Image

അതിതീവ്ര വ്യാപന പശ്ചാത്തലത്തില്‍ ക്ലസ്റ്റര്‍ മാനേജ്മെന്റ്: മന്ത്രി വീണാ ജോര്‍ജ്

Published on 21 January, 2022
അതിതീവ്ര വ്യാപന പശ്ചാത്തലത്തില്‍ ക്ലസ്റ്റര്‍ മാനേജ്മെന്റ്: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപന പശ്ചാത്തലത്തില്‍ ക്ലസ്റ്റര്‍ മാനേജ്മെന്റിന് രൂപം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ഥാപനങ്ങളിലും ഓഫീസുകളിലും നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ കൂടിയാണ് ക്ലസ്റ്റര്‍ മാനേജ്മെന്റ് തയ്യാറാക്കിയത്.

സംസ്ഥാനത്ത് 18 വയസിന് മുകളില്‍ ലക്ഷ്യം വച്ച ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്സിനും 83 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. ഇതുകൂടാതെ കരുതല്‍ ഡോസിന് അര്‍ഹതയുള്ളവരില്‍ 33 ശതമാനം (2,91,271) പേര്‍ക്ക് വാക്സിന്‍ നല്‍കി. 15നും 17നും ഇടയ്ക്ക് പ്രായമുള്ള 61 ശതമാനം പേര്‍ക്ക് (9,25,722) വാക്സിന്‍ നല്‍കിയിട്ടുണ്ട്. എല്ലാ വിഭാഗങ്ങളിലുമായി 5 കോടിയിലധികം ഡോസ് വാക്സിനേഷന്‍ നല്‍കി. കുറേ പേര്‍ക്ക് കോവിഡ് വന്ന് പോയിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ ഭൂരിപക്ഷം പേര്‍ക്കും ഹൈബ്രിഡ് പ്രതിരോധശേഷി നേടിയിട്ടുണ്ട്. സ്ഥാപനങ്ങളിലും സ്‌കൂളുകളിലും ജോലി ചെയ്യുന്ന ജീവനക്കാരും അധ്യാപകരും പൂര്‍ണമായും വാക്സിനേഷന്‍ എടുത്തവരാണ്. അതിനാല്‍ കോവിഡ് അണുബാധ ഉണ്ടായാല്‍ പോലും അത് ഗുരുതരമാകാനുള്ള സാധ്യത വളരെ കുറവാണ്. മറ്റനുബന്ധ രോഗമുള്ളവര്‍ക്ക് കോവിഡ് ബാധിച്ചാല്‍ ഗുരുതരമാകുകയും ചെയ്യും. ഈ സാഹചര്യത്തില്‍ സ്‌കൂളുകളിലും ഓഫീസുകളിലും സുരക്ഷ ഉറപ്പാക്കാനാണ് ക്ലസ്റ്റര്‍ മാനേജ്മെന്റ് ആവിഷ്‌ക്കരിച്ചത്.

എല്ലാ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഒരു ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ടീം (ഐസിടി) രൂപീകരിക്കണം. തിരഞ്ഞെടുത്ത ടീം അംഗങ്ങള്‍ക്ക് സ്ഥാപനങ്ങളിലും ഓഫീസുകളിലും പിന്തുടരേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച് പരിശീലനം നല്‍കണം. ഒരു ചെക്ക്ലിസ്റ്റ് ഉപയോഗിച്ച് ദിവസവും രോഗലക്ഷണ പരിശോധന നടത്തുക എന്നതാണ് അണുബാധ നിയന്ത്രണ ടീമിന്റെ പ്രധാന ഉത്തരവാദിത്തം. ക്ലസ്റ്റര്‍ രൂപീകരണത്തിന്റെ കാര്യത്തില്‍, ഉയര്‍ന്ന അപകടസാധ്യതയുള്ള എല്ലാ സമ്പര്‍ക്കങ്ങളും ഈ ടീം തിരിച്ചറിയുകയും ക്വാറന്റൈന്‍ ചെയ്യിക്കുകയും വേണം. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ പ്രാദേശിക ആരോഗ്യ പ്രവര്‍ത്തകരുടെ സഹായം തേടാവുന്നതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക