Image

അല്ല പിള്ളേച്ചാ, നിങ്ങളാണേൽ എന്തു ചെയ്യും? (ദുർഗ മനോജ്)

Published on 27 January, 2022
അല്ല പിള്ളേച്ചാ, നിങ്ങളാണേൽ എന്തു ചെയ്യും? (ദുർഗ മനോജ്)

ചോദ്യം പിള്ളേച്ചനോടു മാത്രമല്ല. എല്ലാവരോടുമാണ്. നിങ്ങളാണേൽ എന്തു ചെയ്യും?

സംഗതി വിശദീകരിക്കാം. നമ്മുടെ ന്യൂസിലാൻറിലെ പ്രധാനമന്ത്രി ജസിന്ത ആർഡൻ വിവാഹം കഴിക്കാൻ തീരുമാനിച്ചു. പുറത്തു പറഞ്ഞില്ലെങ്കിലും ഡേറ്റും കുറിച്ചു. നമ്മുടെ നാട്ടിലെപ്പോലെ കണിയാൻ കവടി നിരത്തി, ആകാശത്തെങ്ങാണ്ടു കിടക്കുന്ന രാഹുവും കേതുവും കൂടി ഓടി വന്ന് ആക്രമിക്കാതെ ശുഭമുഹൂർത്തം കുറിക്കുന്ന പ്രയാസമൊന്നുമില്ല അവർക്ക്. സ്വന്തം രാജ്യത്തിൻ്റെ പ്രധാനമന്ത്രിയാണ്. ഉദ്ഘാടനവും, കല്ലിടലും, നാടമുറിക്കലും ഒന്നും അവിടെ വ്യാപകമല്ലാത്തതു കൊണ്ട് ഒഫീഷ്യൽ തിരക്കുകൾ ഒക്കെ ഒതുക്കി, സുഖ സുന്ദരമായി ആ ചടങ്ങ് അങ്ങോട്ട് നടത്താം എന്നു തീരുമാനിച്ചതാണ്. ഏതായാലും പത്തു വർഷമായി ഒന്നിച്ചു ജീവിക്കുന്നു, കൊച്ചിനും വയസ്സു മൂന്നായി. ഇനി ഇപ്പം കെട്ടിയില്ലെങ്കിൽ എപ്പഴാ കൊച്ചേ എന്ന് ആരും ഒന്നു ചോദിച്ചു പോകേം ചെയ്യും.

അങ്ങനെ ദാ ഈ വീക്ക് എൻഡിനു കെട്ടാം എന്നവർ നിശ്ചയിച്ചു. പക്ഷേ, ഈ ജീവിതം എന്നു പറയുന്നത് ഒരു ബല്ലാത്ത സംഗതിയാണല്ലോ.  രാജ്യത്തെ ഒരു കുടുംബം അപ്പുറത്തെ ദ്വീപിൽ കല്യാണം കൂടാൻ പോയി. തിരികെ വന്നപ്പോ ആകെ മൊത്തം 9 ഒമിക്രോൺ കേസുകൾ രാജ്യത്തിനു ഫ്രീ കിട്ടി.


അടിച്ചത് കേരള സർക്കാരിൻ്റെ ക്രിസ്മസ് ബംബർ അല്ലല്ലോ ആനന്ദിക്കാൻ. സംഗതി പെട്ടന്നു പടരുന്ന ഒമിക്രോൺ ആണ്. പിന്നൊന്നും നോക്കിയില്ല. ആദ്യ പടിയായി സ്വന്തം കല്യാണം തന്നെ മാറ്റിവച്ചു. വീണ്ടും കോവിഡ് റെസ്ട്രികഷൻസ് രാജ്യത്തു നടപ്പാക്കാൻ നിശ്ചയിച്ചു. ഉത്തരവും പുറപ്പെടുവിച്ചു.


ഇനി ആദ്യത്തെ ചോദ്യത്തിലേക്കു വരാം. നിങ്ങളാണെങ്കിലോ?
നമ്മുടെ നാട്ടിലെ സാധാരണ ചെയ്ത്തുകൾ അനുസരിച്ചാണെങ്കിൽ, നമ്മൾ കല്യാണം മാറ്റി വക്കില്ല. എന്നല്ല, അങ്ങനെ ചിന്തിക്കുക പോലുമില്ല. പകരം ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്യില്ല. അഥവാ ചെയ്താൽ ആ വാർത്ത മുക്കിത്താഴ്ത്തും. താഴുന്നില്ലെങ്കിൽ ജനശ്രദ്ധ മാറ്റുന്ന എന്തെങ്കിലും ഒരു തക്കിട തരികിട വാർത്ത അന്നത്തെ അന്തിച്ചർച്ചക്ക് കണക്കാക്കി ഉണ്ടാക്കും.

ചാനലുകൾ, എല്ലിൻ കഷ്ണത്തിനു പിന്നാലെ കടിപിടി കൂടുമ്പോൾ നെയ്സായി കല്യാണമങ്ങു നടത്തും. ഭരണ പ്രതിപക്ഷകുക്ഷ ഭേദമില്ലാതെ എല്ലാരും ചേർന്ന് മാസ്ക് ഊരിമാറ്റി വെളുക്കെച്ചിരിച്ച് സെൽഫി എടുക്കും. ന്നിട്ട്?


എന്നിട്ട്, പിറ്റേന്നു തന്നെ ഉന്നത തല യോഗം ചേരും, കർശന നിയന്ത്രണം എന്ന് ഫ്ലാഷ് വാർത്ത എഴുതിപ്പിക്കും. ഇതൊക്കെക്കണ്ട് നൂറ്റിക്ക് നൂറിലും കേറിപ്പറ്റി ഒമിക്രോൺ തലയറഞ്ഞ് ചിരിക്കും.

ഏതായാലും ജസിന്ത മാഡം, നിങ്ങൾക്കൊരു ബിഗ് സല്യൂട്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക