Image

പെഗസസ്: ജനാധിപത്യം തകർക്കുന്നതിനുള്ള പുതിയ സൈബർ ആയുധം (ജോർജ്ജ്  എബ്രഹാം)

Published on 05 February, 2022
പെഗസസ്: ജനാധിപത്യം തകർക്കുന്നതിനുള്ള പുതിയ സൈബർ ആയുധം (ജോർജ്ജ്  എബ്രഹാം)

ഇസ്രായേൽ കമ്പനിയായ എൻഎസ്ഒയിൽ നിന്ന് അത്യാധുനിക ആയുധങ്ങളും രഹസ്യാന്വേഷണ ഉപകരണങ്ങളും ഉൾപ്പെടുന്ന മൾട്ടി-ബില്യൺ ഡോളറിന്റെ ആയുധ ഇടപാടിന്റെ ഭാഗമായി  പെഗസസ് സോഫ്ട്‍വെയറും ഇന്ത്യ വാങ്ങിയതായി ന്യൂയോർക്ക് ടൈംസ് അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. 2017ൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ ഇസ്രയേൽ സന്ദർശനത്തിനിടെ അന്നത്തെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ  അനുമതിയോടെയാണ്  ഈ കരാറിന് അന്തിമ രൂപമായതെന്നും  റിപ്പോർട്ടിൽ പറയുന്നു.

ന്യൂയോർക്ക് ടൈംസിൽ വന്ന വാർത്തയെക്കുറിച്ച് ഇന്ത്യയിലെ സർക്കാർ അധികൃതർ പ്രതികരിക്കാതെ മൗനം പാലിച്ചു. നേരത്തെ, അനധികൃതമായി നിരീക്ഷണം നടത്തിയെന്ന ആരോപണത്തിൽ  പെഗസസിനെതിരെ  അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളെ തുടർന്ന്  സ്വതന്ത്ര അന്വേഷണത്തിന് ഇന്ത്യൻ  സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ദേശീയ സുരക്ഷയെക്കുറിച്ചുള്ള രാജ്യത്തിന്റെ ആശങ്കയ്ക്കു മുന്നിൽ കോടതിക്ക് നിശബ്ദ കാഴ്ചക്കാരനായി നോക്കിനിൽക്കാനാകില്ലെന്നും വിധിപ്രസ്താവനയിൽ കോടതി പറഞ്ഞു.

ഒരു ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുൻപ് നിർബന്ധമായും പരിഗണിക്കേണ്ട സാഹചര്യങ്ങളും കോടതി വ്യക്തമാക്കി. സ്വകാര്യതയ്ക്കുള്ള അവകാശത്തെയും   സംസാര സ്വാതന്ത്ര്യത്തെയും ഇത് പ്രതികൂലമായി ബാധിക്കുകയും  അത്തരം ആരോപണങ്ങളുടെ പ്രഭാവം രാജ്യത്തെ എല്ലാ പൗരന്മാർക്കുമേലും വന്നുവീഴുകയും ചെയ്യും.

ഒരു വ്യക്തിയുടെമേൽ ഭരണകൂടമോ ഏജൻസിയോ നിരീക്ഷണമോ ചാരവൃത്തിയോ നടത്തിയാൽ, അത്  സ്വകാര്യതയ്ക്കുള്ള അവകാശത്തെ നേരിട്ട് ലംഘിക്കുന്നതിന് തുല്യമാണെന്നും, ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് അങ്ങനൊന്ന് സംഭവിച്ചാൽ, ഇന്ത്യൻ ഭരണഘടന പ്രകാരം അതിനുള്ള ന്യായികരണം നൽകാൻ സർക്കാർ ബാധ്യസ്ഥരാണെന്നും ബെഞ്ച് വിശദീകരിച്ചു.

വാദം കേൾക്കുന്നതിനിടയിൽ, ആരോപണങ്ങൾ പൂർണമായി നിഷേധിച്ചുകൊണ്ട് കേന്ദ്രം സമർപ്പിച്ച  സത്യവാങ്മൂലത്തിൽ ഇത് ദേശീയ സുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്ന് വ്യക്തമാക്കി. ഹർജിക്കാരുടെ വിവരങ്ങൾ ചോർത്താൻ  പെഗസസ് സോഫ്ട്‍വെയർ ഉപയോഗിച്ചെന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്ന്  രണ്ട് സൈബർ സുരക്ഷാ വിദഗ്ദർ, വിഷയം അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച സമിതിയോട് പറഞ്ഞതായി  ഇന്ത്യൻ എക്‌സ്പ്രസ് അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു.

ഗുരുതരമായ കുറ്റകൃത്യങ്ങളിലും ഭീകരപ്രവർത്തനത്തിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്ന പ്രത്യേക വ്യക്തികളുടെ മൊബൈൽ ഫോണുകളിലും മറ്റു ഉപകരണങ്ങളിലും നിന്നുള്ള ഡാറ്റ ശേഖരിക്കാൻ സഹായിക്കുക എന്ന  ഉദ്ദേശത്തോടെയാണ് ഗവൺമെന്റുകൾക്ക് തങ്ങളുടെ  ഉൽപ്പന്നം വിൽക്കുന്നതെന്നാണ് എൻഎസ്ഒ ഗ്രൂപ്പ് അവകാശപ്പെടുന്നത്. എന്നാൽ അവരുടെ വാദത്തിന്  ഘടകവിരുദ്ധമായി, ഈ സ്പൈവെയർ വ്യാപകമായി ദുരുപയോഗം ചെയ്തതായി  റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.  ആംനസ്റ്റി ഇന്റർനാഷണലിന്റെ സെക്യൂരിറ്റി ലാബിന്റെ സാങ്കേതിക പിന്തുണയോടെ രൂപം കൊണ്ട    'പെഗാസസ് പ്രോജക്ടിൽ '  10 രാജ്യങ്ങളിലെ 17 മാധ്യമ സ്ഥാപനങ്ങളിൽ നിന്നുള്ള 80-ലധികം പത്രപ്രവർത്തകർ ഫോർബിഡൻ സ്റ്റോറീസ്  എന്ന റിപ്പോർട്ട് തയ്യാറാക്കി.

ഇന്ത്യ, മെക്സിക്കോ, ഹംഗറി, മൊറോക്കോ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ലോകമെമ്പാടുമുള്ള 180 പത്രപ്രവർത്തകരെയെങ്കിലും സർക്കാരുകൾ ഇരകളായി  തിരഞ്ഞെടുത്തിട്ടുണ്ടെന്നാണ്   അവരുടെ കണ്ടെത്തലുകൾ വെളിച്ചം വീശിയത്. മനുഷ്യാവകാശ പ്രവർത്തകർ, അക്കാദമിക് വിദഗ്ധർ, ബിസിനസുകാർ, അഭിഭാഷകർ, ഡോക്ടർമാർ, യൂണിയൻ നേതാക്കൾ, നയതന്ത്രജ്ഞർ, രാഷ്ട്രീയക്കാർ, കൂടാതെ നിരവധി രാഷ്ട്രത്തലവന്മാർ എന്നിവരും  ഉന്നം വയ്ക്കപ്പെട്ടവരുടെ   പട്ടികയിൽ ഉൾപ്പെടുന്നു.
 
വിവാദ സ്പൈവെയർ ഏറ്റെടുക്കുന്നതിൽ ഇന്ത്യൻ നേതൃത്വം കാണിച്ച  'പ്രത്യേക താൽപ്പര്യത്തെക്കുറിച്ച് ന്യൂയോർക്ക് ടൈംസിലെ റോണൻ ബർഗ്മാനുമായി നടത്തിയ ആശയവിനിമയത്തിനിടെ   വ്യക്തമായതായി  'ദി വയർ' ലെ കോളത്തിൽ സിദ്ധാർത്ഥ് വരദരാജൻ  എഴുതിയിരുന്നു. ആംനസ്റ്റി ഇന്റർനാഷണലിന്റെ ടെക് ലാബിന്റെ ഫോറൻസിക് പരിശോധനയിൽ രണ്ട് പ്രസിദ്ധീകരണങ്ങളുടെ  സ്ഥാപക എഡിറ്റർമാർ, അന്വേഷണാത്മക പത്രപ്രവർത്തകരായ പരഞ്ജോയ് ഗുഹ താകുർത്ത, സുശാന്ത് സിംഗ്, പ്രധാന പ്രതിപക്ഷ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ  ഉൾപ്പെടെ നിരവധി മാധ്യമപ്രവർത്തകരുടെ സ്മാർട്ട്‌ഫോണുകളിൽ മിലിട്ടറി ഗ്രേഡ് സ്‌പൈവെയറിന്റെ സാന്നിധ്യം കണ്ടെത്തിയതായി കോളത്തിൽ പറയുന്നു.

രഹസ്യമായി പുറത്തു വന്ന ഡാറ്റാബേസിൽ അവരുടെ നമ്പറുകൾ  പെഗസസ് ഉന്നംവച്ചവരുടെ കൂട്ടത്തിലുണ്ട്.  കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ, മുൻ സിബിഐ ഡയറക്ടർ അലോക് വർമ എന്നിവരുടെ പേരുകളും   ഡാറ്റാബേസിലുണ്ടായിരുന്നു.

എന്താണ് പെഗസസ്? ഐഒഎസിന്റെയും ആൻഡ്രോയിഡിന്റെയും മിക്ക വേർഷനുകളിലും  പ്രവർത്തിക്കുന്ന മൊബൈൽ ഫോണുകളിൽ രഹസ്യമായി ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്ന ഒരു സ്പൈവെയറാണ് പെഗസസ്. എസ്എംഎസ്, വാട്സ്അപ്പ്, ഐമെസേജ് പോലുള്ള സാധാരണ ആപ്പുകളിലെ തകരാറുകൾ  വഴിയോ വൈറസുള്ള ലിങ്കിൽ ക്ലിക്കുചെയ്യാൻ ആവശ്യപ്പെട്ട്  കബളിപ്പിച്ചോ പെഗസസ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യാൻ കഴിയും.  ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ, പെഗസസിന് ആ ഉപകരണത്തിൽ നിന്ന് എസ്എംഎസ്, ഇമെയിലുകൾ, വാട്ട്‌സ്ആപ്പ് ചാറ്റുകൾ, ഫോട്ടോകൾ, വീഡിയോകൾ, കലണ്ടർ, കോൺടാക്‌റ്റുകൾ എന്നിങ്ങനെ  ഏത് വിവരങ്ങളും  സൈദ്ധാന്തികമായി ശേഖരിക്കാനും കൈമാറാനും കഴിയും. ഇതിൽ  ഒരു ക്യാമറയോ മൈക്രോഫോണോ സജീവമാക്കാനും കോളുകൾ റെക്കോർഡ് ചെയ്യാനും ജിപിഎസ്  ഡാറ്റ സ്കാൻ ചെയ്യാനും സൗകര്യമുണ്ട്. എതിരാളികൾക്ക് ഈ സ്പൈവെയർ ഉപയോഗിച്ച് ഫോണിലെ എല്ലാ വിവരങ്ങളും ലഭിക്കും. ഫോണിന്റെ ഉടമയ്ക്ക് ചെയ്യാൻ കഴിയുന്നതിനേക്കാൾ കൂടുതൽ പെഗസസിന് ചെയ്യാൻ കഴിയുമെന്ന് ചുരുക്കം.

അത്യാധുനിക ആയുധങ്ങളുടെ വിൽപ്പന ഉപയോഗിച്ച് വിദേശത്തും  ഐക്യരാഷ്ട്രസഭയിലും  നയതന്ത്ര വിജയങ്ങൾ ഉറപ്പാക്കാനുള്ള ശ്രമങ്ങൾ ഇസ്രായേൽ വളരെക്കാലമായി നടത്തുന്നുണ്ട്. പലസ്തീൻ മനുഷ്യാവകാശ സംഘടനയ്ക്ക് യുഎൻ സാമ്പത്തിക സാമൂഹിക കൗൺസിലിൽ നിരീക്ഷക പദവി നിഷേധിച്ചുകൊണ്ട് ഇന്ത്യ ഇസ്രായേലിന് അനുകൂലമായി വോട്ട് ചെയ്തത് , ഈ കരാറിന് ശേഷമാണ്.
പതിറ്റാണ്ടുകളായി പലസ്തീൻ വിഷയത്തിൽ പ്രതിബദ്ധത പുലർത്തുന്ന രാജ്യമാണ് ഇന്ത്യയെന്ന്  ഐക്യരാഷ്ട്രസഭയിലെ രേഖകൾ പരിശോധിച്ചാൽ വ്യക്തമാകും. ഇന്ത്യയുടെ പെട്ടെന്നുള്ള ഈ മലക്കംമറിച്ചിൽ, പലസ്തീൻ ജനതയോടുള്ള വഞ്ചനയായി തന്നെ കണക്കാക്കാം, പെഗസസുമായി ഇതിന് വളരെയധികം ബന്ധമുണ്ടാകാം. പ്രസ്തുത  ഇടപാടിന് ശേഷം  ഇസ്രയേലിനോടുള്ള സമീപനത്തിൽ മാറ്റം വന്ന രാജ്യം ഇന്ത്യ മാത്രമല്ല; മെക്സിക്കോയും പനാമയും ഉൾപ്പെടെയുള്ള ഏതാനും രാജ്യങ്ങളും ഇതേ നിലപാട് സ്വീകരിച്ചതായി കാണാനാകും. 2012-ൽ പനാമ സിറ്റിയിൽ പെഗസസ് സ്പൈവെയർ ഇൻസ്റ്റാൾ ചെയ്ത ശേഷം, പലസ്തീൻ പ്രതിനിധികളുടെ പദവി ഉയർത്താനുള്ള ഐക്യരാഷ്ട്രസഭയുടെ തീരുമാനത്തെ എതിർത്ത്  പനാമ സർക്കാർ വോട്ട് ചെയ്തിരുന്നു.

ഖദീജ ഇസ്മയിലോവയ്ക്ക് സംഭവിച്ച  കാര്യങ്ങൾ അറിഞ്ഞാൽ ചിത്രം  കൂടുതൽ വ്യക്തമാകും. കാസ്പിയൻ കടലിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന എണ്ണയാൽ സമൃദ്ധമായ അസർബൈജാൻ എന്ന രാജ്യത്താണവർ ജീവിച്ചത്. കഴിഞ്ഞൊരു പതിറ്റാണ്ടായി അവിടുത്തെ ജനങ്ങളുടെ ആശയസ്വാതന്ത്ര്യത്തിനുമേൽ കടുത്ത നിയന്ത്രണങ്ങൾ ഉണ്ടായി. രാജ്യത്തെ ഭരണം കയ്യാളുന്ന കുടുംബത്തെക്കുറിച്ച്  ഇസ്മയിലോവ നടത്തിയ അന്വേഷണത്തിന്റെ പേരിൽ സർക്കാർ അവർക്ക് എതിരായി.  ഇസ്മയിലോവയെ  അറസ്റ്റ് ചെയ്തതോടൊപ്പം  അവർ രചിച്ച പുസ്തകങ്ങൾ  അധികാരികൾ വലിച്ചെറിഞ്ഞു. അവളുടെ കിടപ്പറരംഗങ്ങൾ രഹസ്യമായി ചിത്രീകരിക്കുകയും, സഹപ്രവർത്തകയെ ആത്മഹത്യയിലേക്ക് നയിച്ചെന്ന്  ആരോപിക്കുകയും , നികുതി തട്ടിപ്പ് കുറ്റം ചുമത്തി ഏഴ് വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. അക്ഷരാർത്ഥത്തിൽ തേജോവധം.   18 മാസത്തിന് ശേഷം ജാമ്യത്തിൽ പുറത്തിറങ്ങിയെങ്കിലും , അഞ്ച് വർഷത്തേക്ക് രാജ്യം വിടുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. 2021-ൽ, യാത്രാ വിലക്ക്  അവസാനിച്ച ശേഷം, ഇസ്മയിലോവ തന്റെ സാധനങ്ങളെല്ലാം പായ്ക്ക് ചെയ്ത് തുർക്കിയിലെ അങ്കാറയിലേക്ക് ഒരു വിമാനത്തിൽ കയറിയപ്പോൾ, ഇനി തന്നെ ആരും പിന്തുടരില്ലെന്ന്  ഉറച്ച് വിശ്വസിച്ചിരുന്നിരിക്കാം.ഏറ്റവും അപകടകാരിയായ ഒരു  ചാരൻ തന്നോടൊപ്പം വരുന്നത് ആ പാവം അറിഞ്ഞിരുന്നില്ല. ഏകദേശം മൂന്ന് വർഷമായി ഖദീജ ഇസ്മയിലോവയുടെ ഫോൺ  പെഗസസ്  ചാരവൃത്തിക്ക് ഇരയായിരുന്നു.

"രാത്രി മുഴുവൻ, എന്റെ ഫോൺ ഉപയോഗിച്ച് ഞാൻ എന്താണ് ചെയ്തതെന്ന് ഞാൻ ചിന്തിച്ചു. ഞാൻ അയച്ച സന്ദേശങ്ങളിൽ എനിക്ക് കുറ്റബോധം തോന്നുന്നു." ഇസ്മയിലോവ കുറിച്ചു.
 രഹസ്യസ്വഭാവമുള്ള വിവരങ്ങൾ സുരക്ഷിതമാണെന്ന ഉറപ്പിൽ അത് കൈമാറിയവർ തന്നോട് പുലർത്തിയ വിശ്വാസം കാക്കാൻ സാധിക്കാത്തതിലെ ഖേദവും അവർ തുറന്നു പറഞ്ഞു.  എൻക്രിപ്ട് ചെയ്ത സന്ദേശങ്ങൾ സുരക്ഷിതമെന്ന് കരുതി തനിക്ക് വിവരം നൽകിയവർ താന്റെ  ഫോണിൽ ചാര സോഫ്ട്വെയർ ഉണ്ടെന്നു അറിഞ്ഞില്ല. അതിൽ കുറ്റബോധം തോന്നുന്നു- ഇസ്മയിലോവ വ്യക്തമാക്കി. 

"എന്റെ കുടുംബാംഗങ്ങളും ഇരകളാക്കപ്പെട്ടിരിക്കുന്നു. വിവരങ്ങൾ കൈമാറിയവർ  ഇരകളാക്കപ്പെടുന്നു, ഞാൻ ജോലി ചെയ്യുന്നസ്ഥലത്തെ  ആളുകളുടെ സ്വകാര്യ രഹസ്യങ്ങൾ പോലും  ഇരയാക്കപ്പെടുന്നു," അവർ കൂട്ടിച്ചേർത്തു.
പെഗസസിന്റെ ഉപയോഗം എല്ലായിടത്തും സ്വകാര്യതയ്ക്കുള്ള അവകാശത്തിനുമേലുള്ള കടന്നാക്രമണമാണ്. പ്രത്യേകിച്ചും ഇന്ത്യൻ ജനാധിപത്യത്തിന്റെ ഘടനയ്‌ക്കെതിരായ ആക്രമണമാണിതെന്ന  കാര്യത്തിൽ  സംശയമില്ല.

 ഭീകര കുറ്റകൃത്യങ്ങളിൽ  ഏർപ്പെട്ടിരിക്കുന്ന ആളുകളെ നിരീക്ഷിക്കാൻ ഗവൺമെന്റിന് ഉത്തരവാദിത്തമുണ്ട്, അതിനായി ജുഡീഷ്യറി ഉൾപ്പെടുന്ന സ്ഥാപിത നടപടിക്രമങ്ങളുണ്ട്.

എന്നിരുന്നാലും, പ്രതിപക്ഷ നേതാക്കളെയും മാധ്യമപ്രവർത്തകരെയും സാധാരണ പൗരന്മാരെയും ലക്ഷ്യം വയ്ക്കുന്നതും തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാൻ  ദൈവം നൽകിയ അവകാശത്തിനുമേൽ  നിരീക്ഷണം നടത്തുന്നതും  ജനാധിപത്യത്തെ തന്നെ അട്ടിമറിക്കുന്നതിന് തുല്യമാണ്. ഈ പെഗസസ് അഴിമതി നിലവിലെ നേതൃത്വത്തിന്റെ മാനസികാവസ്ഥയെ തുറന്നുകാട്ടുന്നു, ഇത് ഇന്ത്യയുടെ ഭാവിക്ക് ഗുണം ചെയ്യില്ല 

(യുഎൻ മുൻ ചീഫ് ടെക്‌നോളജി ഓഫീസറും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്( യുഎസ്എ) വൈസ് ചെയർമാനുമാണ് ലേഖകൻ)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക