വേനൽമഴ ( കഥ: ശാന്തിനി ടോം )

Published on 22 January, 2022
വേനൽമഴ ( കഥ: ശാന്തിനി ടോം )

മദേഴ്‌സ് സ്‌കൂൾ ആനുവൽ ഡേ! തോരണം കെട്ടി അലങ്കരിച്ച സ്‌കൂൾ മൈതാനം നിറയെ ആളുകൾ, കുട്ടികളും രക്ഷിതാക്കളും. ഉച്ചഭാഷിണിയിൽ നിന്നും ഒഴുകുന്ന ഗാനശകലങ്ങളും സംഭാഷങ്ങളും പൊട്ടിച്ചിരികളും എല്ലാം കൂടി ആകെ ബഹളമയം. മൈതാനത്തിന്റെ ഒരറ്റത്ത് ഫുഡ് കോർട്ടിൽ നിരനിരയായി സ്റ്റാളുകൾ. ഭക്ഷണപദാർത്ഥങ്ങളുടെ കൊതിപ്പിക്കുന്ന സുഗന്ധം.
 
ക്ഷണിക്കപ്പെട്ട ചീഫ് ഗസ്റ്റായി ആ സ്‌കൂളിലേക്ക് കയറിച്ചെല്ലുമ്പോൾ അഭിമാനം തോന്നുന്നു. വർഷങ്ങൾക്കു മുൻപ് അവിടെ അമ്മുവിന് അഡ്മിഷന് വേണ്ടി കയറിചെന്നതോർത്തു.
 
“നോ മിസിസ് നായർ, പ്ലീസ് അണ്ടർസ്റ്റാൻഡ്.. വർക്കിംഗ് മദേഴ്‌സിന്റെ കുട്ടികൾക്ക് ഞങ്ങൾ അഡ്മിഷൻ കൊടുക്കില്ല. അവർക്ക് കുഞ്ഞുങ്ങളെ ശ്രദ്ധിക്കാനോ അവരുടെ പഠനത്തിലോ പഠനേതര കാര്യങ്ങളിലോ താല്പര്യമെടുക്കാനും കഴിയില്ല. സോ.. വീ കാണ്ട്.”
 
ജോലി രാജി വച്ച് വീട്ടമ്മയായിരിക്കാൻ കഴിയുന്ന അവസ്ഥ ആയിരുന്നില്ല. അമ്മുവിനെ വീടിനടുത്തുള്ള കേരള സ്‌കൂളിൽ കൊണ്ട് ചേർത്തു. 

“ഏത് സ്‌കൂളിൽ പഠിച്ചാലും പഠിക്കേണ്ടവർ പഠിക്കും. നാട്ടിലെ മലയാളം മീഡിയം സർക്കാർ സ്‌കൂളിൽ പഠിച്ചിട്ട് നിനക്കെന്തെങ്കിലും പ്രശ്നമുണ്ടോ?” അവളുടെ അച്ഛൻ ചോദിച്ച ചോദ്യം ഇന്നും ഓർമയുണ്ട്.
 
കാറിൽ നിന്നും ഇറങ്ങി സ്‌കൂൾ മുറ്റത്തേയ്ക്കുള്ള സ്റ്റെപ്പുകൾ കയറുമ്പോൾ സ്വീകരിക്കാൻ  ബൊക്കെയും പൂമാലയുമായി രണ്ടു ടീച്ചേർസ് വന്നു
 
“പ്ലീസ് കം മിസിസ് നായർ... ദിസ് വേ...”
 
“താങ്ക്സ്... ഫങ്ക്ഷൻ തുടങ്ങുന്നതിനു മുൻപ് ഒന്ന് ബ്രീഫ് ചെയ്യണേ... വാട്ട് ഈസ് എക്സ്‌‌പെക്റ്റഡ് ഓഫ് മി? എന്തെങ്കിലും സ്‌പെഷ്യൽ പ്രിപ്പറേഷൻ വേണോ?”
 
“നോ മാം... മാമിനെപ്പോലൊരു എഴുത്തുകാരിയ്ക്ക് എന്തിനാ പ്രിപ്പറേഷൻ! യൂ ആർ റ്റൂ ഗുഡ് ഫോർ എനി ടോപിക്”. മീരയെന്ന് സ്വയം പരിചയപ്പെടുത്തിയ വെളുത്തു മെലിഞ്ഞ ആ പെൺകുട്ടി ചിരിച്ചപ്പോൾ നുണക്കുഴി തെളിഞ്ഞു. “സത്യത്തിൽ വീ ആർ ലക്കി റ്റു ഹാവ് യൂ ഹിയർ....
 
പിന്നെ വാട്ട് ഈസ് സ്പെഷ്യൽ എന്ന് ചോദിച്ചാൽ... യെസ്, ദെയർ ഈസ് സംതിങ് സ്‌പെഷ്യൽ, മാം.  പത്താം ക്ലാസിൽ ഉയർന്ന മാർക്ക് കിട്ടിയ കുട്ടികൾക്കുള്ള അവാർഡ് ദാനം ഉണ്ടെന്നു പറഞ്ഞിരുന്നല്ലോ. ഇത്തവണ, ഒരു പ്ര്യത്യേകത കൂടിയുണ്ട്. ഒരു സ്‌പെഷ്യൽ അവാർഡ്. കിഷോർ എന്ന ഒരു സ്റ്റുഡന്റ്- അവനു 70 ശതമാനം മാർക്കാണ് ലഭിച്ചിട്ടുള്ളത്. സത്യത്തിൽ 98-99 ശതമാനം മാർക്കുകാരുടെ ഇടയിൽ ഈ 70 ശതമാനത്തിനെന്താ പ്രസക്തി എന്നു പറഞ്ഞാൽ... ഞങ്ങൾക്ക് ഈ സ്‌കൂളിലെ ടോപ്പർ ഇവനാണ്, ഞങ്ങളുടെ കിച്ചു."
 
പറഞ്ഞപ്പോൾ ഈ കുട്ടിയുടെ ശബ്ദം ഇടരുകയും കണ്ണ് നിറയുകയും ചെയ്തതെന്തുകൊണ്ട് എന്നോർത്ത് അമ്പരന്നു.
 
"ബിക്കോസ്... ഹീ ഈസ് എ സ്‌പെഷ്യൽ കിഡ്". ഇവിടുത്തെ തന്നെ സിന്ധു ടീച്ചറുടെ ഓട്ടിസം ബാധിച്ച കുഞ്ഞാണ് കിച്ചു. ശാരീരികവും മാനസികവുമായ എല്ലാ വൈകല്യങ്ങളെയും പിന്തള്ളിയാണ് അവൻ ഈ 70% മാർക്ക് വാങ്ങിയത്. അതുകൊണ്ടാണ് ഞങ്ങൾക്ക് അവൻ ടോപ്പർ ആയത്. അവൾ പുഞ്ചിരിച്ചു.
 
"ഓഹ്... ഹൗ ഇന്ററെസ്റ്റിംഗ്. ഗ്ലാഡ് റ്റു മീറ്റ് ഹിം".

ദില്ലിയിലെ പ്രശസ്തമായ സ്കൂളുകളിലൊന്നാണ്‌ അതിപുരാതനമായ മദേഴ്സ്‌ സ്കൂൾ. പല പ്രമുഖരുടേയും കുട്ടികൾ പഠിക്കുന്നയിടം. കുട്ടികളുടെ ഇന്റലക്ച്വൽ ഗ്രോവ്ത്തിനു  അതീവപ്രാധാന്യം നൽകുന്ന സ്കൂൾ. കുട്ടിയുടെ അമ്മ ഇവിടെ ടീച്ചർ ആയതിനാലാവും ഓട്ടിസ്റ്റിക്‌ ചൈൽഡ്‌ ആയിട്ടുകൂടി കിഷോറിനെ ഇവിടെ പഠിക്കാനനുവദിക്കുന്നത്‌. 
 
"ഇതുവഴി വരൂ മാം, സ്റ്റേജിലേക്ക് തന്നെ പോവാം. ഫങ്ക്ഷൻ തുടങ്ങാറായി. പ്രിൻസിപ്പൾ മറ്റതിഥികൾക്കൊപ്പം താങ്കളെ കാത്തിരിക്കുന്നു." മീര മുന്നോട്ട് വഴി നയിച്ചു.
 
സ്റ്റേജിലേക്ക് കടന്നതും പ്രിൻസിപ്പൾ മിസിസ് ജേക്കബ് ആലിംഗനം ചെയ്തു സ്നേഹപൂർവ്വം സ്വീകരിച്ചു. അതിഥികളായി മറ്റു മൂന്നുപേരും  കൂടിയുണ്ട്. വെളുത്ത തുണി വിരിച്ച്‌ അലങ്കരിച്ച  മേശയ്ക്ക് പിന്നിൽ കസേരയിൽ ഇരുന്നു. മിസിസ് ജേക്കബ് പ്രസംഗപീഠത്തിനടുത്തേക്ക് ചെന്ന് ആനുവൽ ഡേ ഉദ്‌ഘാടനകർമങ്ങളിലേക്ക് എല്ലാവരുടെയും ശ്രദ്ധ ക്ഷണിച്ചു.
 
വിശിഷ്ടാതിഥികളെ സദസിനു പരിചയപ്പെടുത്തിയ പ്രിൻസിപ്പൾ ഇത്തവണത്തെ ജ്ഞ്നാനപീഠം പുരസ്കാരജേതാവായ രേവതി നായരെ പരിചയപ്പെടുത്തേണ്ട കാര്യം പ്രത്യകിച്ചുണ്ടോ എന്ന ചോദ്യവുമായി സദസ്സിനെ നോക്കിയപ്പോൾ ചിരിച്ചുകൊണ്ടാണ് എഴുന്നേറ്റുനിന്ന് അവരെ നോക്കി കൈ കൂപ്പിയത്. കൗതുകം നിറഞ്ഞ നൂറുകണക്കിന് കുഞ്ഞുമുഖങ്ങളും ആകാംക്ഷ നിറഞ്ഞ മാതാപിതാക്കളും. കുട്ടികളെ സ്വതന്ത്രവ്യക്തികളായി വളരാൻ അനുവദിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ചെറിയൊരു ആമുഖവും ഗുഡ് പേരന്റിംഗിന്റെ കുറച്ചു ടിപ്സും പറഞ്ഞു സംഭാഷണം അവസാനിപ്പിച്ചു. അടുത്ത ഇനം സമ്മാനദാനം ആയിരുന്നു.
 
പന്ത്രണ്ടാം ക്ലാസിലെയും പതിനൊന്നാം ക്‌ളാസ്സിലെയും ഏറ്റവും കൂടുതൽ മാർക്ക് കിട്ടിയ കുട്ടികൾക്കുള്ള സമ്മാനങ്ങൾ കൊടുത്തു കഴിഞ്ഞു. മീര ടീച്ചർ ഓരോരുത്തരെയായി പെരുവിളിച്ച് സ്റ്റേജിലേക്ക് കയറ്റുമ്പോൾ കിഷോർ എന്ന പേര് കേൾക്കാൻ കാതോർത്തിരിക്കുകയായിരുന്നു. വെറുതെയൊരാകാംക്ഷ... മിടുക്കന്മാർക്കിടയിലെ ആ മിടുക്കനെയൊന്നു കാണാൻ മനസ് കൊതിക്കുന്നു.
 
പ്രീയപ്പെട്ടവരേ... അടുത്തതായി ഒരു സ്‌പെഷ്യൽ അവാർഡ്. പത്താം ക്ലാസിൽ 70 ശതമാനം മാർക്ക് വാങ്ങി നമ്മുടെ സ്‌കൂളിന്റെ അഭിമാനം വാനോളമുയർത്തിയ നമ്മുടെ കിഷോർ. കിഷോറിനെ ഞാൻ സ്റ്റേജിലേക്ക് ക്ഷണിക്കുന്നു. കിഷോറിന് അവാർഡ് സമ്മാനിക്കുവാനായി മിസിസ് രേവതി നായരെയും സ്റ്റേജിലേക്ക് ക്ഷണിക്കുന്നു. മീരയുടെ മാധുര്യമാർന്ന ശബ്ദം.
 
നിർത്താത്ത കയ്യടികൾക്കിടയിൽ സദസിൽ നിന്നും സ്റ്റേജിലേക്ക് ഒരു പെൺകുട്ടിയുടെ വിരലിൽ തൂങ്ങി ആടിയാടി നടന്നു വരുന്ന ഒരു മെലിഞ്ഞ പയ്യൻ. ഗൗരവമില്ലാത്ത തുറന്ന പുഞ്ചിരി അവന്റെ മുഖത്ത് നിറഞ്ഞു നിന്നു. ബദ്ധപ്പെട്ട്, വീഴാതെ സ്റ്റേജിലേക്ക് കയറാൻ അവൻ ശ്രമിച്ചപ്പോൾ ആ പെൺകുട്ടി അവനെ സുരക്ഷിതനായി പിടിച്ചുകയറ്റി, പിന്നീട് നിശബ്ദയായി സ്വന്തം സീറ്റിലേക്ക് മടങ്ങിപ്പോയി.
 
മീര കൈവെള്ളയിൽ വച്ചുതന്ന മെഡൽ അവനെ അണിയിച്ചപ്പോൾ വല്ലാത്തൊരാത്മഹർഷം. "ഈ ലോകം എല്ലാവരുടേതുമാണ്. കഴിവുള്ളവരെ മാത്രമല്ല കഴിവു കുറവുള്ളവരെയും തുല്യതയോടെ കാണണം. കുറവുകളെ മല്ലിട്ട് തോല്പിക്കുന്നവരെ കൂടുതൽ ആദരിക്കണം."
 
"കിച്ചു.... അഭിനന്ദനങ്ങൾ മോനേ..."
 
അവനെ ചേർത്തണച്ച് ഉമ്മ വയ്ക്കുമ്പോൾ അവന്റെ ചുണ്ടിന്റെ കോണിലൂടെ ഒഴുകിയിറങ്ങിയ തുപ്പൽ തന്റെ ലിനൻ സാരിയിൽ പറ്റുമെന്നോർത്ത് കുണ്ഠിതപ്പെട്ടില്ല. തന്റെ അപ്രതീക്ഷിതമായ ആ പ്രവൃത്തിയിൽ അവന്റെ കണ്ണുകളിൽ വിരിഞ്ഞ നക്ഷത്രങ്ങൾ എത്രയെന്ന് എണ്ണുകയായിരുന്നു.
 
"മോന്‌ ആരാവാനാ ഇഷ്ടം"?
 
"വെറ്റിനററി ഡോക്ടർ" കൊഞ്ചി കൊഞ്ചിയുള്ള മറുപടി ഉടനെ വന്നു.
 
ആ മറുപടിയിൽ അല്പം അസ്വാഭാവികത തോന്നിയെങ്കിലും അവന്റെ തോളിൽ തട്ടി ആൾ ദി ബെസ്റ് ആശംസിച്ചപ്പോളാണ് അമ്മയെ സ്റ്റേജിലേക്ക് വിളിച്ചോട്ടെ എന്നവൻ ചോദിച്ചത്. പ്രിൻസിപ്പളിനെ നോക്കിയപ്പോൾ അവർ സന്തോഷത്തോടെ തലയാട്ടി സമ്മതിച്ചു.
 
"എ മദേഴ്‌സ് ലവ് ഗ്രോവ്സ് ആൾ തിങ്ങ്സ്" - കിച്ചുവിന്റെ വൈകല്യങ്ങളെ അവന്റെ കഴിവുകളാക്കി വളർത്തിയതിൽ ഏറ്റവുമധികം ക്ലേശിച്ചതും ആ അമ്മയാവണം. ഏറ്റവും സ്നേഹത്തോടെ, സിന്ധു ടീച്ചറെ
വേദിയിലേക്ക് സ്വാഗതം ചെയ്യുന്നു". 

പറഞ്ഞു നിർത്തിയതും പച്ച കോട്ടൺ സാരി ധരിച്ച ഒരു സുന്ദരി സ്റ്റേജിലേക്ക് കയറി വന്നു. കിച്ചുവിനെ ചേർത്തുപിടിച്ചു അവർ നന്ദി പറഞ്ഞപ്പോൾ കിച്ചു സ്വന്തം കഴുത്തിലെ മെഡൽ ഊരി അമ്മയുടെ കഴുത്തിൽ ഇട്ട്, മൈക്ക് പിടിച്ചു വാങ്ങി വിറച്ച്‌ വിറച്ച്‌ സംസാരിച്ചു.
 
"എന്റെ അമ്മ- എന്റെ എല്ലാമാണ്. എന്റെ എല്ലാ നേട്ടങ്ങളും അമ്മയുടെ അധ്വാനമാണ്. എന്നെ ഈ നിലയിൽ എത്തിച്ചത് അമ്മയുടെ ശുഷ്‌കാന്തി ഒന്നുമാത്രമാണ്. ലവ് യൂ അമ്മാ"
 
നിറഞ്ഞ മിഴികൾ തുടച്ച് അവർ പുഞ്ചിരിച്ചു.
 
"താങ്ക് യൂ ആൾ... സത്യത്തിൽ കിഷോറിന്റെ ഈ നേട്ടത്തിന് കാരണം ഞാനല്ല.. ഓറിയോയാണ്. ഞങ്ങൾ നാലുപേർ- കിഷോറും താലൂക്കോഫീസിൽ ജോലിചെയ്യുന്ന അച്ഛനും ടീച്ചറായ അമ്മയും പന്ത്രണ്ടിൽ പഠിക്കുന്ന ചേച്ചിയും കൂടാതെ ഞങ്ങളുടെ കുടുംബത്തിൽ ഒരു മെമ്പർ കൂടിയുണ്ട്. ഓറിയോ എന്ന ഞങ്ങളുടെ പഗ്. കിച്ചുവിന് രണ്ടുവയസ്സായപ്പോഴാണ് ഇവൻ  ഓട്ടിസ്റ്റിക് ചൈൽഡ് ആണെന്ന് ഞങ്ങൾ തിരിച്ചറിയുന്നത്. കിഷോറിന്റെ ചില പെരുമാറ്റങ്ങൾ അസുഖസൂചനകൾ തന്നിരുന്നുവെങ്കിലും അശുഭമായി ഒന്നും ഭവിക്കില്ല എന്നായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. എന്നാൽ രോഗവിവരം ഡോക്ടർ തീർച്ചപ്പെടുത്തിയതിനുശേഷം ആ ഷോക്കിൽ എല്ലാറ്റിനോടും ഞാൻ നിഷേധാത്മകമായ രീതിയിലാണ് പ്രതികരിച്ചത്. ഒരു ആൺകുട്ടി ജനിച്ചതിന്റെ ആഹ്ലാദമൊക്കെ ഈ വിവരമറിഞ്ഞതിനുശേഷം പോയ്മറഞ്ഞു.  
ചിട്ടയായ ഒരു ജീവിതശൈലി തുടർന്നുവന്നിരുന്ന ഞങ്ങളുടെ വീട്ടിൽ പിന്നീട് ഒന്നും ക്രമാനുഗതമല്ലാതായി. കിട്ടുന്ന സമയം മുഴുവൻ കിച്ചുവിനെ ശ്രദ്ധിക്കാനും സാധാരണയായി പെരുമാറാൻ ശീലിപ്പിക്കാനും എന്റെ ഭർത്താവ് ശ്രമിച്ചു. അതിന്റെ ഫലമായി ഞാനും മോളും തീർത്തും ഒറ്റപ്പെട്ടു.
 
 
അങ്ങനെയിരിക്കെയാണ് പുറത്ത് വഴിവക്കിൽ കാണുന്ന നായകളെ കിച്ചു ശ്രദ്ധിക്കുന്നുണ്ടെന്ന് ഭർത്താവ് മനസിലാക്കുന്നത്. ഒന്നിലും ഉറച്ചുനിൽകാത്ത അവന്റെ നോട്ടം നായകളിൽ പതിയുന്നു എന്ന അറിവ് കുറച്ചൊന്നുമല്ല അദ്ദേഹത്തെ സന്തോഷിപ്പിച്ചത്.  നായയെയും പൂച്ചയേയും ഇഷ്ടമില്ലാതിരുന്ന ഞങ്ങൾ വീട്ടിലേക്ക് ഒരു പെറ്റിനെ കൊണ്ടുവരാൻ ശ്രമിച്ചുതുടങ്ങി. വീട്ടിലെ സ്ഥിതിയും കുട്ടികളുടെ പ്രായവും പരിഗണിച്ച് അവരുടെ കൂടെ കളിക്കാനും മറ്റും ഒരു പഗ് ആവും നല്ലതെന്ന് അല്പം റിസർച്ചിനു ശേഷം ഞങ്ങൾ മനസിലാക്കി. കിച്ചുവിന് നാലുവയസുള്ളപ്പോഴാണ് ഇരുപത് ദിവസം മാത്രം പ്രായമുള്ള ഓറിയോ ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നത്. കുപ്പിയിൽ പാലൊഴിച്ച് അവനെ കുടിപ്പിക്കുന്നതു മുതൽ ഒരു കുഞ്ഞിനെപ്പോലെ തന്നെ ഞങ്ങൾക്ക് ഓറിയോയെ ശ്രദ്ധിക്കേണ്ടി വന്നു. ആറുമാസമെങ്കിലും ആവാതെ ടോയ്‌ലറ്റ്‌  ട്രൈനിംഗ് പറ്റില്ലെന്ന് ട്രെയിനർ പറഞ്ഞതിനാൽ ബ്ലാഡറിൽ യാതൊരു കൺട്രോളുമില്ലാത്ത ഓറിയോയെയും ഡയപ്പർ ഇടീപ്പിക്കേണ്ടി വന്നു. ഓട്ടിസം ബാധിച്ച ഒരു കുട്ടിയുടെ പെരുമാറ്റം എത്രമാത്രം അസ്വാസ്ഥ്യപ്പെടുത്തുമെന്ന് അതറിയാവുന്നവർക്കറിയാം. അതിനും മീതെയാണ് ഒരു നായകുട്ടിയുടെ ഈ തോന്ന്യാസങ്ങൾ. എനിക്ക് ഈർഷ്യയായി. എന്നാൽ... " സിന്ധു ടീച്ചർ ഒന്ന് നിർത്തിയപ്പോൾ സദസ്സൊന്നടങ്കം ആകാംക്ഷയോടെ നോക്കി.
 
ഓറിയോ കുസൃതിയായിരുന്നു. "നോ" എന്ന വാക്ക് മാത്രം അവനൊട്ടും  മനസിലാവുമായിരുന്നില്ല. അവൻ വീട് മുഴുവൻ ഓടി നടന്നു. കിച്ചുവിനെയും അടങ്ങിയൊരിടത്തിരിക്കാൻ അനുവദിച്ചില്ല. അരമണിക്കൂറിലധികം ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ അറിയാഞ്ഞ എന്റെ കിച്ചുവിന്റെ മുഴുവൻ ശ്രദ്ധയും ഓറിയോയിലായി. കിച്ചുവിന്റെ ശ്രദ്ധ അവനിലേക്ക് കേന്ദ്രീകരിക്കാനെന്നവണ്ണം ഓരോ കുസൃതി ചെയ്യൽ അവന്റെ സ്ഥിരം വിനോദമായിരുന്നു. കിച്ചുവിന്റെ കളിപ്പാട്ടങ്ങളോരോന്നും കടിച്ചെടുത്തുകൊണ്ട് ഓടാൻ ഓറിയോയും അവന്റെ പിന്നാലെ നടന്ന് അത് പിടിച്ചു വാങ്ങാൻ കിച്ചുവും. ആ കളി കിച്ചുവിന് വളരെ ഇഷ്ടമായിരുന്നു. കളിപ്പാട്ടങ്ങൾക്കിടയിൽ ഏകാന്തവാസം ഇഷ്ടപ്പെട്ടിരുന്ന കിച്ചു അങ്ങനെ പതിയെ പതിയെ വീടിനു വെളിയിൽ ഓറിയോയുടെ കൂടെ കളിച്ചു തുടങ്ങി. ഞങ്ങളുടെ ബഹളമയമായ ജീവിതത്തിലേക്ക് കൂടുതൽ ശബ്ദവും വെളിച്ചവുമായി വന്ന ഓറിയോ!
 
കിച്ചു വളർന്നു, കൂടെ ഓറിയോയും. "നോ ഓറിയോ" എന്ന കിച്ചുവിന്റെ ശാസന കേൾക്കാണെന്നവണ്ണം  
ഓറിയോ  ഇന്നും കുസൃതി കാട്ടും. മുറിക്കുള്ളിൽ മൂത്രമൊഴിക്കും, എന്തെങ്കിലും തട്ടി മറിച്ചിടാനും ഫർണിച്ചറിന്റെ അരികും മൂലയും കടിക്കാനും ശ്രമിക്കും. ഇതൊക്കെ അറിയാവുന്നതുകൊണ്ട് തന്നെ കിച്ചു അവനിൽ അതീവശ്രദ്ധ പുലർത്താറുണ്ട് താനും. ഓട്ടിസത്തിന്റെ പ്രഭാവം അവനിൽ കുറഞ്ഞു. ഞങ്ങൾ, അച്ഛനും അമ്മയും ഇവന്റെ ചേച്ചിയും ഒരു നിമിഷം പോലും കളയാതെ കിച്ചുവിനെ മാറ്റിയെടുക്കാൻ ശ്രമിക്കുന്നുവെങ്കിലും  ഓറിയോ ഇല്ലായിരുന്നുവെങ്കിൽ എന്റെ മകൻ ഒരു പക്ഷെ ഇത്ര വേഗം ‌ മെച്ചപ്പെടില്ലായിരുന്നു. ഓൾ ദി ക്രെഡിറ്റ് ഗോസ് റ്റു ഓറിയോ!
 
"അതുകൊണ്ടാണോ കിഷോർ വെറ്റ്‌ ഡോക്ടർ ആവാനാഗ്രഹിക്കുന്നത്"? സദസിൽ നിന്നും ആരോ വിളിച്ചു ചോദിച്ചു
 
" ദിവസവും ഓറിയോയുടെ ഫുഡ് ബൗൾ നിറയ്ക്കാനും  അവനെ കുളിപ്പിക്കാനുമൊക്കെ ഞങ്ങൾ കിച്ചുവിനെ ശീലിപ്പിച്ചു.  ഈയിടെ അവന്റെ അശ്രദ്ധ കൊണ്ട്‌ ഓറിയോയ്ക്ക്‌ ചെറിയൊരു  മുറിവ് പറ്റിയപ്പോൾ കിച്ചു അച്ഛനൊപ്പം പെറ്റ് ഹോസ്പിറ്റലിൽ പോവുകയും ഡോക്ടർ ഓറിയോയെ ഡ്രസ്സ് ചെയ്യുന്ന സമയത്ത് ഓറിയോയുടെ മുഖം തന്നോട് ചേർത്ത് പിടിച്ച് അവനെ ആശ്വസിപ്പിക്കുകയും ചെയ്തു.  അന്നവൻ വളരെ അസ്വസ്ഥനായിരുന്നു. അന്നത്തെ ആ സംഭവത്തിന് ശേഷമാണ് ഇങ്ങനെയൊരു ആഗ്രഹം അവൻ പ്രകടിപ്പിച്ചത്".
 

"ഇത്തരമൊരു കരുണയും അറ്റാച്ച്മെന്റും ഒരു നായ്കുട്ടിക്ക് മാത്രം കൊണ്ടുവരാൻ കഴിയുന്ന കാര്യമാണ്. എല്ലാവരും ജീവിതത്തിലൊരിക്കലെങ്കിലും ഒരു നായക്കുട്ടിയെ വളർത്തണമെന്നേ ഞാൻ പറയൂ... വലിയൊരു ഉത്തരവാദിത്തമാണത്‌. കുഞ്ഞുങ്ങൾ ഉള്ള വീടാണെങ്കിൽ സൗമ്യത നിറഞ്ഞ ഒരിനത്തെ വേണം വളർത്താൻ. കുഞ്ഞുങ്ങളെ അതുമായി ഇടപഴകി ജീവിക്കാനും സമ്മതിക്കണം.  ഓറിയോ ഞങ്ങൾക്ക് സമ്മാനിച്ചത്ര സന്തോഷവും ചിരിയും കളിയും അത് നിങ്ങൾക്കും തരും. പിന്നെ"... സിന്ധു ടീച്ചർ പൊട്ടിചിരിച്ചുകൊണ്ടാണ് ബാക്കി പറഞ്ഞത്
"ചില ദിവസങ്ങളിൽ കുരുത്തക്കേട് കാട്ടി എന്നെ ഭ്രാന്ത് പിടിപ്പിക്കുമെങ്കിലും, കൂട്ടിൽ ഉറങ്ങിക്കിടക്കുന്ന ഓറിയോയെ നോക്കി, ദൈവത്തോട് നന്ദിയും പറഞ്ഞ്‌ സമാധാനത്തോടെയാണ്‌ ഞാൻ മിക്കവാറും രാത്രികളിൽ ഉറങ്ങാൻ പോവുക. അവൻ ഇവിടെയുണ്ടല്ലോ എന്ന സമാധാനം". 
 
"ഓറിയോ ഈസ് ദി ഹീറോ! നിങ്ങളുടെ വീട്ടിലേക്ക് ഞാനുടനെ വരുന്നുണ്ട്, ഓറിയോയെ കാണാൻ..."
 
സിന്ധു ടീച്ചറെ ചേർത്തണച്ച് അവരുടെ കാതിൽ മന്ത്രിക്കുമ്പോൾ ഇന്നത്തെ ഈ ദിവസം ഇത്ര നല്ലതാക്കിയ കിച്ചുവിനോടും ഓറിയോയോടും എത്ര പറഞ്ഞാലും തീരാത്തത്ര നന്ദി. ചില സ്നേഹങ്ങൾ എത്ര നിർമ്മലമാണ്‌.  ഉപാധികളില്ലാത്ത ആ സ്നേഹങ്ങൾ എത്രമാത്രം വാഗ്ദാനങ്ങളുമാണ്‌ കരുതിവയ്ക്കുന്നത്‌. നിഷ്കളങ്കതയുടെ മുഖം എന്ത്‌ മനോഹരവുമാണ്‌! മാത്സര്യബുദ്ധിയോടെ അങ്ങുമിങ്ങും ഇടപെടുന്നവർക്കിടയിൽ എത്ര വ്യത്യസ്തമാണ്‌ കിച്ചുവിന്റെ കാഴ്ചപ്പാടുകൾ! വൈകല്യങ്ങൾക്കിടയിലും ചേർത്തണച്ചുമ്മവയ്ക്കാൻ ആർക്കും തോന്നിപ്പോവുന്നത്ര ആർദ്ദ്രത. പ്രശസ്തിക്കും ബഹുമതിക്കും വേണ്ടി അക്ഷീണം പരിശ്രമിക്കുന്നവർക്കിടയിൽ എല്ലാ ശ്രമങ്ങൾക്കും ത്യാഗങ്ങൾക്കുമൊടുവിൽ അതിനുകിട്ടുന്ന അംഗീകാരം പോലും തന്റെ നായ്ക്കുട്ടിയിൽ അർപ്പിക്കാൻ മടിക്കാത്ത ആ അമ്മയും മനസിനെ വല്ലാതെ തൊട്ടിരിക്കുന്നു. എല്ലാത്തിനുമുപരിയായി മറ്റൊന്നുകൂടി... നായയെ എന്നും ഭയത്തോടും അറപ്പോടും കൂടി കണ്ടിരുന്ന ഈ ഹൃദയത്തിനും ഇപ്പോളൊരു മോഹം.... ഒരു നായ്ക്കുഞ്ഞിനെ ചേർത്തുപിടിക്കാൻ- സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും. വെയിലിൽ പൊഴിയുന്ന മഴത്തുള്ളികൾ പോലെ...

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക