Image

അരം+അരം=കിന്നരം (ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 16 February, 2022
അരം+അരം=കിന്നരം (ദുര്‍ഗ മനോജ് )

പഴയ സിനിമാപ്പേര് ഓര്‍ത്തതല്ല, ലോകത്തിന്റെ പുതിയ നീക്കങ്ങള്‍ കാണുമ്പോള്‍ വേറെന്താണു പറയുക? ശീതകാല ഒളിംപിക്‌സ് ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ ചൈനീസ് നേതാവ് ഷി ജിന്‍ പിങ്ങും തമ്മില്‍ കഴിഞ്ഞ വെള്ളിയാഴ്ച കൂടിക്കാഴ്ച നടന്നു. അതിനെന്താ, രാഷ്ട്ര നേതാക്കള്‍ തമ്മില്‍ കാണുന്നതു പതിവല്ലേ എന്നു ചോദിച്ചാല്‍, ഇന്ത്യയെ സംബന്ധിച്ച് ഈ കൂടിക്കാഴ്ച്ച അത്ര ശുഭമല്ല എന്നു  പറയാം. കാരണം, യുക്രെയിനിനു സമീപം നടത്തിയ സൈനിക അഭ്യാസപ്രകടനങ്ങള്‍ക്കു ശേഷം റഷ്യന്‍ സൈന്യം പിന്‍ വാങ്ങിത്തുടങ്ങി എന്ന വാര്‍ത്ത പുറത്തു വരുന്നതിനിടയില്‍, റഷ്യയും ചൈനയും തമ്മിലൊരു നയതന്ത്രബന്ധം രൂപപ്പെടുന്നത് ഇന്ത്യക്ക് ഗുണകരണമായിരിക്കില്ല. പ്രധാനമായും റഷ്യയില്‍ നിന്നും വടക്കു കിഴക്കു ചൈനയിലേക്കു വാതക പൈപ്പ് ലൈന്‍ പദ്ധതി, ചൈനയുടെ പുരോഗതിക്കും റഷ്യയുടെ സാമ്പത്തിക അഭിവൃദ്ധിക്കും സഹായകമാകും എന്നതിലല്ല പ്രശ്‌നം, മറിച്ച് റഷ്യയും ചൈനയും തമ്മില്‍ കൈകോര്‍ക്കുമ്പോള്‍ നമ്മുടെ രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലകളില്‍ ചൈന നിരന്തരം നടത്തുന്ന ആക്രമണങ്ങളെ സംബന്ധിച്ച് റഷ്യയുടെ നിലപാട് ചൈനയ്ക്ക് അനുകൂലമാകാന്‍ സാധ്യതയുണ്ട്.

മാത്രവുമല്ല, ബീജിങ് ഒളിംപിക്‌സിന്റെ ഉദ്ഘാടന ചടങ്ങില്‍, ഇന്ത്യ പങ്കെടുക്കാതിരിക്കുകയും, എന്നാല്‍ പാകിസ്ഥാന്‍ പങ്കെടുക്കുകയും ഇമ്രാന്‍ ഖാന്‍ അവിടെ സന്നിഹിതനാവുകയും ചെയ്തിരുന്നു എന്നതുകൂടി കൂട്ടി വായിക്കണം. പൊതുവേ മഞ്ഞുകാലത്തു കാശ്മീരിലേക്ക് തീവ്രവാദികളെ നുഴഞ്ഞു കയറ്റി വിട്ട് ആക്രമണങ്ങള്‍ നടത്തുന്ന പാകിസ്ഥാന്‍ അവരുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലമായ സമീപനം ചൈനയില്‍ നിന്നു മാത്രമല്ല, റഷ്യയില്‍ നിന്നു കൂടി നേടിയെടുക്കാന്‍ ശ്രമിക്കാതിരിക്കില്ല. 

അപ്പോള്‍ ഒരു പുതിയ അമേരിക്കന്‍ വിരുദ്ധ ചേരി ഇവിടെ രൂപം കൊള്ളുമ്പോള്‍ സ്വാഭാവികമായും സോവിയറ്റ് യൂണിയന്റെ കാലം മുതല്‍ റഷ്യയുമായി നമുക്കുള്ള ബന്ധത്തിന് ഉലച്ചില്‍ തട്ടാന്‍ സാധ്യതയുണ്ട്. ക്രിമിയയുടെ കാര്യത്തില്‍ ചൈന റഷ്യയെ പിന്താങ്ങും. തിരിച്ച്, തായ് വാന്റെ കാര്യത്തില്‍ റഷ്യ ചൈനയേയും. മാത്രവുമല്ല, ഈ മൂവര്‍ സംഘ കൂട്ടിലേക്കു അമേരിക്ക എന്നു കേട്ടാല്‍ ഹാലിളകുന്ന ഇറാനെക്കൂടി റഷ്യ കൂടെ നിര്‍ത്താന്‍ ശ്രമിക്കുന്നുമുണ്ട്.
എന്നാലും ചില പ്രതീക്ഷകള്‍ ഇല്ലാതില്ല. അതില്‍ പ്രധാനം, ചൈനക്ക് യൂറോപ്പിലുള്ള വ്യാപാര ബന്ധങ്ങള്‍ ആണ്.

ചൈനയ്ക്ക് യൂറോപ്പിലേക്കുള്ള കയറ്റുമതിയുടെ വെറും 10% മാത്രമാണ് നിലവില്‍ റഷ്യയുമായി ഉള്ളത്. കാര്യം എന്തൊക്കെ കൂട്ട് പറഞ്ഞാലും ആത്യന്തികമായി അവനവന്റെ നിലനില്‍പ്പാണല്ലോ വലുത്. അപ്പോള്‍ തല്‍ക്കാലം പാശ്ചാത്യ ശക്തികളെ മുട്ടുകുത്തിക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ക്ക് എന്തു സംഭവിക്കും എന്നു കാത്തിരുന്നു കാണാം. അരവും അരവും ചേര്‍ന്നാല്‍ കിന്നരമോ കിന്നാരമോ എന്നൊക്കെ കാണാന്‍ നമുക്കു കാത്തിരിക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക