Image

ഉള്ളിലൊരാൾ (സോളമൻ ജോസഫ് - കഥ)

Published on 28 January, 2022
ഉള്ളിലൊരാൾ (സോളമൻ ജോസഫ് - കഥ)

ടെലിവിഷനിൽ മിന്നിമറഞ്ഞ ആ പരസ്യത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട്‌ അവൾ ബിയർ നുണയാൻ ജീവിതത്തിലാദ്യമായി കൊതിച്ചു. അവളുടെ ശരീരത്തിനും മനസ്സിനും എന്തൊക്കെയോ മാറ്റങ്ങൾ സംഭവിക്കുന്നതായി ബോധ്യപ്പെട്ട് തുടങ്ങിയിട്ട് ഏതാണ്ട് കുറച്ചു ദിവസങ്ങളായി, അതിൽ ഏറ്റവും അവസാനത്തേതും ഒരിക്കലും മുൻപ് അവൾ ആഗ്രഹിച്ചിട്ടില്ലാത്തതുമായ ഒരു കാര്യമായിരുന്നു ബിയർ കുടിക്കുക എന്നുള്ളത്.

വിവാഹത്തിന്റെ മധുരനാളുകളിൽ ഉദയേട്ടൻ ആദ്യമായി ബിയർ ഗ്ലാസ് അവളുടെ ചുണ്ടോടു ചേർത്ത് നുണയാൻ പ്രേരിപ്പിച്ചത് അവൾക്ക് ഇപ്പോൾ ഓർമ്മവന്നു. അന്ന് അവൾ വല്ലാതെ കലഹിച്ചു മാറിനിന്നു. ദിവസത്തോളം അതിന്റെ പേരിലുള്ള പ്രതിഷേധം മുഖത്ത് കാട്ടിയായിരുന്നു നടപ്പ്.  പിന്നീടൊരിക്കലും ആ മോശം പ്രവൃത്തി ഉദയൻ ആവർത്തിച്ചില്ല.

അവൾ താമസിക്കുന്ന വീടിന്റെ അര കിലോമീറ്റർ ദൂരത്ത് ബിയർ കിട്ടുന്നൊരു സ്ഥലമുണ്ടെന്ന്  ഉദയേട്ടൻ പല പ്രാവശ്യം ഫോണിൽ കൂട്ടുകാരോട് പറയുന്നത് അവൾ മുൻപ് കേട്ടിട്ടുണ്ട്. അന്ന് കേട്ട ആ വാർത്തയിൽ വളരെ വിഷമം തോന്നിയെങ്കിലും ഇപ്പോൾ അത് ആശ്വാസത്തിന് വക നൽകുന്നതായി ഉള്ളിൽ നിന്നാരോ വിളിച്ചു പറയുന്നതു പോലെ അവൾക്ക് തോന്നി. എനിക്ക് എന്താണ് ഇങ്ങനെ ഒരു ആഗ്രഹം ഇപ്പോൾ പെട്ടെന്ന് തോന്നാൻ ഇടയാക്കിയതെന്ന് എത്ര ആലോചിച്ചിട്ടും അവൾക്ക് അത് ഉത്തരരഹിതമായി തീർന്നു.

ഉദയേട്ടൻ മദ്യപാനം പൂർണമായും നിർത്തി തികഞ്ഞ ഒരു കുടുംബസ്ഥനായി കഴിയാൻ തുടങ്ങിയിട്ട് ഏതാണ്ട് അഞ്ച് വർഷത്തോളമായി. എപ്പോഴും ബിയർ കുപ്പികൾ നിറച്ചുവെച്ച ഫ്രിഡ്ജിന്റെ ആ ഭാഗത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കാൻ പോലും അന്ന് അവൾ ഇഷ്ടപ്പെട്ടിരുന്നില്ലായെന്ന സത്യം ഇപ്പോൾ അവർക്ക് നേരെ നോക്കി പല്ലിളിക്കുന്നു.

വീണ്ടും ഒരിക്കൽ കൂടി ബിയറിന്റെ ആ പരസ്യം ടിവിയിൽ കൂടി കടന്ന് പോയത് അവളെ  ഓർമ്മകളുടെ കൂടാരത്തിൽ നിന്നും അന്നേരം കുടിയിറക്കി. ടിവി ഓഫ് ചെയ്ത് അവൾ സ്റ്റോർ റൂമിലേക്ക് നടന്നു. ഇപ്പോൾ ആക്രിക്കാർക്ക് പോലും വേണ്ടാത്ത ബിയർ കുപ്പികളിൽ ഒന്നെടുത്ത് തന്റെ മൂക്കിലേക്ക് അടുപ്പിച്ചു. അതിൽ നിന്നുയർന്നുവന്ന ആ  പഴയ ഗന്ധം ബിയറിന്റേത് ആണോ എന്ന് പോലും തിരിച്ചറിയാതെ അവൾ അതിൽ എങ്ങനെയോ ലയിച്ചു.

പുത്തൻ ബിയറിന്റെ ഗന്ധം ഇതായിരിക്കില്ല എന്ന തിരിച്ചറിവിൽ തിരിച്ചുവന്ന് കസേരയിൽ നഷ്ടബോധം ഇറക്കി വയ്ക്കുമ്പോൾ പെട്ടെന്ന് അവളുടെ മനസ്സിൽ പ്രകാശിച്ച മുഖം ജോലിക്കാരി അന്നയുടെതായിരുന്നു. "" ചേച്ചി ആദ്യമൊക്കെ അങ്ങേര്  കുടിക്കുന്നതിൽ എനിക്ക് വലിയ എതിർപ്പായിരുന്നു ഇപ്പോൾ എനിക്ക് ചിലപ്പോഴൊക്കെ ബിയർ വാങ്ങി തരാറുണ്ട് കുടിച്ചാൽ നല്ല ഉന്മേഷമാണ് അന്ന് ജോലികളെല്ലാം പെട്ടെന്ന് നടക്കും "" എന്ന് മുൻപെപ്പോഴോ അന്ന പറഞ്ഞവസാനിപ്പിച്ചത് ഓർമ്മയിൽ  പതഞ്ഞു  പൊങ്ങി.

അന്ന ആരുമറിയാതെ ബിയർ പലപ്രാവശ്യം അവൾക്ക് എത്തിച്ചുകൊടുത്തു. ഓരോ പ്രാവശ്യവും ബിയർ നുണയുമ്പോഴും അവളിൽ ഈ ആസക്തി എങ്ങനെ വന്നുഭവിച്ചു എന്നുള്ള സംശയങ്ങൾ ഉള്ളിന്റെയുള്ളിൽ ബിയർ കുപ്പികളുടെ എണ്ണം കൂടുന്നത് പോലെ  കുമിഞ്ഞുകൂടി  കൊണ്ടിരുന്നു.
ഈ സംശയങ്ങളെല്ലാം ചെന്നവസാനിക്കുന്നത് അവളുടെ ഉള്ളിൽ ഒരാൾ കുടിയേറി എന്നുള്ള സത്യത്തിലേക്കാണ്. കുറച്ചു മാസങ്ങൾക്ക് മുമ്പ് മാറ്റിവെച്ച അവളുടെ ഹൃദയത്തിന്റെ ഉടമയെ ചുറ്റിപ്പറ്റി ഈ സംശയങ്ങളാകുന്ന പാനീയം ബിയർ ഗ്ലാസിന് മുകളിൽ നുരഞ്ഞുപൊങ്ങി.

ഒരിക്കലും ഹൃദയം നൽകിയ  ആളുടെ മേൽവിലാസം ഒരു രോഗിക്കും കൈമാറില്ല എന്ന മെഡിക്കൽ എത്തിക്സ്  മറ്റുള്ളവരെ പോലെ അവൾക്കും നന്നായറിയാമായിരുന്നു.തന്നിലെ പുതിയ മാറ്റങ്ങൾ അവൾ ഉദയനെ അറിയിച്ചപ്പോൾ ആദ്യം അദ്ദേഹം അത്ഭുതംകൂറിയെങ്കിലും  ക്രമേണ അയാൾ യാഥാർത്ഥ്യവുമായി പൊരുത്തപ്പെട്ടു.എന്തെന്നാൽ ഉദയന് വ്യക്തമായി അറിയാവുന്ന ബിയറിനും മദ്യത്തിനും അടിമയായി അപകടത്തിൽ മരണപ്പെട്ട ഒരു ഇരുപതുകാരന്റെ ഹൃദയമാണ് തന്റെ ഭാര്യയുടെ ശരീരത്തിൽ സ്പന്ദിക്കുന്നത് എന്ന സത്യം അദ്ദേഹവും അവളിൽ നിന്നും നേരത്തേ മറച്ചു വെച്ചിരുന്നു.

ഈ  കാര്യം ഓപ്പറേഷൻ നടത്തിയ ഡോക്ടറെ അയാൾ അറിയിച്ചപ്പോൾ ലോകത്തൊരിടത്തും ഇങ്ങനെ ഒരു അസാധാരണമായ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നുള്ള സത്യം അയാളിൽ കൂടുതൽ ആശങ്കയ്ക്കിടയാക്കി.

പിന്നീടുള്ള രാത്രികളിൽ പലപ്പോഴും  മദ്യ കുപ്പികളുടെ മണം അവൾ തേടി പോകുമ്പോൾ അയാളാകട്ടെ ഉറക്കം നഷ്ടപ്പെട്ട് കടുത്ത ഭ്രാന്തൻ ചിന്തകളുടെ ലോകത്തിൽ അലയുകയായിരുന്നു.


-സോളമൻ ജോസഫ് - 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക