Image

സന്തത സഹവാസികൾ (ചെറുകഥ:  ജയ്‌മോന്‍ ജേക്കബ് പുറയംപള്ളില്‍)

Published on 23 January, 2022
സന്തത സഹവാസികൾ (ചെറുകഥ:  ജയ്‌മോന്‍ ജേക്കബ് പുറയംപള്ളില്‍)

"ഇന്നെന്താ.. നേരം സന്ധ്യ ആകാറായിട്ടും പാടത്തുനിന്ന് കയറാനൊന്നും ഉദ്ദേശമില്ലേ ?"   കൊക്കൊമ്മാവൻ്റെ വകയാണ്  അന്വേഷണം. ഞാൻ ട്രാക്‌ടറിൽ ഇരുന്ന്  നിലം ഉഴകുന്നതിനൊപ്പം താഴ്ന്നുപറന്നുകൊണ്ടാണ് കൊക്കൊമ്മാവൻ്റെ  ചോദ്യം. പരാതി പരിഗണിച്ച്‌ ഞാൻ ട്രാക്‌ടർ നിർത്തി ഇറങ്ങി. നോക്കി ഇരുന്ന് ക്ഷമകെട്ടു എന്ന ഭാവത്തിൽ പനം തത്തയും മാടപ്രാവും പാടത്തു പറന്നിറങ്ങി വീണ് കിടന്നിരുന്ന നെൽ കതിരുകൾ കൊത്തി തിന്നാൻ തുടങ്ങി. ബെഡ് ടൈം ആയി എന്ന മട്ടിൽ ഓലേഞ്ഞാലി കിളി തെങ്ങോലയിൽ തന്നെ മുഖം വെട്ടിച്ചു ഇരുന്നതേയുള്ളു !

"ഞങ്ങൾ കർഷക മിത്രം എന്നാണല്ലോ ചൊല്ല്,ബാക്കി പാടം ഞങ്ങൾ ഉഴുതുമറിക്കാം" മണ്ണിര മാസ്റ്ററുടെതാണ് അടുത്ത ഊഴം!

പാടവരമ്പത്തിലൂടെ മാർച്ച്പാസ്റ്റ് നയിച്ചുകൊണ്ട്  ഉറുമ്പാശാൻ ഒരു പരിഹാസ രൂപേണ വിളിച്ചു പറഞ്ഞു ,"സേട്ടാ,ഞങ്ങൾ അതിഥി  തൊഴിലാളികളല്ല   എന്നറിയാമല്ലോ,അവകാശികളാ, ഈ ഭൂമിയിലെ !

കാൽ കഴുകി പുഴക്കടവിൽ നിന്നും കയറുമ്പോൾ, വരാൽ ഒന്നുംകൂടി നീർക്കാം കുഴിയിട്ട ശേഷം, തലയുയർത്തി "സീയു ലേറ്റർ ".

വീട്ടിലേക്കുള്ള നാട്ടുവഴിയിൽ നേരംപോക്ക്  പറഞ്ഞു നടക്കുവാൻ ചേരക്കുട്ടൻ കൂടെക്കൂടി. അന്നത്തെ നാട്ടുവിശേഷങ്ങൾ പൊടിപ്പും തൊങ്ങലും വെച്ച്‌  ചൂടാറാതെ പങ്കുവെക്കുന്ന തിരക്കിലാണ് ചീവീട് അണികൾ.
"ഞാൻ ഇപ്പോൾ വഴിയിൽ നിന്ന് മാറിയില്ലെങ്കിൽ കാണാമായിരുന്നു", പഴുതാര ചട്ടമ്പി  വകയാണ്  ഭീഷണി.
സന്ധ്യ കഴിഞ്ഞ സമയത്തെ കാണരുതാത്ത കാഴ്ചകൾ കാണേണ്ടതില്ല എന്ന മട്ടിൽ, മിന്നാമിന്നിക്കൂട്ടം വഴിയുടെ ചില ഭാഗങ്ങളിൽ ഡിം അടിച്ചുകൊണ്ടിരുന്നു.
നിപ്പ പടരുന്നതിനും മുൻപേയുള്ള സൗഹൃദം പുതുക്കാൻ എന്ന വിധം ബാറ്റ്മാൻ, എനിക്ക് ചുറ്റും വലംവച്ചിട്ട്,  റഡാറും പ്രവർത്തിപ്പിച്ചു് തിരികെ പറന്നു.

ജാഥ വീടിൻ്റെ ഗേറ്റ് എത്താറായപ്പൊഴേക്കും, അംഗചമയങ്ങൾ ചാർത്തി  രണ്ട്  തവള താരങ്ങളും കൂടിയെത്തി.

ഞാൻ മുറ്റത്തെ ഗേറ്റ് തുറന്നതും, കൈസർ വാലും ആട്ടി,ഗേറ്റിൽ , ഗാർഡ് ഓഫ് ഹോണർ നൽകി സ്വീകരിക്കാൻ നിന്നിരുന്നു.

വീടിൻ്റെ വാതിൽ തുറന്ന് അവൾ, മുറ്റത്തേക്ക് ഇറങ്ങി വന്ന് ,സഹയാത്രികരെ മന്ദഹാരത്തിൽ ഉപചാരം ചൊല്ലി മടക്കി.

ഞങ്ങൾ മുറ്റത്തെ ലൈറ്റ് അണച്ച്, വാതിലുകൾ അടക്കവേ,ആഞ്ഞിലി മരത്തിലോട്ട് പറന്നിറങ്ങിക്കൊണ്ട് കൂമൻചേട്ടൻ ചെറു കുസൃതിയിൽ ഓർമിപ്പിച്ചു ,"നിദ്രാവിഹീനരായി ഞങ്ങൾ ചിലരൊക്കെ ഇവിടെയൊക്കെ കാണും "

Join WhatsApp News
Boby Varghese 2022-01-24 00:28:31
Very good. Thanks.
Rajesh Antony 2022-02-04 17:24:06
It is awesome story, Jaimon. I have just recited to daughters
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക