എന്റെ രാജ്യത്തിന് ഏറെ അഭിമാനത്തോടെ (ദുര്‍ഗ മനോജ്)

Published on 26 January, 2022
എന്റെ രാജ്യത്തിന് ഏറെ അഭിമാനത്തോടെ (ദുര്‍ഗ മനോജ്)

നമ്മുടെ ഭാരതം സ്വതന്ത്ര റിപ്പബ്ലിക് ആയിട്ട് 73 വര്‍ഷം തികയുകയാണിന്ന്. ഭാരതം ഒരു പരമാധികാര, സ്ഥിതിസമത്വ, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കായി നിലകൊണ്ടു കൊണ്ട് സ്വാതന്ത്ര്യവും, സമത്വവും, വ്യക്തികളുടെ അന്തസ്സും, സാഹോദര്യവും, രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുമെന്നു ദൃഢനിശ്ചയം ചെയ്തു കൊണ്ടും രൂപം കൊടുത്ത ഏറ്റവും ബൃഹത്തായ ഭരണഘടന നിലവില്‍ വന്നത് 1950 ജനുവരി 26നാണ്. നമുക്കഭിമാനിക്കാന്‍ ഏറെയുണ്ട്. ഏറ്റവും ബൃഹത്തായ ഭരണഘടന എന്നതു മാത്രമല്ല, ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളില്‍ ഒന്നുമാണ് നമ്മുടേത്. ജനങ്ങള്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന ജനാധിപത്യ വ്യവസ്ഥ കാലങ്ങള്‍ ഇത്രമേല്‍ മാറിമറിയുമ്പോഴും, വിവിധ രാഷ്ട്രീയ നിലപാടുള്ളവര്‍ ഭരിക്കുമ്പോഴും ഇന്നും കേടുപാടുകൂടാതെ നിലനില്‍ക്കുന്നു എന്നതു ചെറിയ കാര്യമല്ല. ലോകത്തിലെ പല ഭൂഭാഗങ്ങളും, ഏകാധിപത്യത്തിലും, മതാധിപത്യത്തിലും കുടുങ്ങിയപ്പോഴും ഭാരതത്തിന്റെ ജനാധിപത്യ വ്യവസ്ഥയ്ക്കു പോറലേറ്റില്ല എന്നതു ശ്രദ്ധേയമാണ്.

ഭരണഘടന എഴുതി ഉണ്ടാക്കുക എന്ന ശ്രമകരമായ ദൗത്യം ഏറ്റെടുക്കുമ്പോള്‍, നാനാത്വത്തിലെ ഏകത്വം എന്ന ലക്ഷ്യം വലിയ പ്രതിസന്ധിയായി മുന്നില്‍ ഉയര്‍ന്നിരുന്നു. സ്ത്രീ പുരുഷ സമത്വം വലിയ വിപ്ലവമായി കരുതിയിരുന്നവര്‍ യഥാസ്ഥിതികര്‍ മാത്രമായിരുന്നില്ല. പില്‍ക്കാലത്ത് ഉല്‍പ്പതിഷ്ണുക്കള്‍ എന്നു വിലയിരുത്തപ്പെട്ടവര്‍ പോലും പല പുരോഗമന നിലപാടുകളോടും മുഖം തിരിച്ചു നിന്നിരുന്നു എന്നതു സത്യമാണ്. അക്കാലത്താണ്, മൂന്നു വര്‍ഷത്തെ കഠിന പരിശ്രമത്തിനൊടുവില്‍ 395 ആര്‍ട്ടിക്കിളുകളുമായി ഇന്ത്യന്‍ ഭരണഘടന ഡോക്ടര്‍ അംബേദ്ക്കറിന്റെ നേതൃത്വത്തില്‍ തയ്യാറാകുന്നത്. ഇന്ത്യയുടെ പരമാധികാരം, ബ്രിട്ടീഷ് രാജ്ഞിയുടെ പക്കല്‍ നിന്നും ഇന്ത്യന്‍ രാഷ്ട്രപതിയിലേക്കു സ്ഥാപിതമാവുക എന്ന, ഭാരതം എന്ന സ്വതന്ത്ര രാജ്യത്തിന്റെ ഉദയമാണ് റിപ്പബ്ലിക് ആയതിലൂടെ സംഭവിച്ചത്. 1930ല്‍ ബ്രിട്ടീഷ് ഭരണഘടന നമുക്കു മേല്‍ അടിച്ചേല്‍പ്പിച്ചപ്പോള്‍, 1930ജനുവരി 26നാണ് പൂര്‍ണ്ണ സ്വരാജ് എന്ന പ്രഖ്യാപനം കോണ്‍ഗ്രസ്സ് നടത്തിയത്.

അതിനു ശേഷം, പതിനഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം ഭാരതം ഒരു ഭാരമാണെന്നും അത് എത്രയും വേഗം ഒഴിവാക്കുക എന്ന തീരുമാനം എടുക്കത്തക്ക നിലയിലേക്കു സ്വാതന്ത്ര്യ സമരം ബ്രിട്ടീഷുകാരെ നിര്‍ബന്ധിച്ചു. അതിന്റെ ഫലമാണ് 1947 ആഗസ്റ്റ് 15 ലെ സ്വാതന്ത്ര്യ പ്രഖ്യാപനം. എന്നിരുന്നാലും അത്ര കാലം നാട്ടുരാജ്യങ്ങളായി പരസ്പരം മല്ലടിച്ചിരുന്നവരെ ഒന്നായി പിടിച്ചുകെട്ടി ഒരൊറ്റ രാജ്യം ഒരൊറ്റ ജനത എന്ന വികാരത്തിലേക്കു ജനങ്ങളെ എത്തിച്ചത് ഗാന്ധിജിയുടേയും നെഹ്ഹുവിന്റെയും പട്ടേലിന്റേയും ഉള്‍പ്പെടെയുള്ള അന്നത്തെ രാഷ്ട്രീയ നേതൃത്വത്തിന്റെ മികവാണ്.

ഭാരതത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ മാറ്റങ്ങള്‍ ഒരു സുപ്രഭാതത്തില്‍ സംഭവിച്ചവയല്ല. ആയിരത്തില്‍ എഴുന്നൂറുകളിലും എണ്ണൂറുകളിലും ലോകത്ത് പ്രത്യേകിച്ചു പാശ്ചാത്യ നാടുകളില്‍ ഉണ്ടായ വിപ്ലവങ്ങളും മാറ്റങ്ങളും ഭാരതത്തിലും പ്രതിഫലിച്ചു. സാമുദായിക രാഷ്ട്രീയ നേതൃത്വങ്ങളില്‍ ധാരാളം ധീര നേതാക്കള്‍ അത്തരം മാറ്റങ്ങള്‍ക്കായി പൊരുതി. അവര്‍ക്കൊപ്പം അല്ലെങ്കിലും, ചെറുതെങ്കിലും ഒരിക്കലും കുറച്ചു കാണാന്‍ പാടില്ലാത്ത വിധത്തില്‍ പല കാര്യങ്ങള്‍ക്കും തുടക്കം കുറിച്ച ചില വനിതകള്‍ ഉണ്ട്. അവരുടെ പേരുകള്‍ പരാമര്‍ശിക്കാതെ ഈ ദിനം കടന്നു പോകുവാന്‍ പാടില്ല. ആദ്യമായി വൈദ്യശാസ്ത്രം പഠിക്കുവാന്‍ തയ്യാറായ ആനന്ദി ഗോപാല്‍ ജോഷി, ആദ്യ വനിതാ ജഡ്ജിയായ അന്നാ ചാണ്ടി, ഭാരതത്തിന്റെ ആദ്യ ഫെമിനിസ്റ്റ് എന്ന വിശേഷണത്തിന് അര്‍ഹയായ അബാല ബോസ്, ചിത്രകലയ്ക്ക് ഒരു പുതു ഭാഷ്യം രചിച്ച അമൃത ഷേര്‍ഗില്‍ അങ്ങനെ, ഭാരതം ഒരു പുരുഷ കേന്ദ്രീകൃത വ്യവസ്ഥ മാത്രമല്ല ഉള്‍ക്കൊള്ളുന്നതെന്നു പ്രഖ്യാപിച്ച സ്ത്രീകള്‍.അവര്‍ കൂടി രചിച്ചതാണു നമ്മുടെ സ്വതന്ത്ര ഭാരതം. അവരുടെ ത്യാഗോജ്വല ജീവിതം കൂടിയാണു നമ്മുടെ സ്വാതന്ത്ര്യമെന്നു കൂടി നമുക്ക് ഓര്‍മ്മിക്കാം.


ഇന്നു ഭാരതം 448 ആര്‍ട്ടിക്കുകള്‍ ഉള്ള ഏറെ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും ഉള്ള ശക്തമായ ഭരണഘടനയുള്ള രാജ്യമാണ്. അപ്പോഴും ചില ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. രാഷ്ട്രശില്പികള്‍ സ്വപ്നം കണ്ട പോലൊരു സ്വാതന്ത്ര്യം എല്ലാ ജനങ്ങള്‍ക്കും ഒന്നുപോലെ ലഭിക്കുന്നുണ്ടോ? സമത്വം എന്നതു ജാതി വ്യവസ്ഥകള്‍ക്കുള്ളില്‍ ഇന്നും വീര്‍പ്പുമുട്ടുന്ന ഒന്നല്ലേ? സാമ്പത്തിക സമത്വം ഗ്രാമങ്ങളിലും നഗരങ്ങളിലും ഒന്നുപോലെയാണോ? 73 വര്‍ഷങ്ങള്‍ക്കിപ്പുറവും സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും ദൈന്യതയ്ക്ക് അറുതിയായോ?

ശരിയാണ്, രാജ്യം ഇനിയും മുന്നേറാനുണ്ട്. പലപ്പോഴും കളങ്കിതമായ രാഷ്ട്രീയ നിലപാടുകള്‍ ഭരണഘടന വിഭാവനം ചെയ്തിട്ടുള്ള അടിസ്ഥാന പ്രമാണങ്ങളെ ചോദ്യം ചെയ്തും പരിഹസിച്ചും മുന്നേറുന്നതു നാം കാണുന്നുണ്ട്.

എങ്കിലും നമുക്ക് ആശ്വസിക്കുവാനുള്ളത് ഏറെയുണ്ട്. രാജ്യം മുന്നേറുകയാണ്, വിവര സാങ്കേതിക വിദ്യയിലും, അടിസ്ഥാന വിദ്യാഭ്യാസ രംഗത്തും, ആരോഗ്യരംഗത്തും നാം മുന്നേറുകയാണ്. കൃഷിയില്‍ പഞ്ചവത്സര പദ്ധതികള്‍ തുടക്കമിട്ട പുത്തന്‍ ഉര്‍ജ്ജം ഭക്ഷ്യധാന്യ രംഗത്തു സ്വയംപര്യാപ്തതയിലേക്കു രാജ്യത്തെ ഉയര്‍ത്തി. ഇനിയും ബൃഹത് പദ്ധതികള്‍ പലതും രാജ്യത്തു കടന്നു വരുവാന്‍ തുടങ്ങുന്നു. ഗ്രാമങ്ങളും സ്വയം പര്യാപ്തത നേടുന്നതോടെ നഗരങ്ങളിലേക്കുള്ള ഒഴുക്കും, അതുവഴി നഗരങ്ങളില്‍ സംഭവിക്കുന്ന തിക്കിനും തിരക്കിനും അറുതി വരും. നമുക്കു നല്ലതു സ്വപ്നം കാണാം. അത്ര കെട്ടതൊന്നുമല്ല ഭാരതത്തിന്റെ ഭാവി. ഒപ്പം അഭിമാനിക്കാം, ഭാരത പൗരനാണ് എന്നതില്‍.

എന്റെ രാജ്യത്തിന് ഏറെ അഭിമാനത്തോടെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു ഈ റിപ്പബ്ലിക് ദിനത്തില്‍.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക