Image

സ്നേഹത്തിന്റെ മഞ്ഞുമലകൾ (ശാന്തിനി ടോമിന്റെ ‘അന്നൊരു മഞ്ഞുകാലത്ത്’- നോവൽ വായനാനുഭവം) : ഡോ. കുഞ്ഞമ്മ ജോർജ്ജ്

Published on 28 February, 2022
സ്നേഹത്തിന്റെ മഞ്ഞുമലകൾ  (ശാന്തിനി ടോമിന്റെ ‘അന്നൊരു മഞ്ഞുകാലത്ത്’- നോവൽ വായനാനുഭവം) : ഡോ. കുഞ്ഞമ്മ ജോർജ്ജ്

“Happy families are all alike, every unhappy family is unhappy in its own way” – Leo Tolstoy (Anna Kareneena).

ലോകസാഹിത്യത്തിൽ ഇത്തരം വിഖ്യാതപ്രാരംഭവരികൾ കൊണ്ടറിയപ്പെടുന്ന അനേകം ഗ്രന്ഥങ്ങളുണ്ട് . “Call me Ishmael”   എന്നാണ് കടലാഴങ്ങളുടെ ദുരന്തകഥ പറയുന്ന Herman Melville-യുടെ Moby Dick എന്ന സാഹസികനോവൽ ആരംഭിക്കുന്നത്. ഇങ്ങനെ തിരഞ്ഞാൽ ധാരാളം അനന്യങ്ങളായ പ്രാരംഭവരികൾ ലോകസാഹിത്യത്തിലെ ക്ളാസിക്കുകളിൽ കാണാമെങ്കിലും  ടോൾസ്റ്റോയിയുടെ ഈ വരികളുടെ അത്രയും ചിരപ്രതിഷ്ഠ നേടിയ മറ്റൊന്ന് കണ്ടേക്കില്ല.
 
ഒരു കുടുംബത്തിലെ ഒരാളുടെ ജീവിത താളപ്പിഴകൾ എങ്ങനെയെല്ലാം ആ കുടുംബത്തിലെ മറ്റംഗങ്ങളെക്കൂടി ബാധിക്കുന്നു, ഉലയ്ക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് അന്ന കരേനീന. ശാന്തിനി ടോമിന്റെ ‘അന്നൊരു മഞ്ഞുകാലത്ത്’ എന്ന പുതിയ പുസ്തകത്തിനും ഈ പ്രസ്താവന നന്നായി ചേർന്നു പോകുന്നുണ്ട്. ഈ നോവൽ വായിച്ചുപോകവേ അന്നാ കരേനീനയെ ഓർക്കാതിരിക്കാനാവില്ല.  അന്ന വീടുവിട്ടിറങ്ങിപ്പോകാനും ആത്മഹത്യചെയ്യാനും പ്രേരകമായ കാരണങ്ങളേയല്ല ഈ നോവലിലെ നായികമാരായ അനുപ്രിയയും കല്യാണി സെന്നും വീടുപേക്ഷിച്ചു പോകുവാനുള്ള പശ്ചാത്തലം എന്നിരുന്നാലും കാരണങ്ങളുടെ ഗതി ഏതാണ്ട് സമമാണ്.
 
സ്നേഹമാണ് ജീവനെ പറത്തിക്കളയാത്ത ഏറ്റവും വന്യമായ കാറ്റ്.
കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കിടയിലും, പ്രത്യേകിച്ചും ഭാര്യാഭർത്തൃബന്ധത്തിൽ, ഉണ്ടായിരിക്കേണ്ട പരസ്പരസ്നേഹം, ധാരണ, ബഹുമാനം, വിശ്വാസം എന്നിവയൊക്കെയാണ് ഈ നോവൽ മുന്നോട്ട് വയ്ക്കുന്നപ്രമേയങ്ങൾ. അപരനോടുള്ള മതിപ്പും കരുതലുമാണ് സ്നേഹത്തിന്റെ കാതൽ. ‘Like the teacher is the student’ എന്നൊരു ചൊല്ലുണ്ട്. നല്ല ബലവത്തായ ഭാര്യാഭർത്തൃബന്ധത്തിലെ കുട്ടികൾക്കേ ഭാവിയിൽ സന്തോഷകരമായ ഒരുബന്ധത്തിൽ തുടരാനാകൂ.
 
കുടുംബം സമൂഹത്തിലെ ഏറ്റവും ചെറിയ യൂണീറ്റ് ആണ്. കുടുംബബന്ധങ്ങളിൽ കൊടികുത്തിവാഴുന്ന കാപട്യം, അസൂയ, അവിശ്വസ്തത, സ്നേഹരാഹിത്യം ഇവയ്ക്കെല്ലാം എതിരെ ഈ നോവൽ വിരൽ ചൂണ്ടുന്നുണ്ട്. കൂടെ  മനുഷ്യമനസുകളിലെ അദമ്യമായ ആഗ്രഹങ്ങൾ, അഭിനിവേശങ്ങൾ, മാനസിക, ശാരീരിക വികാരങ്ങൾ ഇവയൊക്കെ എത്രത്തോളം പരിഗണിയ്ക്കപ്പെടേണ്ടതാണെന്ന മുന്നറിയിപ്പും നൽകുന്നു. എങ്കിലും നോവലിസ്റ്റ് ഏറ്റവും അധികം വിലപിയ്ക്കുന്നത് പിരിഞ്ഞുജീവിക്കുന്ന മാതാപിതാക്കളുടെ കുട്ടികൾ അനുഭവിക്കേണ്ടിവരുന്ന അന്തർമുഖത്വം, നിസ്സഹായത, പലതരം മാനസികവൈകല്യങ്ങൾ,  OCD പോലെയുള്ള Personality disorders എന്നിവയെച്ചൊല്ലിയാണ്. നമ്മുടെ കാലഘട്ടത്തിന്റെ തീവ്രദുര്യോഗങ്ങളാണ് ഇത്തരം ബാല്യങ്ങൾ. ജീവിതത്തിലെ ഏറ്റവും സുന്ദരമായ അവസ്ഥ സ്നേഹിക്കുന്നതും സ്നേഹിക്കപ്പെടുന്നതുമാണ്. പലരുടേയും സ്നേഹത്തെക്കുറിച്ചുള്ള സങ്കല്പങ്ങൾ വേറിട്ടതാകാം. ‘I can be happy in which you may not be’-  ഒരു demand-supply imbalance  ആണ് ഏതൊരു ഭാര്യാഭർത്ത്യബന്ധത്തിലും കാണാൻ കഴിയുന്ന പ്രധാന പ്രശ്നം. കുടുംബബന്ധങ്ങൾ എങ്ങനെയാണ് അരാജകത്വത്തിലേക്ക് പോകുന്നത്, എന്തുകൊണ്ടാണ് കുടുംബങ്ങളിൽ ഒരു വീണ്ടെടുപ്പ് അത്യാവശ്യമാവുന്നത് എന്നൊക്കെയുള്ള എഴുത്തുകാരിയുടെ ഒരു Re-analysis ആണ് ഈ നോവലിന്റെ കാതലായ അംശം.
 
ഒരു flashback-ലൂടെയാണ് കഥ വിരിഞ്ഞുവരുന്നത് എന്ന് വായനയ്ക്കിടയിലോ ഒടുവിലോ മാത്രം നാം തിരിച്ചറിയുന്നു. മൂന്നരവയസുകാരൻ ഇഷാനെയും കൂട്ടി ഇരുപത്തിമൂന്ന് വർഷംമുൻപ് അമ്മ കല്യാണി പ്രൊഫസർ രാമനാഥന്റ്റെ ജീവിതത്തിൽ നിന്നും ഇറങ്ങിപ്പോവുന്നു. അച്ഛനും കൂട്ടുകാരനുമൊക്കെയായ റാമില്ലാത്ത ജീവിതം ഇഷാനെ അന്തർമുഖനും സ്വഭാവവൈകല്യമുള്ളവനുമാക്കുന്നു. ഒരു സാധാരണ വിവാഹജീവിതം സാധ്യമല്ലാത്തിടത്തോളം അവന്റെ personality disorder വളർന്ന് വലുതാവുന്നുണ്ട്. ഇഷാന്റെ സ്വഭാവവൈകല്യം മനസിലാക്കി വീടുവിട്ടിറങ്ങിയ ഭാര്യ അനുപ്രിയ അവനിലേക്കൊരു മടക്കയാത്ര ഉണ്ടാവണമെങ്കിൽ അവന്റെ ബാല്യത്തിലേക്കുള്ള നടപ്പാതകൾ അറിയണമെന്ന് തീരുമാനിക്കുന്നു. അതിൻപ്രകാരം ഇഷാൻ പഠിച്ച സ്‌കൂളിലേക്കാണ് അവൾ പോവുന്നത്.  അവിടെ ചൈൽഡ് സൈക്കോളജിസ്റ് ആയിരുന്ന ശിവാനി ഒബ്‌റോയിയുടെ ഡയറിക്കുറിപ്പുകളിൽ അവൾ മറ്റൊരു  ഇഷാനെയാണ് കണ്ടുമുട്ടുന്നത്.
 
ചെന്നൈയും ഡൽഹിയും ന്യൂയോർക്കുമൊക്കെ പശ്ചാത്തലമായാണ് ഈ കഥ വിടരുന്നത്. narration-നു അധികം സാധ്യതയില്ലാത്ത ഒരു കഥയാണെങ്കിൽപ്പോലും പരിസരങ്ങളും വ്യക്തികളും എഴുത്തുകാരിയുടെ വീക്ഷണത്തിനു നന്നായി വിധേയമാകുന്നുണ്ട്. ഒരു കഥ മെനയുന്നതിലുപരി ഈ കഥയുടെ സാധ്യതകൾ നല്ലൊരളവിൽ കുടുംബപശ്ചാത്തലത്തിൽ വിശകലനം ചെയ്യപ്പെടുന്നുണ്ട്.  സന്തോഷം, എനിക്കും-നിനക്കും-എല്ലാവർക്കും- അത് സാധ്യമാക്കാനുള്ള ഓരോ ദമ്പതികളുടെയും കടമയാണ് മറ്റൊരു കഥാധർമ്മം. സ്നേഹത്തിനുവേണ്ടി ദാഹിക്കുന്ന മനസിന്റെ നോവും കടന്നുപോയ തീച്ചൂളയിലെ വേവും അത്രമാത്രം തീവ്രതയോടെ വരച്ചിടുന്നുണ്ട് നോവലിസ്റ്റ്. കുടുംബവ്യവസ്ഥയിൽ വീഴുന്ന ഓരോ വിള്ളലുകളും നമ്മുടെ കുഞ്ഞുങ്ങളുടെ വിധിയെ കൂടുതൽ കഠിനമാക്കുന്നു.

ഈ നോവൽ വായിച്ചുപോവുമ്പോൾ ഒരു വായനക്കാരി എന്ന നിലയിൽ ഓർമയിൽ കടന്നുവരുന്ന പലപുസ്തകങ്ങളുമുണ്ട്. Henrik Ibsen-ന്റെ “Dolls House” എന്ന നാടകത്തിലെ നായിക നോറയുടെ വാതിൽകൊട്ടിയടച്ചുകൊണ്ടുള്ള ഇറങ്ങിപ്പോക്ക്. ആ മുഴക്കം മാത്രമല്ല നോറയുടെ മെതിയടി ശബ്ദം പോലും എന്നെ വല്ലാതെ ഹോണ്ട് ചെയ്യുന്നുണ്ട്.

ടോൾസ്റ്റോയ്-യുടെ അന്നയ്ക്കും ഇബ്‌സൻ-ന്റെ നോറയ്ക്കും വീടുവിട്ടിറങ്ങിപ്പോകുവാനുള്ള സാഹചര്യങ്ങളും കാരണങ്ങളും വളരെ സങ്കീർണങ്ങളായിരുന്നു. എന്നാൽ വെറും നിസ്സാരമെന്നു തോന്നിക്കുന്ന കാരണങ്ങൾക്കുമേലെയാണ് മൂന്നര വയസുകാരൻ ഇഷാനെയുമെടുത്തു കല്യാണിയും വെറും മൂന്നുമാസത്തെ ദാമ്പത്യമുപേക്ഷിച്ച് അനുപ്രിയയും  വീടുവിട്ടിറങ്ങുന്നത് എന്ന് തോന്നുമെങ്കിലും സ്നേഹബന്ധത്തിൽ അസഹനീയമായത് അവഗണയും മനോവ്യഥയുമാണെന്ന് കഥാകൃത്ത് നമ്മെ ഓർമ്മിപ്പിക്കുന്നു.
 
ഒരു പരിണയത്തിൽ നമ്മൾ തിരയുന്നതെന്താണ്? ജീവിത സുരക്ഷിതത്വം, മമതയുടെ ശമനം, പേരിന്റെ പിന്തുടർച്ച, അതോ ആദി ദുഖമായ ഏകാന്തതയ്ക്ക് അവസാനത്തോളം കൂട്ടായി മാറുക എന്നതോ!! (ബോബി ജോസ് കട്ടികാട്- ചില്ല്). സ്വർഗ്ഗതുല്യമാക്കാമായിരുന്ന വീട്ടകങ്ങളെ നരകതുല്യമാക്കുന്ന കുറേപേരുണ്ടിതിൽ. അവരുടെയൊക്കെ തിരിച്ചറിവുകളുടെയും മടങ്ങിവരലിന്റെയും കഥ കൂടിയാണീ പുസ്തകം. നിറയെ കുറ്റസമ്മതങ്ങളും കുമ്പസാരങ്ങളുമുണ്ടിതിൽ. വീടിന്റെ ഇടനാഴിയിൽ സ്നേഹം നിറച്ചൊഴിച്ചു തിരികൊളുത്തിയ തൂക്കുവിളക്കുകൾ കൂടി നാം ഇടേണ്ടതുണ്ട്.
 
ഒരു ബന്ധവും അറ്റുപോവരുതേ എന്നൊരു പ്രാർത്ഥന ഈ കഥയിലുടനീളമുണ്ട്. കുഞ്ഞുങ്ങളെ പൂ പോലെ കരുതണമെന്നൊരു അപേക്ഷയും. എന്തിനുമേതിനും വീടുവിട്ടിറങ്ങുന്ന ദമ്പതികളെപ്രതി കഥാകാരിയ്ക്ക് ഉത്കണ്ഠയുണ്ട്, ആശങ്കയുണ്ട്, ആകുലതകളുണ്ട്. അനുവിന്റെയും ഇഷാന്റെയും കഥ ഒറ്റപ്പെട്ടതല്ലെന്നും നാം വായിച്ചെടുക്കേണ്ടതുണ്ട്.
 
സമ്പാദിക്കാൻ ശ്രമിക്കാതെ ഭാര്യമാരെ ആശ്രയിച്ചു കഴിഞ്ഞുകൂടുന്ന ഭർത്താക്കന്മാർ കൂടിവരുന്ന ഇക്കാലത്ത്  കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളെ നിസ്സാരമായി കാണരുതെന്നൊരു അഭിപ്രായം എനിക്ക് സ്വന്തമായുണ്ട്. കഥാകാരി പ്രൊഫ. രാമനാഥന്റെ പക്ഷം പിടിക്കുന്നത് ഇഷാൻ എന്ന കുഞ്ഞിനെക്കരുതിയാണെന്നെനിക്കറിയാം. "ഒരു ബന്ധംതുടങ്ങുന്ന അനായാസതയോടെ അതവസാനിപ്പിക്കാൻ കഴിയില്ല" എന്ന വാചകം ഇവിടെ ഓർക്കുന്നു. ശാന്തിനിക്കും മഞ്ഞുകാലത്തിനും എല്ലാവിധ ഭാവുകങ്ങളും നേർന്നുകൊണ്ട്,
 
സ്നേഹപൂർവ്വം,

ഡോ. കുഞ്ഞമ്മ ജോർജ്ജ്

സ്നേഹത്തിന്റെ മഞ്ഞുമലകൾ  (ശാന്തിനി ടോമിന്റെ ‘അന്നൊരു മഞ്ഞുകാലത്ത്’- നോവൽ വായനാനുഭവം) : ഡോ. കുഞ്ഞമ്മ ജോർജ്ജ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക