Image

ശക്തമായ മത സൗഹാര്‍ദ്ദമുള്ള കേരളത്തില്‍ ക്രിസ്ത്യാനികള്‍ കുറയുന്നു (കോര ചെറിയാന്‍)

Published on 24 January, 2022
ശക്തമായ മത സൗഹാര്‍ദ്ദമുള്ള കേരളത്തില്‍ ക്രിസ്ത്യാനികള്‍ കുറയുന്നു (കോര ചെറിയാന്‍)

ഫിലാഡല്‍ഫിയ, യു.എസ്.എ. : 1950 ലെ സെന്‍സസ് പ്രകാരം 1 കോടി 36 ലക്ഷം ജനസംഖ്യയുള്ള കേരളത്തില്‍ 24.06 ശതമാനം അഥവാ 33 ലക്ഷം ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നതില്‍നിന്നും 61 വര്‍ഷങ്ങള്‍ക്കുശേഷമുള്ള 2011-ലെ സെന്‍സസ് അനുസരിച്ച് 18.38 ശതമാനമായി കുറഞ്ഞു വെറും 61.41 ലക്ഷം മാത്രം. 2020-ല്‍ കേരളത്തിലെ ജനസംഖ്യയില്‍ വന്‍ വര്‍ദ്ധനവുണ്ടായി 3 കോടി 47 ലക്ഷമായി വര്‍ദ്ധിച്ചെങ്കിലും ക്രൈസ്തവ സമൂഹത്തില്‍ മറ്റ് മതങ്ങള്‍ക്ക് അനുപാതമായി ജനസംഖ്യാ വര്‍ദ്ധനവ് ഉണ്ടായതായി കേരള സ്റ്റേറ്റ് സ്ഥിതി വിവരകണക്കില്‍ പറയുന്നില്ല.
    
2017, ഒക്‌ടോബര്‍ 23-ലെ പ്രൊഫസര്‍ ഇറുദയാ രാജന്റെ ജനസംഖ്യ പഠനാനുസരണം ക്രിസ്ത്യാനികള്‍ കൂടുതല്‍ പണസമ്പാദനത്തിനും സുഖസൗകര്യപ്രദമായ ജീവിത ശൈലിയില്‍ ജീവിയ്ക്കുവാന്‍വേണ്ടി വിവിധ പ്രൊഫഷനില്‍ വൈവിദ്ധ്യം നേടി കേരളത്തോടു വിടപറയുന്നു. വന്‍വിഭാഗം ക്രിസ്ത്യാനി യുവതികളുടെ ഗര്‍ഭധാരണത്തിലും സന്താന ഉല്പാദനത്തിലുമുള്ള വൈമനസ്യവും സ്വതന്ത്രജീവിത താത്പര്യവും ജനന നിരക്കില്‍ വന്‍കുറവുണ്ടാക്കി.
    
ഇന്‍ഡ്യയില്‍ പ്രതിവര്‍ഷം 8 ലക്ഷം ഹിന്ദുക്കള്‍ മതപരിവര്‍ത്തനം നടത്തി മുസ്ലീംങ്ങളും ക്രിസ്ത്യാനികളുമായി മാറുന്നതായി വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി.) പ്രസിഡന്റ് രാഘവ റെഡ്ഡിയടക്കം പലനേതാക്കളും പരിഭവസമേതം പറയുന്നു. 140 കോടി ജനസംഖ്യയുള്ള ഇന്‍ഡ്യയില്‍ 13 കോടി 82 ലക്ഷം മുസ്ലീംങ്ങളും 2 കോടി 41 ലക്ഷം ക്രിസ്ത്യാനികളും 1 കോടി 92 ലക്ഷം സിക്കുകാരും ബുദ്ധിസ്റ്റുകളുമടക്കം വിവിധ മതസ്തര്‍ തികച്ചും സൗഹാര്‍ദ്ദമായി വസിക്കുന്നു.
    
അനേകം ക്രിസ്ത്യന്‍ നേതാക്കളുടെ വഴിവിട്ട ജീവിതശൈലിയും ഒരു വിഭാഗം പുരോഹിതരുടെ നീതിയും സത്യവും നിശേഷം പരിത്യജിച്ചുള്ള അസന്മാര്‍ഗ്ഗിക ജീവിതവും ലക്ഷക്കണക്കിലുള്ള ക്രിസ്ത്യാനികള്‍ക്കു സഭകളും സഭാവിശ്വാസങ്ങളും ഉപേക്ഷിക്കുവാനുള്ള മാനസിക സമ്മര്‍ദ്ധം കൊടുക്കുവാന്‍ തുടങ്ങി. മാദ്ധ്യമ വളര്‍ച്ചയും സ്വാതന്ത്ര്യവും ജനായത്ത ഭരണത്തിലെ വ്യക്തിപ്രഭയും ക്രിസ്ത്യന്‍ സഭകളിലെ അനീതിയും അതിക്രമങ്ങളും പരസ്യമായി പ്രഖ്യാപിക്കുന്നതുമൂലം അനേകര്‍ ക്രൈസ്തവ ആരാധനയും പള്ളികളും ഉപേക്ഷിച്ചു ഏകാന്തതയിലും നിരീശ്വരത്വത്തിലുമായി. പല ക്രൈസ്തവ വിഭാഗങ്ങളിലും പുരോഹിതരുടേയും പാസ്റ്റര്‍മാരുടേയും സ്ഥാപിത താല്പര്യങ്ങള്‍ വിശ്വാസികളില്‍ അടിച്ചേല്പിക്കുവാന്‍ ആരംഭിച്ചതും ക്രൈസ്തവമൂല്യങ്ങളെ നിരാകരിച്ചുള്ള പ്രഭാഷണങ്ങളും ദുര്‍വ്യാഖ്യാനങ്ങളും സാമാന്യബുദ്ധിമതികളായ ശ്രോദ്ധാക്കളെ ക്രിസ്തീയ മാര്‍ഗ്ഗം ഉപേക്ഷിയ്ക്കുവാന്‍ നിര്‍ബന്ധിതരാക്കി.
    
ആജീവിനാന്തം ക്രിസ്തുവിനെ ആശ്രയിച്ചു തികച്ചും ബ്രഹ്മചാരിണിയായി ജീവിയ്ക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത, സഭാദ്ധ്യക്ഷനാല്‍ പീഢിപ്പിയ്ക്കപ്പെട്ടെന്നു പരാതിപ്പെട്ട കന്യാസ്ത്രീകളുടെ ദീനരോധനത്തിന്റെ മാറ്റൊലികള്‍ അശേഷം അസ്തമിയ്ക്കാതെ അന്തരീക്ഷത്തില്‍ നിലകൊണ്ടു ക്രിസ്തീയ ജീവിതത്തിനുനേരെയുള്ള വെല്ലുവിളിയായി മാറി. മലയാളി മാദ്ധ്യമങ്ങളിലെ നിത്യവാര്‍ത്തയായ പീഢനകേസ് പ്രതിയെന്നാരോപിയ്ക്കപ്പെട്ട ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയതും സാധാരണ ക്രിസ്ത്യാനിയ്ക്ക് സ്വന്തം മതത്തോടുള്ള വിശ്വാസവും ധാരണയും ആദരവും നശിച്ചുവെറുപ്പും വിദ്വേഷവുമായി

സിസ്റ്റര്‍ അഭയ കേസ് പ്രതികളായ ഫാദര്‍ കോട്ടൂരും സിസ്റ്റര്‍ സെഫിയും ആത്മീയ വരപ്രാപ്തിയോടെ ജീവിതാന്ത്യംവരെ ബ്രഹ്മചര്യത്വം പരിരക്ഷിയ്ക്കാമെന്ന സത്യപ്രതിജ്ഞാ ലംഘനവും നിത്യമോഷ്ടാവായ അടയ്ക്കാ രാജുവിന്റെ സാക്ഷിമൊഴിയും മലയാളി ക്രിസ്ത്യാനികളുടെ മനസില്‍ മായാതെ കുടികൊള്ളുന്നു.
    
പല മലയാളി പുരോഹിതരും സാമ്പത്തികമായി ഉന്നതിയിലുള്ള ദേവാലയങ്ങളില്‍ സ്ഥലമാറ്റം ഒഴിവാക്കുവാന്‍വേണ്ടി ഭക്തജനങ്ങളെ ചേരിതിരിച്ചു സപ്പോര്‍ട്ട് എടുക്കുന്ന പ്രവണത ഇപ്പോള്‍ അശേഷം വിരളമല്ല. അമേരിയ്ക്കന്‍ സുഖമോഹങ്ങളില്‍ ലയിച്ചു എക്കാലവും കഴിഞ്ഞുകൂടുവാന്‍വേണ്ടി ഉപേക്ഷിക്കപ്പെട്ട കെട്ടിട സമുച്ചയങ്ങള്‍ വാങ്ങിക്കൂട്ടി ചെറിയ അറ്റകുറ്റപണികള്‍ മന്ദഗതിയില്‍ നടത്തുന്നത് നേരില്‍ കാണുന്ന യുവ മലയാളികളും ക്രിസ്തുമാര്‍ഗ്ഗം ഉപേക്ഷിയ്ക്കുന്നു. 
    
മലയാളി ക്രിസ്ത്യന്‍ യുവതികളില്‍ പലരും സമുദായം അനുശാസിക്കുന്ന കുമ്പസാരം അടക്കം പല കൂദാശകളും സ്വീകരിക്കാതെ പ്രത്യക്ഷമായും പരോക്ഷമായും പുരോഹിതരെ പഴിയ്ക്കുന്നതും ക്രിസ്ത്യന്‍ തത്വങ്ങളെ നിരാകരിയ്ക്കുന്നതും കേരളത്തില്‍ സാധാരണമായി. ക്രിസ്ത്യന്‍ പരമ്പരാഗതമായ തത്വങ്ങളേയും ആചാര രീതികളേയും നിശേഷം നിര്‍മാര്‍ജ്ജനം ചെയ്തു സ്വന്തം ഇച്ഛാനുസരണം ഗീതങ്ങളുടെ നവോദ്ധാനമെന്ന വ്യാജേന ഗീതങ്ങളുടെ ശൈലിയും ഈണവും രാഗവും മാറ്റി പല പുരോഹിതരും  ഭക്തിസാന്ദ്രമായ ആരാധനയില്‍ വികൃതമായി ആലപിക്കുന്നു. അഭ്യാസം അറിയാത്തവന്‍ ഉറുമിയും ചുരുട്ടുവാളും വെച്ചു കായികാഭ്യാസം നടത്തുന്നതുപോലെ ഇവര്‍ ക്രൈസ്തവ മൂല്യങ്ങളെ ചുടുകാട്ടില്‍ എറിയുന്നു.
    
ഈ ലേഖകന്റെ 2021, നവംബര്‍ മാസത്തിലെ വ്യക്തമായ അനുഭവസാക്ഷ്യമായി വന്‍ വിഭാഗം ക്രൈസ്തവരുടെ പുണ്യഭൂമിയായ പരുമല ദയറാ മാനേജര്‍ ഫാ. എം. സി. കുര്യാക്കോസിന്റെ അഹംഭാവം സത്യമായി കാണുവാനുള്ള നിര്‍ഭാഗ്യമുണ്ടായി. ഈശ്വരചൈതന്യം നിശേഷം നിര്‍മ്മാര്‍ജ്ജനം ചെയ്ത ഫാ. കുര്യാക്കോസിന്റെയും മറ്റു പല പുരോഹിതരുടെയും കഠോര വ്യക്തിത്വം അനേകം ക്രിസ്ത്യാനികളെ നിരീശ്വരത്വവും ക്രിസ്ത്യന്‍ തത്വങ്ങള്‍ വെറുക്കുവാനും മറ്റു മതങ്ങളിലേക്കു ചേക്കാറാനും പരസ്യമായി പ്രേരിതരാക്കുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക