിമാസം അടക്കേണ്ടത്. ഇത് 2019 ല്‍ 600 ഉം 2020 ല്‍ 800 ഉം ആയി ഉയര്‍ന്നു. തൊഴിലുടമകളാണ് ലേവി ഒടുക്കേണ്ടതെങ്കിലും, ഭാരിച്ച ചെലവ് കാരണമാണ് കൂടുതല്‍ തൊഴിലാളികളും സൗദി വിടുന്നത്.

പ്രവാസി ലെവി ഏര്‍പ്പെടുത്തുന്നതിന് മുമ്പ് 2017 അവസാനത്തില്‍ പ്രവാസി തൊഴിലാളികളുടെ എണ്ണം 10.42 ദശലക്ഷമായിരുന്നു. എന്നാല്‍ ഈ കണക്ക് പിന്നീടുള്ള  ഓരോ വര്‍ഷവും കുറയാന്‍ തുടങ്ങി. 2021 മൂന്നാം പാദത്തിന്റെ അവസാനത്തോടെ ഇത് ഏകദേശം 9.36 ദശലക്ഷത്തിലെത്തി എന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. ഇതേകാലയളവില്‍  സ്വദേശി തൊഴിലാളികളുടെ  എണ്ണം 5.66 ശതമാനം വര്‍ധിച്ചു. ഏകദേശം 179,000 സ്ത്രീ-പുരുഷ സ്വദേശി തൊഴിലാളികളുടെ വര്‍ധനവോടെ, മൊത്തം സൗദി തൊഴിലാളികളുടെ എണ്ണം 3.34 ദശലക്ഷമായി ഉയര്‍ന്നു. എന്നാല്‍ 2017 അവസാനത്തില്‍ ഇത് 3.16 ദശലക്ഷമായിരുന്നു. 

ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ (ഗോസി) റജിസ്റ്റര്‍ ചെയ്ത് സോഷ്യല്‍ ഇന്‍ഷുറന്‍സ് നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയരായ സൗദി പുരുഷന്മാരുടെയും സ്ത്രീകളുടെയും എണ്ണം ഇതേ കാലയളവില്‍ 7.73 ശതമാനമാണ് വര്‍ധിച്ചത്. അതായത് 153,000-ലധികം സൗദി സ്ത്രീ-പുരുഷ തൊഴിലാളികള്‍ക്ക് പ്രവേശനം ലഭിച്ചു. ഇതോടെ ഇന്‍ഷുറന്‍സ് ഡാറ്റാബേസില്‍  മൊത്തം തൊഴിലാളികളുടെ എണ്ണം ഏകദേശം 2.14 ദശലക്ഷമായി ഉയര്‍ന്നു. സിവില്‍ സര്‍വീസ് നിയമനം ലഭിച്ച സ്വദേശി സ്ത്രീ-പുരുഷ തൊഴിലാളികളുടെ എണ്ണം 26,000 ആയി വര്‍ധിച്ചു. അതായത് രണ്ട് ശതമാനത്തിന്റെ നേരിയ വര്‍ധനവോടെ ഈ രംഗത്തുള്ളവരുടെ ആകെ എണ്ണം നിലവില്‍ 1.21 ദശലക്ഷമായി.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക