പോലീസ് കൂടുതല്‍ തെളിവ് തേടുന്നു; ദിലീപ് പുതിയ നീക്കങ്ങളില്‍  (പി പി മാത്യു)

പി പി മാത്യു Published on 27 January, 2022
പോലീസ് കൂടുതല്‍ തെളിവ് തേടുന്നു; ദിലീപ് പുതിയ നീക്കങ്ങളില്‍  (പി പി മാത്യു)

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കാനും അന്വേഷണം ആവശ്യപ്പെടാനും നടന്‍ ദിലീപ് നീക്കം തുടങ്ങിയതായി മലയാള സിനിമാ രംഗത്തെ ചില വൃത്തങ്ങള്‍ വ്യാഴാഴ്ച്ച സൂചിപ്പിച്ചു. ഡി വൈ എസ് പി ബൈജു കെ. പൗലോസ്, സാക്ഷിയായി വന്നിട്ടുള്ള ബാലചന്ദ്രകുമാര്‍ എന്നിവരുടെ സെല്‍ ഫോണുകള്‍ പിടിച്ചെടുത്താല്‍ തനിക്കെതിരെ അവര്‍ നടത്തിയ 'ഗൂഢാലോചന' പുറത്തു വരും എന്നാണ് ദിലീപിന്റെ നിലപാട്.  

ബുധനാഴ്ച്ച നടന്‍ തന്റെ അഭിഭാഷകന്‍ ബി. രാമന്‍ പിള്ളയെ വീട്ടില്‍ പോയി കണ്ടു ദീര്‍ഘനേരം ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു എന്നാണറിവ്. ഒരു പ്രത്യാക്രമണം ഉചിതമായ നീക്കമാവും എന്ന ചിന്താഗതിയാണ് ദിലീപിനും കൂട്ടര്‍ക്കും ഉള്ളത് എന്നറിയുന്നു. 

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്ന കേസില്‍ ആവശ്യമായ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ പ്രതികളുടെ ജാമ്യ ഹര്‍ജിയിന്മേലുള്ള തീരുമാനം അടുത്ത ബുധനാഴ്ച്ച വരെ നീട്ടണമെന്ന് പ്രോസിക്യൂഷന്‍ വ്യാഴാഴ്ച്ച കോടതിയില്‍ ആവശ്യപ്പെടുകയും കോടതി അത് അനുവദിക്കയും ചെയ്തു. അന്നു വരെ അറസ്റ്റ് പാടില്ല എന്നും ജസ്റ്റിസ് പി. ഗോപിനാഥ് ഉത്തരവിട്ടു. മൂന്നു ദിവസം കൊണ്ട് 33 മണിക്കൂര്‍ പ്രതികളെ ചോദ്യം ചെയ്തതില്‍ ലഭിച്ച വിവരങ്ങള്‍ അപര്യാപ്തമാണെന്നാണ് സൂചന. സംഘടിതമായി നുണ പറയുകയായിരുന്നു ദിലീപും കൂട്ടരും എന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 
ചില ഡിജിറ്റല്‍ തെളിവുകള്‍ കൂടി കിട്ടാനുണ്ട് എന്ന് പ്രോസിക്യൂഷന്‍ കോടതിയോട് പറഞ്ഞു. കേസില്‍ നിര്‍ണായകമായ എല്ലാ തെളിവുകളും ലഭിച്ച ശേഷം ജാമ്യ ഹര്‍ജിക്കെതിരെ നീങ്ങിയാല്‍ മാത്രമേ പ്രയോജനം ലഭിക്കൂ എന്ന് പ്രോസിക്യൂഷന്‍ കരുതുന്നു.
പോലീസ് ആവശ്യപ്പെട്ട പ്രകാരം പഴയ മൊബൈല്‍  ഫോണുകള്‍ വിട്ടു കൊടുക്കാന്‍ തയ്യാറില്ല എന്ന് ദിലീപും മറ്റു പ്രതികളും കോടതിയെ അറിയിച്ചിട്ടുണ്ട്. വധ ഗൂഢാലോചന കേസ് ഫയല്‍ ചെയ്യും മുന്‍പ് ഉപയോഗിച്ചിരുന്ന ഫോണുകള്‍ ആണ് പോലീസ് ചോദിക്കുന്നത്. കേസ് ഫയല്‍ ചെയ്ത ശേഷം അഞ്ചു പ്രതികളും ഫോണ്‍ മാറ്റി എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. 

ബാലചന്ദ്രകുമാര്‍ പരാമര്‍ശിച്ച വി ഐ പി ആരെന്ന കാര്യത്തിലും പോലീസ് അന്വേഷണം എങ്ങും എത്തിയിട്ടില്ല. ദിലീപിന്റെ സുഹൃത്ത് ശരത് സംശയത്തിന്റെ നിഴലില്‍ ഉണ്ടെങ്കിലും ഇദ്ദേഹത്തെ പ്രതിയാക്കാന്‍ വേണ്ട തെളിവുകള്‍ ലഭ്യമായിട്ടില്ല. അതേ പോലെ, ദിലീപും കൂട്ടരും സൂചിപ്പിച്ചതായി കുമാര്‍ പറയുന്ന 'മാഡം' ആരെന്നും തീര്‍പ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. 

നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പ്രധാന പ്രതി പള്‍സര്‍ സുനിയുടെ 'അമ്മ ചില മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ സിനിമാ രംഗത്തുള്ള മറ്റു ചിലരുടെ മേല്‍ സമ്മര്‍ദം ചെലുത്താനാണെന്നു വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ഒരു പ്രമുഖ നടന്റെ പേര് ഈ കുറ്റകൃത്യവുമായി ബന്ധപ്പെടുത്തി സുനിയുടെ 'അമ്മ ശോഭന പറഞ്ഞിരുന്നു. 

 

Josettan 2022-01-28 01:28:44
No subscription, want free news.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക