കൊച്ചി: നടി പത്മപ്രിയയ്ക്കെതിരെ സംവിധായകന് എം.എ. നിഷാദ് നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ പരാതി നല്കി. സിനിമയുടെ പ്രതിഫലത്തിന്റെ പേരില്‍ ഷൂട്ടിംഗ് തടസപ്പെടുത്തിയെന്നാണ് പരാതി. കമ്മിഷനെടുക്കാനായി പത്മപ്രിയയുടെ മാനേജര്‍ അമിത തുക പ്രതിഫലമായി ആവശ്യപ്പെട്ടുവെന്നും നിര്‍മാതാവ് കൂടിയായ നിഷാദ് നല്കിയ പരാതിയില്‍ പറയുന്നു.
'നമ്പര്‍ 66 മധുര ബസ്' എന്ന തന്റെ ചിത്രത്തില്‍ അഭിനയിക്കാനായി എട്ടുലക്ഷം രൂപയായിരുന്നു നടിയുടെ പ്രതിഫലമായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ മാനേജര്‍ ഇടപെട്ടപ്പോള്‍ അതു പത്തു ലക്ഷമായി. മാനേജരുടെ കമ്മിഷനും നിര്‍മാതാവ് കൊടുക്കേണ്ട ഗതികേടിലാണെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒടുവില്‍ 9,30,000 രൂപ ചിത്രീകരണത്തിനിടെ നല്കി. എഴുപതിനായിരം രൂപ നികുതിയടയ്ക്കാനായി മാറ്റിവച്ചു. എന്നാല്‍ ഈ എഴുപതിനായിരം രൂപ കയ്യില്‍ ലഭിക്കാതെ ഷൂട്ടിംഗിനിറങ്ങില്ലെന്നു പത്മപ്രിയ വാശിപിടിച്ചുവെന്നും ഇതുമൂലം ഷൂട്ടിംഗ് തടസപ്പെട്ടുവെന്നുമാണു നിഷാദിന്റെ പരാതി.
രണ്ടുദിവസം സെറ്റില്‍ നിന്നു പറയാതെ നടി ഇറങ്ങിപ്പോയെന്നും സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടു പലവട്ടം വിളിച്ചിട്ടും വന്നില്ലെന്നും പരാതിയില്‍ പറയുന്നു. മധുര ബസില്‍ അഭിനയിക്കുമ്പോള്‍ തന്നെ 'കോബ്ര' എന്ന ചിത്രത്തിനും ഡേറ്റ് നല്കിയതുമൂലം ഷൂട്ടിംഗ് പ്ലാന്‍ ചെയ്യാന്‍ ബുദ്ധിമുട്ടിയെന്നും ഇതുമൂലം വന്‍ സാമ്പത്തിക നഷ്ടമുണ്ടായെന്നും മലയാള സിനിമയിലെ മാനേജര്‍ സംസ്കാരം നിര്‍ത്തണമെന്നും നിഷാദ് പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സൂപ്പര്‍താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും ദിലീപിനും ജയറാമിനും പൃഥ്വിരാജിനും മാനേജര്‍മാരില്ല. പിന്നെയെന്തിനാണു നടിമാര്‍ക്കു മാത്രമായി മാനേജര്‍മാര്‍. കഥ കേള്‍ക്കുന്നതു വരെ മാനേജര്‍മാരാണ്. കമ്മിഷന് കളി മാത്രമാണിതെന്നും നിഷാദ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.