StateFarm

വിജയിയായ പുരുഷന്റെ പുറകിൽ ഒരു സ്ത്രീ (വനിതാമാസക്കുറിപ്പ്: സുധീർ പണിക്കവീട്ടിൽ)

Published on 18 March, 2022
വിജയിയായ പുരുഷന്റെ പുറകിൽ ഒരു സ്ത്രീ (വനിതാമാസക്കുറിപ്പ്: സുധീർ പണിക്കവീട്ടിൽ)

വിജയിയായ പുരുഷന്റെ പുറകിൽ ഒരു സ്ത്രീയുണ്ട് എന്ന് ആരാണ് പറഞ്ഞതെന്ന് അറിയില്ല. എന്നാൽ പരാജിതനായ പുരുഷന്റെ പുറകിൽ രണ്ടു സ്ത്രീകൾ ഉണ്ടെന്നു അമേരിക്കൻ നോവലിസ്റ്റ് മാർക്ക്  ട്വൈൻ പറഞ്ഞിട്ടുണ്ട്. ചിലരതിനെമാറ്റി അനേകം സ്ത്രീകൾ എന്ന് തിരുത്തിയിട്ടുണ്ട്. പലപ്പോഴും രണ്ടിൽ കൂടുതലാകുമ്പോൾ ഉണ്ടാകുന്ന കോലാഹലങ്ങൾ നമ്മൾ മാദ്ധ്യമങ്ങളിൽ വായിച്ച് രസിക്കുന്നു. വിജയിയായ പുരുഷന്റെ പുറകിലെ ആ സ്ത്രീ ആരാണെന്നുള്ളതിനു പുരുഷന്മാർ തന്നെ ഉത്തരം കണ്ടെത്തിയിരിക്കുന്നു. അമേരിക്കയിലെ പ്രശസ്ത ഹാസ്യനടനായ ഗ്രോച്ചോ മാർക്സ് പറഞ്ഞത് വിജയിയായ പുരുഷന്റെ പുറകിൽ ഒരു സ്ത്രീയുണ്ട് അവളുടെ പുറകിൽ അയാളുടെ ഭാര്യയും. അപ്പോൾ ആ സ്ത്രീ ഭാര്യയല്ല. പിന്നെ ആരെന്നു വിജയികളായ പുരുഷന്മാർക്ക് അറിയാം. മറ്റുള്ളവർ അതിനെപ്പറ്റി എന്തിനു ചിന്തിച്ച് സമയം കളയുന്നു. സ്ത്രീശാക്തീകരണം എന്ന് പറഞ്ഞു സ്ത്രീകൾ മുറവിളി കൂട്ടുന്നത് എന്തിനാണെന്നറിയില്ല. പുരുഷന്റെ വിജയത്തിന് പിന്നിൽ അവരാണെങ്കിൽ  അവർക്കല്ലേ പുരുഷനേക്കാൾ ശക്തി. സ്ത്രീ ശാക്തീകരണം എന്നാൽ സ്ത്രീകളുടെ കയ്യിലുള്ള അധികാരം എന്നർത്ഥം. പക്ഷെ അധികാരം ഉപയോഗിക്കാതിരുന്നാൽ പിന്നെ എന്ത് പ്രയോജനം.


ദേവേന്ദ്രൻ തന്റെ സിംഹാസനം ഉറപ്പിക്കാൻ അനവധി അപ്സരസ്സുകളെ നിയോഗിച്ചു. അദ്ദേഹത്തിന്റെ വിജയത്തിന്റെ പുറകിൽ ധാരാളം സ്ത്രീകൾ ഉണ്ടായിരുന്നു.  വയലാറിന്റെ ഭാഷയിൽ “ഇന്ദ്രനതായുധമാക്കി" . നേരിട്ട് പടവെട്ടി ജയിക്കാൻ കഴിയില്ലെന്നുറപ്പുള്ള സാഹചര്യങ്ങളിലേക്ക് കറുത്തു നീണ്ടുള്ള വിലോചനങ്ങൾ തൊടുക്കുന്നു ഇദ്ദേഹം. തേൻകെണി എന്ന പേരിലറിയപ്പെടുന്ന കബളിപ്പിക്കലിൽ പുരുഷകേസരികൾ പോലും വീണു പോകുന്നു. പക്ഷെ സ്ത്രീയുടെ കഴിവുകൊണ്ട് പുരുഷൻ വിജയിക്കുന്നു സ്ത്രീക്ക് പേരുദോഷവും.  ശിൽപ്പികൾ സുന്ദരിമാരുടെ നഗ്നരൂപങ്ങൾ കല്ലിൽ കൊത്തിവച്ചു. വസ്ത്രം ഉടുപ്പിച്ചാൽ പിന്നെ അവയവഭംഗി എങ്ങനെ പ്രദർശിപ്പിക്കും. അതുകൊണ്ട് പിൽക്കാല ചരിത്രകാരന്മാർ സ്ത്രീ മാർവിടങ്ങൾ മറച്ചിരുന്നില്ലെന്ന തെറ്റായ ചിന്തയിൽ എത്തിച്ചേർന്നു. ഒന്നാം നൂറ്റാണ്ടിൽ ഹർഷവർദ്ധനൻ എന്ന രാജാവിന്റെ കാലത്ത് സ്ത്രീകൾ ബ്രെസിയേഴ്‌സ് ഉപയോഗിച്ചിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. അന്നത്തെ സാഹിത്യരചനകളിൽ ദേഹത്തോട് ഇറുകി ചേർന്ന് കയ്യില്ലാത്ത ഒരു മേൽവസ്ത്രം സ്ത്രീകൾ ഉപയോഗിച്ചിരുന്നത്രെ. അതിനെ കഞ്ചുകം എന്ന് പേരിട്ടിരുന്നു. ഭാരതത്തിലെ സ്ത്രീകൾ മാറ് മറച്ചിരുന്നില്ലെന്നു പാശ്ചാത്യർ എഴുതിവച്ചത് അമ്പലങ്ങളിൽ (ഖജുറാവു, കൊണാർക്ക്) എന്നീ  അമ്പലങ്ങളിലെ ശിൽപ്പങ്ങൾ കണ്ടിട്ടാകാം. അന്നും ഇന്നും സ്ത്രീകളുടെ സൗന്ദര്യം വാണിജ്യാഭിവൃദ്ധിക്കായുള്ള പരസ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്. സ്ത്രീകൾ ആ ദൗത്യം സന്തോഷത്തെ ചെയ്യുന്നുണ്ട്. സ്ത്രീയുടെ അന്തസ്സിനും അഭിമാനത്തിനും ഇത്തരം പ്രദർശനങ്ങൾ ഗുണകരമല്ലെന്നു വാദിക്കുന്ന സദാചാരവാദികളായ സ്ത്രീകളും പുരുഷന്മാരും ഉണ്ട്. അത്തരം പ്രദര്ശനങ്ങളിലെ ശരി തെറ്റുകൾ വനിതാ മാസത്തിൽ വനിതകൾക്ക് ചിന്തിക്കാവുന്നതാണ്.
മാർച്ച് (8) എട്ടു ലോക വനിതാദിനമായി ആചരിച്ചുവരുന്നുണ്ട്. മാർച്ചു മാസം മുഴുവൻ അമേരിക്കയിലെ    പ്രമുഖ ഓൺലൈൻ മാധ്യമമായ ഇമലയാളി വനിതകൾക്കായി നീക്കി വച്ചിട്ടുമുണ്ട്. പ്രഭാതം മുതൽ പ്രദോഷം വരെ കർമ്മനിരതയാണ് സ്ത്രീ. വാസ്തവത്തിൽ സൂര്യൻ ഉദിക്കുന്നത് തന്നെ സ്ത്രീകൾക്കുവേണ്ടിയാണെന്നു പറയേണ്ടിയിരിക്കുന്നു. പുരുഷന്മാരാണ് ഈ ലോകം ചലിപ്പിക്കുന്നതും നില നിർത്തുന്നതുമെന്നൊക്കെ പറയാമെങ്കിലും അതിനു പിന്നിലെ അദൃശ്യശക്തിയെപ്പറ്റി ആരും ചിന്തിക്കുന്നില്ല. സ്ത്രീയില്ലെങ്കിൽ പുരുഷനില്ല. പുരുഷനിലെങ്കിൽ സ്ത്രീയുമില്ല. പരസ്പര പൂരകങ്ങളായ ഈ ജോഡികളാണ് ജീവിതത്തിനു അർത്ഥമുണ്ടാക്കുന്നത്.  
ഒരു മാസം മുഴുവൻ സ്ത്രീകൾക്കുവേണ്ടി നീക്കിവച്ച് ലിംഗസമത്വത്തെയും, സ്ത്രീ സ്വാതന്ത്ര്യത്തെയുംപ്പറ്റി സെമിനാറുകളും, സിമ്പോസിയമുകളും നടത്തുന്നത്കൊണ്ട് കാര്യമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യമല്ല. മാറേണ്ടത് പുരുഷമനസ്സുകളിലെ മുൻധാരണകളാണ്. സ്ത്രീ ഒരിക്കലും പുരുഷന് തുല്യയല്ല എന്ന ചിന്താഗതി പുരുഷന്മാരിൽ വന്നത് അവൻ തന്നെ അവളെ അബലയായി കണ്ടതുകൊണ്ടാണ്. പഴയകാലങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ സമർത്ഥരായ സ്ത്രീകളെ കാണാൻ സാധിക്കും. സുഭദ്രാഹരണം നടക്കുമ്പോൾ സുഭദ്രയാണ്  തേരോടിക്കുന്നത്. അർജുനൻ തട്ടിക്കൊണ്ടുപോയി എന്ന ദുഷ്‌പേര് വരേണ്ടെന്ന് കരുതി കൃഷണൻ സുഭദ്രയോട് തേര് തെളിക്കാൻ പറയുകയായിരുന്നു.


വൈദികകാലത്ത് സ്ത്രീകൾക്ക് പുരുഷന്മാർക്കൊപ്പം തുല്യത നൽകിയിരുന്നു. സ്ത്രീകൾ വിദ്യാഭ്യാസം കഴിഞ്ഞതിനുശേഷമാണ് വിവാഹിതരായിരുന്നത്. പുത്രിക്ക് അനുയോജ്യരായ  വരന്മാരെ  പിതാവ് ക്ഷണിക്കുന്നു. അതിൽ നിന്നും മകൾക്ക് ഇഷ്ടമുള്ള പുരുഷനെ തിരഞ്ഞെടുക്കാം. ഇതിനെ സ്വയംവരം എന്ന് വിശേഷിപ്പിച്ചിരുന്നു. ഇന്ന് സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തിയപ്പോൾ ഉണ്ടായ ബഹളങ്ങൾ നമ്മൾ കണ്ടതാണ്. ബഹുഭാര്യത്വത്തിനൊപ്പം ബഹുഭര്തൃത്വവും നിലനിന്നിരുന്നു. സ്ത്രീയെ അടിമയോ ഉപഭോഗവസ്തുവോ ആയി അന്ന് കണ്ടിരുന്നില്ല. ചിന്തകനും ആചാരപ്രമാണങ്ങളെ മുറുകെപ്പിടിക്കുന്നവനുമായ യാജ്ഞവൽക്കാൻ എന്ന ഋഷിയോട് ചോദ്യങ്ങൾ ചോദിക്കാൻ പ്രാപ്തിയുണ്ടായിരുന്നവരായിരുന്നു ഗാർഗിയും മൈത്രേയിയുമൊക്കെ.
ഒരു പക്ഷെ മനുസ്മൃതിക്ക് ശേഷമായിരിക്കും ഭാരതത്തിൽ സ്ത്രീകളുടെ അവസ്ഥ അധഃപതിച്ചതു. സ്ത്രീകളെ വളരെ ഹീനമായി ഈ ഋഷി ചിത്രീകരിച്ചതു എന്തിനാണെന്ന് മനസ്സിലാകുന്നില്ല. തന്നെയുമല്ല ജാതി വ്യവസ്ഥക്ക് കാരണക്കാരൻ ഇദ്ദേഹമാണ്. ജാതിയുടെ പേരിൽ എത്രയോ ജീവൻ പൊലിഞ്ഞുപോയി. സ്ത്രീക്ക് വിധിച്ചിരിക്കുന്ന അടിസ്ഥാനമില്ലാത്ത നിയമങ്ങളുടെ മുന്നിൽ എത്രയോ സ്ത്രീജന്മങ്ങൾ പാഴായിപ്പോയി. കുഞ്ഞുങ്ങളെ  പാലൂട്ടി വളർത്താൻ ഈശ്വരൻ സ്ത്രീക്ക്  നൽകിയ സ്തനങ്ങൾക്ക് നികുതി ചുമത്തിയിരുന്നു പുരുഷന്മാർ. അതു  താഴ്ന്ന ജാതിക്കാർക്കല്ലേ എന്ന വ്യാഖ്യാനമുണ്ടാകുമ്പോഴും സ്ത്രീത്വത്തെ അപമാനിക്കയായിരുന്നുവെന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു.  എത്രയോ അപമാനകരം. മനുവിനെ ഒരു സ്ത്രീവിദ്വേഷി എന്നു അദ്ദേഹത്തിന്റെ നിയമങ്ങൾ വായിക്കുമ്പോൾ മനസ്സിലാക്കാം. അല്ലെങ്കിൽ ഈ ലേഖകന്റെ കാഴ്ചപ്പാടിൽ തനി ഷണ്ഡൻ. അല്ലെങ്കിൽ ഈശ്വരന്റെ സൃഷ്ടിയിൽ ഏറ്റവും മനോഹരമായ സ്ത്രീക്ക് ഇത്രയും ക്രൂരമായ, നിന്ദ്യമായ നിയമങ്ങൾ എഴുതിവയ്ക്കാൻ എങ്ങനെ കഴിയുന്നു. ഒരു ഷണ്ഡനെ അതിനെ കഴിയുവന്നതിൽ സംശയമില്ല. കാമസൂത്രമെഴുതിയ മുനി സ്ത്രീക്ക് ചില ലൈംഗിക സ്വാതന്ത്ര്യങ്ങൾ വിവരിച്ചിരുന്നു. ഒരു പക്ഷെ മനു സാഹേബ് അത് വായിച്ച് പരിഭ്രാന്തനായി എഴുതിക്കൂട്ടിയ അരുതായ്കളായിരിക്കാം ഇന്നത്തെ സ്ത്രീയെ കഷ്ടത്തിലാക്കിയത്. എന്നാൽ ആധുനിക വനിതകൾ അതിനെല്ലാം മറികടന്നുകൊണ്ടിരിക്കുന്നു. എല്ലാ വർഷവും ഇങ്ങനെ ആഘോഷങ്ങൾ സംഘടിപ്പിക്കുമ്പോൾ പഴയ പനയോലക്കെട്ടുകൾ ദ്രവിച്ചുപോകും.


വത്സായൻ എപ്പോഴും  സ്ത്രീയുടെ ലൈംഗികസുഖത്തിനു പ്രാധാന്യം കൊടുത്തിരുന്നു. അദ്ദേഹം സ്ത്രീകളോട് പറഞ്ഞു നിങ്ങളെ കെട്ടിയവനു നിങ്ങളെ സന്തോഷിപ്പിക്കാൻ, (ലൈംഗികമായി) കഴിവില്ലെങ്കിൽ അയാളെ വിട്ടു അതിനു കഴിവുള്ളവനെ നിങ്ങൾക്ക് സ്വീകരിക്കാം. മനു ഒരു പക്ഷെ കഴിവുകെട്ടവനായിരിക്കും അദ്ദേഹം ഇതറിഞ്ഞ ഉടനെ എഴുതി. ചാരിത്ര്യവതിയായ സ്ത്രീക്ക് ഭർത്താവ് ദൈവമാണ്. അയാൾ എങ്ങനെയൊക്കെ അവളെ ഉപദ്രവിച്ചാലും. പാവം പെണ്ണുങ്ങൾക്ക് മനു പറയുന്നത് അനുസരിക്കേണ്ടി വന്നു. പുരുഷന്മാർ മനുവിന്റെനിയമം പ്രാബല്യത്തിൽ വരുത്താൻ ശ്രമിച്ചു. കാരണം വിവരിക്കേണ്ടല്ലോ പേടി പനിപിടിക്കുന്ന പേടി. .(ചിരിക്കുക)
(തുടരും)

Sudhir Panikkaveetil 2022-03-18 13:21:32
"വിജയിയായ പുരുഷന്റെ പുറകിൽ ഒരു സ്ത്രീ." അത് ഞമ്മളാണെന്നു ബീവാത്തുമ്മ പറഞ്ഞപ്പോൾ കാദർ കാക്ക മൊട്ടത്തല തടവി പുകയിലകറയുള്ള പല്ലുകാട്ടി ചിരിച്ചു. ബീവാത്തു "ആ സ്ത്രീ നീ തന്നെ" എന്ന് പറഞ്ഞു. സന്തോഷം കൊണ്ട് ബീവാത്തുമ്മ 'നെയ്ച്ചോറും സുലൈമാനിയും" എടുക്കട്ടേ എന്ന് ചോദിച്ച് മൈലാഞ്ചിയിട്ട കൈ കൊണ്ട് കാദർകാക്കയെ തൊട്ടപ്പോൾ ഒത്തിരി സ്വര്ണവളകൾ കിലുങ്ങി. ജന്നത് അൽ ഫിർദൗസ് (ഏഴാം സ്വർഗം) അവിടേക്ക് ഇറങ്ങി വന്നു. ഇത് ഉണ്ടായ സംഭവമാണ്.
അന്നക്കുട്ടി 2022-03-18 03:00:20
ഇന്ന് പുരുഷന്റെ വിജയത്തിന്റെ പിന്നിൽ പുരുഷനും സ്ത്രീയുടെ വിജയത്തിന്റെ പിന്നിൽ സ്ത്രീയുമെന്ന അവസ്ഥയിലായിക്കൊണ്ടിരിക്കുമ്പോൾ എങ്ങനെ പുരുഷന്റ വിജയത്തിന്റ പിന്നിൽ സ്ത്രീയാണെന്ന് അവകാശപ്പെടാൻ കഴിയും. ജോലി ചെയ്യാത്ത അച്ചായന്മാർ മിക്ക സമയവും ഫോമ, ഫൊക്കാന , പള്ളി, അമ്പലം എന്നൊക്കെ പറഞ്ഞു നടക്കുമ്പോൾ, ഇവന്മാരെ തീറ്റി പുലർത്തി വോഡ്ക്ക കുടിപ്പിക്കുന്നതാണോ വിജയിപ്പിക്കൽ എന്ന് പറയുന്നത് . സൗകര്യം കിട്ടുമ്പോൾ ചിന്ന വീട് തപ്പി നാട്ടിലേക്ക് ഒരു പോക്കും . അത് ഒരുപോക്കായിരുന്നെങ്കിൽ എന്ന് ചില സ്ത്രീകൾ ആഗ്രഹിക്കാതിരുന്നിട്ടില്ല . ചില അവന്മാർ ട്രംപ് എന്ന് പറഞ്ഞു ഇപ്പോഴും നടപ്പാണ് . എന്റെ ഭർത്താവ് പല പേരിലാണ് ഇ മലയാളിയുടെ കമന്റ് കോളത്തിൽ എഴുതുന്നത് . രമേശ് , ജെയിംസ് , ഇരുമ്പ് , പാര എന്നൊക്കെ പറഞ്ഞല്ലേ എഴുതുന്നത് . ഇത് എന്താണ് എന്ന് ചോദിക്കുമ്പോൾ, 'പോടീ അവിടുന്ന് ആണുങ്ങളെ ചോദ്യം ചെയ്യാൻ നീ ആരാടി " എന്നൊരലർച്ചയും . ആണാണോ പെണ്ണാണോ എന്ന് എനിക്കല്ലേ അറിയാവൂ . കഷ്ടം തന്നെ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക