Image

പൂച്ച (കഥ: കെ.ജി. സുഷമ)

Published on 25 January, 2022
പൂച്ച (കഥ: കെ.ജി. സുഷമ)

വല്ലാത്തൊരു ശബ്ദത്തിൽ അവളുടെ കരച്ചിൽ കേട്ടാണ് ഉച്ചമയക്കത്തിന്റെ ആലസ്യത്തിൽ നിന്നുണർന്ന് അടുക്കള വാതിൽ തുറന്ന് വർക്ക് ഏരിയയിലേക്ക് എത്തി നോക്കിയത്. അവിടെ പരിചിതമല്ലാത്തൊരു മുഖഭാവത്തോടെ  പൂച്ച.
കണ്ണുകളിൽ ദൈന്യഭാവം.
(അവൾക്ക് പേരൊന്നും ഇട്ടിരുന്നില്ല അതിനാൽ പൂച്ച എന്നാണ് അവളുടെ പേരെന്ന് അവളും ധരിച്ചു),
  പെട്ടന്ന് അവൾ  സ്ലാബിനു മുകളിൽ ഉപയോഗിക്കാത്ത അരകല്ലിന്റെ മുകളിൽ അടുക്കി വച്ചിരിക്കുന്ന കാർഡ് ബോർഡ് പെട്ടികളുടെ മുകളിലേക്ക് ചാടിക്കയറി. താഴെക്കിടന്ന പഴയ തുണി അതിനുള്ളിലേക്ക് വിരിച്ചു വച്ച് ഇതിൽ ക്കിടന്നോളൂ എന്ന് പറഞ്ഞ് ഞാൻ തിരികെ നടക്കുമ്പോൾ അവൾ  കുഞ്ഞുങ്ങൾ അനങ്ങി കുതറുന്ന വയറുമായി ചാടയിറങ്ങി കാലിലുരുമ്മി ഞാൻ കൂടി കൂടെ നിൽക്കു എന്നൊരു യാചന കണ്ണിൽ നിറച്ച്..
 എന്തു ചെയ്യാൻ കഴിയും. ?
അവൾക്ക് പ്രസവ സമയമായിരിക്കുന്നു എന്ന് മനസ്സു പറഞ്ഞു അതിൽ കയറിക്കിടന്നോ ന്റെപൂച്ചേ ..എന്ന് പറഞിട്ട് തിരികെ നടക്കുമ്പോൾ മനസ്സു നൊന്തു. പാവം ഇനിയുള്ള നിമിഷങ്ങൾ അവൾ ഒറ്റയ്ക്ക് നേരിട്ടേ പറ്റൂ വേദന സ്വയം അനുഭവിച്ചേ പറ്റൂ. മൗനമായ് മനസ്സവൾക്കായ്
പ്രാർത്ഥിച്ചു.
അമ്മൂനെ പ്രസവിക്കാൻ അഡ്മിറ്റായ ദിവസം ഓർത്തു. താനും ഒറ്റയ്ക്കായിരുന്നല്ലോ. കൂടെന്നും ഉണ്ടാവുമെന്നു പറഞ്ഞവൻ വാക്കുമറന്ന്  പോയ്ക്കളഞ്ഞിരുന്നല്ലോ. എന്തൊരു വേദനയും ടെൻഷനും ആയിരുന്നു. വേദനയോ, ടെൻഷനോ ഏതായിരുന്നു മുന്നിട്ടു നിന്നതെന്നറിയില്ല. ഒരു വേള ഹോസ്പിറ്റലിന് ഓടിപ്പോവാൻ തോന്നി. പിന്നീടതേക്കുറിച്ച് ഡോക്ടറോടു പറയുമ്പോ അവർ പൊട്ടിചിരിച്ചു കൊണ്ട് ചോദിച്ചു. എവിടെ വരെ ഓടാനാ.. പുറത്തു വരേണ്ടയാൾക്ക് പുറത്തു വന്നല്ലേ മതിയാവൂ..!
  അമ്മക്കുട്ടീ... എന്തായി ആലോചിക്കുന്നേ പൂച്ച എവിടെ?
അമ്മൂന്റെ ചോദ്യം ചിന്തയിൽ നിന്നുണർത്തി.
ആഹ്, പറയാൻ മറന്നു അവൾക്ക് നോവു തുടങ്ങീന്നു തോന്നി.
സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തിയിട്ടു പോയി നോക്കാംന്നു കരുതിയതാ. വാ പോയി നോക്കാം..
തിരി ഒന്നുകൂടി നീട്ടി വിരൽ തുമ്പിലെ എണ്ണ തലയിൽ തുടച്ച് അമ്മൂനൊപ്പം നടന്നു.
 'അതേയോ ഉച്ചയ്ക്കേ ഞാൻ പറഞ്ഞില്ലേ വയറ്റിൽ കുഞ്ഞിത്തലകൾ മുഴച്ചു വരുന്നുണ്ടായിരുന്നു..' അമ്മു ഉത്സാഹത്തോടെ പറഞ്ഞു. വർക്ക് ഏര്യയിൽ അനക്കമില്ല. നൊമ്പര ശബ്ദങ്ങളില്ല. എന്തായീന്നു നോക്കാൻ
തിരക്കുകൂട്ടി അമ്മു ജനൽക്കമ്പികളിൽ പിടിച്ച്
സ്ലാബിൽ ചവിട്ടി കാർഡ് ബോർഡിനുള്ളിലേക്കു നോക്കി. താഴെ നിന് അവളെ വീഴാതെ പിടിച്ചു. 'മോളൂ സൂക്ഷിച്ച്..'
'അമ്മാ ദാ പൂച്ചമ്മയ്ക്ക് മൂന്നു കുട്ടികൾ..
ഹോ കുറുമ്പത്തിയ്ക്കെന്തൊരു മാതൃ വാത്സല്യം!'
'അതേയോ നോക്കട്ടെ' . 
കിച്ചണിൽ നിന്നൊരു കസേര കൊണ്ടുവന്നിട്ട് എത്തി വലിഞ്ഞ് നോക്കുമ്പോൾ ജാലകത്തിലൂടെ അകത്തേക്ക് വീഴുന്ന നിലാവിൽ കണ്ടു ,പഞ്ഞിക്കെട്ടു പോലത്തെ മൂന്നു കുഞ്ഞുങ്ങൾ.വാലും കാലുകളും കുതറിച്ച് അവർ പാലുണ്ണാൻ മത്സരിക്കുന്നു.അവൾ പൂച്ചക്കുരുന്നുകളെ നക്കിത്തോർത്തി പാലൂട്ടിക്കൊണ്ട് കിടക്കുന്നു. എന്നെക്കണ്ടതും
 എന്റെ മുഖത്തേക്കു നോക്കി അരുമയായ് കരഞ്ഞു. കൈ നീട്ടി കുഞ്ഞൻമാരെ തൊട്ടപ്പോൾ അവൾ ഒതുങ്ങിക്കിടന്നു. അപ്പോൾ അപ്പുറത്ത്  വീട്ടുവളപ്പിൽ ആൺ പൂച്ചകളുടെ
ഉച്ചത്തിലുള്ള വഴക്കിന്റെ ശബ്ദം. പൂച്ചമ്മയെ അതൊന്നും തെല്ലും അലോസരപ്പെടുത്തിയില്ല. അവൾ എന്നെ നോക്കി എന്നിട്ട് , ഇതൊന്നും അവളുടെ പുതിയ ലോകത്തെ ബാധിക്കുന്നില്ലെന്ന മട്ടിൽ അമ്മത്വത്തിന്റെ നിർവൃതി നിറവിൽ കണ്ണുകൾ
അടച്ച് മക്കളെ ചേർത്തണച്ച് കിടന്നു.
പൂച്ച പുരുഷന്മാർ മതിലിലൂടെ ധാർഷ്ട്യവും, അഹന്തയും നിറഞ്ഞ പരുഷ സ്വരത്തിൽ പരസ്പരം ഭീഷണിപ്പെടുത്തി, വാലുയർത്തി വിറപ്പിച്ച്, മനം മടുപ്പിക്കുന്ന ഗന്ധം നിറഞ്ഞ മൂത്രം ചീറ്റിത്തെറുപ്പിച്ച് , അടങ്ങാത്ത ആസക്തികളുടെ ചൂരും പേറി അടുത്ത 'പെണ്ണിര' യെ തേടി നടന്നു...!

എത്രയോ പൂച്ച ഭ്രാന്തന്മാരെക്കണ്ട ധനുമാസ നിലാവ് അർത്ഥഗർഭമായി  ചിരിതൂകി.

 

 

Join WhatsApp News
Reader 2022-01-25 01:10:15
Good one
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക