Image

ഓർക്കും, എല്ലായ്‌പ്പോഴും (പി. ഭാസ്കരൻ, ഒരനുസ്മരണം: സുധീർ പണിക്കവീട്ടിൽ)

Published on 14 March, 2022
ഓർക്കും, എല്ലായ്‌പ്പോഴും (പി. ഭാസ്കരൻ, ഒരനുസ്മരണം: സുധീർ പണിക്കവീട്ടിൽ)

കാവ്യാംഗനയുടെ നൂപുരധ്വനികൾ ചലച്ചിത്രഗാനങ്ങളിലും കേൾപ്പിച്ച കവി, യുവമനസ്സുകളുടെ പ്രണയസങ്കല്പങ്ങൾക്ക് അക്ഷരങ്ങളുടെ മായാജാലങ്ങളിലൂടെ രൂപം നൽകിയ രാജശില്പി, ഹൃദയവർജ്ജകമായ നിലക്കാത്ത ഗാനധാരയുടെ മായികനിർജറിയിൽ മലയാളികളുടെ മനം കുളിർപ്പിച്ച ഗന്ധർവതുല്യനായ പ്രേമഗായകൻ. അമ്പതുകളുടെ ആദ്യം നാഴിയുരി പാല് കൊണ്ട് നാടാകെ കല്യാണവും നാലഞ്ച് തുമ്പ കൊണ്ട് മാനത്തൊരു പൊന്നോണവും ഒരുക്കി മലയാളികളെ വിസ്മയാധീനനാക്കിയ ഗാനരചയിതാവ്. അതിനുമുമ്പ് വിപ്ലവത്തിന്റെ വീര്യം നുരയുന്ന കവിതകളെഴുതി അവകാശങ്ങൾക്കുവേണ്ടി സുധീരം പോരാടാൻ ജനങ്ങളെ സമരോന്മുഖരാക്കിയ അനുഗ്രഹീത കവി. പി.ഭാസ്കരൻ എന്ന അതുല്യപ്രതിഭയെ, അനുഗ്രഹീതകവിയെ മരണത്തിനു കീഴ്‌പ്പെടുത്താൻ സാധിച്ചെങ്കിലും അദ്ദേഹം സഹൃദയമനസ്സുകളിൽ എന്നും ജീവിക്കും. അദ്ദേഹത്തിന്റെ സുപ്രസിദ്ധമായ "ഓർക്കുക വല്ലപ്പോഴും" എന്ന കവിതയിൽ അദ്ദേഹം പാടി. 

ആയിരം വികാരങ്ങൾ, ആയിരം സങ്കല്പങ്ങൾ 
ആയിരം വ്യാമോഹങ്ങൾ ഇവയിൽ മുങ്ങിത്തപ്പി 
പണ്ടത്തെ കളിത്തോഴൻ കാഴ്ച വയ്ക്കുന്നു മുന്നിൽ 
രണ്ടു വാക്കുകൾ മാത്രം ഓർക്കുക വല്ലപ്പഴും.

വല്ലപ്പോഴുമല്ല മലയാളികൾ അഭിമാനത്തോടെ എന്നും ഓർക്കുന്ന ഒരു പേരായിരിക്കും പി. ഭാസ്കരൻ. ഹേമന്തയാമിനിതൻ പൊൻവിളക്കു പൊലിയുമ്പോൾ, കാറ്റ് ചിക്കിയ തെളിമണലിൽ കടൽത്തിരകൾ കാലടികൾകൊണ്ട് കഥയെഴുതുമ്പോൾ, മച്ചിന്റെ മേലെനിന്ന് വൃശ്ചിക പൂനിലാവ് ലജ്ജയില്ലാതെ ഒളിച്ചുനോക്കുമ്പോൾ, മാരിവില്ലു പന്തലിട്ട ദൂരചക്രവാളം പഞ്ചശരൻ വളർത്തുന്ന പൈങ്കിളിപ്പെണ്ണിനെ മാടിവിളിക്കുമ്പോൾ, പതിവായി പൗർണ്ണമിതോറും പടിവാതിലിൽ കനക നിലാവ് കണിവെള്ളരി കാഴ്ച വയ്ക്കുമ്പോൾ, മഞ്ഞണിഞ്ഞ പൂനിലാവിൽ എള്ളെണ്ണയുടെ മണം  വീശുന്ന മുടിയുള്ള ഗ്രാമീണ സൗന്ദര്യങ്ങൾ പേരാറ്റിൻ കരയിൽ മഞ്ഞളരച്ചുവച്ച് നീരാടുമ്പോൾ, കന്നിനിലാവിന്റെ കളഭകിണ്ണം പൊന്നാനി പുഴയിൽ വീഴുമ്പോൾ, പുറമെ പുഞ്ചിരി നുരയും അകമേ ചുഴികളുമുള്ള മഹാനഗരങ്ങൾ പിരിയാൻ വിടാത്ത കാമുകിയെപ്പോലെ നമ്മളെ തടയുമ്പോൾ, അനുരാഗയമുനയുടെ തീരത്ത്, അജപാലബാലികമാർ മധുരപ്രതീക്ഷകളുമായി കാത്ത് നിൽക്കുമ്പോൾ, നാകസുന്ദരിമാർ നാദബ്രഹ്മത്തിൻ സാഗരം നീന്തിവരുമ്പോൾ, നമ്മുടെ മനസ്സിലാകെ അനുരാഗ കരിക്കിൻ വെള്ളം നിറച്ചുകൊണ്ട് അല്ലിയാമ്പൽകടവിൽ താമരപ്പൂ മോഹിച്ച് ഒരു പെൺകൊടി നിൽക്കുമ്പോൾ പി ഭാസ്കരൻ എന്ന അനശ്വരജ്യോതിസ്സ്  നമ്മുടെ കണ്മുന്നിൽ പ്രകാശം ചൊരിഞ്ഞു പ്രത്യക്ഷപ്പെടും. മലയാളിയുടെ നിത്യജീവിതത്തിലെ ഓരോ രംഗങ്ങൾക്കും, കാൽപ്പനികതയുടെ പരിവേഷം കലർത്തി അദ്ദേഹം രചിച്ച ഗാനങ്ങൾ അവരുടെ കാതിൽ തേന്മഴപെയ്യിച്ചു. ഓരോ ഗാനവും കേൾക്കുമ്പോൾ  നമ്മൾ ആലോചിച്ചു ഇങ്ങനെയല്ല നമ്മൾ പാടാനാഗ്രഹിച്ചതെന്നു.

ഒരു കാലത്ത് പ്രവാസമലയാളിയുടെ ചുണ്ടിൽ എപ്പോഴും തത്തിക്കളിച്ച ഗാനമാണ് "മാമലകൾക്കപ്പുറത്ത്" ജന്മനാട്ടിൽ നിന്നകലെ, നാടിന്റെ അതിർത്തിയും അഭിമാനവും സംരക്ഷിക്കുന്ന ഒരു ജവാനാണ് ആ ഗാനം സിനിമയിൽ പാട്ട്‌ന്നത്. കാടും തൊടികളും കനകനിലാവത്ത് കൈക്കൊട്ടി കളിക്കുന്ന കേരളത്തിന്റെ സൗന്ദര്യം അതിൽ വർണ്ണിക്കുന്നു. ആ സിനിമ പുറത്തിറങ്ങിയപ്പോൾ മറ്റ് ജവാന്മാർ ആ ഗാനം നെഞ്ചോടു ചേർത്തു പിടിച്ചു. ദൂരെ ദൂരെ അവരെ കാത്തിരിക്കുന്ന കാമുകിമാരുടെ, ഭാര്യമാരുടെ രൂപം ആ വരികളിൽ അവർ കണ്ടു. വീടിന്റെ ഉമ്മറത്ത് വിളക്കും കൊളുത്തി അവരുടെ വരവ് കാത്തിരിക്കുന്ന കൈതപ്പൂനിറമുള്ള കവിളത്തു മറുകുള്ള കരിനീലകണ്ണുള്ള സുന്ദരിമാരെ അവർ ആ പാട്ടുപാടി ആശ്വസിപ്പിച്ചു. ഞങ്ങളെയും കാത്തു കാത്തു കണ്ണുനീർ തൂകുന്നോരെ നിങ്ങളുടെ അടുത്തു പറന്നുവരാൻ കഴിയില്ലല്ലോ? കനകകിനാവിന്റെ മായാവിമാനത്തിൽ മനുഷ്യരെ കൊണ്ടുപോകാൻ കഴിവില്ലല്ലോ? ഗൃഹാതുരത്വത്തിന്റെ മൗനനൊമ്പരങ്ങൾ ഉള്ളിലൊതുക്കി പ്രവാസികൾ നാളികേരത്തിന്റെ നാട്ടിൽ നാഴിയിടങ്ങഴി മണ്ണും അതിൽ നാരായണക്കിളി കൂടുപോലുള്ള അവരുടെ വീടുമോർത്ത് നെടുവീർപ്പിട്ടു. അവരുടെ വേദനകൾക്ക് ഒരു ലേപനം പോലെ സ്വാന്തനമരുളിക്കൊണ്ട് ഭാസ്കരൻ  മാഷിന്റെ ഗാനങ്ങൾ അവർക്ക് ചുറ്റും തിരയടിച്ചു. അവരെയെല്ലാം തങ്ങളുടെ ആത്മഭാവങ്ങളായി അവർ കണ്ടു. ജനമനസ്സുകളിൽ ദേശഭക്തിയും, ദേശാഭിമാനവും ഉണർത്തുന്ന ഗാനങ്ങൾ അദ്ദേഹം എഴുതിയതിൽ പ്രസിദ്ധമായത് "ഭാരതമെന്നാൽ പാരിൻ നടുവിൽ കേവലമൊരു പിടി മണ്ണല്ല, ജനകോടികൾ നമ്മെ നാമായ് മാറ്റും ജന്മഗൃഹമല്ലോ? എന്ന ഗാനമാണ്. നമ്മുടെ ദേശീയഗാനം പോലെ മലയാളികൾ ഈ ഗാനം ആവേശത്തോടെ പാടി നടന്ന കാലമുണ്ടായിരുന്നു.

മാപ്പിളഗാനങ്ങൾ എഴുതുന്നതിൽ അപൂർവ്വസുന്ദരമായൊരു മികവ് ഭാസ്കരൻ മാഷ് പ്രകടിപ്പിച്ചിരുന്നു. ഖൽബ് നിറയെ മൊഹബത്തുമായി ഒരു മൊഞ്ചത്തിപ്പെണ്ണ് അവളുടെ സുൽത്താനെപ്പറ്റി പാടുന്ന ഗാനത്തിന്റെ സൗന്ദര്യം ശ്രദ്ധിക്കുക. "വെളുക്കുമ്പം കുളിക്കുവാൻ പോകുന്ന വഴിവക്കിൽ വേലിക്കൽ നിന്നവനേ, കൊച്ചുകിളിച്ചുണ്ടൻ മാമ്പഴം കടിച്ചും കൊണ്ടെന്നോട് കിന്നാരം പറഞ്ഞവനേ" പ്രേമാനുഭൂതിയിൽ അലിഞ്ഞലിഞ്ഞങ്ങനെ ആ മുസ്‌ലിം തരുണി "കരക്കാര് നമ്മെപ്പറ്റി കളിയാക്കി പറഞ്ഞാലും കാതിനു മധുവാണ്  എന്റെ കരളിന് കുളിരാണ് എന്നു പാടുമ്പോൾ അകൃത്രിമ ഭംഗി നിറഞ്ഞ ആ നാടൻ പാട്ട് നമുക്ക് ആവോളം ആനന്ദം പകരുന്നു. കഥാപാത്രങ്ങളുടെ മനസ്സറിഞ്ഞു ഗാനങ്ങൾ രചിച്ചു ഭാസ്കരൻ മാഷ്. അതുകൊണ്ട് അവ മനുഷ്യമനസ്സുകളിലേക്ക് ഒഴുകിച്ചെന്നു. മലയാള ഗാനശാഖയിൽ ഒരിക്കലും വിസ്മരിക്കപ്പെട്ടുപോകാത്ത മുസ്‌ലിം ചുവയുള്ള മറ്റൊരു ഗാനമാണ് "കായലരികത്ത് വലയെറിഞ്ഞപ്പോൾ" നാടൻ പദങ്ങളും ശൈലിയും ഉപയോഗിച്ച് രചിച്ച ഈ ഗാനം സിനിമയിൽ പാടുന്നത് കുട നന്നാക്കുവാൻ നടക്കുന്ന ഒരു ഇക്കാക്കയാണ്. അയാളുടെ ഹൂറിയുടെ കയ്യിനാൽ വച്ച നെയ്‌ച്ചോറ് തിന്നാനുള്ള മോഹവുമായി അയാൾ എരിയും വെയിലത്തു "കയ്യിലും കുത്തി" നടക്കുന്ന രംഗം, ഗാനം കേൾക്കുന്ന ആർക്കും ഭാവനയിൽ കാണുവാൻ സാധിക്കും. ആ വരികളുടെ ലാളിത്യവും ശക്തിയും, ഭംഗിയും അവർണ്ണനീയം തന്നെ. മുന്നോറോളം ചിത്രങ്ങൾക്ക് മുവ്വായിരത്തില്പരം (ഉദ്ദേശ്യമാണ്) ഗാനങ്ങൾ രച്ചിട്ടുള്ള ഭാസ്കരൻ മാഷുടെ ഗാനങ്ങളെക്കുറിച്ച് എഴുതിയാൽ അവസാനിക്കുകയില്ല.

നല്ല ചലച്ചിത്രസംവിധായകനും നിർമ്മാതാവും നടനും കൂടിയായിരുന്നു ശ്രീ പി ഭാസ്കരൻ. രാമു കാര്യാട്ടുമൊത്ത്  സഹസംവിധാനം ചെയ്ത നീലക്കുയിൽ എന്ന മലയാള ചലച്ചിത്രം രാഷ്ട്രപതിയുടെ വെള്ളിമെഡൽ നേടി. എം.ടിയുടെ ഇരുട്ടിന്റെ ആത്മാവ് എന്ന ചെറുകഥ മനോഹരമായി അഭ്രപാളികളിൽ പകർത്തിയത് ശ്രീ ഭാസ്കരനാണ്  പ്രതിഭാശാലിയായിരുന്ന ശ്രീ ഭാസ്കരൻ കൈവച്ച രംഗങ്ങളിലെല്ലാം തന്നെ പ്രശസ്തനായി, പുരസ്‌കാര ജേതാവായി, കവിതാ രംഗത്തും ചലച്ചിത്ര രംഗത്തും മികവുറ്റ സംഭാവനകൾ നൽകിയ ശ്രീ പി ഭാസ്കരൻ മലയാളത്തിനും മലയാളിക്കും മറക്കാൻ സാധ്യമല്ല. അവർ എപ്പോഴും അദ്ദേഹത്തെ ഓർക്കും. അല്ലെങ്കിൽ തന്നെ അദ്ദേഹം എഴുതിയിട്ടില്ലേ “മറക്കാൻ പറയാനെന്തെളുപ്പം മണ്ണിൽ പിറക്കാതിരിക്കലാണതിലെളുപ്പം. കരിമുകിൽ കാട്ടിലെ രജനിതൻ വീട്ടിലെ കനകാംബരങ്ങൾ വാടി .. ശ്രീ പി ഭാസ്കരൻ യാത്രയായിട്ട് ഇപ്പോൾ ഒന്നര ദശാബ്ദം കഴിഞ്ഞു. കരയിൽ നമ്മൾ മാത്രമായി. അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം. കരയുന്നോ പുഴ ചിരിക്കുന്നോ കണ്ണീരുമൊലിപ്പിച്ച്  കൈവഴിയായ്  പിരിയുമ്പോൾ..” എന്നു നമുക്ക് പാടാം.

ശുഭം

Join WhatsApp News
ജോയ് പാരിപ്പള്ളിൽ 2022-03-14 09:09:33
ഭാസ്കരൻ മാഷിന്റെ കവിതകൾ "വല്ലപ്പോഴും ഓർക്കാരുണ്ടെങ്കിലും " അദ്ദേഹത്തിന്റെ സിനിമാഗാനങ്ങൾ "എല്ലായ്പോഴും ഓർക്കാറുണ്ട് " അദ്ദേഹത്തിന്റെ അനശ്വരങ്ങളായ കവിതകളെക്കുറിച്ചും സിനിമാ ഗാനങ്ങളെക്കുറിച്ചുമുള്ള ഈ write up കടലിൽ മുങ്ങിതപ്പി മുത്ത്‌ എടുത്തുകൊണ്ടു വന്നതിന് തുല്യം...!!! മനോഹര മായ ഈ വായനാനുഭവം തന്നതിന് ശ്രീ സുധീറിന് ഹൃദയപൂർവ്വം നന്ദി..🌹
K.G. Rajasekharan 2022-03-17 16:22:58
സുധീർ. നിങ്ങളുടെ എഴുത്ത് അമ്പലപ്പുഴ പാൽപായസം പോലെ ആസ്വദിച്ചു. ഭാസ്കരൻ മാഷുടെ പാട്ടുകൾ ഇത്ര മനോഹരമാണെന്നു നിങ്ങൾ വർണിച്ചപ്പോൾ ഒന്നുകൂടി ഓർത്തു. ഓർമ്മകളിൽ മുങ്ങിത്തപ്പി പ്രേമചകോരി വന്നു. Sudhir, you are a blessed writer.
Sudhir Panikkaveetil 2022-03-17 21:54:27
സ്‌നേഹപൂർണമായ പ്രതികരണങ്ങൾക്ക് നന്ദി.
G. Puthenkurish 2022-03-18 01:36:22
ഇരുനൂറ്റി അൻപത് ചലച്ചിത്രങ്ങൾക്കായി രചിച്ച മൂവായിരത്തിൽ ഏറെ ഗാനങ്ങളിലൂടെ ഇന്നും നമ്മളുടെ മനസ്സിന് പുളകം ചാർത്തി , മരിച്ചിട്ടും മരിക്കാതെ ജീവിക്കുന്ന കവിയാണ് പി. ഭാസകരൻ. അദ്ദേഹത്തെ കുറിച്ച്, കവിയായ ശ്രീ സുധീർ പണിക്കവീട്ടിലിനു മാത്രമേ ഇത്ര ചിതമായി അഭംഗവും സുന്ദരവുമായ വാക്കുകളിലൂടെ എഴുതുവാൻ കഴിയു. അദ്ദേഹത്തിന്, കവികളുടെ മനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുവാനും അതിൽ നിമജ്ജിതമായിരിക്കുന്ന അർത്ഥങ്ങളെ വായനക്കാർക്കുവേണ്ടി അനാവരണം ചെയ്യുവാനുമുള്ള കഴിവ് അനിതരസാധാരണമാണ്. നല്ലൊരു ഓർമ്മ കുറിപ്പിന് നന്ദി . എന്നാലും, പി .ഭാസ്കരന്റെ മിക്ക ഗാനശില്പങ്ങളെ കുറിച്ച് പറഞ്ഞപ്പോഴും, മലയാളികളുടെ മനസ്സിൽ തത്തി കളിക്കുന്ന ഒരു മനോഹര ഗാനത്തെ വിട്ടുപോയതെന്തേ എന്ന് ഞാൻ ആശ്ചര്യപ്പെട്ടു, അത് മറ്റൊന്നുമല്ല ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍ ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍ ഒരു ഗാനം മാത്രമെൻ‍ - ഒരു ഗാനം മാത്രമെന്‍ ഹൃദയത്തില്‍ സൂക്ഷിക്കാം ഒടുവില്‍ നീയെത്തുമ്പോള്‍ ചെവിയില്‍ മൂളാന്‍ (ഒരു പുഷ്പം..) ഒരു മുറി മാത്രം തുറക്കാതെ വെയ്ക്കാം ഞാന്‍ അതിഗൂഢമെന്നുടെ ആരാമത്തില്‍ സ്വപ്നങ്ങള്‍ കണ്ടൂ - സ്വപ്നങ്ങള്‍ കണ്ടൂ നിനക്കുറങ്ങീടുവാന്‍ പുഷ്പത്തിന്‍ തല്‍പമങ്ങ് ഞാന്‍ വിരിക്കാം ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍ ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍ മലര്‍മണം മാഞ്ഞല്ലൊ മറ്റുള്ളോര്‍ പോയല്ലോ മമസഖീ നീയെന്നു വന്നു ചേരും മനതാരില്‍ മാരിക്കാര്‍ മൂടിക്കഴിഞ്ഞല്ലോ മമസഖീ നീയെന്നു വന്നുചേരും ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍ ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍ (1967 ) Music: എം എസ് ബാബുരാജ് Lyricist: പി ഭാസ്ക്കരൻ Singer: കെ ജെ യേശുദാസ് Raaga: ദേശ് Film/album: പരീക്ഷ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക