പള്ളിമണികളെ ഞാനിപ്പോള്‍ വെറുക്കുന്നു. കാരണം കാര്‍കീവിലെ പള്ളിമണികള്‍ ഇപ്പോള്‍ മരണത്തിന്റെ മണികള്‍ മാത്രമാണ് മുഴക്കുന്നത്.
പള്ളിമണികള്‍ കേള്‍ക്കുന്നത് എനിക്കു വളരെ ഇഷ്ട്ടമായിരുന്നു. പള്ളിയിലെ ഞായറാഴ്ച കുര്‍ബാനയുടെ ഒന്നാംമണി മുഴങ്ങുമ്പോള്‍ അച്ഛന്‍ ഞങ്ങളെയും കൂട്ടി പള്ളിയിലേക്കു തിരിക്കും. കുര്‍ബാന കൂടാനായി പള്ളിയിലെ ബെഞ്ചില്‍ അച്ഛനും അമ്മയുമൊത്തിരിക്കുമ്പോള്‍, പള്ളികഴിഞ്ഞു ഉച്ചഭക്ഷണത്തിനായി ഇറ്റാലിയന്‍ ഭക്ഷണശാലയില്‍ പോകുന്നതും, അന്നേതു വിഭവം തിരഞ്ഞെടുക്കണം എന്നൊക്കെയുള്ള ചിന്തയിലായിരിക്കും ഞാനും എന്‍റെ സഹോദരനും.
ചില സമയം ഞാനും സഹോദരനും രഹസ്യമായി അതൊക്കെ ചര്‍ച്ച ചെയ്യും. അമ്മയെങ്ങാനും കണ്ടാല്‍ കുര്‍ബാനക്കിടയില്‍ വര്‍ത്താനം പറയുന്നതിന് എന്റെ തുടയില്‍ ആരും കാണാതെ നല്ല നുള്ള് വച്ചു തരും. മൂത്തയാള്‍ ആയതിനാല്‍ എന്റെ അമ്മയുടെ വിരലിലെ നീണ്ട നഖങ്ങള്‍ എന്നെയാണ് ശിക്ഷിക്കുക.
ഗലിയന്‍, ഞങ്ങളുടെ സുന്ദരി കുഞ്ഞന്‍. അവള്‍ ശാന്തമായി അച്ഛന്റെ മടിയില്‍, അച്ഛന്റെ നെഞ്ചിനഭിമുഖമായി ഇരിക്കുന്നുണ്ടാകും. അവളുടെ മുഖം എപ്പോഴും അച്ചന്റെ നെഞ്ചില്‍ ചേര്‍ത്തു പിടിച്ചിരിക്കും. ഇടയ്ക്കിടെ അവള്‍ അച്ഛന്റെ കവിളില്‍ ഉമ്മയും നല്‍കും. കുര്‍ബാന തീരുമ്പോഴേക്കും മിക്കവാറും അവള്‍ അച്ഛനെ ചുറ്റിപിടിച്ചുകൊണ്ടു ഉറങ്ങികഴിഞ്ഞിട്ടുണ്ടാകും.
പള്ളി മണികളുടെ സംഗീതം ഒരിക്കല്‍ എന്നെ സന്തോഷവതിയാക്കിയിരുന്നു. കൊടും തണുപ്പിലും ആഹ്ലാദമുണര്‍ത്തിക്കുന്ന ക്രിസ്തുമസ് രാവുകളില്‍ പള്ളിയില്‍ പോകുന്നതും കാരള്‍ ഗാനങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന പഞ്ഞിത്താടിക്കാരന്‍ ക്രിസ്തുമസ് അപ്പൂപ്പനും, പുല്‍ക്കൂടും അച്ഛന്റെയും അമ്മയുടെയും, അപ്പൂപ്പന്റെയും, അമ്മൂമ്മയുടെയും കയ്യില്‍ നിന്നുമൊക്കെ സമ്മാനങ്ങള്‍ കിട്ടുന്നതുമെല്ലാം ഓര്‍ക്കാന്‍ നല്ല രസമാണ്.
ഇവിടെ ഇപ്പോള്‍ ഹേമന്തമാണ്. മഞ്ഞില്‍ കളിയ്ക്കാന്‍ ഞങ്ങള്‍ക്ക് വളരെ ഇഷ്ട്ടമാണ്. വീട്ടില്‍ നിന്നെടുത്ത പ്ലാസ്റ്റിക് അലക്ക് കൊട്ടയില്‍ കയറിയിരുന്നു, മൈതാനത്തിലെ ചരുവിലൂടെ വേഗത്തില്‍ തെന്നിനീങ്ങി കളിക്കുന്നത് ഞങ്ങളുടെ വളരെ ഇഷ്ട്ടമായ് കളിയാണ്. മഞ്ഞുരുട്ടി വലിയ മഞ്ഞു മനുഷ്യനെ ഉണ്ടാക്കും അലിഞ്ഞു തുടങ്ങുന്ന മഞ്ഞിലൂടെ കാലുയര്‍ത്തി ചവിട്ടി കൂട്ടുകാരുടെ മേല്‍ മഞ്ഞു തെറിപ്പിച്ചും, അങ്ങോടും ഇങ്ങോടും മഞ്ഞു വാരിയെറിഞ്ഞു ദിവസം മുഴുവനും കളിക്കുമായിരുന്നു.
ഇക്കൊല്ലം മഞ്ഞില്‍ കളിയ്ക്കാന്‍ അമ്മ ഞങ്ങളെ അനുവദിച്ചില്ല. ഞങ്ങള്‍ മാത്രമല്ല ആ പ്രദേശത്തെ ആളുകള്‍ എല്ലാം തന്നെ വളരെ വിരളമായി മാത്രമേ പുറത്തിറങ്ങാറുള്ളൂ. രാത്രിയില്‍ ഉറങ്ങാനായി വീടിന്റെ താഴെ നിലവറയില്‍ പോകും. മരച്ചുപോകുന്ന തണുപ്പാണവിടെ. എടുത്തു കൊണ്ട് നടക്കാന്‍ പറ്റുന്ന തരത്തിലുള്ള ഒരു ഹീറ്റര്‍ അവിടെ കൊണ്ടുപോയി വയ്ക്കും അതുകൊണ്ട് കുറച്ചൊക്കെ തണുപ്പ് മാറും.
അച്ഛന്‍ കുറച്ചു മാസമായി വീട്ടിലില്ല. റഷ്യക്കാര്‍ ഞങ്ങളുടെ നാട്ടുകാരെ കൊല്ലാന്‍ വരുന്നതുകൊണ്ട് പട്ടാളക്കാരനായ ഞങ്ങളുടെ അച്ഛന്‍ അവരെ എതിരിടാനായി പോയിരിക്കുകയാണെന്നാണ് അമ്മ പറഞ്ഞത്. അച്ഛന്‍ പോയത് ഞാന്‍ കണ്ടില്ല, പക്ഷെ അച്ഛന്റെ ചുണ്ടുകള്‍ എന്റെ നെറ്റിയില്‍ ചൂടുള്ള ഉമ്മവച്ചത് ഞാനോര്‍ക്കുന്നുണ്ട്. വീടിനു പുറത്ത് ബൂട്ടുകളുടെ ശബ്ദവും വാഹനങ്ങളുടെ ഇരമ്പലും ഉറക്കത്തിനിടയിലും ഞാന്‍ കേട്ടിരുന്നു. അമ്മ പറഞ്ഞു അച്ഛന്റെ യൂണിറ്റ് റഷ്യന്‍ അതിര്‍ത്തിയില്‍ എവിടെയ്ക്കോ നീങ്ങുകയാണ്, അതുകൊണ്ട് അവര്‍ രാത്രിയില്‍ അച്ഛനെ കൂട്ടാന്‍ വന്നതായിരുന്നു.
അച്ഛന്‍റെ യുണിറ്റ് വിന്യസിക്കപ്പെട്ടതോടെ അമ്മയുടെ കണ്ണുകള്‍ എപ്പോഴും ഈറനണിഞ്ഞിരുന്നു, ചുണ്ടുകളില്‍ സദായുണ്ടായിരുന്ന മൂളിപ്പാട്ടുകള്‍ എങ്ങോപോയി, അമ്മയുടെ ചുണ്ടുകളില്‍ എപ്പോഴും പ്രാര്‍ത്ഥനമാത്രം. അതെല്ലാം അച്ഛനെക്കുറിച്ചുള്ള ആധികളായിരുന്നു.
എനിക്കും,സഹോദരന്‍ ലിയാക് സാന്‍ട്രോയ്ക്കും ഒരു ഉല്‍കണ്ഠയും ഉണ്ടായിരുന്നില്ല. നമ്മളെ കൊല്ലാന്‍ വരുന്ന റഷ്യക്കാരെ കൊല്ലാനായി അച്ഛന്‍ പോയിരിക്കുകയാണെന്ന കാര്യം കൂട്ടുകാരോടൊക്കെ ഞങ്ങള്‍ ഇച്ചിരെ ഗമയോടെ തന്നെ പറഞ്ഞു. ഞങ്ങളുടെ ക്ലാസ് ടീച്ചര്‍ തന്നെ ക്ലാസ്സില്‍ എല്ലാവരോടുമായി പറയുകയും, എല്ലാവരും കൈയടിക്കുകയും ചെയ്തപ്പോള്‍ അച്ഛന്‍ ഞങ്ങള്‍ക്ക് വലിയ അഭിമാനമായി.
അച്ഛന്‍ വലിയ ശക്തിമാനാണ് ഞാനും ലിയാക് സാന്‍ട്രോയും ഓരോ കയ്യില്‍ തൂങ്ങിയാലും അച്ഛന്‍ ഒരു കൂസലുമില്ലാതെ ഞങ്ങളെയും തൂക്കി നിവര്‍ന്നു നടക്കുമായിരുന്നു. നല്ല ശക്തിയും ഉയരവുമുള്ള അച്ഛനെ ആര്‍ക്കും തോല്‍പ്പിക്കാന്‍ പറ്റില്ലെന്നു ഞങ്ങള്‍ക്കറിയാം.
കഴിഞ്ഞ ക്രിസ്തുമസ് തലേന്നു, അന്നാണ് എന്‍റെ പിറന്നാള്‍. ഞാനും ഉണ്ണി യേശുവും തമ്മില്‍ ഒരു ദിവസത്തെ വിത്യസമേയുള്ളൂ. അതച്ഛനോടോപ്പമുള്ള അടിപൊളി നാളുകളായിരുന്നു. പുതുവത്സരത്തിനു കൂടുതല്‍ അടിപൊളിയാക്കമെന്നു അച്ഛന്‍ വാക്കുതന്നിരുന്നു പക്ഷെ അപ്പോഴേക്കും അച്ഛന്‍ യുദ്ധഭൂമിയിലേക്ക് പോയിരുന്നു.
പള്ളിമണിഗോപുരത്തില്‍ നിന്നും ഒറ്റയും പെട്ടയുമായുള്ള മണിനാദം കേള്‍ക്കുമ്പോള്‍ അമ്മ പുറത്തേയ്ക്കോടി ഇറങ്ങും. അനേക മണികള്‍ പല താളത്തില്‍ ഒരേസമയം സിംഫണിപോലെ മുഴങ്ങിയിരുന്ന ആഹ്ലാദത്തിന്‍റെ സംഗീതധാര ഇപ്പോള്‍ കേള്‍ക്കാറില്ല. മരണത്തിന്റെ സന്ദേശവുമായി വരുന്ന ഒറ്റമണിയുടെ താളംതെറ്റിയ നാദം മാത്രമേ ഇപ്പോള്‍ കേള്‍ക്കാറുള്ളൂ. ഓരോ പള്ളി മണിക്കു ശേഷവും അമ്മ ഹാള്‍മുറിയിലേക്ക് തിരക്കിട്ടോടി വരുന്നതും മെഴുകുതിരി കൊളുത്തി മാതാവിന്‍റെ രൂപത്തിന്‍റെ മുന്‍പില്‍ മുട്ടുകുത്തി കണ്ണീരോടെ ജപമാല ചൊല്ലും. അമ്മയുടെ ആധികള്‍ കൂടി വരികയായിരുന്നു.
കുഞ്ഞനുജത്തി ഗലിയന്‍, അച്ഛന്‍ വീട്ടില്‍ വരാത്തതിനാല്‍ വല്ലാതെ തിക്കുമുട്ടുന്നുണ്ട്. അവള്‍ ഇടയ്ക്കിടയ്ക്ക് അമ്മയോട് ചോദിക്കും,
“അമ്മേ അച്ഛന്‍ എപ്പഴാ വരുന്നത് ?”
ഉടനെ വരുമെന്ന്, അപ്പോളൊക്കെ അമ്മ മറുപടിയും പറയും. അവള്‍ക്കു അച്ഛനോടാണ് ഏറെ അടുപ്പം. അച്ഛന്‍ വീട്ടിലുള്ളപ്പോള്‍ അവള്‍ എപ്പോഴും ചിരിച്ചുല്ലസിച്ചിരിക്കും. അച്ഛനവളെ ഉമ്മവയ്ക്കുമ്പോള്‍ കനത്ത മീശ മുഖത്തിക്കിളികൂട്ടും അപ്പോള്‍ അവള്‍ നിര്‍ത്താതെ ചിരിച്ചു കണ്ണുകള്‍ നിറഞ്ഞൊഴുകും.
വിരലുകള്‍ കത്രിക പോല്‍ പിടിച്ചു കൊണ്ട് ഞര്‍.. ഞര്‍.. എന്ന് വായകൊണ്ട് മുടിവെട്ടുന്ന ശബ്ദമുണ്ടാക്കി അവള്‍ അച്ഛന്റെ നെഞ്ചിലെ കനത്ത രോമങ്ങള്‍ വെട്ടുന്നത് കണ്ടു എല്ലാവരും പൊട്ടിച്ചിരിക്കും. രാത്രിയില്‍ ആ നെഞ്ചിലെ ചൂടേറ്റു കിടന്നാണവള്‍ ഉറങ്ങുക.
അച്ഛന്‍റെ വരവിനായി അവള്‍ കാത്തിരിക്കുന്നതിനു മറ്റൊരു കാരണം കൂടിയുണ്ട്. അവളുടെ ഏറ്റവും പ്രിയപ്പെട്ട ചങ്ങാതിയായ ‘ടെഡി ബെയറി’ നെ എങ്ങോ കാണാതെ പോയി. അതിനെ തേടി അവള്‍ ഒരുപാടു കരഞ്ഞു. അച്ഛന്‍ വരുമ്പോള്‍ നല്ലൊരു ടെഡി ബെയറിനെ വാങ്ങി കൊണ്ടുവരുമെന്നു അമ്മ അവളോട് പറഞ്ഞിരുന്നു.
യുദ്ധത്തിനെക്കുരിച്ചുള്ള ഭീതിനിറഞ്ഞ വാര്‍ത്തകളാണങ്ങും. ഇടയ്ക്കിടെ വ്യോമാക്രമണ മുന്നറിയിപ്പായി സൈറണ്‍ മുഴങ്ങും, അപ്പോള്‍ ഞങ്ങള്‍ നിലവറയില്‍ പോയിരിക്കും. ചില സമയം ഞങ്ങളിരിക്കുന്ന നിലവറയില്‍ പോലും നടുക്കം ഉണര്‍ത്തികൊണ്ട് വലിയ പൊട്ടിത്തെറി ശബ്ദവും, ഏതാണ്ടൊക്കയോ തകര്‍ന്നു വീഴുന്ന ശബ്ദവും കേള്‍ക്കാം. ഒരു ജെറ്റ് വിമാനത്തിന്‍റെ ഇരമ്പലോ, ഹെലികോപ്ടറിന്‍റെ ശബ്ദമോ കേട്ടാല്‍ ആളുകള്‍ പരിഭ്രാന്തരായി സുരക്ഷിതസ്ഥാനത്തേക്കു നൂണ്ടിറങ്ങും. അവര്‍ക്കറിയമായിരിക്കാം അതു ശത്രുക്കളല്ല, ഉക്രൈന്‍ സേനയാണ്, എന്നിരുന്നാലും ഭയം അവരുടെ കാലുകളെ ഒളിയിടത്തിലേക്ക് നയിച്ചുകൊണ്ടിരുന്നു.
എല്ലാ ദിവസവും പള്ളിമണികള്‍ പ്രിയപ്പെട്ട ആരുടെയൊക്കയോ മരണം അറിയിച്ചു കൊണ്ട് ദീനമായി മുഴങ്ങിയിരുന്നു. അപ്പോളെല്ലാം അമ്മ പരിശുദ്ധ മാതാവിന്‍റെ മുന്‍പില്‍ മുട്ടുമടക്കി അഭയം തേടിക്കൊണ്ടിരുന്നു. ഇപ്പോള്‍ എനിക്കുമറിയാം പള്ളി മണികളുടെ മുഴക്കത്ത്തിന്‍റെ താളവും അര്‍ത്ഥവും. പതിഞ്ഞ ശബ്ദത്തില്‍ നിശ്ചിതമായ ഇടവേളകള്‍ പാലിച്ചു മുഴങ്ങുന്ന മരണ മണിമുഴക്കം വിലാപയാത്രയുടെ പശ്ചാത്തല സംഗീതമായി ഉയരുന്നത് ഒരു നിത്യ സംഭവമാണ്.
അമ്മ വളരെ വിഷാദവതിയായി കാണപ്പെട്ടു എപ്പോഴും അവളുടെ ചുണ്ടുകള്‍ വിറയാര്‍ന്ന സ്വരത്തില്‍ പ്രാര്‍ത്ഥനകള്‍ ഉരുവിടുന്നത് കേള്‍ക്കാം. അവള്‍ ഞങ്ങള്‍ക്ക് വേണ്ടി ഭക്ഷണം ഒരുക്കുമെങ്കിലും കൃത്യമായി എന്തെങ്കിലും കഴിക്കുകയോ കുടിക്കുകയോ ചെയ്യാതെ വല്ലാതെ ചടച്ചു പോയി. മനോഹരമായ അവളുടെ കണ്ണുകള്‍ക്ക് ചുറ്റും വിഷാദത്തിന്‍റെ കറുപ്പ് പടര്‍ന്നു.
ഒരു ദിവസം സായാഹ്നത്തില്‍ മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങിയതിനെ തുടര്‍ന്ന് ഞങ്ങള്‍ നിലവറയില്‍ അഭയം തേടി. യുദ്ധവിമാനങ്ങളുടെ ഇടിമുഴക്കം വളരെ അടുത്തു നിന്നും കേട്ടു. കാതടപ്പിക്കുന്ന നിരവധി സ്ഫോടന ശബ്ദങ്ങള്‍ക്കൊപ്പം ഞങ്ങളുടെ വീടും നിലവറയും അതിശക്തമായി വിറകൊണ്ടു.
ഞങ്ങള്‍ പേടികൊണ്ടു ഉറക്കെ കരഞ്ഞു. മുട്ടുകള്‍ക്കിടയില്‍ തലതാഴ്ത്തിയിരുന്നു വിറകൊണ്ടു. തൊട്ടടുത്തുനിന്നും കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുന്ന ശബ്ദത്തോടൊപ്പം വൈദ്യുതി ബന്ധവും അറ്റു. ആ രാത്രി മുഴുവന്‍ കൂരിരുട്ടില്‍, തണുത്തു വിറങ്ങലിച്ചു, പേടിയോടെ ഞങ്ങളിരുന്നു.
ആ രാത്രിയില്‍ വിലാപയാത്രയുടെ മണിമുഴക്കം ഇടതടവില്ലാതെ ഞങ്ങളുടെ കാതില്‍ വീണുകൊണ്ടിരുന്നു. പിറ്റേന്ന് രാവിലെ വിഷാദത്തിന്റെ മണിമുഴക്കം വീണ്ടും കേട്ടു. വീടിന്റെ മുന്‍ വാതിലില്‍ ആരോ ശക്തമായി തട്ടുന്ന ശബ്ദം കേട്ടു അമ്മ മുകളിലേക്ക് നടന്നു അമ്മയുടെ പുറകെ ഞാനും കോണിപ്പടികള്‍ കയറിച്ചെന്നു.
വാതില്‍ തുറന്നപ്പോള്‍ വാതില്‍ക്കല്‍ രണ്ടു പട്ടാളക്കാര്‍ നില്‍ക്കുന്നത് കണ്ടു. അവരുടെ കൂടെ വന്ന രണ്ടുപേര്‍ മുറ്റത്ത് നില്‍ക്കുന്നുണ്ടായിരുന്നു. അതിലൊരാളെ എനിക്കറിയാമായിരുന്നു അച്ഛന്‍ ജോലി ചെയ്യുന്ന മിലിട്ടറി യൂണിറ്റിലെ ചാപ്ലിന്‍ ആയിരുന്നദ്ദേഹം. വീടിനോട് ചേര്‍ന്നുള്ള പാതയില്‍ ഒരു മിലിട്ടറി വാഹനവും നിര്ത്തിയിട്ടിരുന്നു.
“പ്രിയ മിസിസ്. പവലേങ്കോ, ക്യാപ്റ്റന്‍ പവലേങ്കോയെ പോരാട്ടത്തിനിടയില്‍ നഷ്ട്ടമായതില്‍ ഞങ്ങള്‍ എത്രയധികമായി ഖേദിക്കുന്നുവെന്നു താങ്കളെ നേരിട്ടറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.”
വാതിലിന്‍റെ നടയില്‍ നിന്നിരുന്ന ഓഫീസറില്‍ ഒരാള്‍ അമ്മയോട് പറഞ്ഞു
“ക്യാപ്റ്റന്‍ പവലേങ്കോ ധീരനായ ഒരു സൈനികനാണ്; ഉക്രൈന്‍ എന്ന ഈ മഹത്തായ രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനു വേണ്ടി അവസാന ശ്വാസം വരെ അദ്ദേഹം ധീരതയോടെ പോരാടി. താങ്കളെ ഞങ്ങളുടെ ആഴമേറിയ അനുശോചനം അറിയിക്കുന്നു.”
രണ്ടാമത്തെ ഓഫീസറായിരുന്നു അതു പറഞ്ഞത്.
അവര്‍ എന്താണ് പറയുന്നതെന്ന് അപ്പോളെനിക്കു പൂര്‍ണ്ണമായും മനസിലായില്ല. ഞാന്‍ അമ്മയുടെ മുഖത്തേക്ക് നോക്കി അവളുടെ മുഖം വിളറിയിരുന്നെങ്കിലും നിര്‍വികാരമായി കാണപ്പെട്ടു. പിന്നീടെനിക്കു തോന്നി ഞങ്ങളുടെ അമ്മ ആ നിമിഷത്തെ നേരിടാനായി കഴിഞ്ഞ ദിവസങ്ങളിലെല്ലാം തയ്യാറെടുക്കുകയയിരുന്നെന്നു.
മുറ്റത്ത് നിന്നിരുന്ന പട്ടാളക്കാരന്‍ വാതില്‍ക്കല്‍ നിന്നവരുടെ കയ്യിലേക്ക് രണ്ടു പൊതിക്കെട്ടുകള്‍ കൈമാറി. അവര്‍ അതിലൊരെണ്ണം തുറന്നു. അത് സൈന്യത്തില്‍ നിന്നും ഞങ്ങള്‍ക്കുള്ള സമ്മാനമായിരുന്നു. ‘വീണുപോയ സഖാവിനു നല്‍കുന്ന അവസാനത്തെ യൂണിഫോം’. നക്ഷത്രങ്ങളും ബഹുമതി മുദ്രകളും തുന്നിച്ചേര്‍ത്ത പുത്തന്‍ യൂണിഫോം, അവര്‍ അമ്മയുടെ നേര്‍ക്ക് നീട്ടി. വിറയാര്‍ന്ന രണ്ടുകൈകളും നീട്ടി അമ്മ അതവരുടെ കൈയില്‍ നിന്നും ഏറ്റു വാങ്ങി. മറ്റൊരു സഞ്ചിയില്‍ ഉണ്ടായിരുന്നത് അച്ഛന്റെ ചില സാധനങ്ങളായിരുന്നു അതവര്‍ എന്‍റെ കൈകളില്‍ ഏല്‍പ്പിച്ചു. മിലിട്ടറി ഉദ്ധ്യോഗസ്ഥര്‍ അറ്റന്‍ഷന്‍ ആയി നിന്നു കൊണ്ട് യൂണിഫോമിനു നേര്‍ക്ക് സല്യൂട്ട് ചെയ്തു, നടന്നകന്നു.
അമ്മ യൂണിഫോമും കയ്യിലേന്തി ഊണു മുറിയിലേക്ക് നടന്നു, ഊണു മേശയിലതു വെച്ചു. ഞാന്‍ അമ്മയുടെ പുറകെ നടന്നു ചെന്ന് എന്‍റെ കയിലുള്ള സഞ്ചിയും ഊണു മേശയില്‍ വച്ചു. അപ്പോഴേക്കും ഗലിയനും, ലിയാക് സാന്‍ട്രോയും അവിടെയെത്തി.
അച്ഛന്റെ സഞ്ചി തുറന്നു ഞാന്‍ പരിശോധിക്കുന്നതിനിടയില്‍ അതില്‍ നിന്നും ഒരു ചെറിയ ‘ടെഡി ബെയര്‍’ ഉരുണ്ടു ഗലിയന്‍റെ കാല്‍ച്ചുവട്ടില്‍ വീണു. അതുകണ്ടവളുടെ കണ്ണുകള്‍ വികസിച്ചു. ടെഡി ബെയറിനെ കയ്യിലെടുത്തുകൊണ്ടവള്‍ തുള്ളിച്ചാടി. അതവളുടെ കാണാതെ പോയ ചങ്ങാതിയായിരുന്നു, അച്ഛന്‍ യുദ്ധഭൂമിയിലേക്ക് അതുമായിട്ടാണ് പോയതെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. യുദ്ധഭൂമിയിലെ തണുത്തുറഞ്ഞ കിടങ്ങുകളില്‍, ഞങ്ങളുടെ കുഞ്ഞന്‍റെ ഗന്ധമുള്ള, പാവയെയും നെഞ്ചില്‍ കിടത്തിയായിരിക്കണം അച്ഛന്‍ ഉറങ്ങിയിരിക്കുക. ഗലിയന് വളരെ സന്തോഷമായി, കുറേക്കാലം കൂടി കണ്ടുമുട്ടിയ അവളുടെ ചങ്ങാതിയെ ഉമ്മ വയ്ക്കുകയും, അവനോടു വര്‍ത്തമാനം പറയുകയും ചെയ്തുകൊണ്ടവള്‍ അതിലെ നടന്നൂ.
തലേന്നു രാത്രി മുതല്‍ വീശിയടിക്കാന്‍ തുടങ്ങിയ മഞ്ഞുകാറ്റ് അതിശൈത്യം പടര്‍ത്തിക്കൊണ്ട് അപ്പോഴുമവിടെ ചുറ്റിയടിക്കുന്നുണ്ടായിരുന്നു.
അച്ഛന്‍ അപ്പോഴേക്കും ആ പ്രദേശത്തെ ഒരു വീര നായകനായി മാറിക്കഴിഞ്ഞിരുന്നു. പൌരന്മാര്‍ ചേര്‍ന്ന് ഞങ്ങളുടെ വീടിനടുത്തായി വഴിയരികില്‍ ഒരു താല്‍ക്കാലിക സ്മാരകം നിര്‍മ്മിച്ചു, അച്ഛന്റെ പട്ടാള വേഷത്തിലുള്ള വലിയൊരു ചിത്രവും അവിടെ സ്ഥാപിച്ചു. മഞ്ഞിനെ വകവയ്ക്കാതെ ആളുകള്‍ അവിടെ എത്തിച്ചേര്‍ന്നു, അവര്‍ പുഷപങ്ങളും പുഷ്പചക്രങ്ങളും അര്‍പ്പിക്കുകയും മെഴുകുതിരികള്‍ തെളിയിച്ചു ആദരവ് അര്‍പ്പിക്കുകയും ചെയ്തു. വാഹനങ്ങള്‍ മഞ്ഞയും നീലയും ചേര്‍ന്ന പതാകകള്‍ വീശി ഹോണ്‍ മുഴക്കി കടന്നു പോയി. അവരുടെ സ്നേഹപ്രകടനം ഞങ്ങളെ കരയിക്കുകയും അഭിമാനം കൊള്ളിക്കുകയും ചെയ്തു.
പിറ്റേദിവസം ഉച്ചകഴിഞ്ഞ് അച്ഛന്റെ ഭൌതീക ശരീരം പട്ടാള ട്രക്കില്‍ കൊണ്ടുവന്നു. ആറു സൈനികര്‍ ചേര്‍ന്ന് പതാകയില്‍ പൊതിഞ്ഞ ശവമഞ്ചം പള്ളിയുടെ ഉള്ളില്‍ കൊണ്ടുവന്നു വെച്ചു. അന്ത്യ ദര്‍ശനത്തിനായി പേടകം തുറന്നു വച്ചു. അച്ഛന്‍ മഞ്ചത്തിനുള്ളില്‍ കണ്ണുകളടച്ചു, ചുണ്ടില്‍ ചെറിയ ചിരിയോടെ കിടക്കുന്നത് ഗലിയന്‍ കണ്ടു. അപ്രതീക്ഷിതമായി അച്ഛനെ കണ്ടുമുട്ടിയ സന്തോഷത്തില്‍ അവള്‍ വിളിച്ചു കൂവി,
“ അച്ഛാ, ഇത് കണ്ടോ, എന്റെ ടെഡി ബെയര്‍ തിരിച്ചു വന്നു”
അവള്‍ അവനെ അച്ഛനു കാണാന്‍ വേണ്ടി അവനെ ഉയര്‍ത്തിക്കാട്ടി.
അവള്‍ക്കച്ഛനെ തൊടണമെന്നുണ്ട്, അവള്‍ അതിനായി ഏന്തിവലിഞ്ഞു ശ്രമിക്കുന്നുമുണ്ട്. പക്ഷെ അച്ഛന്‍ കിടക്കുന്ന പെട്ടി വച്ചിരിക്കുന്ന മേശക്ക് അവളുടെ കുഞ്ഞിക്കയ്ക്ക് എത്താവുന്നതില്‍ കൂടുതല്‍ ഉയരമുണ്ട്. അവള്‍ അച്ഛനെയും ഉറ്റുനോക്കി അവിടെ നിന്നു, ഇടയ്ക്കിടയ്ക്ക് അവള്‍ ടെഡി ബെയറിനെ ഉമ്മ വയ്ക്കുകും അവര്‍ക്ക് രണ്ടുപേര്‍ക്കും മാത്രമറിയാവുന്ന ഭാഷയില്‍ അവനോടു സംസാരിക്കുകയും ചെയ്തുകൊണ്ടിരുന്നു. അവനെ അവള്‍ക്കു വലിയ ഇഷ്ട്ടമാണ്. അമ്മ എപ്പോഴെങ്കിലും അവളെ വഴക്ക് പറഞ്ഞാല്‍, അതിലവള്‍ക്ക് സങ്കടം വന്നാല്‍ അവള്‍ അമ്മയെക്കുറിച്ചുള്ള അവളുടെ പരാതികള്‍ പറയുന്നത് അവളുടെ ആ കൂട്ടുകാരനോടാണ്.
പുരോഹിതന്‍ തന്‍റെ ഹൃസ്വമായ അനുശോചന വാക്കുകള്‍ ഉപസംഹരിച്ചു പ്രാര്‍ത്ഥനയിലേക്ക് കടന്നു.
“ ദൈവമേ കരുണ കാണിക്കണമേ, ക്രിസ്തുവേ കരുണ കാണിക്കണമേ “
എല്ലാവരും പ്രാര്‍ത്ഥന ഏറ്റു പറഞ്ഞു; വിലാപ ഗീതം ആലപിക്കുവാന്‍ തുടങ്ങി.
“ യേശുവേ അങ്ങയുടെ രാജ്യം വരുമ്പോള്‍ എന്നെയും ഓര്‍ക്കണമേ “
എന്ന വിലപഗാനം ആവര്‍ത്തിച്ചു പാടിക്കൊണ്ട് വിലാപയാത്രയുടെ ആരംഭം കുറിച്ചു. പുരോഹിതന്‍ വിശുദ്ധ ജലത്താല്‍ ഭൌതീക ദേഹം വെഞ്ചിരിച്ചു. കുന്തിരിക്കപുകയുടെ ഗന്ധം അവിടെങ്ങും പടര്‍ന്നു.
മഞ്ചല്‍ എടുക്കാന്‍ സമയമായി. നിരനിരയായി പൈന്‍മരങ്ങള്‍ നട്ടുപിടിപ്പിച്ച, നിലത്തു പച്ചപരവതാനി പോലെ വെട്ടി നിര്‍ത്തിയ പുല്‍ത്തകിടിയുള്ള സെമിത്തേരിയിലേക്കാണ് ഇനിയുള്ള യാത്ര. ഇപ്പോളവിടം വെളുത്ത കട്ടിക്കബളം വിരിച്ചപോലെ മഞ്ഞില്‍മൂടി കിടക്കുകയാണ്.
പള്ളിമുറ്റത്തുനിന്നും മിലിട്ടറി ബ്യൂഗിള്‍ ശോക ശ്രുതിയുയര്‍ത്തി. പുറത്തേക്ക് നടക്കാനാഞ്ഞവര്‍ അവരുടെ കരച്ചിലടക്കി തിരിഞ്ഞു നോക്കി, അത് അമ്മയിരുന്നു. അവളുടെ വിലാപ സ്വരം പള്ളിയുടെ ചുവരുകളില്‍ തട്ടി കാതുകളില്‍ പ്രതിധ്വനിച്ചു. അച്ഛന്‍ മരിച്ച വിവരം അറിഞ്ഞതിനു ശേഷം ഇപ്പോഴാണ് അമ്മ ഒന്നു പൊട്ടിക്കരഞ്ഞത്.
ഔപചാരിക വേഷങ്ങള്‍ അണിഞ്ഞ സൈനികര്‍ അച്ഛന്റെ മഞ്ചല്‍ എടുക്ക്കാനായാഞ്ഞു.
“പറ്റില്ല, എനിക്ക് അച്ഛന്റെ കൂടെ കേറിക്കിടക്കണം “
അത് ഗലിയന്‍റെ ശബ്ദമായിരുന്നു.
എല്ലാവരും പരസ്പരം മുഖത്തോട്ടു നോക്കി. ഗലിയന്‍ അവളുടെ ആവശ്യത്തില്‍ ഉറച്ചു നിന്നു, അവള്‍ വീണ്ടു അവളുടെ ആവശ്യം പറഞ്ഞു. ഏതാനും നിമിഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സൈനികര്‍ മഞ്ചലുയര്‍ത്തി അവരുടെ തോളില്‍ വച്ചു. ഗലിയന്‍ വിങ്ങിപ്പൊട്ടി കരഞ്ഞുകൊണ്ട് വീണ്ടും പറഞ്ഞു
“ എനിക്കച്ഛന്റെ കൂടെ പോണം, അച്ഛാ എന്നെയും കൊണ്ടോണം ”
അവളുടെ കുഞ്ഞു ശബ്ദം അവിടെയുള്ളവരുടെ അധരങ്ങള്‍ക്ക് തഴുതിട്ടു. പള്ളിയിലപ്പോള്‍ പരിപൂര്‍ണ്ണ നിശബ്ദതയായിരുന്നു.
പുറത്ത് അതിശൈത്യമായിരുന്നു. അവള്‍ വിചാരിച്ചിട്ടുണ്ടാകാം, അച്ഛന്റെ കൂടെ കയറി കിടന്നാല്‍ നല്ല സുഖമുള്ള ചൂടും സന്തോഷവും ആയിരിക്കുമെന്ന്, അവളുടെ മനസ്സിലപ്പോഴും അച്ഛന്റെ നെഞ്ചിന്റെ ചൂടുറഞ്ഞു പോയിട്ടില്ലായിരുന്നു.
തണുത്തുറഞ്ഞു കിടക്കുന്ന വീഥിയിലൂടെ വിലാപയാത്ര നീങ്ങിത്തുടങ്ങി. ഞാന്‍ മണിഗോപുരത്തിലേക്കു തിരിഞ്ഞു നോക്കി, അവിടെ ഒരു മണിമാത്രം, എന്‍റെ അച്ഛനോട് വന്ദനം പറഞ്ഞുകൊണ്ട് പതിയെ ഇളകിയാടി. മറ്റു മണികള്‍ മൌനമായി നോക്കി നിന്നു.
“ ഹേയ് ടെഡി, നോക്ക് ആരും എന്നെ അച്ഛന്റെ കൂടെ കേറ്റി യില്ല, എനിക്ക് അച്ഛന്റെ കൂടെ പോണം “
ഗലിയന്‍ അവളുടെ കൂട്ടുകാരനോട് പരാതി പറഞ്ഞു. ചുവന്നു തുടുത്ത അവളുടെ കവിളിലൂടെ കണ്ണുനീര്‍ ഉതിര്‍ന്നുവീണുകൊണ്ടിരുന്നു. അമ്മ എന്നെ തിരിഞ്ഞു നോക്കി. ഗലിയന്‍ എന്റെ മടിയിലായിരുന്നു, ഞാന്‍ രണ്ടു കൈകള്‍ കൊണ്ടും അവളെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചു നെറുകയില്‍ ചുംബിച്ചു. ലിയാക് സാന്‍ട്രോ അമ്മയുടെ അടുക്കല്‍ ചേര്‍ന്നിരുന്നു. അവരുടെ കൈകള്‍ പരസ്പരം മുറുകെ കോര്‍ത്തിരുന്നു.