Image

ഏതു നായക്കും ഒരു ദിവസമുണ്ട്.... (വീക്ഷണം-സുധീർ പണിക്കവീട്ടിൽ)

Published on 05 March, 2022
ഏതു നായക്കും ഒരു ദിവസമുണ്ട്.... (വീക്ഷണം-സുധീർ പണിക്കവീട്ടിൽ)

റഷ്യ-ഉക്രൈൻ യുദ്ധം ലോകമെമ്പാടുമുള്ള മനുഷ്യരെ ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുമ്പോൾ ഒരു മൃഗമായ നായയ്ക്ക് പേരും പ്രാധ്യാന്യവും ലഭിക്കുന്നത് ശ്രദ്ധേയമാണ്. ഉക്രൈനിൽ പഠിക്കുന്ന ഒരു മെഡിക്കൽ വിദ്യാർത്ഥിനി അവളുടെ വളർത്തു നായയെ വിട്ടുപോരാൻ വിസമ്മതിക്കുകയും മൃഗസ്നേഹികൾ ഒച്ചവച്ച് നായയെ കൂട്ടികൊണ്ടു വരാൻ സമ്മതിക്കുകയും ചെയ്ത വാർത്ത മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. നായ മനുഷ്യന്റെ വിശ്വസ്തനായ ചങ്ങാതിയാണ്. നായയാണ് യഥാർത്ഥ തത്വചിന്തകൻ എന്ന് സോക്രട്ടീസ് അഭിപ്രായപ്പെടുന്നു. കാരണം നായക്ക് ശത്രുവാര്, മിത്രാമാര് എന്ന് തിരിച്ചറിയാനുള്ള കഴിവുണ്ടത്രേ. ഹോമറിന്റെ ഒഡിസിയിൽ ഇരുപത് വർഷത്തിന് ശേഷം തിരിച്ചെത്തുന്ന ഒഡിസിസിനെ അദ്ദേഹത്തിന്റെ ഭാര്യ പെനെലോപിനെ കെട്ടാൻ കൊതിച്ച് കാത്തിരിക്കുന്നവർ തിരിച്ചറിയാൻ  കൂട്ടാക്കുന്നില്ല. പക്ഷെ അദ്ദേഹത്തിന്റെ നായ വാലാട്ടിക്കൊണ്ട് തന്റെ  യജമാനനെ തിരിച്ചറിയുന്നു. എന്നാൽ തന്നെ തിരിച്ചറിഞ്ഞാൽ അപകരമാകുമെന്നു മനസ്സിലാക്കുന്ന ഒഡിസ്സിസ്സ് നായയെ അവഗണിക്കുന്നു. യജമാനൻ അവഗണിച്ചാലും സ്നേഹിച്ചാലും നായയ്ക്കുള്ള സ്നേഹത്തിനു കുറവോ മാറ്റമോ വരുന്നില്ല. 
ഉക്രൈനിൽ പഠിച്ചിരുന്ന പെൺകുട്ടി മഹാഭാരതത്തിലെ ധർമപുത്രനെപ്പോലെ പെരുമാറിയതായി കാണാം. ചുറ്റിലുമുള്ളവർ ജീവനും കൊണ്ടും ഓടുമ്പോൾ മിണ്ടാപ്രാണിയായ തന്റെ വളർത്തു നായയെ യുദ്ധഭൂമിയിൽ ഉപേക്ഷിച്ച് പോരിക. അതിനു കഴിയാതെ അവർ വാശി പിടിച്ചു.എത്ര കരുണാർദ്രമായ ഹൃദയം. അവളെ കെട്ടുന്നവൻ ആയിരിക്കും ഭാഗ്യവാനായ ഭർത്താവ്. ധർമ്മപുത്രൻ വളരെ പുണ്യങ്ങൾ ചെയ്തതുകൊണ്ട് സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുന്നതിനുമുമ്പ് ഒരു പരീക്ഷണം കൂടി നടത്തിയതാണത്രേ ആ നായകഥ. മഹാഭാരതം തുറന്ന മനസ്സോടെ വായിക്കുന്ന ഒരാൾക്കും ധർമ്മപുത്രർ  ഒരു നല്ല വ്യക്തിയാണെന്ന് തോന്നാൻ വഴിയില്ല. സ്വന്തം അനിയൻ അയാളുടെ കഴിവുകൊണ്ട് നേടിയ ഭാര്യയെ മുട്ടുന്യായം പറഞ്ഞു തന്റെ കൂടെ ഭാര്യയാക്കിയ ഒരു വ്യക്തിയെ  എങ്ങനെ ജനം ആരാധിക്കുന്നുവെന്നത് അത്ഭുതം തന്നെ. പക്ഷെ അദ്ദേഹം കൂടെ വന്ന നായക്ക് വേണ്ടി സ്വർഗ്ഗം നിരസിച്ചു. അതൊരു വലിയ മാഹാത്മ്യം തന്നെ. 


നമ്മുടെ സമൂഹത്തിൽ പുരാണ കഥകൾക്ക് വലിയ സ്വാധീനമുണ്ട്. അതുകൊണ്ട് പാവം ജന്തുക്കളും പാവം മനുഷ്യരും രക്ഷപ്പെടുന്നുമുണ്ട്. നമ്മുടെ ദൈനദിനം ജീവിതത്തിൽ പല സംഭവങ്ങളും ഉണ്ടാകുമ്പോൾ നമ്മൾ അതെല്ലാം പുരാണങ്ങളും മതങ്ങളിൽ പറയുന്ന തത്വങ്ങളുമായി ചേർത്ത് പരിശോധിക്കുന്നു. ഒരു പക്ഷെ ഈ നായ ദൈവീകത്വമുള്ളതാണോ. ധർമപുത്രരുടെ കൂടെ കൂടിയ നായ സാധാരണ നായയല്ലായിരുന്നു. അത് യമദേവന്റെ മായാരൂപമായിരുന്നു.  ഈ ലേഖകന്റെ കാഴ്ച്ചപ്പാടിൽ നായ പറഞ്ഞുകാണും. ആർക്കു വേണം നിന്റെയൊക്കെ സ്വർഗ്ഗം ഞാൻ വേഷം മാറി വന്ന യമനാണെന്നു. മതങ്ങൾ ചെയ്യുന്നത് ഓരോ കഥകൾ പറഞ്ഞു മനുഷ്യരെ ഭയപ്പെടുത്തുക മാത്രമാണ്. എന്നിട്ട് ഒരു ഉപദേശവും ദേ ഇതിൽ പറയുന്നപോലെ ചെയ്‌താൽ നിങ്ങൾക്ക് സ്വർഗ്ഗം. "മാർക്കറ്റിങ്" പഠിക്കുന്ന വിദ്യാർത്ഥികൾ ഉപയോഗിക്കുന്ന ഒരു തന്ത്രം ഉണ്ട്. അവരുടെ ഉപഭോക്താക്കളെ ബോധ്യപ്പെട്ടുത്താൻ ബുദ്ധിമുട്ടാണെന്നുകണ്ടാൽ അവരെ കുഴപ്പത്തിലാക്കുക. മതങ്ങളും പുരാണങ്ങളും ചെയ്യുന്നത് അത് തന്നെ. മനുഷ്യരെ കുഴപ്പത്തിലാക്കുക. അവന്റെ ചിന്താശക്തിയെ കടിഞ്ഞാണിടുക. അതിനായി ഭയപ്പെടുത്തുക.
ഒരു യൂറോപ്യൻ നാടോടി കഥ കേട്ടിട്ടുണ്ട്. യേശുദേവൻ ഒരു യാചകരൂപം സ്വീകരിച്ച് ഗ്രാമങ്ങളിൽ സഞ്ചരിച്ച് ആളുകളോട് ഭക്ഷണവും സഹായവും തേടി. പക്ഷെ എല്ലാവരും അദ്ദേഹത്തെ ആട്ടിയോടിച്ചു. ഈ കഥ അറിയുന്ന ഈശ്വരവിശ്വാസമുള്ള ഒരാൾ നിസ്സഹായാവസ്ഥയിൽ ആരെ കണ്ടാലും അത് യേശുദേവനാണോ എന്ന് ചിന്തിക്കും. അങ്ങനെ ഒരു ഈശ്വരവിശ്വാസി  ന്യയോർക്കിലെ മഞ്ഞുകാലത്ത് മൻഹാട്ടനിലെ ആളൊഴിഞ്ഞ ഒരു നിരത്തിലൂടെ നടക്കുമ്പോൾ തെരുവോരത്ത് തണുത്ത് വിറങ്ങലിച്ച് ഒരു മനുഷ്യൻ കിടക്കുന്നതു കണ്ടു.. ഈശ്വരവിശ്വാസി തന്റെ കോട്ടു ഊരി അയാളെ പുതപ്പിച്ച്. ഡങ്കിൻ  ഡോണറ്റിൽ നിന്നും വാങ്ങിയ ചൂടുള്ള കോഫി അയാളുടെ അരികിൽ വച്ച് തിരിഞ്ഞു നടക്കാൻ തുടങ്ങവേ വിറങ്ങലിച്ച് കിടന്നവൻ ഊർജ്വസലനായി (ഡങ്കിൻ ഡോണറ്റ് കോഫിയുടെ വീര്യമായിരിക്കാം) നന്മ ചെയ്തവനെ പുറകിൽ കൂടി പോയി പിടിച്ച് താഴെയിട്ട അയാളുടെ വാലറ്റ് തട്ടിപ്പറിച്ച് അയാൾക്ക് നാല് പുസും കൊടുത്ത് അപ്രത്യക്ഷനായി.
മത്തായീടെ സുവിശേഷം അദ്ധ്യായം 25 - വാക്യങ്ങൾ 42 എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നില്ല; ദാഹിച്ചു, നിങ്ങൾ കുടിപ്പാൻ തന്നില്ല.43 അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടില്ല; നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചില്ല; രോഗിയും തടവിലും ആയിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നില്ല എന്നു അരുളിച്ചെയ്യും. 44 അതിന്നു അവർ: കർത്താവേ, ഞങ്ങൾ നിന്നെ വിശക്കുന്നവനോ ദാഹിക്കുന്നവനോ അതിഥിയോ നഗ്നനോ രോഗിയോ തടവിലോ ആയി എപ്പോൾ കണ്ടു നിനക്കു ശുശ്രൂഷ ചെയ്യാതിരുന്നു എന്നു ഉത്തരം പറയും. അവൻ അവരോടു:45 ഈ ഏറ്റവും ചെറിവരിൽ ഒരുത്തന്നു നിങ്ങൾ ചെയ്യാഞ്ഞേടത്തോളമെല്ലാം എനിക്കു ആകുന്നു ചെയ്യാഞ്ഞതു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു ഉത്തരം അരുളും.” തട്ടിപ്പുകാർ ഇതും അവർക്ക് പ്രയോജനകരമായി ഉപയോഗിക്കുന്നു.
ജനങ്ങൾ പരിഭ്രാന്തരായി ജീവനും കൊണ്ട് ഓടുമ്പോൾ ധനികയായ ഒരു പെൺകുട്ടി അവളുടെ ആഡംബരത്തിനായി വാങ്ങിയ നായയെ വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന് നിർബന്ധിക്കുന്നത് ആ കുട്ടിയുടെ വിശ്വാസങ്ങളാണ്. അതിനു ആ കുട്ടിയെ ആർക്കും കുറ്റപ്പെടുത്താനാവില്ല. നായയെ ഒറ്റക്ക് വിട്ടുപോയാൽ ഈ മിണ്ടാപ്രാണി എന്ത് ചെയ്യും. ആർ ഇതിനെ പരിപാലിക്കും. ഇതേപോലെ ആ കുട്ടിക്ക് ചുറ്റുമുള്ള അനവധി മനുഷ്യജീവിതങ്ങൾ അവരുടെ ജീവിതത്തെപ്പറ്റി ആശങ്കാകുലരാണെന്നും ദയാപരരായ ഹൃദയമുള്ളവർ ചിന്തിക്കുന്നത് നല്ലത്.
പക്ഷെ മൃഗങ്ങൾക്ക് വേണ്ടി സ്വയം ജീവൻ നഷ്ടപ്പെടുത്തിയ കഥകൾ ഉണ്ട് പുരാണങ്ങളിൽ. അതുപ്രകാരം ഇന്നത്തെ മനുഷ്യർ ജീവിക്കാൻ തുടങ്ങിയാൽ അത് സമൂഹത്തിനു തന്നെ ഹാനികരമാണ്. എന്നാണു മനുഷ്യർ അന്ധവിശ്വാസങ്ങളിൽ നിന്നും രക്ഷപ്പെടുക. നമ്മുടെ നാട്ടുകാരേക്കാൾ വിദേശികൾക്കാണ് മൃഗസ്നേഹം. അതുകൊണ്ട് നായയെ ഉക്രയിനിൽ ഉപേക്ഷിച്ചു പോകേണ്ടി വന്നാലും നായയെ ആ നാട്ടുകാർ സ്നേഹിക്കയും പരിപാലിക്കുകയും ചെയ്യും. എന്നാൽ ഒരു മനുഷ്യജീവിതം നഷ്ടപ്പെടുകയാണെങ്കിൽ അത് പിന്നെ തിരിച്ച് കിട്ടുക സാധ്യമല്ലല്ലോ. ഏത് നായക്കും ഒരു ദിവസമുണ്ടെന്നു പറയുന്നത് നായയെ ഉദ്ദേശിച്ചല്ല. പ്രതീക്ഷകൾ നഷ്ടപ്പെട്ട മനുഷ്യനെ ഉത്സാഹിപ്പിക്കാൻ പറയുന്ന ഒരു വാചകം മാത്രം. ചിലപ്പോൾ അത് നായ്ക്കൾക്കും ബാധകമാകും. ഉക്രൈനിലെ ഒരു നായക്ക് പുരാണ ഭാരതത്തിലേക്ക് ഒരു ഫ്രീ റൈഡ്. പിന്നെ മലയാളം പഠിക്കണമെന്ന ബുദ്ധിമുട്ടല്ലാതെ ദൈവത്തിന്റെ നാട്ടിൽ നായക്ക് സുഖം. സ്വാഗതം ഉക്രൈൻ ശുനകാ ഭാരതഭൂമിയിലേക്ക്.!
ശുഭം

Join WhatsApp News
Joy Joseph Parippallil 2022-03-05 21:47:13
ഒരു കാലിക വിഷയത്തെ ലളിത സുന്ദരമായി അവതരിപ്പിച്ചു അതിന്റെ ന്യായാന്ന്യായ ങ്ങളെ സമർത്ഥമായി വിശദീകരിക്കാൻ നടത്തിയ ശ്രമം ഗംഭീരം...!! ശ്രീ പണിക്കവീട്ടിലിന് അഭിനന്ദനങ്ങൾ 🌹🌹
mallu 2022-03-06 00:28:12
very good
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക