Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ഞായറാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് തോമസ് Published on 23 January, 2022
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ഞായറാഴ്ച (ജോബിന്‍സ്)

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഡാലോചന നടത്തിയെന്നതില്‍ നടന്‍ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ ആദ്യ ദിനം ചോദ്യം ചെയ്യലിന് ഹാജരായി. ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്താണ് ചോദ്യം ചെയ്യലിന് നേതൃത്വം നല്‍കുന്നത്. ഐ ജി ഗോപേഷ് അഗര്‍വാളും എസ് പി മോഹനചന്ദ്രനും ഒപ്പമുണ്ട്. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ചാണ് ചോദ്യംചെയ്യല്‍ നടക്കുന്നത്. ചോദ്യം ചെയ്യല്‍ രണ്ട് ദിവസം കൂടി തുടരും. 
***********************
നടിയെ ആക്രമിച്ച് കേസുമായി ബന്ധപ്പെട്ട് നെയ്യാറ്റിന്‍കര ബിഷപ്പിന്റെ പേരില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ തന്നോട് പണം വാങ്ങാന്‍ ശ്രമിച്ചതായി നടന്‍ ദിലീപ്. നെയ്യാറ്റിന്‍കര ബിഷപ്പിനെ ഇടപെടുത്തി തനിക്ക് വേഗം ജാമ്യം വാങ്ങിത്തരാമെന്നും അന്തിമ കുറ്റപത്രത്തില്‍ നിന്നും പേരൊഴിവാക്കാമെന്നും പറഞ്ഞാണ് പണം ആവശ്യപ്പെട്ടതെന്നും ഇതിന് വഴങ്ങാതെ വന്നപ്പോഴാണ് തനിക്കെതിരെ ആരോപണം ഉന്നയിച്ചതെന്നും ദിലീപ് പറഞ്ഞു. എന്നാല്‍ ആരോപണങ്ങള്‍ ബാലചന്ദ്രകുമാറും നെയ്യാറ്റിന്‍കര രൂപതയും നിഷേധിച്ചു. 
*********************
ദിലീപിന്റെ മൊഴിയില്‍ നിറയെ പൊരുത്തക്കേടുകളെന്ന് ക്രൈംബ്രാഞ്ച് . ചോദ്യങ്ങള്‍ക്ക് ദിലീപ് നിഷേധാത്മക മറുപടികള്‍ നല്‍കുകയാണെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തെളിവുള്ള കാര്യങ്ങളില്‍ പോലും നിഷേധാത്മക മറുപടികളാണ് നല്‍കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന ആരോപണം ദിലീപ് നിഷേധിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.  ഗുഢാലോചനയെന്ന ആരോപണം തെറ്റാണ്. ജീവിതത്തില്‍ ഒരാളെ പോലും ദ്രോഹിച്ചിട്ടില്ലെന്നാണ് ചോദ്യം ചെയ്യലില്‍ ദിലീപ് പറഞ്ഞത്. ബിഷപ്പുമായി ബന്ധപ്പെടുത്തിയുള്ള ദിലീപിന്റെ വാദത്തില്‍ ഒരു കഴമ്പുമില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. അന്വേഷണം വഴിതിരിച്ച് വിടാനുള്ള ബോധപൂര്‍വമായ ശ്രമമാണിതെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
********************* 
രാജ്യത്ത് ഇപ്പോള്‍ നടക്കുന്നത് ഒമിക്രോണിന്റെ സമൂഹ വ്യാപനമെന്ന് ആരോഗ്യ മന്ത്രാലയം.  ഒമിക്രോണ്‍ സമൂഹ വ്യാപനമായി എന്നാണ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സമിതിയുടെ വിലയിരുത്തല്‍. മെട്രൊ നഗരങ്ങളില്‍ ഒമിക്രോണ്‍ വ്യാപനം കൂടി. ഇപ്പോള്‍ നടക്കുന്നത് സമൂഹ വ്യാപനമാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സമിതി വിലയിരുത്തുന്നത്. ജെനോം സീക്വന്‍സിങ് കണ്‍സോര്‍ശ്യത്തിന്റെ റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
**********************
കോണ്‍ഗ്രസിനെ  കടന്നാക്രമിച്ച് ബിഎസ്പി അദ്ധ്യക്ഷ മായാവതി . കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നത് ബിജെപിയെ സഹായിക്കുമെന്ന് മായാവതി പ്രതികരിച്ചു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന സൂചന നല്‍കിയ ശേഷം പ്രിയങ്ക പിന്നോട്ട് പോയത് ആയുധമാക്കുകയാണ് ബിഎസ്പി അദ്ധ്യക്ഷ മായാവതി. കോണ്‍ഗ്രസിന്റെ അവസ്ഥ എന്തെന്ന് തെളിയിക്കുന്നതാണ് പ്രിയങ്കയുടെ നിലപാട് മാറ്റമെന്ന് മായാവതി ട്വിറ്ററില്‍ കുറിച്ചു.
***********************
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായുള്ള അവസാന ചടങ്ങായ 'ബീറ്റിങ് റിട്രീറ്റി'ല്‍ നിന്ന് മഹാത്മാഗാന്ധിയുടെ പ്രിയപ്പെട്ട ഗാനം ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍. ബീറ്റിങ് റിട്രീറ്റ് ചടങ്ങ് അവസാനിക്കുന്നുവെന്ന് സൂചന നല്‍കുന്ന 'abide with me' എന്നു തുടങ്ങുന്ന ഗാനമാണ് ഒഴിവാക്കുക. യുദ്ധത്തിന് അന്ത്യം കുറിച്ച് സൈനികര്‍ ആയുധങ്ങളുമേന്തി യുദ്ധക്കളത്തില്‍ നിന്ന് പിന്‍വാങ്ങി പോരാട്ടത്തിന് വിരാമമിടുന്ന ഗാനമാണ് ഒഴിവാക്കുക. ഇതോടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള സൈനിക പാരമ്പര്യവും ഇല്ലാതാകും. 
********************
ജമ്മു-കശ്മീര്‍ വിഷയത്തില്‍ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലെത്തിയാല്‍ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്നാണ് അമിത് ഷായുടെ പ്രതികരണം. ഗുഡ് ഗവേണന്‍സ് ഇന്‍ഡക്സ് എന്ന പദ്ധതിയുടെ ഓണ്‍ലൈന്‍ ഉദ്ഘാടന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. ജമ്മു കശ്മീരിലെ ജനങ്ങളുടെ മനസില്‍ ആശങ്കകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരെ നിശബ്ദരാക്കുമെന്നും അദ്ദേഹം പറഞ്ഞു.
****************
ഗോവ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സ്ഥാനാര്‍ത്ഥികളെ ആരാധനാലയങ്ങളില്‍ എത്തിച്ച് കൂറുമാറില്ലന്ന് പ്രതിജ്ഞയെടുപ്പിച്ച് കോണ്‍ഗ്രസ്.എല്ലാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും സംസ്ഥാനത്തെ ജനങ്ങളോടും പാര്‍ട്ടിയോടും കൂറ് പുലര്‍ത്തണമെന്നാണ് സത്യ പ്രതിജ്ഞ എടുപ്പിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക