Image

ചങ്ങലകള്‍(കവിത)- വി.ബി.കൃഷ്ണകുമാര്‍

വി.ബി.കൃഷ്ണകുമാര്‍ Published on 28 January, 2022
ചങ്ങലകള്‍(കവിത)- വി.ബി.കൃഷ്ണകുമാര്‍

നമുക്കീ ഭ്രാന്തന്റെ കൈകളില്‍ നിന്ന്
ചങ്ങലയെ അഴിച്ചുവിട്ടാലോ?
അതിനു നിലത്തു ചുരുണ്ടുകൂടിക്കിടക്കാം!
നോക്കൂ,
ഭ്രാന്തന്റെ ചലനങ്ങളിത്
ഉറക്കപ്പൊറുതി നല്‍കുന്നുണ്ടോ?
അതിന്,
തറയോട് ഇടയ്ക്കിടെ സമരം ചെയ്യേണ്ടി വരുന്നില്ലേ!
അഴിച്ചുവിട്ടാലോ?
അതിന്,
തറയോട് സമരസപ്പെട്ട്
സ്വച്ഛന്ദം ശയിക്കാം.
ച്ഛെ, ഏതു നേരത്താണീ
ഭ്രാന്തന്റെ കൈകളില്‍-
ച്ചെന്നുപെട്ടത്!
ചിന്തയുടെ ചങ്ങലകള്‍!
ഒരേ അമര്‍ഷക്കണ്ണികള്‍!
കുടുക്കിക്കെട്ടുമ്പോള്‍,
എന്തൊരു വിയര്‍പ്പുനാറ്റം!
ചങ്ങല പിറുപിറുക്കുന്നു.
ച്ഛെ, എ്‌ന്തൊരു ചൂര്'.
ഭ്രാന്തന്റെ മൂത്രം ഒഴുകിയെത്തുമ്പോള്‍.
ച്ഛേ, എ്‌ന്തൊരൊട്ടിപ്പിടിത്തം;
ഈ ഭ്രാന്തന് തിന്നാന്‍ കൊടുക്കരുത്;
അവന്‍ 'അമലനാകട്ടേ'യെന്ന്
ചങ്ങല ഭ്രാന്തുപിടിച്ചു പറയുന്നു.
'ഹോ ഈ ഭ്രാന്തനോട് രക്തബന്ധവും!
ഹേ ഭ്രാന്താ, ഒന്നു തല തല്ലിത്തകര്‍ക്കാതൊതുങ്ങി ചുരുണ്ടുകൂടിയിരിക്കാമോ?'
ചങ്ങല ചോദിക്കുന്നൂ.
എത്രനാളായീ ഭ്രാന്തനോടൊപ്പം
ഈത്തടവറയില്‍?
ഞാനെന്തു തെറ്റു ചെയ്തു, മാളോരേ?!'
ചങ്ങല ചോദിക്കുന്നൂ.
ഒരാളും കേള്‍ക്കുന്നില്ലാ!
എല്ലാരും ഓരോ ചങ്ങലകളെ
മുറുകെപ്പിടിച്ചിട്ടുണ്ട്!
ജാതി, മതം, രാഷ്ട്രീയം...
പിന്നേയും കണ്ണികള്‍പോലെ
നീളുന്നു ചങ്ങലകള്‍!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക