Image

അബദ്ധങ്ങൾ ആവർത്തിക്കുമ്പോൾ (നടപ്പാതയിൽ ഇന്ന്- 19: ബാബു പാറയ്ക്കൽ)

Published on 20 February, 2022
അബദ്ധങ്ങൾ ആവർത്തിക്കുമ്പോൾ (നടപ്പാതയിൽ ഇന്ന്- 19: ബാബു പാറയ്ക്കൽ)

"എന്താ പിള്ളേച്ചാ ഇന്ന് വളരെ ധൃതിയിലാണല്ലോ."
"എടോ മൂന്നാം ലോകമഹായുദ്ധം പടിവാതിലിൽ വന്നു നിൽക്കുമ്പോൾ പിന്നെ പതുക്കെ നടക്കാൻ പറ്റുമോ?"
"മൂന്നാം ലോകമഹായുദ്ധം എവിടെ വന്നു നിൽക്കുന്നെന്നാ ഈ പറയുന്നത്? റഷ്യയും യുക്രെയിനും തമ്മിലുള്ള തർക്കമാണോ പിള്ളേച്ചൻ അർഥമാക്കുന്നത്? ഒന്നും സംഭവിക്കുകേല. റഷ്യ അനങ്ങിയാൽ അമേരിക്ക കഴുത്തിനു പിടിക്കുമെന്നറിയാം. അതുകൊണ്ടു വെറുതെ ഈ ബഹളമേയുള്ളൂ. പേടിക്കണ്ട."
“ഇയാൾ തമാശ പറഞ്ഞതാണോ? അതോ അറിവില്ലായ്മകൊണ്ടു പറഞ്ഞതാണോ?"
"അതെന്താ, പിള്ളേച്ചൻ ഇത്ര സീരിയസായി എടുക്കാൻ ഇതിലെന്താ ഉള്ളത്?"
"എടോ, ഇതിന്റെ ഗൗരവം മനസ്സിലാക്കണമെങ്കിൽ അതിന്റെ പശ്ചാത്തലം കൂടി അറിയണം."
"എന്ത് പശ്ചാത്തലം? യുക്രെയിനിനു നാറ്റോ സഖ്യത്തിൽ ചേരണം. അവരു ചേരുന്നതിനു റഷ്യ എന്തിനാ ഈ ബഹളം വയ്ക്കുന്നത്. യുക്രെയ്ൻ ഒരു സ്വതന്ത്ര രാജ്യമല്ലേ? അവർ എന്തെങ്കിലും ചെയ്യട്ടെന്നു കരുതിയാൽ പോരേ?"
"അതാണ് പശ്ചാത്തലം അറിയണമെന്ന് ഞാൻ പറഞ്ഞത്. ഇതു പോലൊരു വിഷയം അധികമാരും അറിയാതെ നമ്മുടെ അടുത്ത് നടക്കുന്നുണ്ട്. പക്ഷേ, നമ്മൾ അറിഞ്ഞ സ്വഭാവം കാണിക്കുന്നില്ല. അങ്ങനെയല്ല റഷ്യ."
"എന്താ പിള്ളേച്ചൻ അർഥമാക്കുന്നത്?”
"എടോ, നമ്മുടെ മൂക്കിനു കീഴെ കിടക്കുന്ന ശ്രീലങ്കയിൽ ഇപ്പോൾ ചൈനയ്ക്കുള്ള സ്വാധീനം എത്രയാണെന്നറിയാമോ? തുറമുഖ നിർമാണത്തിനു വേണ്ടിയാണ് ചൈന അവിടെ വന്നത്. പണവും വിദഗ്‌ധ ജോലിക്കാരെയും കൊണ്ടുവന്നു ചൈന നേരിട്ടാണ് ജോലി നടത്തുന്നത്. ഇന്ന് എത്ര ആയിരം ചൈനക്കാർ ശ്രീലങ്കയിലുണ്ടെന്നറിയാമോ? ചൈനയുടെ ആണവ അന്തർവാഹിനി പലവട്ടം കൊളംബോയിൽ വന്നു പോയതായി നമ്മുടെ നാവികസേന കണ്ടുപിടിച്ചിട്ടുണ്ട്. എന്നിട്ട് ഇന്ത്യ മിണ്ടിയോ?"
"എന്തിനുമിണ്ടണം? അവർ പണം മുടക്കി പണിയുന്നതല്ലേ അതിനു നമുക്കെന്തു ചേതം?"
"ഇതാണ് തനിക്കു ബുദ്ധിയില്ലെന്നു പറയുന്നത്. എടോ, ശ്രീലങ്കയിൽ ചൈന ഒരു ബേസ് സ്ഥാപിച്ചുകഴിഞ്ഞാൽ  പിന്നെ ഇന്ത്യയുടെ അവസ്ഥ എന്താകുമെന്ന് ചിന്തിച്ചിട്ടുണ്ടോ? വടക്കു ചൈനയും പാക്കിസ്ഥാനും തെക്കു ചൈനീസ് ആധിപത്യത്തിലുള്ള ശ്രീലങ്കയും കൂടി ആയാൽ നമുക്കു പിന്നെ വല്ല രക്ഷയുമുണ്ടോ?"
"എങ്കിൽ പിന്നെ എന്താ ഇന്ത്യ പ്രതിഷേധിക്കാത്തത്?"
"അതാടോ രാഷ്ട്രീയം. നമ്മുടെ രാജ്യത്ത് അധികാരത്തിലിരിക്കുന്നവർക്കു വീണ്ടും അധികാരത്തിൽ വരാൻ എന്താണ് മാർഗം എന്ന് തല പുകഞ്ഞാലോചിക്കാനല്ലേ നേരമുള്ളൂ. അതിന് ഏറ്റവും നല്ലതു ജാതിമത വിദ്വേഷം കുത്തിക്കയറ്റി തമ്മിലടിപ്പിക്കുക എന്നതല്ലേ? അതിനാണ് മുഴുവൻ സമയ പ്രയത്നവും."
"അല്ല, ഇതും യുക്രയ്‌നും തമ്മിലെന്താ ബന്ധം?".
"അതാണ് നാം മനസിലാക്കേണ്ടത്. യുക്രെയ്ൻ റഷ്യയുടെ അതിർത്തിയിൽ കിടക്കുന്ന രാജ്യമാണ്. നേരത്തെ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നല്ലോ. ആ യുക്രെയ്ൻ നാറ്റോയിൽ ചേർന്നാൽ നാളെ അമേരിക്ക അവിടെ ഒരു ബേസ് കൊണ്ടുവയ്‌ക്കാൻ സാധ്യതയുണ്ട്. പിന്നെ പ്രധാനമായൊരു കാര്യം, പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നപ്പോൾ ധാരാളം അണ്വായുധങ്ങൾ അവിടെ സൂക്ഷിച്ചിട്ടുണ്ട്. അതിൽ അതിനൂതനമായ നിരവധി ഭൂഖണ്ഡാന്തര മിസൈലുകൾ പോലും ഉൾപ്പെടും. ആണവ ശേഷിയിൽ ഫ്രാൻസിനോ ചൈനക്കോ ഉള്ളതിനേക്കാൾ കൂടുതൽ പ്രഹര ശേഷിയുള്ള ശേഖരമാണ് യുക്രയ്‌നിന്റെ കയ്യിലുള്ളത്. അപ്പോൾ റഷ്യ ഭയപ്പെടുന്നത് സ്വാഭാവികം."
"അതെല്ലാം റഷ്യക്കാർ പണ്ട് കൊണ്ടുവച്ചതാണെങ്കിൽ അതെടുത്തു കൊണ്ടുപോകാത്തതെന്താ?"
"അത് റഷ്യക്കാരുടേതെന്നു പറയാൻ പറ്റില്ലല്ലോ. അന്ന് ഒരു യൂണിയൻ അല്ലായിരുന്നോ. എല്ലാം ഛിന്നഭിന്നമായി വേർപിരിഞ്ഞപ്പോൾ എല്ലാരും ഓരോ സ്വതന്ത്ര രാഷ്ട്രമായി. അപ്പോൾ എല്ലാരുടെയും കൈവശമുള്ളത് അവരവരുടേതായി."
"ഈ തർക്കത്തിൽ ചൈന എവിടെ നിൽക്കുന്നു പിള്ളേച്ചാ?"
"അതാണ് രസകരം. സോവിയറ്റ് യൂണിയനും ചൈനയും രണ്ടും കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങൾ ആയിരുന്നെങ്കിലും തമ്മിൽ നല്ല ബന്ധമല്ല ഉണ്ടായിരുന്നത്. അന്ന് അമേരിക്കക്കു ചൈനയെയും ചൈനക്ക് വളരാൻ അമേരിക്കയേയും വേണമായിരുന്നു. ഇന്ന് ചൈന സൂപ്പർ പവറായി വളർന്നുകഴിഞ്ഞു. അമേരിക്ക പോലും ചൈനയെ ഭയക്കുന്നു എന്നതാണ് സത്യം. അപ്പോൾ റഷ്യയുമായി ചങ്ങാത്തം കൂടിയാൽ അമേരിക്കയെ ഒറ്റപ്പെടുത്താനും അതുവഴി ഏഷ്യാ ഭൂഖണ്ഡത്തിൽ രാജാവായി വാഴാനും കഴിയുമെന്നാണ് അവരുടെ കണക്കു കൂട്ടൽ."
"എന്നിരുന്നാലും അമേരിക്കയെപ്പോലെ ഒരു വൻശക്തിയെ നമുക്കു വിലകുറച്ചു കാണാൻ കഴിയില്ലല്ലോ."
"ഒരിക്കലുമില്ല. അമേരിക്കയുടെ സാമ്പത്തിക ശേഷിയും സൈനിക ശേഷിയും ആണവശേഖരവും ഒന്നും ആർക്കും കുറച്ചു കാണാൻ കഴിയില്ല. അതിലുപരി ലോകത്തിലെ ഏറ്റവും മഹത്തായ ജനാധിപത്യ രാജ്യവുമാണല്ലോ. പക്ഷേ അവർക്കുള്ള കുഴപ്പം ലോക പോലീസാകാൻ നടക്കുന്നതാണ്. ആവശ്യമുള്ളിടത്തും അല്ലാത്തിടത്തും ഒക്കെ കൊണ്ട് തലയിടും."
"അമേരിക്ക അങ്ങനെ ഇടപെടുന്നതുകൊണ്ടാണ് പിള്ളേച്ചാ ഈ ലോകത്തിൽ ഇപ്പോഴും ഒരു സന്തുലിതാവസ്ഥ നിലനിർത്താൻ കഴിയുന്നത്."
"അത് കുറെയൊക്കെ ശരിയായിരിക്കാം. പക്ഷെ ഒരു കാര്യം ചിന്തിക്കണം. അഫ്‌ഗാനിസ്ഥാനിൽ യുദ്ധം ചെയ്യാനും ഇറാഖിനെ ആക്രമിക്കാനും ഒക്കെയായി എത്ര സഹസ്ര കോടികളാണ് അമേരിക്ക ചെലവാക്കിയത്? എന്നിട്ട് എന്ത് ഗുണമുണ്ടായി? അന്ന് സദ്ദാം ഹുസൈനിന്റെ കൈവശം 'വെപ്പൺ ഓഫ് മാസ്സ് ഡിസ്ട്രക്‌ഷൻ' ഉണ്ടെന്നു പറഞ്ഞാണ് ലോകത്തെ രക്ഷിക്കാനെന്ന് പറഞ്ഞു ഇറാഖിനെ ആക്രമിച്ചത്. ഫലമോ, മദ്ധ്യപൗരസ്ത്യ ദേശം മുഴുവൻ അക്ഷരാർഥത്തിൽ കൊളമായില്ലേടോ? ഇപ്പോൾ പറയുന്നു തെറ്റായ ഇന്റലിജൻസ് കാരണമാണ് അന്ന് ഇറാഖിനെ ആക്രമിച്ചതെന്ന്. തിരുത്താൻ പറ്റുന്ന തെറ്റാണോ ചെയ്തത്? എത്ര ചെറുപ്പക്കാരെയാണ് ബലി കൊടുത്ത്!"
"അത് തെറ്റായിപ്പോയി എന്ന് കഴിഞ്ഞ ദിവസവും പ്രസിഡന്റ് ബൈഡൻ പറഞ്ഞാരുന്നു."
"എന്നിട്ടു വീണ്ടും അബദ്ധം ആവർത്തിക്കാനുള്ള പുറപ്പാടല്ലേ? പണ്ട് ക്യൂബയിൽ റഷ്യ മിസൈൽ സ്ഥാപിക്കാൻ ഒരുങ്ങിയപ്പോൾ ക്രൂഷ്‌ചേവിനോട് കെന്നഡി എന്തിനാ പറഞ്ഞത് ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ കെട്ടും പാണ്ഡവും എടുത്തു സ്ഥലം കളിയാക്കിക്കോണം എന്ന്? ക്യൂബയും ഒരു സ്വതന്ത്ര രാഷ്ട്രയായിരുന്നല്ലോ! പിന്നെ അന്നു കെന്നഡി എന്തിനാ ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്തിയത്?"
"എന്നിരുന്നാലും ഞങ്ങളുടെ പ്രസിഡന്റിനെ ഞങ്ങൾക്കു പിന്തുണച്ചല്ലേ പറ്റൂ."
"പിന്തുണച്ചോ. പക്ഷേ ഇത്രയും പ്രായമായില്ലേ? ആരെങ്കിലും നല്ല ബുദ്ധി ഉപദേശിച്ചു കൊടുത്താൽ നല്ലത് എന്നെ പറയാനുള്ളൂ. ഒരബദ്ധം ആർക്കും പറ്റും. അത്‌ ആവർത്തിച്ചുകൊണ്ടു തന്നെ ഇരുന്നാലോ? "
"ശരി പിള്ളേച്ചാ പിന്നെ കാണാം."
"അങ്ങനെയാവട്ടെ."
______________

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക