Image

റഷ്യയുമായി ഒരു  ഏറ്റുമുട്ടൽ എന്തിന്? ആർക്കാണതിന്റെ നേട്ടം (ജോർജ് എബ്രഹാം)

Published on 16 February, 2022
റഷ്യയുമായി ഒരു  ഏറ്റുമുട്ടൽ എന്തിന്? ആർക്കാണതിന്റെ നേട്ടം (ജോർജ് എബ്രഹാം)

യുദ്ധത്തിന്റെ കാഹളം വീണ്ടും മുഴങ്ങുന്നു! 
റഷ്യയും യുക്രെയ്നും തമ്മിലുള്ള അതിർത്തിയിലും വാഷിംഗ്ടണിലെ അധികാര പ്രമുഖരുടെ ഇടനാഴിയിലുമാണ് ഈ മുഴക്കം ഉച്ചത്തിൽ കേൾക്കുന്നത്.

അഫ്ഗാനിസ്ഥാനിലെ സമീപകാല പരാജയം കണക്കിലെടുക്കാതെ, നവയാഥാസ്ഥികർ (നിയോകോൺ) എന്തുകൊണ്ട്  മറ്റൊരു യുദ്ധത്തിന് സന്നദ്ധത കാണിക്കുന്നു എന്നത് ഞെട്ടൽ ഉളവാക്കുന്നു. മതഭ്രാന്തന്മാരുടെ പ്രാകൃത സൈന്യത്തിന് മുന്നിൽ ഒരു ആഗോള ശക്തി കീഴടങ്ങുകയും ആപത്തിലകപ്പെട്ട ആയിരക്കണക്കിന് പൗരന്മാരെയും അനുഭാവികളെയും മരണത്തിന് വിട്ടുകൊടുത്ത് ഓടിക്കളയുകയും ചെയ്തത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോൽവികളിലൊന്നാണ്.

കാബൂൾ വിമാനത്താവളത്തിൽ നിന്നുള്ള ദൃശ്യം പരിഷ്‌കൃത ലോകത്തിന് തന്നെ അപമാനവും നാണക്കേടും വരുത്തിയതോടൊപ്പം ആഗോള നേതാവെന്ന സ്ഥാനത്ത് നിർത്താൻ അമേരിക്കയ്ക്ക് അർഹതയുണ്ടോ എന്ന സംശയത്തിന്റെ വിത്ത് പാകുകയും ചെയ്തു.

അഫ്ഗാനിസ്ഥാനിലെ കാഴ്ചകൾ കണ്ടറിഞ്ഞതിന്റെ ധൈര്യത്തിലാകാം റഷ്യയുടെ നിലവിലെ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം സമീപപ്രദേശങ്ങൾ പിടിച്ചടക്കാനുള്ള തന്റെ മൂടിവച്ച മോഹം തുറന്നുപ്രകടിപ്പിച്ചത്. 1954 മുതൽ യുക്രെയ്നിന്റെ ഭാഗമായിരുന്ന ക്രിമിയ പുടിന്റെ നേതൃത്വത്തിൽ കീഴടക്കിയതും പിടിച്ചെടുത്ത് റഷ്യയോട് കൂട്ടിച്ചേർത്തതും അന്താരാഷ്ട്ര നിയമവ്യവസ്ഥകൾ  ലംഘിച്ചുകൊണ്ടാണ്. സ്വന്തം രാജ്യത്തിന് ഉരുക്ക് നേതാവായും വിദേശത്തെ എതിരാളികൾക്ക് ഭീഷണിയുയർത്തുന്ന സ്വേച്ഛാധിപതിയായുമാണ് പുടിനെ വിശേഷിപ്പിക്കുന്നത്. 

യുക്രെയ്നിന്റെ കിഴക്കൻ മേഖലകളിൽ ഉയര്ന്ന അസ്വസ്ഥത മാതമല്ല, സോവിയറ്റ് യൂണിയന്റെ പിരിച്ചുവിടലിനുശേഷം നാറ്റോ സഖ്യത്തിന്റെ ഭാവിയെക്കുറിച്ച് മോസ്കോയ്ക്കും വാഷിംഗ്ടണിനും ഇടയിൽ പിരിമുറുക്കം നിലനിന്നിരുന്നു.

രാഷ്ട്രീയ- സൈനിക മാർഗങ്ങളിലൂടെ അംഗങ്ങളായ രാജ്യങ്ങളുടെ സ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പുനൽകുന്നതിനുള്ള പ്രതിരോധ സഖ്യമായാണ് നാറ്റോ (നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ) രൂപീകരിച്ചത്. ലളിതമായി പറഞ്ഞാൽ, പടിഞ്ഞാറൻ യൂറോപ്പിനെതിരെ ഉണ്ടായേക്കാവുന്ന സോവിയറ്റ് ആക്രമണം തടയുക എന്നതായിരുന്നു ലക്ഷ്യം. ശീതയുദ്ധകാലത്തുടനീളം സോവിയറ്റ് യൂണിയനെതിരെ യുഎസിന്റെ നേതൃത്വത്തിലുള്ള പ്രധാന സൈനിക സഖ്യമായി നാറ്റോ നിലകൊണ്ടു എന്നതിൽ സംശയമില്ല.

ശീതയുദ്ധത്തിനുശേഷം, ഉടൻ തന്നെ രാഷ്ട്രങ്ങൾ  സാമൂഹിക-സാമ്പത്തിക വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു . ലക്ഷക്കണക്കിന് ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ തങ്ങളുടെ ഊർജ്ജവും വിഭവങ്ങളും ചെലവഴിച്ചുകൊണ്ട്  ലോകമെമ്പാടുമുള്ള ആളുകൾ സമാധാനപരമായ ജീവിതം കൊതിച്ചു. എന്നിരുന്നാലും, നാറ്റോയെ പിരിച്ചുവിടുന്നതിനുപകരം, വാർസോ ഉടമ്പടിയിലെ മുൻ എതിരാളികളുമായി സംസാരിക്കുന്നതിനും സഹകരിക്കുന്നതിനും യൂറോപ്യൻ രംഗഭൂമിയിൽ  സംഘർഷങ്ങൾ നിയന്ത്രിക്കുന്നതിനുമുള്ള ഒരു "സഹകരണ സുരക്ഷാ" സംഘടനയായി അത് പുനർനിർമ്മിക്കപ്പെട്ടു. 

പക്ഷെ നാറ്റോയിൽ വലിയ മാറ്റമൊന്നും ഐഉണ്ടായില്ല. *ഗ്ലാസ്‌നോസ്‌റ്റ്' എന്ന തുറന്ന നയം ഉയർത്തിപ്പിടിച്ച മിഖായേൽ ഗോർബച്ചേവിന്റെ നേതൃത്വത്തിൽ, സമഗ്രമായ സുരക്ഷാ ചട്ടക്കൂടിനായി റഷ്യയുമായി ചർച്ച നടത്താനുള്ള അവസരം ഉണ്ടായിരുന്നിട്ടും അടിസ്ഥാനപരമായി കാര്യമായ മാറ്റമൊന്നും സംഭവിച്ചില്ല.  

പാശ്ചാത്യ രാജ്യങ്ങൾ തങ്ങളുടെ വാഗ്ദാനങ്ങൾ ലംഘിച്ച് നാറ്റോ വിപുലീകരണം തുടർന്നതിൽ റഷ്യയ്ക്കുണ്ടായ നീരസമാണോ ഇപ്പോഴത്തെ കോലാഹലങ്ങൾക്കുള്ള എരിതീയായതെന്ന് സംശയമില്ലാതില്ല. 

ജോർജ്ജ് എച്ച് ഡബ്ല്യു ബുഷിന്റെ ഭരണത്തിൽ  അന്നത്തെ സ്റ്റേറ്റ് സെക്രട്ടറി ജെയിംസ് ബേക്കറുമായി നടത്തിയ ചർച്ചയിൽ,  ജർമ്മൻ  ഏകീകരണം റഷ്യഅംഗീകരിച്ചാൽ, നാറ്റോ കിഴക്കൻ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കരുതെന്ന്  റഷ്യ ആവശ്യപ്പെട്ടിരുന്നതായി   പുടിൻ  കരുതുന്നു. 1991 മാർച്ചിൽ, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ജോൺ മേജറോട് സോവിയറ്റ് പ്രതിരോധ മന്ത്രി മാർഷൽ ദിമിത്രി യാസോവ് നാറ്റോയിൽ ചേരാനുള്ള കിഴക്കൻ യൂറോപ്പിന്റെ താൽപ്പര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ "അങ്ങനൊന്ന് ഒരിക്കലും സംഭവിക്കാൻ പോകുന്നില്ല" എന്ന് അദ്ദേഹം ഉറപ്പിച്ചുപറഞ്ഞതായി അന്നത്തെ പത്ര റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാണ്. 

നാറ്റോ കിഴക്കോട്ട് കൂടുതൽ വിപുലീകരിച്ചാൽ അത് 1990-ലെ ഉടമ്പടിയുടെ ലംഘനാമാകുമെന്ന് ചൂണ്ടിക്കാട്ടി 1993-ൽ ബോറിസ് യെൽറ്റ്‌സിൻ പ്രസിഡന്റ് ബിൽ ക്ലിന്റണിന് കത്തെഴുതിയിരുന്നു.

എന്നാൽ, ജർമ്മൻ ഏകീകരണത്തിനു ശേഷം നാറ്റോ 14 പുതിയ അംഗങ്ങളെക്കൂടി ചേർത്തു, കിഴക്കോട്ടുള്ള വിപുലീകരണം തുടർന്നുകൊണ്ട് ബാൾട്ടിക് റിപ്പബ്ലിക്ക് അതിർത്തിയിലും എത്തി. മോസ്കോ ഒരു ഘട്ടത്തിൽ നാറ്റോയിൽ ചേരാൻ  ശ്രമിച്ചിരുന്നെങ്കിൽ പോലും അസ്വാരസ്യങ്ങൾക്ക് സാധ്യതയുണ്ടെന്ന് വാദിച്ച് അമേരിക്ക  അത് തടഞ്ഞു. 

അതിമാരക ആണവായുധങ്ങളുടെ വൻശേഖരം കൈവശമുള്ള റഷ്യ, യൂറോപ്പിന്റെയും  മറ്റ് ലോകരാജ്യങ്ങളുടെയും സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയായി കണക്കാക്കാമെങ്കിലും, യൂറോപ്യൻ ഭ്രമണപഥത്തിലേക്ക് റഷ്യയെ കൈപിടിച്ചാനയിച്ച് രാഷ്ട്രങ്ങളുമായി സൗഹൃദം സ്ഥാപിച്ച് പിരിമുറുക്കം കുറയ്ക്കാൻ ലഭിച്ച മികച്ച അവസരം അമേരിക്ക ശരിക്കും നഷ്ടപ്പെടുത്തി. ഇത്ര വിപുലമായ ഭൂപ്രദേശവും സൈനിക ശക്തിയും  ഉണ്ടായിരുന്നിട്ടും റഷ്യയുടെ ആകെ ആഭ്യന്തര ഉൽപ്പാദനം 1.3 ട്രില്യൺ ഡോളർ  ആണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്. അതേസമയം, ടെക്സസ് സംസ്ഥാനത്തിന്റെ മാത്രം ഉത്പാദനം ഏകദേശം 1.7 ട്രില്യൺ ഡോളർ വരും. ടെക്സസ് നിവാസിയുടെ പ്രതിശീർഷ വരുമാനം (59,000ഡോളർ) റഷ്യക്കാരനെക്കാൾ ഏതാണ്ട് ഏഴു മടങ്ങ് കൂടുതലാണെന്ന് അർത്ഥം.

റഷ്യയുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടുണ്ടായ പ്രതിസന്ധിയാണ് നിലവിലെ സാഹചര്യങ്ങൾക്ക് ആധാരം. ഈ പ്രതിസന്ധിയിൽ, അമേരിക്കയും റഷ്യയും ന്യായമായ പങ്ക് സംഭാവന ചെയ്തിട്ടുണ്ട്. റഷ്യയോട് അനുഭാവം പുലർത്തുന്ന പ്രസിഡന്റ് വിക്ടർ യാനുകോവിച്ചിനെ അട്ടിമറിക്കുന്നതിൽ വിദേശശക്തികൾക്ക് പങ്കുണ്ടെന്ന് ക്രെംലിനുമായി അടുത്ത വൃത്തങ്ങൾ ആരോപിച്ചിരുന്നു, വാസ്തവത്തിൽ, യുക്രേനിയൻ പാർലമെന്റ് വോട്ട് ചെയ്താണ് അദ്ദേഹത്തെ അധികാരത്തിൽ നിന്ന് നീക്കം ചെയ്തത്. റഷ്യയുടെ ശക്തമായ സമ്മർദത്തെത്തുടർന്ന് യാനുകോവിച്ച് യൂറോപ്യൻ യൂണിയനുമായുള്ള ട്രേഡ് അസോസിയേഷൻ കരാർ നിരസിച്ചു എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. 

കലാപങ്ങളും അശാന്തിയും അദ്ദേഹത്തെ അധികാരത്തിൽ നിന്ന് പുറത്താക്കിയതോടെ  റഷ്യയുടെ ഉത്കണ്ഠ വർദ്ധിച്ചിരിക്കാമെന്നാണ് സിഐഎ റിപ്പോർട്ടുകൾ പറയുന്നത്. പാശ്ചാത്യ അനുകൂല ഗവൺമെന്റ് വന്നാൽ നാറ്റോയിലേക്ക് ചേരുകയോ കരിങ്കടൽ കപ്പൽപ്പടയ്‌ക്കെതിരെ നീങ്ങുകയോ ചെയ്യുമോ എന്നാണ് റഷ്യ ആശങ്കപ്പെടുന്നത്. മുൻ  സോവിയറ്റ് രാഷ്ട്രം തന്റെ നിയന്ത്രണത്തിൽ എത്തണമെന്നാണ് പുടിന്റെ ആഗ്രഹം.

കുപ്രസിദ്ധമായ നിരവധി യുദ്ധങ്ങളുടെ യഥാർത്ഥ സൂത്രധാരന്മാരായ വാഷിംഗ്ടണിലെ പല ഭരണമേധാവികളും സമാനരീതിയിൽ ചിന്തിക്കുകയും അവരുടെ താൽപ്പര്യങ്ങൾ നിറവേറുന്നതിനുവേണ്ടി റഷ്യയെ ഒരു സ്ഥിരം ശത്രുവായി ചിത്രീകരിക്കുകയുമാണ് ചെയ്തത്. പല രാജ്യങ്ങളുമായുള്ള ശീതയുദ്ധം അവസാനിക്കാതെ തുടരുന്നതിനാൽ റഷ്യയ്ക്ക് ആ പട്ടം തികച്ചും അനുയോജ്യമാകുന്ന സമയമാണിത്. 

ഐവി ലീഗ് ക്രെഡൻഷ്യലുകളുമായി വന്ന് വാഷിംഗ്ടൺ പ്രാന്തപ്രദേശങ്ങളിലെ കോടികളുടെ സൗധങ്ങളിൽ താമസിക്കുന്ന അവർ വരേണ്യ സമൂഹത്തിന്റെ ഭാഗമാണ്. അവരിൽ ഭൂരിഭാഗവും യുണൈറ്റഡ് സ്റ്റേറ്റ്സ് സായുധ സേനയിൽ ഒരു ദിവസം പോലും സേവനമനുഷ്ഠിച്ചിട്ടുണ്ടാകില്ല. മുതിർന്നവരിൽ ചിലർക്ക് ഡ്രാഫ്റ്റിന്റെ സമയത്ത് ഇളവുകൾ ലഭിച്ചിട്ടുമുണ്ടാകാം.  രാജ്യത്തെ സേവിക്കുന്നതും ദേശീയ പതാകയെ ആദരിക്കുന്നതും തങ്ങളുടെ കടമയാണെന്ന് വിശ്വസിക്കുന്ന  മിഡ്‌വെസ്റ്റിൽ നിന്നുള്ള ആൺകുട്ടികളോ മിലിറ്ററിയിൽ സേവനം പൂർത്തിയാക്കിയ ശേഷം  ജീവിതം മെച്ചപ്പെടുത്താമെന്ന് പ്രതീക്ഷിക്കുന്ന പാവപ്പെട്ട കറുത്തവർഗ്ഗക്കാരുടെയും ലാറ്റിനോകളുടെയും മക്കളോ ആയിരിക്കും ഒടുവിൽ ഈ നികൃഷ്ടമായ സംവിധാനത്തിന് ഇരകളായി തീരുന്നത്.

സൈനിക-വ്യാവസായിക സംവിധാനങ്ങളുടെ ഭാഗമായ നിരവധി ഭരണമേധാവികൾക്ക് യുദ്ധം ചെയ്യുക എന്നത് അവരുടെ പ്രാഥമിക ബിസിനസ്സായി മാറിയിരിക്കുന്നു. പ്രസിഡന്റ് ഡ്വൈറ്റ് ഐസൻഹോവർ ഒരിക്കൽ രാജ്യത്തിന് നൽകിയ മുന്നറിയിപ്പ് ഇതിനോട് ചേർത്തുവായിക്കാം. "സൈനിക-വ്യാവസായിക സംവിധാനങ്ങൾ,  ഗവൺമെന്റിന്റെ കൗൺസിലുകളിൽ അനാവശ്യമായ സ്വാധീനം നേടിയെടുക്കുന്നതിനെതിരെ നാം ജാഗ്രത പാലിക്കണം. തെറ്റായ അധികാരത്തിന്റെ വിനാശകരമായ ഉയർച്ചയ്ക്കുള്ള സാധ്യത നിലനിൽക്കുന്നു. അതെക്കാലവും തുടരുകയും ചെയ്യും" എന്നുള്ളതായിരുന്നു ആ മുന്നറിയിപ്പ്. ജനാധിപത്യ ഗവൺമെന്റിന് ഭീഷണിയായി നിക്ഷിപ്ത താൽപ്പര്യങ്ങളുടെ ഭീമാകാരമായ യൂണിയൻ എന്നും സൈനിക-വ്യാവസായിക സംവിധാനത്തെ അദ്ദേഹം വിശേഷിപ്പിച്ചു. 

ഇന്ന്,  അമേരിക്കയ്ക്ക് ഏറ്റവും തന്ത്രപ്രധാനമായ ഭീഷണി ഉയർത്തുന്നത് ചൈനയാണ്. ആനുവൽ  ഫ്രീഡം ഹൗസ് റിപ്പോർട്ടുപ്രകാരം,രാഷ്ട്രീയ അവകാശങ്ങളിലേക്കും പൗരസ്വാതന്ത്ര്യങ്ങളിലേക്കും ജനങ്ങളെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ, ചൈന റഷ്യയേക്കാൾ താഴെയാണ്. പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ കീഴിൽ, ബെയ്ജിംഗ് കൂടുതൽ ആക്രമണാത്മകവും സ്വരാജ്യവാദിയുമായി മാറിയിരിക്കുന്നു. ഹോങ്കോങ്ങിലെ ജനാധിപത്യ അനുകൂല പ്രതിഷേധക്കാരെ അടിച്ചമർത്തുന്നതിലേക്കും പടിഞ്ഞാറൻ പ്രദേശമായ സിൻജിയാങ്ങിൽ ഒരു മില്യണിലധികം മുസ്ലീങ്ങൾ തടവിലാകുന്നതിനും  ജനാധിപത്യ രാജ്യമായ തായ്‌വാൻ പിടിച്ചെടുക്കാൻ സൈനിക ശക്തി ഭീഷണി ഉയർത്തുന്നതിലേക്കും ഇത് വഴിവച്ചു.  സൈന്യത്തെ ശക്തിപ്പെടുത്തിയും അയൽരാജ്യങ്ങളെ  ഭീഷണിപ്പെടുത്തി  ദക്ഷിണ ചൈനാക്കടലിലെ തർക്ക മേഖലയിൽ കൂടുതൽ സാന്നിധ്യം ഉറപ്പിച്ചും  നുഴഞ്ഞുകയറ്റത്തിലൂടെയും അധിനിവേശം കൊണ്ടും ഇന്ത്യയുമായി നിരന്തരം അതിർത്തി സംഘർഷങ്ങൾ സൃഷ്ടിച്ചും ചൈന ഉണ്ടാക്കുന്ന പ്രതിസന്ധികൾ ചില വിചിത്രമായ കാരണങ്ങളാൽ,  വാഷിംഗ്ടൺ വളരെ നയപരമായാണ് നേരിടുന്നത്.

ചൈനയുമായുള്ള വ്യാപാര കമ്മി മുൻ വർഷത്തേക്കാൾ 14.5% വർധിച്ച് 2021-ൽ 355.3 ബില്യണിലെത്തി. അമേരിക്കയുടെ മൊത്ത ദേശീയ കടം 30 ട്രില്യൺ ഡോളറിലധികമായി കുതിച്ചുയർന്നു.

ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായി ചൈന അമേരിക്കയെ പിന്തള്ളിക്കഴിഞ്ഞാൽ, ലോകത്തിലെ കരുതൽ കറൻസി എന്ന നിലയിൽ യു.എസ്. ഡോളറിന്റെ സ്ഥാനം അപകടത്തിലാകുമെന്ന് മാത്രമല്ല,  നിക്ഷിപ്ത താൽപ്പര്യങ്ങൾക്കുവേണ്ടിയുള്ള വാഷിംഗ്ടൺ അധികാരികളുടെ 'സാമ്പത്തിക ഉപരോധ പരിപാടി'  നടക്കാതെയുമാകും. വാഷിംഗ്ടണിന്റെ നിലവിലെ നയങ്ങൾ ചൈനയെ ധൈര്യപ്പെടുത്തുന്നതോടൊപ്പം, ശക്തമായ ചൈന-റഷ്യൻ സഖ്യത്തിന് തിരികൊളുത്താൻ റഷ്യയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.

 യുക്രെയ്‌നിന് നാറ്റോ അംഗത്വത്തിനും അതിന്റെ കിഴക്കൻ അതിർത്തിയിൽ സൈനിക ശേഖരണത്തിനും സാധ്യതയുള്ള പ്രകോപനപരമായ പ്രവർത്തനങ്ങൾ ഇരുവശത്തും നിർത്താനും 
യുക്രെയിനിന് നാറ്റോ അംഗത്വം നൽകുന്നതും കിഴക്കൻ മേഖലയിൽ സൈന്യം ശക്തിപ്പെടുത്തുന്നതും പോലെയുള്ള  ഇരു വശങ്ങളെയും  പ്രകോപിപ്പിക്കുന്ന നീക്കങ്ങൾ തടുത്ത് റഷ്യയുമായി ഒരു ധാരണയിലെത്താൻ  ഇനിയും വൈകിയിട്ടില്ല. 

മെക്‌സിക്കോ റഷ്യയുടെ സ്വാധീന വലയത്തിന്റെ ഭാഗമാകുന്നതോ യു.എസ് മണ്ണിനോട് ചേർന്ന്  ആണവായുധ മിസൈലുകൾ നിലയുറപ്പിക്കുന്നതോ അമേരിക്കയ്ക്ക് ഒരിക്കലും സഹിക്കാനാകില്ല. ക്യൂബൻ മിസൈൽ പ്രതിസന്ധിയുടെ കാലത്ത് ഇത്തരം സാഹസികതയുടെ അന്തർലീനമായ അപകടം ലോകം കണ്ടതാണ്. 1962 ഒക്ടോബറിൽ ആണവയുദ്ധത്തിന്റെ ഓരത്ത്, നീണ്ട 13 ദിവസങ്ങളാണ് സമാധാനപരമായ പര്യാവസാനത്തിന് പ്രാർത്ഥനയോടെ ലോകം കാത്തിരുന്നത്.

വീണ്ടും എടുത്തുചാട്ടം അവസാനിപ്പിച്ചു  സമചിത്തതയോടെ ആലോചിച്ച്  മുന്നേറാനുള്ള  അവസരമാണിത്.

(യുഎൻ മുൻ ചീഫ് ടെക്‌നോളജി ഓഫീസറും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്, യുഎസ്എ വൈസ് ചെയർമാനുമാണ് ലേഖകൻ)

Join WhatsApp News
Vayanakkaran 2022-02-16 03:13:59
ഇന്ത്യയുടെ മൂക്കിനു കീഴെയുള്ള ശ്രീലങ്കയിൽ തുറമുഖം പണി തുടങ്ങിയ ചൈന ഇന്നു കൊളംബോ അവരുടെ ബേസ് പോലെ ആക്കിയിരിക്കയാണ്. എന്നാൽ ഇന്ത്യക്ക് യാതൊരു പ്രതികരണവും ഇക്കാര്യത്തിൽ ഉള്ളതായി തോന്നുന്നില്ല. ചൈനീസ് അന്തർവാഹിനികൾ നിരവധി തവണ ശ്രീലങ്കയിൽ വന്നു പോകുന്നത് ഇന്ത്യൻ നേവി കണ്ടുപിടിച്ചിട്ടുണ്ടത്രെ. എന്നിട്ടെന്തായി? വടക്കു ചൈനയും പാക്കിസ്ഥാനും ഇപ്പോൾ തെക്കു ചൈനയുടെ ശ്രീലങ്കയും കൂടി ആയപ്പോൾ ഇന്ത്യ യഥാർഥത്തിൽ വലിയൊരു വെട്ടിലായിരിക്കയാണ്. രാജ്യത്തിനകത്ത് മതവിദ്വേഷം ആളിക്കത്തിച്ചു വോട്ടു പിടിക്കാൻ ശ്രമിക്കുന്ന ഭരണാധികൾക്കിതു വല്ലതും ശ്രദ്ധിക്കാൻ സമയമുണ്ടോ? അതുപോലെയല്ല റഷ്യ. അവരുടെ മൂക്കിനു കീഴെയുള്ള യുക്രയിൻ നാറ്റോയിൽ ചേർന്നാൽ അവിടെ അമേരിക്ക ബേസ് കൊണ്ടു വയ്ക്കും. അതിനു റഷ്യ സമ്മതിക്കുമെന്നു കരുതുന്നുണ്ടോ? ഇറാക്കിൽ WMD ഉണ്ടെന്നു പറഞ്ഞു നമ്മൾ യുദ്ധം ചെയ്യാൻ എത്ര സഹസ്ര കോടികൾ ചെലവ് ചെയ്തു! എന്നിട്ടെന്തു ഫലമുണ്ടായി? മധ്യപൗരസ്ത്യ ദേശത്തിന്റെ മുഴുവൻ ഘടന മാറ്റി. തീവ്രവാദം ആകാശത്തോളം വളർന്നു. ലക്ഷക്കണക്കിനു ജീവനുകൾ പൊലിഞ്ഞു. എത്രയോ കുടുംബങ്ങൾ വഴിയാധാരമായി! ജാതിയോ മതമോ നോക്കാതെ അഭയാർഥികൾക്ക് അഭയം കൊടുത്ത യൂറോപ്യൻ രാജ്യങ്ങൾ പലതും ഇന്ന് ഇസ്ലാമവത്കരണത്തിന്റെ വക്കിൽ പെട്ട് ശ്വാസം മുട്ടുകയാണ്. ഓരോ ഭരണാധികാരികളുടെ ഗർവിന്റെ വ്യക്തിപരമായ നടപടികളിൽ എത്ര രാഷ്ട്രങ്ങളാണ് സർവ്വതും നശിച്ചു നാറാണക്കല്ലായത്! ഇനിയും വേണോ യുദ്ധം? ബുദ്ധിമോശത്തിന്റെ ചരിത്രം ആവർത്തിക്കണോ?
Boby Varghese 2022-02-16 18:13:55
Biden to the citizens of Russia," we are not your enemy". Biden to the citizens of America, " I am your number one enemy".
Babu 2022-02-16 18:45:37
Booby must go to Russia with Trump.
കുതിരവട്ടം പപ്പു 2022-02-16 18:59:44
From your Friend Pappu from Kuthiravattam. Don't go to Russia first.Come and see me first booby. I will take good care of you. I know many many staff in the Hospital. You are a racist. You need good shock treatment.
Rosemary 2022-02-16 19:56:31
Seriously, I could not be more proud of how our President Biden is not only handling Putin and strengthening NATO, he is proving what a great diplomat and patriot he truly is. He truly cares about the American people and is doing an amazing job as our President. He definitely deserves more credit than what he has been receiving. Hopefully more people will be realizing that we are watching greatness in progress.
Malayalee American 2022-02-16 20:22:21
രക്ത ചൊരിച്ചിൽ ഇല്ലാതെ ശക്തിയിലൂടെ സമാധാനവും സമാധാനത്തിലൂടെ ശക്തിയും നേടാൻ കഴിയില്ലെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു . പൂട്ടിൻ ഒരു കെജിബി ട്രെയിൻഡ് കുറുക്കൻ ആണെന്ന് നമ്മൾക്ക് അറിയാം . പിന്നെ വിയറ്റ്‌നാം, ഗൾഫ് യുദ്ധം ഇറാക്ക് യുദ്ധം അഫ്‌ഗാനിസ്ഥാൻ യുദ്ധം ഇവയൊക്കെ ഉള്ളപ്പോൾ , അഫ്‌ഗാനിസ്ഥാനിൽ നിന്നും ഏറ്റവും കുറവ് മരണത്തോടെ അമേരിക്കൻ ആർമിയ രക്ഷപ്പെടുത്തിയ ധീരമായ നടപടിയെ ഉയർത്തി കാണിക്കാതെ അതിനെ ഏറ്റവും വലിയ ഒരു പരാജമായി കാണിക്കുന്ന താങ്കൾ വർഗ്ഗീയ വാദികളായ രിഫക്ക്ളിക്കന്റെ ടോക്കിങ് പോയിന്റ് ഉപയോഗിക്കുന്ന നിഗൂഢത മനസിലാകുന്നില്ല മിസ്റ്റർ . ഏകാധിപ്രതികളെയും അവരെ തുണക്കുന്നവരെയും വരുതിയിൽ നിറുത്താൻ പ്രാവിനെ പരത്തിയതുകൊണ്ടു സാധ്യമല്ല. അതിനു ചാട്ടവാറു ഉപയോഗിക്കുക തന്നെ വേണം. ബൈഡന്റെ ഭരണത്തെ നിർവീര്യമാക്കി ട്രംപിനെ തിരികെ കൊണ്ടുവരാനുള്ള നടപടിയല്ല ഇതെന്ന് നിങ്ങൾക്ക് തീർത്തു പറയാൻ കഴിയുമോ ? എന്തായാലും അമേരിക്കൻ സുരക്ഷ ഉറപ്പു വരുത്തിക്കൊണ്ട് ഈ കുടിയേറ്റ രാജ്യത്തെ സംരക്ഷിക്കാൻ ശ്രമിക്കുന്ന പ്രസിഡന്റിന്റെ പിന്നിൽ അണി നിരക്കുക
Paul 2022-02-17 23:13:13
N.Y. Attorney General Can Question Trump and 2 Children, Judge Rules Former President Donald J. Trump and two of his children had sought to block Letitia James, the attorney general, from interviewing them under oath. Trump has to sit on the hot seat. Let him carry some ice with him. This conman was cheating public for a long time.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക