Image

ഹോളിവുഡ് നടന്‍ റിച്ചാര്‍ഡ് ഗെര്‍ പൊതുവേദിയില്‍ ചുംബിച്ച കേസ്: 15 വര്‍ഷത്തിനു ശേഷം ശില്‍പ ഷെട്ടിയെ കുറ്റവിമുക്തയാക്കി

Published on 25 January, 2022
ഹോളിവുഡ് നടന്‍ റിച്ചാര്‍ഡ് ഗെര്‍ പൊതുവേദിയില്‍ ചുംബിച്ച കേസ്: 15 വര്‍ഷത്തിനു ശേഷം ശില്‍പ ഷെട്ടിയെ കുറ്റവിമുക്തയാക്കി

ഹോളിവുഡ് നടന്‍ പൊതുവേദിയില്‍ ചുംബിച്ചതുമായി ബന്ധപ്പെട്ട കേസില്‍ നടി ശില്‍പ ഷെട്ടിയെ കോടതി കുറ്റവിമുക്തയാക്കി.

പരാതിയിലെ ആരോപണങ്ങളൊന്നും നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയാണ് മുംബൈയിലെ കോടതി നടിയെ കുറ്റവിമുക്തയാക്കിയത്. 15 വര്‍ഷത്തിനു ശേഷമാണ് കോടതി വിധി. വിവാദ ചുംബനത്തിലെ "ഇര"യാണ് ശില്‍പയെന്ന് കോടതി നിരീക്ഷിച്ചു.

2007ലാണ് പരാതിക്ക് ആസ്പദമായ സംഭവമുണ്ടായത്. രാജസ്ഥാനില്‍ നടന്ന ഒരു എയ്ഡ്‌സ് ബോധവല്‍ക്കരണ പരിപാടിയില്‍ ശില്‍പ ഷെട്ടിക്കൊപ്പം ഹോളിവുഡ് നടന്‍ റിച്ചാര്‍ഡ് ഗെറും പങ്കെടുത്തിരുന്നു. വേദിയില്‍ വെച്ച്‌ ഗെര്‍ ശില്‍പയെ ആലിംഗനം ചെയ്യുകയും കവിളില്‍ ചുംബിക്കുകയും ചെയ്തു. തുടര്‍ന്ന് ബി.ജെ.പി, ശിവസേന പ്രവര്‍ത്തകര്‍ പരാതിയും പ്രതിഷേധവും ഉയര്‍ത്തി. വേദിയില്‍ നടന്നത് ഭാരതീയ സംസ്കാരത്തിന് എതിരാണെന്നും ഗെറെ ചുംബിച്ചപ്പോള്‍ പ്രതിഷേധിച്ചില്ലെന്നുമായിരുന്നു ശില്‍പ ഷെട്ടിക്കെതിരായ പരാതി. പ്രതിഷേധക്കാര്‍ റിച്ചാര്‍ഡ് ഗെറയുടെ കോലംകത്തിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ രാജസ്ഥാനിലും നോയിഡയിലും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ശില്‍പയുടെ ഹരജി പരിഗണിച്ച സുപ്രിംകോടതി, കേസ് രാജസ്ഥാന്‍ കോടതിയില്‍ നിന്ന് മുംബൈയിലേക്ക് മാറ്റി. ഇന്ത്യന്‍ സംസ്കാരത്തില്‍ കവിളില്‍ ചുംബിക്കുന്നത് തെറ്റാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് റിച്ചാര്‍ഡ് ഗെറെ കോടതിയില്‍ വിശദീകരണം നല്‍കി. റിച്ചാര്‍ഡ് ഗെറെയുടെ പ്രവൃത്തിയുടെ ഇരയാണ് ശില്‍പയെന്ന് കോടതി നിരീക്ഷിച്ചു. പരാതി നിലനില്‍ക്കില്ലെന്നും മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കേത്കി ചവാന്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക