Image

നാം എങ്ങോട്ടാണ്? (നടപ്പാതയിൽ ഇന്ന്- 18: ബാബു പാറയ്ക്കൽ)

Published on 13 February, 2022
നാം എങ്ങോട്ടാണ്? (നടപ്പാതയിൽ ഇന്ന്- 18: ബാബു പാറയ്ക്കൽ)

"എന്താ പിള്ളേച്ചാ ഇന്നു പതിവില്ലാതെ ഒരു തലേക്കെട്ടൊക്കെ?"
"ഇവിടെ ഇപ്പോൾ സംഭവിക്കുന്നതൊക്കെ പതിവില്ലാത്ത കാര്യങ്ങളാണല്ലോ. പിന്നെ ഞാൻ ഒരു തലേക്കെട്ടും ഒക്കെ കെട്ടി രാവിലെ നടക്കാൻ ഇറങ്ങിയതിന് ഇയാൾക്കു വല്ല പ്രശ്നവുമുണ്ടോ?"
"എനിക്കെന്തു പ്രശ്നം? തലേക്കെട്ടു പിള്ളേച്ചനല്ലേ വച്ചിരിക്കുന്നത്. അതിനു ഞാനെന്തിനു പ്രശ്നമുണ്ടാക്കണം? പിന്നെ പതിവില്ലാത്ത കാര്യം എന്ന് പിള്ളേച്ചൻ പറഞ്ഞത് എന്താണ്?"
"തനിക്കറിയില്ലേ?"
"ഹിജാബിന്റെ കാര്യമാണോ ഉദ്ദേശിച്ചത്? എങ്കിൽ അക്കാര്യത്തിൽ പിള്ളേച്ചന്റെ അഭിപ്രായമെന്താണ്?"
"എടോ, മുസ്ലിം പെൺകുട്ടികൾ ഹിജാബ് ധരിക്കുകകയോ ധരിക്കാതിരിക്കുകയോ ചെയ്യട്ടെ. ഇവിടത്തെ വിഷയം അതല്ല. ഇതുകൊണ്ട് ആർക്കാണ് ഗുണം? ആരാണ് ഇത് വലിയ വിഷയമാക്കുന്നത്?"


"അല്ല പിള്ളേച്ചാ, നമ്മളൊക്കെ സ്‌കൂളിലോ കോളേജിലോ പഠിച്ചപ്പോൾ എത്രയോ മുസ്ലിം കുട്ടികൾ നമ്മുടെ കൂടെ പഠിച്ചിരിക്കുന്നു. അന്നൊന്നും അവരാരും ഹിജാബോ ബുർഖയോ ഒന്നും ഇട്ടുകൊണ്ടല്ലല്ലോ നമ്മുടെ കൂടെ ഇരുന്നു പഠിച്ചത്. അപ്പോൾ പിന്നെ ഇപ്പോൾ എന്താണ് ഇത്ര നിർബന്ധം?"
"ഇയാൾ പറഞ്ഞത് ശരിയാണ്. അന്ന് നമ്മുടെ കൂടെ പഠിച്ച ഹിന്ദു കുട്ടികളാരും ചുവന്ന ചരടു കയ്യിൽ കെട്ടിയല്ലല്ലോ ക്ലാസ്സിൽ വന്നിരുന്നത്? ഇപ്പോഴോ? അവർക്കു ചുവന്ന ചരടു കെട്ടാമെങ്കിൽ മുസ്ലിം പെൺകുട്ടികൾക്ക് ഹിജാബ് ധരിക്കുകയും ചെയ്യാം. പണ്ടും ഇന്നും മുസ്ലിം ആൺകുട്ടികൾ മുണ്ട് ഇടത്തോട്ടാണ് ഉടുക്കുന്നത്. ആരെങ്കിലും പറഞ്ഞിട്ടുണ്ടോ കേരളത്തിൽ മറ്റെല്ലാവരും വലത്തോട്ടാണ് ഉടുക്കുന്നത് അതുകൊണ്ടു നിങ്ങളും വലത്തോട്ടുടുക്കണമെന്ന്?"


"എന്താണ് പിള്ളേച്ചൻ ഈ പറയുന്നത്? മുസ്ലിം പെൺകുട്ടികൾ ഹിജാബ് ധരിക്കുന്നതും ബുർഖ ഇടുന്നതും ഒക്കെ മനസ്സോടെ ആണെന്നു വിചാരിക്കുന്നുണ്ടോ? അവർ അതിനു നിർബന്ധിതരാകുകയാണ്. പെൺകുട്ടികൾക്ക് അവരുടെ സൗന്ദര്യം മൂടിവയ്ക്കാൻ ആരെങ്കിലും ആഗ്രഹിക്കുമോ? അവരും മനുഷ്യരല്ലേ? അവർക്കുമില്ലേ വികാരവും വിചാരവും ഒക്കെ? ആൺകുട്ടികളോട് അടുത്ത് ഇടപഴകണമെന്ന് അവർക്കുമില്ലേ ആഗ്രഹം? പക്ഷെ എല്ലാം അടിച്ചമർത്തപ്പെടുകയല്ലേ അവൾ ജനിച്ച മതത്തിന്റെ ആജ്ഞ അനുസരിച്ച്‌?"


"അങ്ങനെ നമ്മൾ കരുതേണ്ട ആവശ്യമില്ല. അവർ തന്നെയല്ലേ പറയുന്നത് ധരിക്കണമെന്ന്. ഒരു പക്ഷെ നിർബന്ധിതമായിരിക്കാം എന്നാലും ഇതിപ്പോൾ ആളിക്കത്താൻ എന്താണ് കാര്യം?"
"എന്താണ് പിള്ളേച്ചൻ അർഥമാക്കുന്നത്"
"എടോ. ഈ നാട്ടിൽ നമ്മൾ വളരെ സഹോദര്യത്തോടെയാണ് കഴിഞ്ഞിരുന്നത്. മതവും ജാതിയും ഒന്നും ആർക്കും വിഷയമല്ലായിരുന്നു. എന്നാൽ ഇന്ന് അന്യോന്യം പരിചയപ്പെടുമ്പോൾ ആദ്യം നോക്കുന്നത് ജാതിയും മതവുമാണ്. പണ്ട് അന്യോന്യം കൈ കോർത്തു നടന്നിരുന്നവർ ഇന്ന് അന്യോന്യം കൈ വെട്ടുകയാണ്. സ്നേഹവും സാഹോദര്യവും ഇന്നു കലാലയ കാമ്പസുകളിൽ അന്യമായി തീർന്നിരിക്കുന്നു.  ഇതിന്റെ പശ്ചാത്തലത്തിലേക്ക് ഒന്നു നോക്കാൻ നമ്മൾ തയ്യാറാകണം.ആരാണ് ഇതിനുത്തരവാദികൾ?"
"പറയൂ പിള്ളേച്ചാ. എന്താണ് പശ്ചാത്തലം?"


"ഇതിന്റെ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുക്കേണ്ടവർ രണ്ടു കൂട്ടർ മാത്രമാണ്. രാഷ്ട്രീയക്കാരും മാധ്യമങ്ങളും. മത വിദ്വേഷം വളർത്തി മുതലെടുക്കണമെന്നു മുൻപും ചില മതമൗലികവാദികൾ ആഗ്രഹിച്ചിട്ടുണ്ട്. മനപ്പൂർവ്വം മത കലാപങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ ആ തീപ്പൊരി ആളിപ്പടരാതിരിക്കാൻ നാടിനോടു പ്രതിബദ്ധതയുണ്ടായിരുന്ന മാധ്യമങ്ങൾക്കു കഴിഞ്ഞു. ഇന്ന് കൂണു മുളക്കുന്നതുപോലെ നിരവധി മാധ്യമങ്ങൾ ഉദയം ചെയ്തിരിക്കുകയാണ്. അവർക്കൊക്കെ പണമുണ്ടാക്കുക എന്ന ലക്ഷ്യമല്ലാതെ യാതൊരു പ്രതിബദ്ധതയും ആരോടുമില്ല. പിന്നെ രാഷ്ട്രീയക്കാർ. രണ്ട് വോട്ടിനു വേണ്ടി ഏതു വർഗീയ പാർട്ടികളുമായി ചങ്ങാത്തം കൂടുകയും അവരുടെ സ്വാർത്ഥതാല്പര്യങ്ങൾക്കു കുടപിടിക്കയും ചെയ്യാൻ ആർക്കും മടിയില്ല. അധികാരവും പണവും മാത്രമാണ് അവരുടെ ലക്‌ഷ്യം. ഈ നാടിനു നാളെ എന്ത് സംഭവിക്കും എന്നത് അവരുടെ വിഷയമല്ല. അഴിമതിയും സ്വജനപക്ഷപാതവും ഒക്കെ നടത്തി അധികാരത്തിൽ അള്ളിപ്പിടിച്ചിരിക്കുക എന്നതു മാത്രമാണ് അവരുടെ ലക്ഷ്യം."


"അതിന് അവരെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യമുണ്ടോ പിള്ളേച്ചാ?"
"എടോ, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം വാങ്ങിത്തരാൻ ഗാന്ധിജി ഒരു മതനേതാവിന്റെയും തിണ്ണ നിരങ്ങിയിട്ടില്ല. കമ്മ്യൂണിസ്ററ് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവെന്നു വാഴ്ത്തിപ്പാടുന്ന ലെനിനും സ്റ്റാലിനുമൊക്കെ മതനേതാക്കളെ പടിപ്പുരക്കു പുറത്തേ നിർത്തിയിട്ടുള്ളൂ. എന്നാൽ ഒരു കാലത്തു സോഷ്യലിസ്റ്റ് ആദർശങ്ങൾക്കു വേണ്ടി പക്ഷഭേദമില്ലാതെ നില കൊണ്ട ഇവിടത്തെ കമ്മ്യൂണിസ്റ്റുകൾ ഇന്ന് മത പ്രീണനത്തിന്റെ അംബാസഡർമാരായി മാറിയിരിക്കുന്നു. പിന്നെ സാമൂഹ്യ മാധ്യമങ്ങൾ. ഇന്ന് ആർക്കും എന്തും എഴുതിവിടാം. വീഡിയോ എടുത്തു പോസ്റ്റ് ചെയ്യാം. അതിന്റെ ആധികാരികതയോ അതു വരുത്തിവച്ചേക്കാവുന്ന വിനയെപ്പറ്റിയോ ഒന്നും ആരും ചിന്തിക്കാറില്ല."


" അതിന് ഇന്നത്തെ ടെക്നോളജി അല്ലേ കാരണം?"
"അതിനെ മാത്രം കുറ്റപ്പെടുത്തിയിട്ടു കാര്യമില്ലെടോ. മതം മനുഷ്യൻ സൃഷ്ടിച്ചതാണെന്നും അതിനു മനുഷ്യനേക്കാൾ വില കൊടുക്കുവാൻ പാടില്ലെന്നുമുള്ള യാഥാർഥ്യ ബോധം മനുഷ്യനിലുണ്ടാകാത്തിടത്തോളം അവൻ ഈ മത തീവ്രവാദികളുടെ വാലാട്ടി പട്ടികളായി കഴിയും. വികസ്വര രാജ്യങ്ങളിലേക്ക് നോക്കൂ. അവിടെയാരും മത നേതാക്കളുടെ പുറകെ പായുന്നില്ല. അവർ അവരുടെ കാര്യം നോക്കി ജീവിക്കുന്നു. അതുകൊണ്ട് അവിടെ സമാധാനമുണ്ട്."


"എന്നാൽ സഹാനുഭൂതിയുടെ പേരിൽ നിസ്സഹായരായവർക്ക് അഭയം കൊടുത്ത പല രാജ്യങ്ങളും ഇന്ന് നിലനിൽപിന്റെ ഭീഷണി നേരിടുകയാണ്. കാരണം സഹായം ലഭിച്ചു കയറിപ്പറ്റിയതുകൊണ്ടു മാത്രം ജീവൻ തിരിച്ചു കിട്ടിയ ഇവർ ഇന്ന് ഇവരുടെ സ്വന്തം മതം വളർത്താനായി മറ്റുള്ളവരെ ആക്രമിക്കയാണ്. ഇതാണ് ഇന്നത്തെ ലോകം."


"എടോ, വിശപ്പു സഹിക്കാൻ വയ്യാതെ ഒരു കടയിൽ നിന്നും ഒരു പിടി അരി മോഷ്ടിച്ചു കഴിച്ചവനെ തല്ലിക്കൊന്ന കേസിൽ വാദിക്കാൻ പ്രോസിക്യൂട്ടറെ കൊടുക്കാൻ കഴിയാത്ത സർക്കാർ സ്വർണ്ണം കടത്തിയവർക്കും ഡോളർ കടത്തിയവർക്കും വേണ്ടി നികുതിദായകരുടെ പണം മുടക്കി ഘോരഘോരം വാദിക്കാൻ വക്കീലന്മാരുണ്ട്. ഇതൊന്നും മാധ്യമങ്ങൾ ചർച്ചയാക്കാറില്ല. പണവും സ്വാധീനവുമുള്ള ഒരു സിനിമാ നടൻ പെട്ട കേസിനെപ്പറ്റി എത്ര ദിവസങ്ങളാണ് ചർച്ച നടത്തിയത്. അതും മാധ്യമങ്ങൾ മത്സരിച്ചാണ് കവറേജ്‌ കൊടുക്കുന്നത്. ഇന്ന് ചാനലുകളുടെ ലക്‌ഷ്യം റേറ്റിംഗ് മാത്രമാണ്. അതിന്റെ ഉദ്ദേശശുദ്ധിയല്ല."


"ഒരു ചാനലും അതിൽ വ്യത്യസ്തമല്ല പിള്ളേച്ചാ."
"അത് ശരിയാണ്. വരിസംഖ്യ കൂട്ടാനായി മത നേതാക്കൾക്ക് ഓശാന പാടിയും പരസ്യം ലഭിക്കാനായി കോർപറേറ്റുകളുടെ താത്പര്യങ്ങൾ വിമർശിക്കാതെ വിടുകയും ചെയ്യുന്ന മാധ്യമങ്ങൾ രാഷ്ട്രീയക്കാരുടെ സ്വാധീനത്തിനുവേണ്ടി അവരുടെ ചട്ടുകങ്ങളായി മാറുകയും ചെയ്യുന്നു. ഇന്ന് ലൈംഗിക പീഡനങ്ങളും ഗുണ്ടാ വിളയാട്ടവും സാമൂഹ്യ അരാജകത്വവും നിറഞ്ഞാടുന്ന നാട്ടിൽ യുവാക്കളുടെ ഭാവി തുലാസിൽ തൂങ്ങുമ്പോഴും മാധ്യമങ്ങൾക്കും ജനങ്ങൾക്കും ആരു ഹിജാബ് ഇട്ടോ കയ്യിൽ ചരട് കെട്ടിയോ എന്നതാണ് വിഷയം. ചിലരെ സംബന്ധിച്ചിടത്തോളം ഈ ദിശയിലേക്കു തന്നെയാണ് പോകേണ്ടതും."
"അപ്പോൾ പിള്ളേച്ചൻ പറയുന്നത് ഹിജാബ് ധരിച്ചു ക്‌ളാസിൽ പോകട്ടെയെന്നാണോ?"


"എടോ, കണ്ണ് മാത്രം കാണിച്ചു ബാക്കി മുഴുവൻ മറച്ചു നടക്കണമെന്നു ഉത്തരവിടുന്നതു പുരുഷന്മാരാണ്. പെൺകുട്ടികളെ ഇന്നും അടിമകളാക്കി വയ്ക്കാനും അധികം വിദ്യാഭ്യാസം ലഭിക്കാതെ അവരെ പുരുഷ മേധാവിത്വത്തിൽ നിലനിർത്താനും മതത്തിന്റെ ചട്ടുകം അവർക്കാവശ്യമാണ്."


"അപ്പോൾ കേരളത്തിന്റെ ഭാവി?"
"അത് മനസ്സിലാക്കിയതു കൊണ്ടാണ് ഈ നാട്ടിലെ യുവാക്കൾ കൂട്ടത്തോടെ പലായനം ചെയ്യുന്നത്. അഴിമതിക്കാരായ രാഷ്ട്രീയക്കാരും ധർമബോധമില്ലാത്ത മാധ്യമങ്ങളും മത മൗലിക വാദികളും കൂടി കേരളം കുട്ടിച്ചോറാക്കുമെടോ. അതിനു മുൻപേ അവരൊക്കെ വിദേശ രാജ്യങ്ങളിലേക്കു കുടിയേറുന്നു. സ്വന്തം കാലിനടിയിലെ മണ്ണൊലിച്ചു പോകുന്നതറിഞ്ഞിട്ടും കണ്ണടച്ച് നിൽക്കുന്ന ഈ നേതാക്കന്മാരെല്ലാം കൂടി കേരളം മറ്റൊരു അഫ്ഗാനിസ്താനാക്കിയാൽ പോലും അതിശയിക്കാനില്ല."
"പിള്ളേച്ചൻ പറഞ്ഞത് ശരിയാണെന്ന് എനിക്കും തോന്നുന്നു."
"എങ്കിൽ പിന്നെ നാളെ കാണാമെടോ."
ശരി അങ്ങനെയാവട്ടെ."

Join WhatsApp News
Sudhir Panikkaveetil 2022-02-13 18:30:20
വസ്ത്രധാരണത്തിൽ മറ്റുള്ളവരെ അനുകരിക്കുന്നതിൽ അഗ്രഗണ്യരാണ് കേരളീയർ . കേരളത്തിലെ ഓരോ മതവിഭാഗക്കാർക്കും ഓരോ തരത്തിലുള്ള വസ്ത്രങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ അതൊക്കെ മാറി. സൽവാർ ഖമീസ് മുസ്‌ലിം വസ്ത്രമാണെന്ന ആക്ഷേപമുണ്ടായിരുന്നു. ഓർത്തഡോൿസ് ഹിന്ദു സ്ത്രീകൾ അത് ധരിച്ചിരുന്നില്ല. ഇപ്പോഴും ചിലരൊന്നും അത് ഇഷ്ടപ്പെടുന്നില്ല. ഹിജാബ് എന്നാൽ തലയും കഴുത്തും മാത്രമേ മറക്കുന്നുള്ളു. നക്കാബ് കണ്ണ് മാത്രം പുറത്ത് കാണിക്കുന്നതാണ്. പർദ്ദ മുഴുവൻ മൂടുന്നു. ഇതൊക്കെ പുരുഷ മേധാവിത്വത്തിന്റെ ലക്ഷണമാണ്. പാവം പെൺകുട്ടികൾ അത് മനസ്സിലാക്കാതെ വിശുദ്ധ ഖുർആൻ പറയുന്നു എന്ന് തെറ്റിദ്ധരിക്കുന്നു. ഖുർആൻ ഒന്ന് തുറന്നു നോക്കിയാൽ പ്രശനം തീർന്നു. പണ്ട് മുസ്‌ലിം പെൺകുട്ടികൾ തട്ടമിട്ട വന്നിരുന്നു. ഹിജാബ് ധരിക്കുന്നത് പ്രശ്നമല്ല. എന്നാൽ ദേഹമാസകലം കറുത്ത തുണി കൊണ്ട് പുതച്ച് സ്‌കൂളിൽ വരുന്നത് ഉചിതമല്ലെന്നു ആർക്കും ആലോചിക്കാം. എന്നാൽ അത് ബി ജെ പി പറയാൻ പാടില്ലെന്ന പിടിവാശിയായി ഇതിനെ കണ്ടാൽ മതി. വെറും ബാലിശം. ശ്രീ ബാബു പാറക്കൽ ഇത്തരം വിഷയങ്ങൾ വളരെ രസകരമായി അവതരിപ്പിക്കുന്നു.
Babu Parackel 2022-02-15 17:18:02
Thanks to Sudheer Sir for the valuable comment.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക