Image

ദിലീപിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് നെയ്യാറ്റിന്‍കര ബിഷപ്പ്

ജോബിന്‍സ് തോമസ് Published on 23 January, 2022
ദിലീപിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് നെയ്യാറ്റിന്‍കര ബിഷപ്പ്

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലെ പരാമര്‍ശങ്ങള്‍ നിഷേധിച്ച് നെയ്യാറ്റിന്‍കര രൂപതാധ്യക്ഷന്‍. ദിലീപിനെയോ ബാലചന്ദ്രകുമാറിനെയൊ അറിയില്ലെന്ന് രൂപതാ വ്യക്തമാക്കി. ഇത്തരം കാര്യങ്ങളിലേയ്ക്ക് രൂപതയേയും ബിഷപ്പിനേയും വലിച്ചിഴയ്ക്കരുതെന്നും രൂപതാ വക്താവ് പറഞ്ഞു. 

നടി ആക്രമിക്കപ്പെട്ട കേസില്‍ തന്റെ ജാമ്യം റദ്ദാക്കുമെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തിയെന്ന് നടന്‍ ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആരോപിച്ചിരുന്നു. നെയ്യാറ്റിന്‍കര ബിഷപ്പ് ഇടപെട്ടാണ് ജാമ്യം കിട്ടിയതെന്ന് ബാലചന്ദ്രകുമാര്‍ തെറ്റിദ്ധരിപ്പിച്ചെന്നും ആരോപണമുണ്ടായിരുന്നു . ദിലീപിനെയോ സംവിധായകന്‍ ബാലചന്ദ്ര കുമാറിനെയോ അറിയില്ലെന്നും. ഇത്തരം കാര്യങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും വക്താവ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ബാലചന്ദ്രകുമാര്‍ ബിഷപ്പിനൊപ്പം നില്‍ക്കുന്ന ഫോട്ടോ അന്വേഷണസംഘം വീട്ടില്‍ നിന്ന് പിടികൂടിയിട്ടുണ്ടെന്നും ദിലീപ് സത്യവാങ്മൂലത്തില്‍ പറയുന്നു. നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപ് ചോദ്യംചെയ്യലിനായി ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായി. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് ദിലീപ് ഉള്‍പ്പെടെ അഞ്ച് പേര്‍ ക്രൈംബ്രാഞ്ചിന് മുമ്പില്‍ ഹാജരായത്. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് എട്ട് മണി വരെയാണ് ചോദ്യംചെയ്യാന്‍ അനുമതി. ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്കായിരിക്കും ചോദ്യംചെയ്യല്‍.

ബാലചന്ദ്രകുമാര്‍ നെയ്യാറ്റിന്‍കര ബിഷപ്പിന്റെ പേരില്‍ പണം ചോദിച്ചെന്ന് ദിലീപിന്റെ ആരോപണം. ഉന്നത ബന്ധമുള്ള ബിഷപ്പിനെ കേസില്‍ ഇടപെടുത്തിയാല്‍ രക്ഷിക്കുമെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. പല തവണയായി 10 ലക്ഷത്തോളം രൂപ പറ്റി. വീണ്ടും പണം ചോദിച്ചപ്പോള്‍ നിരസിച്ചു. സിനിമയും നിരസിച്ചു. ഇതോടെ ശത്രുതയായി എന്നുമാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ദിലീപിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നത്.

ദിലീപിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ബാലചന്ദ്രകുമാറും രംഗത്ത് വന്നു. ദിലീപ് പണം നല്‍കിയത് സിനിമയുമായി ബന്ധപ്പെട്ടാണെന്നും നെയ്യാറ്റിന്‍കര രൂപതേയും ബിഷപ്പിനേയും കേസിലേയ്ക്ക് വലിച്ചിഴയ്ക്കുന്നത് സാമുദായിക സ്പര്‍ദ്ദ വളര്‍ത്താനാണെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക