Image

നിര്‍മല (കഥ: ജോസഫ്‌ എബ്രഹാം)

Published on 20 February, 2022
 നിര്‍മല (കഥ: ജോസഫ്‌ എബ്രഹാം)

വെളുപ്പിന് നാലു മണിയോടെ  നിര്‍മല പതിവുപോലെ   ഉറക്കമുണര്‍ന്നു. പുറത്തെ ഷെഡിലെ  അടുപ്പില്‍ ചൂട്ടു ചൊളകള്‍ കൊണ്ട് തീ പിടിപ്പിച്ചു, ഉണങ്ങിയ കോഞ്ഞാട്ടയിലും, കൊതുമ്പിലും നക്കിപ്പിടിച്ച  തീ നന്നായി കനച്ചപ്പോള്‍,  വലിയ ചെരുവത്തില്‍ വെള്ളം അടുപ്പില്‍  ചൂടാക്കാന്‍ വച്ചു.  ചൂടുവെള്ളത്തിനായുള്ള സോളാര്‍ ഹീറ്റര്‍ കുറച്ചു ദിവസമായി  കേടായിട്ട്.  

മദര്‍ രാവിലെ നാലര മണിക്ക് എഴുന്നേല്‍ക്കും, അപ്പോഴേക്കും ഒരു കപ്പുകാപ്പി തയ്യാറാക്കണം, കാപ്പി കുടിച്ചു കഴിയുമ്പോഴേക്കും ഒരു ബക്കറ്റു ചൂടുവെള്ളം മദറിന്‍റെ കുളിമുറിയില്‍ കൊണ്ടു വയ്ക്കണം.

വൃശ്ചികക്കാറ്റ്  ഷെഡിന്‍റെ കമ്പിവലക്കിടയിലൂടരിച്ചു വന്നപ്പോള്‍  നിര്‍മലക്കു  തണുത്തു, ആന്തുന്ന തീയിലേക്ക് നീട്ടിപിടിച്ചവള്‍  കൈകള്‍ ചൂടാക്കി.  ചീറിജ്വലിച്ച ചിരട്ടകള്‍ പരത്തിയ വെളിച്ചത്തില്‍   നിര്‍മല  അവളുടെ   വിരലുകളിലേക്ക് നോക്കി. നഖത്തിനിടയിലെല്ലാം കരിയും കറകളും പറ്റിപ്പിടിച്ചിരിക്കുന്നു.  നീണ്ടുമെലിഞ്ഞു  വളരെ സുന്ദരമായിരുന്ന കൈവിരലുകളുടെ  പതുപതുപ്പെല്ലാം പോയി. 
  
‘നിര്‍മല’ എന്നാല്‍  കറയില്ലത്തവള്‍.  ആ പേരിപ്പോള്‍  തനിക്കു ചേരുമോന്നവള്‍  ചിന്തിച്ചു. ആലോചിച്ചിരിക്കാന്‍  നേരമില്ല.   വലിയ ചെമ്പില്‍ കാപ്പിക്കുള്ള വെള്ളം വയ്ക്കണം.  ആറുമണി ആകുമ്പോഴേക്കും  കുട്ടികള്‍  കാപ്പി കുടിക്കാന്‍ വരും. എട്ടുമണിക്ക് ബ്രേക് ഫാസ്റ്റിനൊപ്പം മതി പാല്‍കാപ്പി.  ചില കുട്ടികള്‍ക്കു രാവിലെ പാല്‍കാപ്പി വേണം. അവര്‍ക്കന്നേരം   പ്രാതലിനൊപ്പം  കട്ടന്‍കാപ്പി  മതിയാകും. രാവിലെ ഒരു പാല്‍കാപ്പി  എങ്ങിനെയായാലും  അവര്‍ക്കവകാശപ്പെട്ടതാണ്. മില്‍മ വണ്ടിക്കാര്‍   പാല്‍ ഗേറ്റിങ്കല്‍  ഇറക്കി വച്ചിട്ടുണ്ടാകും.  മുന്‍പൊക്കെ വാച്ചുമാന്‍  രാത്രിതന്നെ  ഗ്രില്‍ തുറന്നു  പാല്‍ പോര്‍ട്ടിക്കോയില്‍ വയ്ക്കുമായിരുന്നു, പക്ഷേ ദിവസവും  അതില്‍ നിന്നും പാല്‍ പായ്ക്കറ്റുകള്‍  കുറയുന്നതായി കണ്ടു തുടങ്ങി.

 പെമ്പിള്ളേരാണെന്ന് പറഞ്ഞിട്ടു  കാര്യമില്ല, നല്ല  തലതെറിച്ചവളുമാരുണ്ട് കൂട്ടത്തില്‍.  എങ്കിലും നിര്‍മ്മലയ്ക്കു അവരെയൊക്കെ വലിയ ഇഷ്ടടമാണ്. പെങ്കുട്ടികളായാല്‍ ഇങ്ങനെയൊക്കെ വേണം.  കുറച്ചു കുരുത്തക്കേടുകളും, പ്രേമവും ഒക്കെയായിട്ടങ്ങനെ അടിച്ചു പൊളിച്ച് ജീവിക്കണം. സ്വന്തം കാലില്‍ നില്‍ക്കാറാകുമ്പോള്‍  ഇഷ്ട്ടപ്പെട്ട ഒരാളെ കണ്ടു പിടിച്ചങ്ങു ജീവിക്കണം. സ്വന്തം ഇഷ്ട്ടപ്രകാരം ജീവിക്കാന്‍ പറ്റിയില്ലെങ്കില്‍ എന്തൊക്കെയുണ്ടെന്നു പറഞ്ഞിട്ടൊരു കാര്യവുമില്ല. 

ആറുമണിയാകുമ്പോള്‍ മൂന്നു ജോലിക്കാര്‍കൂടി അടുക്കള ജോലിക്കായെത്തും. രാവിലേക്കു  ഇഡ്ഡിലിയും  സാമ്പാറുമാണ്. പരിപ്പു കുതിര്‍ക്കാനായി വെള്ളത്തിലിട്ടു, പച്ചക്കറികളൊക്കെ  എടുത്തുവച്ചു.  എല്ലാം ഒരുക്കി വച്ചാല്‍ വരുന്നവര്‍ക്ക് നേരെ പാചകപ്പണികള്‍ തുടങ്ങാം. 

മദറിനുള്ള ചൂടുവെള്ളം കുളിമുറിയിലൊഴിച്ചു തിരിച്ചുനടന്നു കൊണ്ടിരുന്നപ്പോള്‍, നിര്‍മ്മലയുടെ ഓര്‍മ്മകള്‍ പിടിവിട്ടോടി,  രണ്ടുവര്‍ഷം മുന്‍പുള്ള ഒരു ചിക്കാഗോ മഞ്ഞുകാലത്തില്‍ തെന്നിവീണു. ഇതുപോലൊരു ജനുവരി മാസമായിരുന്നതും. പുറത്തു പെയ്തുകിടക്കുന്ന മഞ്ഞു കാണുമ്പോള്‍  നെഞ്ചിനുള്ളില്‍ വരെ തണുപ്പരിച്ചുകയറുമായിരുന്നു. ഷവറില്‍ നിന്നു വീഴുന്ന ചൂടുവെള്ളത്തില്‍  എത്ര നേരം നിന്നാലും  മതിയാകില്ല. വെള്ളത്തില്‍ കളിക്കുന്ന കുട്ടികളുടെ മട്ടും മാതിരിയുമാണപ്പോള്‍. കുളിമുറിയില്‍  നീരാവി നിറഞ്ഞു, കണ്ണും, കണ്ണാടിയും മങ്ങുന്നതുവരെയും അങ്ങിനെ നില്ക്കും.  മഞ്ഞുകാലം മാറിയാലുടന്‍  മരങ്ങള്‍  പൂക്കള്‍കൊണ്ടുമൂടും, ഒരിലപോലും കാണാനില്ലാതെ മുഴുവനും പൂക്കള്‍ മാത്രം. 

പതിനെട്ടുവയസില്‍  നിര്‍മലയുടെ കല്യാണം കഴിഞ്ഞു. ഇപ്പോള്‍ വേണ്ട,  ഡിഗ്രി വരെ പഠിച്ചിട്ടു മതി കല്യാണമെന്നു പറഞ്ഞപ്പോള്‍,  അമ്മച്ചിയാണ് പറഞ്ഞത് പെമ്പിള്ളേര്‍ക്ക്  പ്രീ-ഡിഗ്രി തന്നെ കൂടുതലാന്നു. ‘പ്രീ-ഡിഗ്രി അത്ര മോശം ഡിഗ്രിയല്ല’ എന്ന ശ്രീനിവാസന്‍  പഞ്ച് ഡയലോഗ്  കൊട്ടകയില്‍ കൈയ്യടി വാങ്ങുന്ന കാലമായിരുന്നത് .

 നിര്‍മലയുടെ താഴെയായി മൂന്നു പെണ്ണുങ്ങള്‍ കൂടി മത്സരിച്ചു വളര്‍ന്നു വരുന്നുണ്ട്.  സാമ്പത്തികമായി  നിര്‍മലയുടെ വീട്ടുകാര്‍ നല്ല നിലയിലാണ്. റബര്‍ എസ്റ്റേറ്റും, കൃഷിയിടവും, മലഞ്ചരക്കു മൊത്തവ്യാപാരവുമൊക്കെയുണ്ട്. എന്നാലും ഒരേപോലെ  നാലുപെണ്‍മക്കള്‍ വളര്‍ന്നു വരികയല്ലേ. 

ചെറുക്കന്‍ സക്കറിയയുടെ അപ്പന്‍, കുരിയച്ചന്‍  പ്ലാന്‍ററാണ്.  കുടുംബ സ്വത്തായിട്ട്  വയനാട്ടിലും, കര്‍ണ്ണാടകത്തിലും  എസ്റ്റേറ്റും, നാട്ടില്‍ മരമില്ലുമുണ്ട്.  ഡെല്‍ഹിയില്‍ പോയി  ബിസിനസ് മാനേജുമെന്‍റ്  പഠിച്ചയാളാണ് സക്കറിയ. വലിയ കമ്പനികളില്‍ കുറച്ചുകാലം ജോലിനോക്കി,  പിന്നെയതു രാജിവെച്ചു. നാട്ടില്‍ ഫൈനാന്‍സ് മാനേജുമെന്‍റ്, ഓഹരി ഇടപാടുകള്‍ എന്നൊക്കെ പറഞ്ഞുള്ള, എന്തൊക്കയോ  കാര്യങ്ങള്‍ നടത്തുന്നുവെന്നു മാത്രമേ നിര്‍മലക്കറിയാവു. ഒന്നോ രണ്ടോ പ്രാവശ്യം മാത്രമേ നിര്‍മല സക്കറിയയുടെ ഓഫീസില്‍  പോയിട്ടുള്ളൂ. പിന്നെ അവിടേയ്ക്ക് പോകാന്‍ തോന്നിയിട്ടില്ല. അവിടെ ചെന്നാല്‍ സക്കറിയക്ക്  ഒന്നു മിണ്ടാന്‍ പോലും നേരമില്ല, മേശപ്പുറത്ത് നിര്‍ത്താതെ ചിലച്ചുകൊണ്ടിരിക്കുന്ന നാലഞ്ചു ഫോണുകള്‍, ഒരെണ്ണം വിളിച്ചുകൊണ്ടിരിക്കെ അടുത്തത് ചിലച്ചുകൊണ്ടിരിക്കും. 

പുറത്തിറങ്ങി ലോബിയിലിരുന്നാല്‍, വെള്ളമൊഴുകുമ്പോലെ ഇംഗ്ലിഷും പറഞ്ഞുകൊണ്ട്, ബോസിന്‍റെ ഭാര്യയോട്‌ ലോഹ്യം പറയാന്‍ ജോലിക്കാരായ സുന്ദരിപെണ്ണുങ്ങള്‍ വരും.  നിര്‍മലയ്ക്ക്, ഇംഗ്ലിഷത്ര വശമില്ലന്നു  കാണുന്നതോടെ,  ക്ഷമാപണത്തോടെ  അവര്‍ മലയാളത്തില്‍ പറയാന്‍ തുടങ്ങും. അവരില്‍ ചിലര്‍ അവളുടെ  വിരലുകളിലും,  കൈപ്പടത്തിന്‍മേലും തെളിഞ്ഞു കാണുന്ന നീലഞരബുകളില്‍  നോക്കിക്കൊണ്ടു, ‘നിങ്ങളുടെ കൈകള്‍ എത്ര മനോഹരമാണ്’  എന്നു പുകഴ്ത്തുന്നത്  മാത്രമായിരുന്നു  അവള്‍ക്കവിടെ  സന്തോഷം നല്‍കിയിരുന്ന ഏകസംഗതി. ഇടക്കിട്ക്ക് സക്കറിയയുടെ  ക്യാബിനില്‍  നിന്നും, അവളുമാര്‍  ചിരിച്ചോണ്ടിറങ്ങി വരുന്നത് കാണുമ്പോള്‍ അവര്‍  തന്നെ നോക്കി പരിഹസിക്കുകയാണെന്നവള്‍ കരുതി. പിന്നീട് പലപ്പോഴും  ഓഫീസ് വാര്‍ഷികം, ഓണാഘോഷം  എന്നൊക്കെ പറഞ്ഞു സക്കറിയ വിളിക്കാറുണ്ടെങ്കിലും നിര്‍മല അവിടേക്കു പോകാറേയില്ലായിരുന്നു,  ഓഫീസിലേക്കവളെ  ക്ഷണിക്കുമ്പോള്‍,  അവളതു നിരസിക്കുമെന്നെ  പ്രതീക്ഷ അയാളുടെ  കണ്ണുകളിലവളും   കണ്ടു.

മഠത്തിലെ മറ്റു ജോലിക്കാരുമെത്തി.  അടുക്കളയില്‍ നിന്നും പാത്രങ്ങളുടെ തട്ടുംമുട്ടും ഉറക്കെയുള്ള വര്‍ത്താനങ്ങളും കേട്ടുതുടങ്ങി.   കുട്ടികള്‍  വന്നു കാപ്പി കുടിച്ചു മടങ്ങി. ചിലര്‍ അടുക്കളയിലേക്ക്  തലനീട്ടി  അന്നത്തെ പ്രാതല്‍ വിഭവമെന്തെന്ന്  തിരക്കിയറിഞ്ഞു, മറുപടി കേട്ടവര്‍ പലരും മുഖം ചുളുക്കി  തിരികെ പോയി. 

“കുശുംമ്പത്തികള്‍”,
ഉള്ളിലൂറുന്ന വാത്സല്യത്തോടെ നിര്‍മല ആരോടെന്നില്ലാതെ പറഞ്ഞു. ‘ഇവരൊക്കെ എത്ര ഭാഗ്യം ചെയ്തവര്‍’  എന്നോര്‍ത്തു ചിലപ്പോളവള്‍ അസൂയപ്പെടും.

നിര്‍മലയാണെങ്കില്‍ 21 വയസ് ആയപ്പോഴേക്കും   രണ്ടു മക്കളുടെ അമ്മയായി. മൂത്തവള്‍ ‘ദിയ’, രണ്ടാമന്‍ ‘ഡേവിഡ്’. എന്തായാലും അതോടെ പകല്‍ നേരത്തുള്ള നിര്‍മലയുടെ  ഏകാന്തതയ്ക്ക്  തല്‍ക്കാലിക വിരാമമായി. 

സക്കറിയ ഇടയ്ക്കിടെ  എസ്റ്റേറ്റ്‌, ബിസിനസ് മീറ്റിങ്ങ് എന്നൊക്കെ പറഞ്ഞങ്ങുപോകും. മാസത്തില്‍ എട്ടുപത്തു ദിവസങ്ങള്‍ അങ്ങിനെ സഞ്ചാരത്തിലായിരിയ്ക്കും.  കുട്ടികള്‍ രണ്ടുപേര്‍ പിറന്നതിന് ശേഷം യാത്ര ചെയ്യുന്ന ദിവസങ്ങളുടെ എണ്ണവും കൂടിവന്നു. ആദ്യമൊക്കെ എന്താണ്  എവിടെയാണ്  എന്നൊക്കെ നിര്‍മല ചോദിച്ചിരുന്നു. അപ്പോള്‍ ബോര്‍ഡ് മീറ്റിങ്ങെന്നോ, ക്ലയന്റ്  മീറ്റിങ്ങെന്നോ,  അതുപോലെ എന്തെങ്കിലുമൊക്കെ സക്കറിയ പറയും, കൂടുതല്‍ ചോദിച്ചപ്പോള്‍,  നിനക്കതൊന്നും മനസിലാവില്ല, വലിയ വലിയ കാര്യങ്ങളൊന്നും നീ അറിയേണ്ട,  തല്‍ക്കാലം  പിള്ളേരുടെ കാര്യവും നോക്കി വീട്ടില്‍ കുത്തിയിരുന്നാല്‍ മതീന്നായിരുന്നു  മറുപടി. എന്നാല്‍  നിങ്ങളെപ്പോലെ പഠിപ്പും വിവരവുമുള്ള  ഒരുത്തിയെ കല്യാണം കഴിച്ചാല്‍ പോരായിരുന്നോ എന്ന നിര്‍മലയുടെ ചോദ്യത്തിനു, അതിനു പിള്ളേരു  രണ്ടായില്ലെ ഇനി അതൊക്കെ പറഞ്ഞിട്ടെന്ത് കാര്യമെന്നു സക്കറിയ. 

‘ദിയ’യുടെ ഡിഗ്രിപഠനം കഴിയാൻ കാത്തിരിക്കുകയായിരുന്നു സക്കറിയ,  അവളുടെ  കല്യാണം ഉറപ്പിക്കാനായിട്ട്. മുംബയില്‍ വ്യവസായിയായ ചങ്ങാതിയുടെ മകന്‍ ആനന്ദായിരുന്നു വരന്‍. ഇപ്പോള്‍ കല്യാണം വേണ്ട, കുറച്ചുകൂടെ  പഠിച്ചൊരു ജോലി നേടണം, എന്നിട്ട് മതി  കല്യാണം എന്നൊക്കെ അവള്‍ പപ്പയോടും  അമ്മച്ചിയോടും കരഞ്ഞു പറയുകയൊക്കെ ചെയ്തു.  പക്ഷെ അതൊന്നും സക്കറിയയുടെയടുത്ത് വിലപ്പോയില്ല, അയാള്‍ നിശ്ചയിച്ച വഴിക്ക് തന്നെ കാര്യങ്ങള്‍ നടന്നു.

കുട്ടികള്‍ പ്രാതല്‍ കഴിച്ചുപോയി.  അടുത്തുള്ള കോളേജില്‍ പഠിക്കുന്ന കുട്ടികളാണധികവും.  നിര്‍മല അടുക്കളയും മെസ്സ് ഹാളും അടിച്ചുവാരി. ഇനി  ഉച്ചയൂണിനുള്ള  പണികള്‍ തുടങ്ങണം.  പുറത്തെ ജോലിക്കൊന്നും പോകാത്ത ചില സിസ്റ്റര്‍മാര്‍ ചിലപ്പോള്‍ എന്തെങ്കിലും സഹായം ചെയ്യും.  മറ്റു ജോലിക്കാര്‍  അത്താഴം ഉണ്ടാക്കികഴിഞ്ഞാല്‍ പോകും, നിര്‍മല അവിടെതന്നെ താമസമാ യതിനാല്‍  ബാക്കി പണിയൊക്കെ  അവളുടെ തലയിലാകും

ഒരു രാത്രിയില്‍ അത്താഴം കഴിഞ്ഞു പാത്രങ്ങള്‍ കഴുകി ഒതുക്കി വയ്ക്കുകയായിരുന്നു  നിര്‍മല.  ഇനി ഒന്നു മേലുകഴുകിയാല്‍  പിന്നെ കുറച്ചുനേരം ഉറങ്ങാം. പണിചെയ്യാന്‍ നിര്‍മലക്കിഷ്ട്ടമാണ്, ക്ഷീണിച്ച ശരീരം മനസിനെ തോല്പ്പിച്ചുകൊണ്ട്  വേഗം ഉറങ്ങിക്കോളും. 

''അല്ലെടി, നിനക്കിതിന്റെ വല്ലോ ആവശ്യമുണ്ടായിരുന്നോ? സഹിക്കാന്‍ പറ്റത്തില്ലായിരുന്നേല്‍...." 

മെനോപോസിന്‍റെ അസ്കിതയില്‍ എത്തിയ  മധ്യവയസ്കിയായ സിസ്റ്റര്‍.സിറില്‍   പറഞ്ഞവന്നതു  പൂര്‍ത്തിയാക്കും മുന്‍പേ   മദറിന്‍റെ വിളികേട്ടു.

"സിസ്റ്ററെ, എന്താവിടെ ? പോയേ, എല്ലാരും അവരവരുടെ മുറിയിലേക്ക് "

"ഓ, ഞാന്നൊന്നും പറഞ്ഞില്ലേ, ഇപ്പോ, പറയുന്നതാ  വല്യ കുഴപ്പം" 

സിസ്റ്റര്‍. സിറില്‍  പിറുപിറുത്തു കൊണ്ട് നടന്നു പോയി 

"മോളെ, നിര്‍മലേ,  പണികഴിഞ്ഞെങ്കില്‍,  നീ പോയി കിടന്നോ. സിറിള്‍  പറഞ്ഞതൊന്നും നീ കാര്യമാക്കേണ്ട, ഇതുപോലെ കടകെട്ടതായിരുന്നു എന്നറിഞ്ഞിരുന്നെങ്കില്‍, ‘പറഞ്ഞൊപ്പിന്’ മുന്നേ  അവളെ  പറഞ്ഞു വിടാന്‍ ഞാന്‍ അന്നത്തെ പ്രോവിന്‍ഷാളമ്മയോട് പറയുമായിരുന്നു."

“സാരമില്ലമ്മേ, എനിക്കിതൊക്കെ ഇപ്പോള്‍ ശീലമായി”

ഉച്ചക്കത്തെ കാര്യങ്ങള്‍  കുശിനിക്കാരി പെണ്ണുങ്ങള്‍ നോക്കിക്കൊള്ളും.  വിളമ്പുന്ന സമയമാകുമ്പോഴേക്കും ഒരു കൈ സഹായ്ത്തിനു  ചെന്നാല്‍ മതി. അതുവരെ നിര്‍മലക്ക്  പിടിപ്പതു പണികളുണ്ട്. അടിച്ചുവാരല്‍, കുളിമുറികള്‍ വൃത്തിയാക്കല്‍ അങ്ങിനെ ഒരുപിടി ജോലികള്‍.

 ചില സിസ്റ്റര്‍മാര്‍  നിര്‍മലയെ കാണുമ്പോള്‍  പര്‍സ്പരം മുഖത്തോട് മുഖം നോക്കി ചിരിക്കും, ചിലര്‍ കൊള്ളിവാക്കുകള്‍ പറയും. അപ്പോളൊക്കെ  വിഷമം തോന്നുമെങ്കിലും, തിരുവസ്ത്രത്തിനകത്തായാലും  അവരും പെണ്ണുങ്ങള്‍  തന്നെയാണല്ലോന്നോര്‍ത്തു ആശ്വസിക്കും.

 ‘ഇച്ചിരെ കുശുംമ്പും കുന്നായ്മയും പറഞ്ഞില്ലെങ്കില്‍  പിന്നെ  എന്തോന്നു  ജീവിതം!.  മഠത്തിലായാലും  അമ്മായിയമ്മപ്പോരിനും, നാത്തൂന്‍ പോരിനുമൊന്നും  ഒട്ടും കുറവില്ല, അതൊന്നും ഒരു കുറ്റമായിട്ടു   തോന്നാറില്ല. ഇച്ചിരെ പോരും, വഴക്കുമൊക്കെ ഇല്ലെങ്കില്‍, അതിനര്‍ത്ഥം  മനുഷ്യര്‍ തമ്മില്‍ യാതൊരു സ്നേഹവും ഇല്ലാന്നാണ്’. 

ചിക്കാഗോയിലായിരുന്നപ്പോള്‍ നിര്‍മല  കണ്ടിരുന്നത്‌   അവിടുത്തെ സായിപ്പന്മാരും, മദാമ്മമാരും പള്ളിയിലോ  കടയിലോ  വച്ചു കണ്ടാല്‍ വലിയ ബഹുമാനത്തോടെ വര്‍ത്താനം പറയുകയും പെരുമാറുകയുമൊക്കെ ചെയ്യുന്നതായിരുന്നു. കടയിലൊക്കെ ചെല്ലുമ്പോള്‍  വാതില്‍ നമുക്കായി തുറന്നു പിടിക്കും, വഴിയില്‍ നടക്കുമ്പോള്‍  ഒരു പരിചയമില്ലെങ്കിലും  നോക്കി ചിരിക്കുകയും, ഗുഡ് മോര്‍ണിംഗ് പറയുകയും,  ‘ഹൌ ആര്‍  യു’ എന്നൊക്കെ ക്ഷേമം അന്വോഷിക്കുകയും, ‘ഹാവ്  എ ഗുഡ് ഡേ’ എന്നൊക്കെ ആശംസിക്കുകയും ചെയ്യുമെങ്കിലും  അതൊക്കെ വെറും ഔപചാരികമായിട്ടുള്ള വാക്കുകള്‍ മാത്രമാണ്. മലയാളി അസ്സോസിയേഷന്‍, മലയാളം പള്ളി അവിടെയൊക്കെ  ചെല്ലുമ്പോള്‍,  ആളൊന്നു തിരിഞ്ഞാല്‍, ആ ജാത്യാലുള്ള ശീലത്താല്‍  എന്തെങ്കിലും  കുറ്റമൊക്കെ പറയുമെങ്കിലും  പരസ്പരം ഒരു ആത്മാര്‍ഥതയൊക്കെയുണ്ട്, എന്തെങ്കിലും  അത്യാഹിതം വന്നാല്‍ ഓടിയെത്താനും, പരസ്പരം സഹായിക്കാനും  മലയാളികള്‍  തന്നേ ഉണ്ടാകൂ. 

"നിര്‍മലച്ചേച്ചി,  ചേച്ചിയെ  മദര്‍ വിളിക്കുന്നു" 

 മൂന്നാമത്തെ നിലയിലെ  ഇടനാഴി  മോപ്പ് ചെയ്തുകൊണ്ടിരിക്കെയാണ്  ബെറ്റി സിസ്റ്റര്‍ വന്നു പറഞ്ഞത്. മോപ്പും ബക്കറ്റും  ഒരരികിലേക്ക്  ഒതുക്കി വച്ചിട്ട് മദറിന്റെ മുറിയിലേക്ക് ചെന്നു.


“നിര്‍മ്മലേ ഞാന്‍ നമ്മുടെ ഓര്‍ഫണേജു  വരെ പോകുവാണ്, നീ വരുന്നുണ്ടോന്നു ചോദിക്കാന്‍ വിളിച്ചതാണ്.  അത്രടംവരെ പോകാന്‍ എന്താലും എനിക്കൊരു  ഒരുകൂട്ട്‌  വേണം” 

“ഞാനും വരാം, അമ്മേ, ഒന്നു മേലു കഴുകിയാല്‍ മതി. ഒരു പതിനഞ്ചു മിനുറ്റ്”

“പിന്നെ, എല്ലാം ചെറിയ കുഞ്ഞുങ്ങളാണ്, ഇന്നാളത്തെപ്പോലെ  ആരെയും  ലാളിക്കാന്‍ നിക്കണ്ട, ഇച്ചിരെ അകലെ നിന്നു കണ്ടാല്‍ മതി. കഴിഞ്ഞ പ്രാവശ്യം നമ്മള്‍ പോന്നതിന് പിന്നാലേ പിള്ളേരു കരച്ചിലായിരുന്നു.”

ഓര്‍ഫണേജില്‍ നിന്നും തിരികെ പോരുമ്പോള്‍ പതിവു പോലെ നിര്‍മല മൌനത്തിലായിരുന്നു, അവളുടെ മൌനത്തിന്റെ കാരണമറിയാവുന്ന മദര്‍ അവളോടൊന്നും ചോദിക്കാറില്ല. അവളെയും, അവളുടെ ചിന്തകളെയും അവളുടെ പാട്ടിനു വിടുകയായിരുന്നു മദറിന്‍റെ പതിവ്. 

മദറും നിര്‍മലയും  മഠത്തില്‍ തിരികെ എത്തിയപ്പോഴേക്കും ഉച്ചയൂണിനു  സമയമായി. നിര്‍മലക്കു പിന്നെ ജോലിത്തിരക്കായി.  കുട്ടികള്‍  കഴുകി കൊണ്ടുവന്നു വയ്ക്കുന്ന പ്ലേറ്റുകളും  സ്റ്റീല്‍ ഗ്ലാസ്സുകളും  ചൂടുവെള്ളത്തില്‍ മുക്കി പൊക്കി ഉണക്കാന്‍വച്ചു. രാവിലത്തെയും ഉച്ചത്തെയും ഭക്ഷണാ വശിഷ്ട്ടങ്ങളെല്ലാം ഒരു ബക്കറ്റിലാക്കി, മറ്റൊരു ബക്കറ്റില്‍  കഞ്ഞിവെള്ളവും ഊറ്റിയെടുത്തു  പന്നിയെ വളര്‍ത്തുന്ന  ചെറിയ മതില്‍കെട്ടിനടുത്ത് ചെന്നു.  

 തണലിനായി കെട്ടിയ ചെറിയ ഷെഡില്‍ കുത്തിയുണ്ടാക്കിയ ചളിയില്‍ പുതഞ്ഞു  കിടന്നിരുന്ന  പന്നികള്‍ നിര്‍മലയെ  കണ്ടപ്പോള്‍ എഴുന്നേറ്റു മുക്രയിട്ടുകൊണ്ട് അവരുടെ സ്നേഹം പ്രകടിപ്പിച്ചു. 

പന്നികള്‍ക്ക്  തീറ്റകൊടുത്തു തിരികെ പോരുമ്പോള്‍  ‘ധൂര്‍ത്തപുത്രന്‍റെ’ കഥയോര്‍ത്തു. പന്നികളുടെ കൂടെ കഴിഞ്ഞപ്പോളാണ്  ധൂര്‍ത്തപുത്രന്  പിതാവിന്റെ അടുക്കലേക്ക് പോകാന്‍ തോന്നിയത്. കഥയിലെ ധൂര്‍ത്തപുത്രനെ സ്വീകരിക്കാന്‍  സ്നേഹസമ്പന്നനായ ഒരു  പിതാവു കാത്തിരിക്കുന്നുണ്ടായിരുന്നു. 

“വകതിരിവില്ലാത്ത സുന്ദരി, പന്നിയുടെ സ്വര്‍ണമൂക്കുത്തിക്ക് തുല്യയാണ്‌” 

മഠത്തിന്‍റെ  രണ്ടാംനിലയിലെ ഏതോ ജാലകത്തിനപ്പുറത്ത് നിന്നും  ആരോ  ബൈബിള്‍  വചനം  പറയുന്നതു കേട്ടു.  പിന്നാലെ ഒരു കൂട്ടച്ചിരിയും. 

രണ്ടാമത്തെ തവണയാണ്  അക്കുറി നിര്‍മല ചിക്കാഗോയില്‍ എത്തിയത്. ഡേവിഡിന്റെ ഭാര്യ, മിലിന്‍ഡയുടെ  ആദ്യ പ്രസവത്തിലും   നിര്‍മല തന്നെയാണ്  പോയി നിന്നത്.  നിര്‍മല ഇടയ്ക്കു ചിലപ്പോള്‍  മുംബയില്‍ മകള്‍ ദിയയുടെ വീട്ടില്‍ പോയി കുറച്ചു ദിവസങ്ങള്‍ നില്ക്കുമായിരുന്നു. അവളും മിക്കവാറും വീട്ടില്‍ ഒറ്റയ്ക്കാവും. അവളുടെ ഭര്‍ത്താവ് ആനന്ദിന് അമ്മായിയപ്പന്‍   സക്കറിയെക്കാളും തിരക്കാണ്. സക്കറിയയുടെ ബിസിനസ് യാത്രകള്‍ ഇന്ത്യക്കകത്തു നില്‍ക്കുമെങ്കില്‍,  ആനന്ദിന്റെ  യാത്രകള്‍ വിദേശത്തേയ്ക്കും നീണ്ടു.   അപ്പോഴേക്കും സക്കറിയയുടെ  യാത്രകള്‍  നിര്‍മലക്ക് ആശ്വാസമായിതുടങ്ങി.  ഭര്‍ത്താവ് വീട്ടിലുള്ളപ്പോള്‍  വല്ലാത്തൊരു  ശ്വാസം മുട്ടല്‍. അയാള്‍ എപ്പോഴും തിരക്കിലായിരുന്നു. വീട്ടിലുള്ളപ്പോള്‍ ഒന്നുകില്‍ ഫോണില്‍ അല്ലെങ്കില്‍ ലാപ് ടോപ്പില്‍, അടുക്കളയിലെ പാത്രങ്ങളുടെ ശബ്ദംപോലും അയാളെ ആലോസരപ്പെടുത്തുമായിരുന്നു.

 മിലിന്‍ഡ അവള്‍ക്കറിയാവുന്ന മലയാളത്തില്‍  അമ്മച്ചിയോട് വിശേഷങ്ങള്‍ പറയും. അവള്‍  അഞ്ചാമത്തെ വയസില്‍    അമേരിക്കയിലെത്തിയതാണ്,  അതുകൊണ്ടുതന്നെ  നന്നായി മലയാളം പറയാന്‍ അറിയില്ല. ആദ്യതവണ   എത്തിയപ്പോള്‍, അവള്‍ പറഞ്ഞിരുന്നു

“അമ്മച്ചി, എന്റെ മമ്മ ഇവിടെ വന്നു നിക്കാന്‍  ഞാന്‍ സമ്മതിക്കാറില്ല”

“അതെന്താ മോളെ” 

“കുഴപ്പമൊന്നുമില്ല അമ്മച്ചി,  വെറുതെ ഒരു റിസ്ക് എടുക്കണ്ടന്നു  വിചാരിച്ചു. അതോണ്ടാ അമ്മച്ചിയെ കൊണ്ടുവരാന്‍ ഞാന്‍ ഡേവിഡിനോടു  പറഞ്ഞത്” 

“ഓ  അതുനേരാ,  മോളുടെ അമ്മയ്ക്കു ജോലിയുള്ളതല്ലേ  കൂടുതല്‍ ലീവെടുത്താല്‍  ജോലിക്കു കുഴപ്പമാകും അല്ലേ?, ഇപ്പോള്‍ ജോലികള്‍ കുറവാണ്, ഉള്ളവരെ തന്നെ കമ്പനികള്‍ പിരിച്ചു വിടുവാന്ന്  ഡേവിഡ്  പറഞ്ഞാര്‍ന്നു” 

“അതു മാത്രമല്ല  അമ്മച്ചി….

 ഡേവിഡ് ആടുത്തുണ്ടോന്നറിയന്‍  അവള്‍  വാതില്‍ക്കലേക്ക്  പോയി നോക്കി 

“ദാ അപ്പുറത്തെ വീട് കണ്ടോ? അവിടെ താമസിക്കുന്നത് മലയാളികളാണ്, അവര്‍ റീസന്‍റായി അവിടേക്ക് മൂവ് ചെയ്തതാണ്. അതിനു മുന്‍പ് അവിടെ താമസിച്ചിരുന്നത്  ഡേവിഡിന്റെ കമ്പനിയില്‍ ജോലിചെയുന്ന ഒരു മലയാളിയായിരുന്നു..

“ആളിച്ചിരെ ലേറ്റ് മരിയേജ് ആയിരുന്നു, എറൌണ്ട്  ഫോര്‍ട്ടി ഏജ് വരും. വൈഫ്  ബിടെക് നാട്ടീന്നു കഴിഞ്ഞപ്പഴെ  മാര്യേജായി…

“ടു ഈയേര്‍സ്  ബാക്ക് അവള്‍ പ്രേഗ്നന്‍റ്  ആയി, അപ്പോ നാട്ടീന്നു  അവളുടെ അമ്മ വന്നു,  അവളെ കെയര്‍ ചെയ്യാനായിട്ടു.  എന്നിട്ട്  അവളുടെ  ബേബിക്കു  സിക്സ്  മന്ത്സ്  ആയപ്പോള്‍  അമ്മ നാട്ടില്‍ പോകുവാന്ന്  പറഞ്ഞു, അവളും അമ്മയും ബേബിനെ കൊണ്ട്  ഇവിടെ വന്നു ചായ ഒക്കെ  കുടിച്ചു പോയി..

“രണ്ടു ദിവസം കഴിഞ്ഞു നാട്ടില്‍ പോകാന്‍ പ്ലാനിട്ടിരുന്നു. ഡേവിഡിന്‍റെ  കമ്പനിയില്‍ വേറൊരു മലയാളി ചേട്ടനുണ്ട്,   ആ ചേട്ടന്‍ നാട്ടില്‍ പോകുന്നുണ്ട്  അയാളുടെ കൂടെ അവളുടെ അമ്മയെ വിടാന്‍  ടിക്കറ്റൊക്കെ എടുത്തു.. 

“പക്ഷേ  ഇവിടെ വന്ന ഈവെനിംഗ് തന്നെ  അവളുടെ അമ്മക്ക് എന്തോ സുഖമില്ലാതായി  ഹോസ്പിറ്റലില്‍ ചെന്നു നോക്കിയപ്പോള്‍  അവര്‍ പ്രെഗ്നന്‍റ്.”   

“അപ്പോള്‍ നാട്ടില്‍ നിന്നു പോന്നപ്പോള്‍ ചിലപ്പോള്‍ പ്രഗ്നന്‍റ് ആയിരിയ്ക്കും,  അറിഞ്ഞിട്ടുണ്ടായിരിക്കില്ല” 

“അല്ലമ്മച്ചി ആ ലേഡി ഇവിടെ വന്നിട്ട്  ഒന്‍പത്  മാസം കഴിഞ്ഞു.  ഡോക്ടര്‍ പറഞ്ഞു  ബേബിക്ക്  ആറു  മാസം കഴിഞ്ഞെന്നു. അതുകൊണ്ടു അബോര്‍ഷന്‍ പറ്റില്ല..

“ബേബിയുടെ ഡാഡി ആരാണെന്നവര്‍ പറഞ്ഞില്ല.  അവരു പറഞ്ഞില്ലെങ്കില്‍  ഇവിടുത്തെ ലോ കാരണം അവരോടു ചോദിക്കാന്‍ പറ്റില്ല, അതവരുടെ പ്രൈവസിയാണ്.”

“എന്റെ ഒടേ തമ്പുരാനേ,  ആ പെണ്ണുമ്പിള്ള  ആളു കൊള്ളാല്ലോ എന്നിട്ടെന്തായി?”

“അവര്‍ ഡെലിവറി ചെയ്തു, അവളുടെ മകള്‍ അവരെ കെയര്‍ ചെയ്തു. ഡെലിവറി  കഴിഞ്ഞു വന്ന സെയിം ഡേ, മകള്‍ അവളുടെ ബേബീയേം കൊണ്ട്  വേറെ അപ്പാര്‍ട്ട്മെന്റില്‍  പോയി താമസിച്ചു…

“അവള്‍ പറഞ്ഞു അവളുടെ അമ്മയുടെ ബേബി അവളുടെ ഹസ്ബന്റിന്‍റെ  ആണെന്ന്  അവള്‍ക്കറിയാമെന്ന്.”

“അയ്യയ്യോ  മാതാവേ, എന്തായീ കേള്‍ക്കുന്നത്”

 നിര്‍മ്മല താടിയ്ക്കു കൈകൊടുത്തിരുന്നുപോയി 

“അവള്‍  ഡിവോര്‍സിന്  കേസ് കൊടുത്തു,  ഡി.എന്‍.എ  ടെസ്ട്  ഒക്കെ എടുത്തെന്നു  തോന്നുന്നു.  എന്തായാലും ഡിവോര്‍സായി.  പിന്നെ അവര്‍ വീട് വിറ്റു പോയി, ഇപ്പോള്‍ എവിടെ ആണെന്നറിയില്ല” 

“അപ്പോള്‍ അവളുടെ  അമ്മ കുഞ്ഞിനെ ഇവിടെ ആര്‍ക്കെങ്കിലും കൊടുത്തിട്ടു  നാട്ടില്‍ പോയിരിക്കും അല്ലേ?” 

“ഇല്ല , നാട്ടില്‍ കേറ്റില്ലെന്ന്  അവളുടെ ഫാദര്‍ പറഞ്ഞു. പിന്നെ, കറക്റ്റ് ആയിട്ടറിയില്ല  ‘സണ്‍ ഇന്‍ ലോ’ തന്നെ  അവളെ ‘മാരി’ ചെയ്തന്നാണ്  കേട്ടത്.” 

ഒരു റിസ്ക്‌ എടുക്കണ്ടാന്നു മരുമകള്‍ പറഞ്ഞതിന്‍റെ പൊരുളിപ്പോള്‍ പതിയെ നിര്‍മലയുടെ തലയില്‍ ഇഴെഞ്ഞെത്തി. നിര്‍മല വന്ന വിവരമറിഞ്ഞു  മിലിന്‍ഡയുടെ   അമ്മ ആനിയും, പപ്പാ സേവിയറും  വന്നിരുന്നു. ചെറുപ്പം ഇപ്പൊഴും വിട്ടുപോകാത്ത നല്ല സുന്ദരിയായിരുന്നു ആനി. അക്കുറി  നാട്ടില്‍ തിരിച്ചെത്തിയ നിര്‍മലയ്ക്ക്  കൂട്ടുകാരോടും ദിയയോടും പറയാന്‍ ഒരുപിടി വിശേഷമുണ്ടായിരുന്നു. 

 മൂന്നുമാസം പ്രായമായ കൈകുഞ്ഞിനെയും കൊണ്ട് രണ്ടുവര്‍ഷം മുന്‍പ്  ചിക്കാഗോ എയര്‍പോര്‍ട്ടില്‍  എത്തിയപ്പോള്‍ ഒറ്റയ്ക്കെങ്ങിനെ നാട്ടിലേക്കു പോകുമെന്ന ആശങ്കയില്ലായിരുന്നു, പ്രാണവായുവില്ലാത്ത ഒരു ഗുഹയില്‍ നിന്നും പുറത്തിറങ്ങിയ ആശ്വാസമായിരുന്നു നിര്‍മലയ്ക്കപ്പോള്‍. മക്കളുടെ അടുക്കല്‍ നില്‍ക്കാന്‍ നാട്ടില്‍ നിന്നും എത്തുന്ന പ്രായമായ മാതാപിതാക്കള്‍ വേനല്‍ അവധിക്കു സ്കൂള്‍ പൂട്ടിയ കുട്ടികളെപ്പോലെയാണ്  തിരികെ പോകുന്നത്.

രാത്രിയില്‍,വിമാനത്തിനകത്തെ ഇരുളില്‍  കുഞ്ഞുറക്കെ കരഞ്ഞു. ഉറക്കം നഷ്ട്ടപ്പെട്ട യാത്രക്കാര്‍  പിറുപിറുക്കുന്നതിന്റെ  ശബ്ദം കേള്‍ക്കാമായിരുന്നു.  കുഞ്ഞിനെ ഉറക്കാന്‍  പറ്റുംപോലെയൊക്കെ നിര്‍മല നോക്കി, പക്ഷെ കുഞ്ഞു കരച്ചില്‍ നിര്‍ത്തിയില്ല.   അടുത്തു സീറ്റില്‍ നിന്നും ഒരു സ്ത്രീ ശബ്ദം ചോദിച്ചു, 

“ആന്‍റി മലയാളിയാണല്ലെ?”

 തിരിഞ്ഞു നോക്കിയപ്പോള്‍  പത്തു മുപ്പതു വയസുള്ള സ്ത്രീ,  

“ ആന്‍റി ഒറ്റയ്ക്കാണോ?”

“അതേ” 

“അപ്പോള്‍ മോളുടെ കുട്ടിയായിരിക്കുമല്ലേ, ഗ്രാന്‍ഡ്‌മാ പേരക്കുട്ടിയെ നാട്ടിലേക്കു കോണ്ടുപോവുകയായിരിക്കും”

നിര്‍മലയുടെ  മറുപടിക്ക് കാത്തുനില്‍ക്കാതെ അവര്‍ കുഞ്ഞിനെ കൈനീട്ടി വാങ്ങി.  കുഞ്ഞിന്‍റെ വയറിലും പുറത്തുമൊക്കെ വിരല്‍ ഓടിച്ചു നോക്കി, പുറത്തു ചെവിചേര്‍ത്തു വച്ചു. 

“ആന്‍റി പേടിക്കേണ്ട, ഞാനൊരു പീഡിയാട്രീഷനാണ്. കുഞ്ഞിനു കുഴപ്പമൊന്നുമില്ല, വിമാനത്തിനകത്തെ  തണുപ്പുകൊണ്ടാണ്, പിന്നെ നല്ല വിശപ്പുമുണ്ട്.  കുറച്ചു  ചൂടുപാല്‍ കൊടുത്തു, നന്നായി പുതപ്പിച്ചാല്‍ മതി അവളുറങ്ങിക്കോളും”

ഡോക്ടര്‍ ഫ്ലൈറ്റ് അറ്റെന്‍ഡന്റിനെ  വിളിച്ചു.  കൊച്ചിനു ചൂടുപാല്‍  കിട്ടി. വയര്‍ നിറഞ്ഞപ്പോള്‍ അവള്‍ സുഖമായുറങ്ങി. 

ഒരു പകലിന്‍റെ അദ്ധ്വാന ക്ഷീണമുണ്ടായിട്ടും  നിര്‍മലയ്ക്കു ഉറക്കം വന്നില്ല.  അന്നു പകല്‍ ഓര്‍ഫണേജില്‍ പോയതിന്റെ ഓര്‍മ്മകളാണ് മനസ്സു നിറയെ. കൊച്ചരി പല്ലുകള്‍ കാണിച്ചുകൊണ്ട്, കുഞ്ഞി പെറ്റിക്കോട്ടിട്ട ഒരുവള്‍ ആയയുടെ കയ്യില്‍ നിന്നും  നിർമ്മലയുടെ കൈയിലേക്ക് ചാടാന്‍ തുടങ്ങി. നിര്‍മല കൈയൊന്ന് നീട്ടിയതാണ്, മദറിന്റെ  നോട്ടം കണ്ടപ്പോള്‍ കൈകള്‍ അറിയാതെ പിന്‍വാങ്ങിയെങ്കിലും  ഹൃദയം മുന്നോട്ട് തന്നെ  കുതിച്ചുചാടുന്നതിന്റെ സ്വരം  സ്വന്തം കാതുകൊണ്ടു കേള്‍ക്കാനായി.  


ശിശിര കാലത്തിന്‍റെ തുടക്കത്തിലായിരുന്നു നിര്‍മലയുടെ  രണ്ടാമത്തെ ചിക്കാഗോ യാത്ര. കൊഴിഞ്ഞു വറുതിയിലേക്ക് പോകും മുമ്പായി വര്‍ണ്ണകുടകള്‍ ചൂടി നില്‍ക്കുന്ന  മരങ്ങളാണെങ്ങും. ഇളവെയിലും, ചെറുകുളിരും കൂടിചേര്‍ന്നു മനോഹരമായ  ശിശിര സായാഹ്നങ്ങളില്‍  നടപ്പാതയിലൂടെ,  മരങ്ങളിലെ വര്‍ണ്ണ കാഴ്ച്കളും കണ്ടു നടക്കുമ്പോള്‍ അവളെ പൊതിഞ്ഞിരുന്ന വര്‍ഷങ്ങളുടെ മുഷിപ്പ് അഴിഞ്ഞു വീഴുന്നതവള്‍ അറിഞ്ഞു. 

അങ്ങിനെയൊരു   സായാഹ്ന സവാരിക്കിടയിലാണ്  അവള്‍ ചന്ദ്രശേഖരന്‍ മാഷിനെ   പരിചയപ്പെടുന്നത്. പറഞ്ഞു വന്നപ്പോള്‍ ഡേവിഡിന്റെ  തൊട്ടയല്‍ വാസിയും,  സുഹൃത്തുമായ് രാജീവിന്റെ  അച്ഛനാണ്   ചന്ദ്രശേഖരന്‍ മാഷ്. ജോലിയില്‍ നിന്നും വിരമിച്ചതിനാല്‍    കുറച്ചുകാലം  മകന്‍റെ  കൂടെ നില്‍ക്കാനും  മകന്റെ  കുട്ടിയെ നോക്കാനുമായി വന്നതാണ്. പിന്നീടുള്ള  ദിവസങ്ങളില്‍ അവരുടെ സായാഹ്ന സവാരികള്‍ ഒരുമിച്ചായി. 

മാഷ്  നല്ല വര്‍ത്താനക്കാരനാണ്, ലോകകാര്യങ്ങളെക്കുറിച്ചൊക്കെ നല്ല അറിവാണ്. സക്കറിയ ചെയ്യുന്ന ഷെയര്‍ ബ്രോക്കറിങ്ങ്  ബിസ്സിനസിനെക്കുറിച്ചും, അതിലെ ലാഭനഷ്ട്ടങ്ങളെക്കുറിച്ചും,  ഇപ്പോള്‍ ഏതൊക്കെ ഓഹരികളാണ് മുന്നിട്ടു നില്‍ക്കുന്നതെന്നും,  ഓഹരി മാര്‍ക്കറ്റിലെ  കാളയും,  കരടിയും തമ്മിലുള്ള  കളിയുമൊക്കെ, സ്കൂളില്‍ കുട്ടികളെ പഠിപ്പിക്കുമ്പോലെ  നിര്‍മ്മലക്കു  ചന്ദ്രശേഖരന്‍ മാഷു പറഞ്ഞു കൊടുത്തു. 

ഇക്കണ്ടകാലം മുഴുവന്‍  സക്കറിയയുടെ കൂടെ കഴിഞ്ഞിട്ടും നിര്‍മ്മലക്ക്  അതൊന്നും അറിയില്ലായിരുന്നു, അതൊന്നും സക്കറിയ അവളോടു  പറഞ്ഞിട്ടില്ലായിരുന്നു. മാഷ് പറയുന്നത് ഏറെ കൌതുകത്തോടും  ശ്രദ്ധയോടുമാണ് നിര്‍മ്മല കേട്ടത്.  നിര്‍മ്മലയുടെ ജീവിതത്തില്‍  ആദ്യമായിട്ടാണ്  ഒരാള്‍ ഇത്ര താല്പര്യത്തോടെ നിര്‍മ്മലയുടെ വാക്കുകള്‍ കേള്‍ക്കുന്നത്, പറയാന്‍ ബാക്കിവച്ചതും, കേള്‍ക്കാനാളില്ലാതെ നാവടഞ്ഞു  പോയതുമെല്ലാം  അവള്‍ ആവേശത്തോടെ പറഞ്ഞുകൊണ്ടിരുന്നു. 

നടപ്പിനിടയില്‍  വിശ്രമത്തിനായി പാര്‍ക്കിലെ ബെഞ്ചില്‍  അവര്‍ അടുത്തടുത്തായിരുന്നു.

“നിര്‍മ്മലെ, നിങ്ങളുടെ ഭര്‍ത്താവ്  ഒരു ഭാഗ്യവാനാണ്”

“അതെന്താ മാഷെ പെട്ടന്നങ്ങനെ ഒരു വെളിപാട്‌?” 

 നിര്‍മ്മല ചിരിച്ചു. 

“അല്ല ഇത്രയും മനോഹരമായ കൈകളുടെ  ഉടമയല്ലേ,  അയാളുടെ ഭാര്യ” 

നിര്‍മ്മല അവളുടെ വലം കയ്യില്‍ നോക്കി.പിന്നെ  അസ്തമയത്തിന്‍റെ  ചുവപ്പ് നിറഞ്ഞ  ആകാശത്തേക്കു നോക്കി.
 
“എന്റെ മാഷെ, അതിനു സക്കറിയ ഈ വിരലുകള്‍ ഇതുവരെ കണ്ടിട്ടുണ്ടോന്നു പോലും എനിക്കറിയില്ല” 

മാഷ് നിര്‍മലയുടെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കി, സാവധാനം അയാള്‍ തന്‍റെ ഇടം കൈ നിര്‍മ്മലയുടെ വലം കൈയ്യുടെ ചാരെ ചേര്‍ത്തു വച്ചു. മാഷിന്റെ കൈയുടെ സ്പര്‍ശനം അറിഞ്ഞിട്ടും നിര്‍മല കൈ മാറ്റിയില്ല. ചന്ദ്രശേഖരന്‍ മാഷിന്‍റെ  വിരലുകളുടെ വിറയലും, പൊള്ളുന്ന  ചൂടും  നിര്‍മ്മലയുടെ  വിരലുകള്‍  തൊട്ടറിഞ്ഞു. ചന്ദ്രോദയത്തിനായി കീഴടങ്ങികൊടുക്കുന്ന പകലിലേക്ക് നോക്കിക്കൊണ്ട് നിര്‍മല അനങ്ങാതിരുന്നു. സന്ധ്യയുടെ ചുവപ്പില്‍  നിര്‍മലയുടെ കവിളുകള്‍ അരുണാഭമാകുന്നത്  മാഷും ഇമാവെട്ടാതെ നോക്കിയിരുന്നു.

 ഞായര്‍ ദിവസം മഠം പൊതുവേ ശാന്തമാണ്‌, കുറച്ചു കുട്ടികള്‍ മാത്രമേ ഉണ്ടാകൂ, ബാക്കിയുള്ളവര്‍ ആഴ്ചാവസാനം വീടുകളില്‍ പോകും.  ഒരു ഞായര്‍ ഉച്ചകഴിഞ്ഞ നേരത്തു  മദറിന്  രണ്ടു അതിഥികള്‍ ഉണ്ടായിരുന്നു. നിര്‍മലയോട്  കാപ്പിയും പലഹാരങ്ങളും കൊണ്ട്  മദറിന്റെ മുറിയില്‍ ചെല്ലുവാന്‍  ബെറ്റി സിസ്റ്റര്‍ വന്നു പറഞ്ഞു. കാപ്പി കൊടുത്തു തിരികെ പോകാന്‍ നേരം മദര്‍ പറഞ്ഞു 

“നിര്‍മലെ, ഇവരെ അറിയുമോ?  ഇതു ജോജിയും,  ഭാര്യ പ്രിയയും.  രണ്ടുപേരും എറണാകുളത്തൂ ഡോക്ടര്‍മാരാണ്” 

നിര്‍മല  രണ്ടുപേരെയും നോക്കി കൈകൂപ്പി. നല്ല സൌന്ദര്യവും  ചേര്‍ച്ചയുമുള്ള ദമ്പതികള്‍. കുറച്ചു കഴിഞ്ഞു അവര്‍ പോയികഴിഞ്ഞപ്പോള്‍, മദര്‍ നിര്‍മലയെ വിളിച്ചു. മുറിയില്‍ എത്തിയപ്പോള്‍ അവിടെ സിസ്റ്റര്‍ സിറിലും, സിസ്റ്റര്‍ ബെറ്റിയും കൂടി മദര്‍ക്കൊപ്പം ഉണ്ടായിരുന്നു 

പാത്രങ്ങള്‍ എടുക്കാന്‍ തുനിഞ്ഞ നിര്‍മലയെ കൈകൊണ്ടു മദര്‍ വിലക്കി, എന്തെന്നറിയന്‍ നോക്കിയ അവളോട്‌  മദര്‍ പറഞ്ഞു 

“നിര്‍മലെ, നേരത്തെ നീ കണ്ട  ഡോക്ടര്‍മാരില്ലേ,  അവര്‍ക്കു കുട്ടികളില്ല. ഒരു കുട്ടിയെ ദത്തെടുക്കാനായി   അവര്‍ ഒരു പാടു  ഓര്‍ഫണേജുകളില്‍  അലഞ്ഞു,  ഒരിടത്തും അവര്‍ ആഗ്രഹിച്ച പ്രായത്തിലും രൂപത്തിലുമുള്ള  മനസിനിണങ്ങിയ   ഒരു പെങ്കുഞ്ഞിനെ കിട്ടീല്ല.” 

മദര്‍ എന്തിനാണ് ഇതൊക്കെ തന്നോടു പറയുന്നതെന്ന്  നിര്‍മല ചിന്തിച്ചു 

“നിര്‍മലെ,  എന്തായാലും നിനക്കു ഭാഗ്യമുണ്ട്, അവര്‍ക്കു നമ്മുടെ മണിക്കുട്ടിയെ ബോധിച്ചു. പക്ഷെ മണിക്കുട്ടി അനാഥയല്ലല്ലോ,  അതുകൊണ്ടു നിന്നോടു ചോദിക്കാതെ പറ്റുകേലല്ലോ?”

“അയ്യോ അമ്മേ, എന്‍റെ മണിക്കുട്ടി …”

“നീ എതിരൊന്നും  പറയണ്ട.  അവര്‍ മണിക്കുട്ടിയെ പൊന്നുപോലെ നോക്കിക്കോളും, കേട്ടില്ലേ രണ്ടുപേരും ഡോക്ടര്‍മാരാ, അതും പോരാഞ്ഞു ഇട്ടുമൂടാന്‍  സമ്പത്തും. മണിക്കുട്ടിയുടെ കാര്യമോര്‍ത്തു  പിന്നെ വിഷമിക്കേണ്ട കാര്യമില്ല…. 

“പിന്നെ ഓടിപ്പിടിച്ചിന്നോ, നാളയോ ഒന്നും അവര്‍ കൊണ്ടുപോകില്ല ചുരുങ്ങിയത്  ഒരു അഞ്ചാറ് മാസമെങ്കിലുമെടുക്കും അതിന്റെ കാര്യങ്ങളൊക്കെ ശരിയാവാന്‍. അതുവരെ ഇടക്കിടയ്ക്ക് നീ ഓര്‍ഫണേജില്‍ പോയി അവളെ കാണുവോ, ഉമ്മ വയ്ക്കുകയോ എന്തു വേണമെങ്കിലും ചെയ്തോ. നീയിപ്പോള്‍  ഒരു തീരുമാനവും  പറയണ്ട, നന്നായി ആലോചിച്ചു  പറഞ്ഞാല്‍ മതി.”

“അമ്മേ, എനിക്കിതില്‍  ഒന്നും ആലോചിക്കാനില്ല എന്‍റെ മണിക്കുട്ടിയെ ആര്‍ക്കും കൊടുക്കാന്‍ പറ്റില്ല”
 
“അല്ല നീ ഇതെന്തോന്ന് ഭാവിച്ചോണ്ടാ, നീ പിന്നെ എങ്ങിനെ വളര്‍ത്തൂം കൊച്ചിനെ. അനാഥരല്ലാത്ത  പിള്ളേരെ അങ്ങനെ കാലാകാലം  അവിടെ നിര്‍ത്താന്‍ പറ്റൂല്ല” 

 സിസ്റ്റര്‍ സിറിലിന് കോപം വന്നു 

“അമ്മേ, എനിക്കീ ലോകത്തിലിനി മണിക്കുട്ടിയല്ലാതെ വേറെ ആരുമില്ല, എനിക്കിച്ചിരി സമയം കൂടി തന്നാല്‍ മതി, ഞാന്‍ അവളേം കൊണ്ട്  എങ്ങോട്ടെങ്കിലും പൊക്കോളാം.” 

പാത്രങ്ങളുമെടുത്ത്  നിര്‍മല അവിടെനിന്നും ഇറങ്ങിയോടി 

“ഇവളെയൊക്കെ തുണിപറിച്ചിട്ടു മൂള്ള് മുരുക്കേല്‍ കെട്ടണം”

 സിസ്റ്റര്‍. സിറിള്‍ കോപപ്പെട്ടു. 

“ആര്‍ക്കാണിവിടെ  മുരിക്കിന്‍ പത്തല്‍ വേണ്ടതെന്ന് എനിക്കറിയാം, ബെറ്റി, നീ ഇവളേം  വിളിച്ചോണ്ട്  പോ, എന്‍റെ മുന്നീന്” 


 മുന്‍പൊരിക്കലും ഉണ്ടാകാത്ത വിധത്തിലുള്ള  കനത്ത മഞ്ഞുവീഴ്ച് യായിരുന്നു ആ വര്‍ഷം ചിക്കാഗോയില്‍. കെട്ടിടങ്ങളുടെ മുകളില്‍ മഞ്ഞു കുമിഞ്ഞു കൂടി.  പല വീടുകളുടെയും മേല്‍ക്കൂര ഇടിഞ്ഞു. മേല്‍ക്കൂരയില്‍ കുമിഞ്ഞുകൂടുന്ന മഞ്ഞുനീക്കം  ചെയ്യാന്‍  തൊഴിലാളികള്‍ വന്ന ദിവസമായിരുന്നു   മിലിന്‍ഡക്കു ചെറിയ വിഷമം തോന്നിയത്.  ഡോക്ടര്‍ പറഞ്ഞ ദിവസം ആകാന്‍ ഒരാഴ്ചകൂടി വേണ്ടിയിരുന്നു.  അന്നു മഞ്ഞുനീക്കാന്‍ ആളുകള്‍ വന്നതു ഭാഗ്യമായി,  അതുകൊണ്ടു മെയിന്‍ റോഡിലേക്കിറങ്ങുന്ന ഡ്രൈവ്-വേയില്‍ ഒരാള്‍ കനത്തില്‍ കുമിഞ്ഞുകൂടിയ  മഞ്ഞുകൂടി നീക്കിക്കിട്ടി, അല്ലെങ്കില്‍ റോഡിലേക്ക് വണ്ടിയിറക്കാന്‍  പറ്റുമായിരുന്നില്ല. 

മഞ്ഞുകാലം മാറി പൂക്കാലമെത്തി.  അപ്പോഴാണ് വലിയൊരു പ്രതിസന്ധി ഡേവിഡിന്‍റെ വീടിനെ ഇളക്കിമറിച്ചത്. അവന്‍റെ അമ്മ   ആറുമാസം ഗര്‍ഭിണി ആണെന്ന വൈദ്യപരിശോധനാ റിപ്പോര്‍ട്ടായിരുന്നു അതിനു കാരണം.

ആര്‍ക്കും ഒന്നു പൊട്ടിത്തെറിക്കാന്‍ പോലുമാകാത്ത,  കനത്ത മരവിപ്പില്‍ വീടതിന്‍റെ നാവരിഞ്ഞു. നിര്‍മല മുറിക്കു പുറത്തിറങ്ങിയില്ല, എന്തു ചെയ്യണമെന്നറിയാത്ത ആധിയില്‍ വെന്തുപോയവള്‍.   ഡേവിഡും  മിലിന്‍ഡയും  ജോലിയില്‍ നിന്നും ലീവെടുത്തു വീട്ടിലിരുപ്പായി. ആനിയും സേവിയറും വിവരമറിഞ്ഞെത്തിയെങ്കിലും ഒരുത്തരവും നല്‍കാനാവാതെ  അവരും മൌനത്തിലായി. 

മിലിന്‍ഡയാണ്  പറഞ്ഞു തുടങ്ങിയത്. 

“നമ്മള്‍ ഇങ്ങിനെ ഇവിടെ ഇരുന്നിട്ട് കാര്യമുണ്ടോ? എന്തായാലും അബോര്‍ഷന്‍ നടത്താന്‍ പറ്റില്ല, ഒരു ഡോക്ടറും ചെയ്യില്ല. സൊ,  അമ്മച്ചി  ബേബിയെ ഡെലിവറി ചെയ്യട്ടെ  ബാക്കിയൊക്കെ പിന്നെനോക്കാം”
 
“നീ എന്നാ  കോപ്പാടീ പറയുന്നതു, ഇതൊന്നും നടക്കുന്ന കാര്യമല്ല.  ഈ തള്ളക്കു വയറ്റിലുണ്ടെന്നു  നാട്ടിലറിഞ്ഞാല്‍  പിന്നെ അവിടെ ജീവിക്കാന്‍ പറ്റില്ല”

“എന്നാല്‍ ഡേവിഡ് പറയൂ, ഒരു പ്രാക്ടിക്കല്‍ സൊല്യൂഷന്‍” 

ഡേവിഡിനല്ല  ആര്‍ക്കും  അതിനുത്തരം ഇല്ലാതിരുന്നു.
 
“ അമ്മച്ചി എന്നെ കെയര്‍ചെയ്തു. ഞാന്‍ അമ്മച്ചിക്ക് കെയര്‍ കൊടുത്തോളാം.  നിങ്ങള്‍ ആരും വറീഡ് ആകേണ്ട ആവശ്യമില്ല” 

നിര്‍മല പിന്നെ മുറിക്ക് പുറത്തിറങ്ങിയില്ല. ചന്ദ്രശേഖര്‍  മാഷിന്‍റെ  മകന്‍റെ വീട് ജാലകത്തിലൂടെ കാണാം,  എന്നാല്‍ അവിടെ ആളനക്കം ഉള്ളതായി കണ്ടില്ല. 

നിര്‍മല ജപമാല കയ്യിലെന്തി  പ്രാര്‍ഥനതുടങ്ങി. വ്യാകുല മാതാവിനോടു  അവള്‍ക്കൊരു പ്രാര്‍ഥനയേ ഉണ്ടായിരുന്നുള്ളൂ. പ്രസവത്തോടൊപ്പം അവളും കുഞ്ഞും മരിച്ചു പോകണമെന്ന പ്രാര്‍ത്ഥന മാത്രം.


തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോള്‍  ആരെങ്കിലും വരുമെന്ന പ്രതീക്ഷയുണ്ടായിരുന്നില്ല.  കുഞ്ഞിനുള്ള യാത്രാ രേഖകള്‍ ഇന്ത്യന്‍ എംബസ്സിയില്‍ നിന്നും കിട്ടാനുള്ള കാലതാമസം മാത്രമേ യാത്ര പുറപ്പെടാന്‍ ഉണ്ടായിരുന്നുള്ളൂ. എവിടേക്കു പോകുമെന്ന  ധാരണയുമില്ല. എയര്‍പോര്‍ട്ടില്‍ നിന്നും  പുറത്തെത്തി  ഒരു നിമിഷം എന്തു ചെയണമെന്ന്  ആലോചിച്ചു നില്‍ക്കേയാണ്, ‘എടീ, നിര്‍മലെ’  എന്നു വിളിച്ചുകൊണ്ടു  കളിക്കൂട്ടുകാരിയായിരുന്ന  സിസ്റ്റര്‍. അനുപമ  കയ്യില്‍ കയറി പ്പിടിക്കുന്നത് .

“ചേട്ടാ വണ്ടി ഇങ്ങോട്ട് എടുക്കാമോ ?”

അതവളുടെ  കൂടെ വന്ന വണ്ടിക്കാരനായിരിക്കണം, നിര്‍മല ഊഹിച്ചു.

അനുപമ എങ്ങിനെ തന്‍റെ വരവ് അറിഞ്ഞുവെന്നവള്‍ ചോദിച്ചില്ല. എല്ലാം അറിഞ്ഞുള്ള വരവെന്ന്‌  അവളുടെ മുഖം തന്നെ   വിളിച്ചു പറഞ്ഞിരുന്നു. 

                *****
ഒന്നര വര്‍ഷത്തെ ഇടവേളയ്ക്കു  ശേഷം ആ രാത്രിയില്‍ മണിക്കുട്ടി അമ്മയുടെ കൂടെ കിടന്നുറങ്ങി. ഉറക്കത്തില്‍ അവളുടെ കൈകള്‍ നിര്‍മലയുടെ മാറിടം തേടിയെത്തിയതും, പാല് വറ്റിപ്പോയ മുലകള്‍ ചുരന്നതും ഒരു സ്വപ്നമെന്നാണ് നിര്‍മ്മല കരുതിയത്‌.

നേരം വെളുത്തപ്പോള്‍ മണിക്കുട്ടിയെ എളിയിലെടുത്തു നിര്‍മല മുറിക്കു  പുറത്തിറങ്ങി.  മഠത്തിന്‍റെ  പടിയിറങ്ങേണ്ട സമയമായെന്നു നിര്‍മലയ്ക്കു  തോന്നി. ഇനിയും ഇവിടെ നിന്നാല്‍ തന്‍റെ മണിക്കുട്ടിയെ തേടി ആളുകള്‍ വീണ്ടും വരും, ഒരു നിമിഷം ധൈര്യം ചോര്‍ന്നുപോയാല്‍  അവര്‍ പറയുന്നപോലെ  ചെയ്തു പോകും, പിന്നെ ജീവിക്കാന്‍ ഒരു ആവേശവും ഉണ്ടാകില്ല. അനാഥാലയത്തില്‍  വളരാന്‍ മണിക്കുട്ടി അനാഥയുമല്ല. 

മഠത്തിന്‍റെ മുറ്റത്തുള്ള ഗ്രോട്ടോയിലെ തിരുരൂപമായ   മാതാവിന്‍റെ കയ്യിലിരിക്കുന്ന ഉണ്ണിയേശുവിനെ നോക്കി ചിരിച്ചു കൈവീശിക്കൊണ്ട് മണിക്കുട്ടി അമ്മയോട് പറഞ്ഞു, 

“ദേ.. വാവ, അമ്മേ.. ദേ.. വാവ.” 

മണിക്കുട്ടിയെയും, കയ്യിലെടുത്തു നിര്‍മല പുറത്തേക്ക് നടന്നു.  അവളുടെ  ചുവടുകള്‍ക്ക് മുന്‍പത്തേക്കാള്‍ ദൃഡതയും വേഗതയും ഉണ്ടായിരുന്നു.  അവര്‍ നടന്നു മറയുന്നതുവരെ മറിയത്തിന്‍റെ കയ്യിലിരുന്നുകൊണ്ട് ഉണ്ണിയേശു  മണിക്കുട്ടിയെതന്നെ നോക്കി ചിരിച്ചുകൊണ്ടു നിന്നു. 


                            *

Join WhatsApp News
ALEENA 2022-02-20 16:14:36
ഈ കഥയെക്കുറിച്ചു മലയാളികൾ നല്ലതു പറയാൻ സാധ്യതയില്ല, പ്രത്യേകമായി പറഞ്ഞാൽ അമേരിക്കൻ മലയാളികൾ എന്നിരുന്നാലും ഈ കഥ ഒരു ചെറിയ ന്യൂനപക്ഷത്തിന് നേരെയെങ്കിലും തിരിച്ചു പിടിച്ച കണ്ണാടിയാണെന്നത് ഒരു വസ്തുതയാണ്. ഈ കഥയിൽ ഞാൻ വായിക്കുന്നത് ഇതിലെ വസ്തുതകൾ അല്ല, ഒരു സ്ത്രീ അവളുടെ ജീവിതത്തിൽ എങ്ങിനെ അതിജീവിക്കുന്നു എന്നതാണ്. എല്ലാം നഷ്ട്ടപെട്ട നിർമല, സാധാരണ യുക്തിയിൽ അവൾ ആത്മഹത്യ ചെയ്യുകയാണ് അഭികാമ്യം എന്ന് കരുതുന്നവരുണ്ട്. എല്ലാവരും നിർമലയെ അധിക്ഷേപിക്കുമ്പോൾ അവളോട് കാരുണ്യം കാണിക്കുന്ന കുറച്ചുപേർ അവരാണ് നിർമലക്കു ജീവിക്കാനുള്ള ഉൾക്കരുത്ത് നൽകുന്നത്, കഥ പറഞ്ഞു നിർത്തുമ്പോൾ നിർമല തെരുവിൽ നിരാലംബയായി നടന്നുപോവുകയല്ല, ഉറച്ച കാൽവെപ്പോടെ പോകുന്നു, ഉണ്ണിയേശു അവളോടും കുഞ്ഞിനോടും കാരുണ്യം കാണിക്കുന്നു. ഒരു വഷളൻ പൈങ്കിളിയായി വഴുതിമാറാമായിരുന്ന കഥ വളരെ നല്ല ബാലൻസിങ്ങിൽ പറഞ്ഞിരിക്കുന്നു
Sudhir Panikkaveetil 2022-02-20 21:17:24
മാന്യമായതെന്നും സാംസ്കാരികമായതെന്നും സമൂഹം തീരുമാനിച്ച നിയമങ്ങൾ മുഴുവനായി പാലിക്കാതെ വരുമ്പോൾ അവർ പുറം തള്ളുമെന്ന ഭീതിയിൽ ആത്മഹത്യയാണ് പരിഹാരമായി എല്ലാവരും കരുതുന്നത്. അതിജീവനം വളരെ ബുദ്ധിമുട്ടുള്ള സംഗതിയാണ്. ശ്രീ ജോസഫിന്റെ കഥാനായിക ജീവിതവീഥിയിലേക്ക് നടക്കുന്നു. ഉണ്ണിയേശു അവളോട് പറയുന്നുണ്ടാകും ഇടയകന്യകേ..പോകുക നീ.. തെറ്റെന്നു സമുദായം വിധിക്കുന്ന പ്രവർത്തി സ്ത്രീക്ക് തനിയെ ചെയ്യാൻ കഴിയില്ല. എന്നാൽ ശിക്ഷ അവൾ തന്നെ ഏറ്റു വാങ്ങുന്നു. അതിനെതിരായി അവൾക്ക് ശക്തി പകർന്നുകൊടുക്കുന്ന മറ്റൊരു ജീവിത വേദിയിലേക്ക് അവളെ നയിക്കുന്നു കഥാകൃത്ത്.
Sree 2022-02-21 06:03:43
👌🏻
പുറം ചൊറിച്ചില്‍ 2022-02-21 13:25:23
കഥകള്‍ പറയുകയല്ല കാണിക്കുകയാണ് ( not just telling but showing ) എന്നതാണ് ആധുനിക കഥാ രീതി. വാക്കുകളുടെ കസര്‍ത്തുകള്‍ എല്ലാം പഴയ കാല സിനിമാ ക്ലൈമാക്സ്‌ പോലെയാണ്, വില്ലനെ കീഴ്പ്പെടുത്തി നായകന്‍ ഒരു അഞ്ചു മിനുട്ട് ഡയലോഗ് പറയും. പക്ഷെ ഇംഗ്ലീഷ് സിനിമകളില്‍ അന്നും വലിയ വര്‍ത്തമാനം ഇല്ല ഒന്നര മണിക്കൂര്‍ കൊണ്ട് അവര്‍ ഒരു ഒന്നൊന്നര സിനിമ പറയും, ഇന്ത്യന്‍ സിനിമ മൂന്ന് മണിക്കൂര്‍ കൊണ്ട് ഒരു മുക്കാല്‍ സിനിമ പറയും, സാഹിത്യവും ഇപ്പോഴും വലിയ മാറ്റമൊന്നും വന്നിട്ടില്ല. ഒരു ചെറുകഥ മനസ്സില്‍ തട്ടുക എന്നത് അതിലെ കഥ വായനക്കാരന് ദൃശ്യം എന്നപോലെ മനസില്‍ കാണാന്‍ കഴിയുംബോളാണ്, വെറുതെയുള്ള ആ നിലയില്‍ ഈ കഥ ഒരു നല്ല അനുഭവമാണ്‌ എന്ന് മാത്രമല്ല കഥയുടെ ആഖ്യാന രീതി വളരെ മികച്ചതാണ്. നിങ്ങള്‍ ഇത് വായിച്ചു നോക്കുക , നിങ്ങള്‍ക്ക്‌ അങ്ങിനെ തോന്നുന്നെങ്കില്‍ അഭിപ്രായം പറയുക , വായിക്കാതെ പുറം ചൊറിയല്‍ എന്ന് പറഞ്ഞു വരരുത്. നല്ലത് കണ്ടാല്‍ നല്ലതെന്ന് പറയാന്‍ തോന്നുക എന്നത് നല്ലൊരു മനസിനെ കഴിയൂ
മാർക്കറ്റിങ്ങ് 2022-02-21 14:08:27
നല്ല മാർക്കറ്റിങ്ങ്!
sabu mathew 2022-02-21 15:25:25
"നല്ല മാർക്കറ്റിങ്ങു" താങ്കൾ ഒരു കഥയെഴുത്ത് കരാണെന്നു മനസ്സിലായി. നല്ലകഥകൾ എഴുതി ഇവിടെ ഇടൂ ഇതുപോലെ മാർക്കറ്റിങ് നിങ്ങൾക്കും കിട്ടും
സാബു മാത്യു 2022-02-21 16:09:45
ഒരു കഥ നന്നെന്നു ആരെങ്കിലും പറഞ്ഞാല്‍ അതിനെ "മാര്‍ക്കെറ്റിംഗ് " എന്നൊക്കെ പറഞ്ഞു പരിഹസിക്കുന്നവര്‍ പറയണം, എന്ത് കൊണ്ടാണ് ഒരു കഥ മോശം ആകുന്നതെന്ന്. അതിനെയാണ് സാഹിത്യ വിമര്‍ശനം എന്ന് പറയുന്നത്. നിര്‍മല എന്ന കഥ ഇഷ്ട്ടമായവര്‍ എന്തുകൊണ്ട് അവ്ര്‍ക്കിഷ്ട്ടമായി എന്ന് പറഞ്ഞിട്ടുണ്ട് , അതുപോലെ ആക്ഷേപിക്കുന്നവര്‍ അവര്‍ കാര്യകാരണം സഹിതം പറയണം. പേര് വച്ചു പറയാന്‍ ആത്മവിശ്വാസം ഉണ്ടെങ്കില്‍ പേരുവച്ച് തന്നെ പറയണം. ഈ കഥ അതിന്റെ ആശയത്തില്‍ വലിയ പുതുമ ഒന്നും ഇല്ലെങ്കിലും അതിന്റെ ആഖ്യാന ചാരുതായാല്‍ പൈങ്കിളി എന്ന കുരിക്കില്‍ പെടാതെ നല്ലൊരു കഥനമായി മാറി. വ്യഭിചാരം എന്ന പാപത്തിനു ആധുനികലോകത്തില്‍ അത്രവലിയ പ്രസക്തിയില്ല. ഒരാള്‍ സ്വന്തം ഭാര്യയെ നിരന്തരമായി അവഗണിക്കുകയും അതേ സമയം മറ്റൊരാള്‍ അവളെ പരിഗണിക്കുകയും ചെയ്യുമ്പോള്‍ പുരാതന പാപ സങ്കല്പങ്ങള്‍ ഇല്ലാതാകുന്നു. നല്ലൊരു സ്ത്രീപക്ഷ രചന കൂടിയാണ് , ഇവിടെ ആരും ജീവിതം അവസാനിപ്പിക്കുന്നില്ല, കരുണാമയനായ യേശു അവരുടെ യാത്രയെ നോക്കി പുഞ്ചിരിയോടെ നില്‍ക്കുന്നിടത്ത് കഥ അവസാനിക്കുന്നു. ഈ കഥയില്‍ പോരായ്മകള്‍ ഉണ്ടാകാം എന്നിലെ വായനക്കാരന്‍ പക്ഷെ സന്തുഷ്ട്ടനാണ്, വായനക്കായി ചിലവഴിച്ച സമയം നഷ്ട്ടമായില്ല. ഇനി വിമര്‍ശനം ഉള്ളവര്‍ പറയൂ, പ്രതേകിച്ചു ഒളിഞ്ഞിരുന്നു വാണം വിടുന്ന എഴുത്തുകാര്‍, അല്ലെങ്കില്‍ ഇതിലും നല്ലതെന്ന് പറയാവുന്നത് എഴുതികാണിക്കൂ എങ്കില്‍ നിങ്ങളെ മാര്‍ക്കെറ്റ് ചെയ്യാന്‍ ഞാന്‍ മുന്‍പില്‍ ഉണ്ടാകും . മാര്‍ക്കറ്റിനു ഒരു സ്വാഭാവമുണ്ട് ഗുണമുള്ളതു മാത്രമേ ജനം വീണ്ടും വന്നു ചോദിച്ചു വാങ്ങുകയുള്ളൂ
Joseph Abraham 2022-02-22 01:15:51
Thank you, everyone, for your kind reading and comments. Like somebody sarcastically commented, good comments are an excellent marketing promo for the product. I am happy to see that there are some esteemed readers like Aleena, Sudhir Sir, Sabu Mathew, and another reader under the disguised name of Marketing.
സീമ. പി 2022-02-25 05:05:16
നല്ല കഥ ആശംസകൾ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക