Image

മഹാനവമി ഡിബ്ബയും ഒറ്റക്കൽ വാതിലുകളും (ഹംപി കാഴ്ചകൾ -7: മിനി വിശ്വനാഥൻ)

Published on 22 March, 2022
മഹാനവമി ഡിബ്ബയും ഒറ്റക്കൽ വാതിലുകളും (ഹംപി കാഴ്ചകൾ -7: മിനി വിശ്വനാഥൻ)

ഹംപിയിലെ ചരിത്ര പ്രസിദ്ധമായ റോയൽ എൻക്ലോഷറിലേക്കുളള യാത്രാമദ്ധ്യേയാണ് ജഗദീഷ് തലമുറകളായി കൈമാറിക്കിട്ടിയ തന്റെ ദേശത്തിന്റെ ചരിത്രം ഞങ്ങളുമായി പങ്ക് വെച്ചത്.


1930 കളിൽ സംഗമ രാജവംശത്തിലെ
ഹരിഹരരായ, ബുക്കരായ എന്ന സഹോദരങ്ങളിൽ നിന്നാണ് സമ്പൽ സമൃദ്ധമായ ഈ രാജ്യത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. രാജ്യം സ്ഥാപിതമായ പതിനാലാം നൂറ്റാണ്ടിൽ തന്നെ പലവിധ കടന്നുകയറ്റങ്ങളും അധിനിവേശങ്ങളും  ഹംപിക്ക് നേരെ ഉണ്ടായിട്ടുണ്ട്. മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ ആക്രമണമാണ് അതിൽ പ്രധാനമായത്. യുദ്ധത്തിനൊടുവിൽ ഈ രണ്ട് സഹോദര രാജാക്കൻമാരെ എതിരാളികൾ തട്ടിക്കൊണ്ട് പോയെങ്കിലും അതിസാഹസികമായി അവർ രക്ഷപ്പെട്ടു വന്നു എന്നാണ് ചരിത്രം. തുടർന്നും ഈ രാജ്യം നേരിട്ടിട്ടുള്ള ആക്രമണങ്ങളാണ് ഇന്ന് കാണുന്ന ഹംപിയുടെ ദുരവസ്ഥക്ക് കാരണം എന്ന് പറഞ്ഞ് അയാൾ നെടു വീർപ്പിട്ടു.

ഇന്ന് ഇവിടെ കാണുന്ന തകർന്നടിഞ്ഞു കിടക്കുന്ന ഭൂവിഭാഗം മുഴുവൻ  അധികാരത്തിന്റെയും ആർഭാടത്തിന്റെയും സമ്പത്തിന്റെയും പര്യായങ്ങളായ കൊട്ടാര സമുച്ചയങ്ങളായിരുന്നു. തുംഗഭദ്ര നദിയും വളക്കൂറുള്ള മണ്ണും കഠിനാദ്ധ്വാനികളായ മനുഷ്യരും മികച്ച ഭരണാധികാരികളും എന്ന ചേരുവകൾ ഒത്തുചേർന്നപ്പോൾ സമ്പൽ സമൃദ്ധമായ രാജ്യം ഉണ്ടായതിൽ അത്ഭുതമില്ല. അത്തരം രാജ്യങ്ങൾ സ്വന്തമാക്കാനായി തക്കം പാത്തിരിക്കുന്നവരാണ് നാട്ടുഭരണ കാലത്തെ അയൽരാജ്യങ്ങൾ .

പതിനാറാം നൂറ്റാണ്ടിൽ കൃഷ്ണദേവരായരുടെ ഭരണകാലമാണ് വിജയനഗര സാമ്രാജ്യത്തിന്റെ സുവർണ്ണകാലമെന്ന് പറയാം. അതിനു ശേഷവും മികച്ച ഭരണാധികൾ ഉണ്ടായെങ്കിലും അധിനിവേശങ്ങളും ആക്രമണങ്ങളും തടുത്തു നിർത്താനായില്ല. നാടിന്റെ കഥകൾ പറഞ്ഞു വരുമ്പോഴേക്കും ഞങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തിയിരുന്നു.

റോയൽ എൻക്ലോഷറിലേക്ക് വഴി കാട്ടിക്കൊണ്ട് ഒരു നരച്ച ബോർഡ് ഞങ്ങളെ നിശബ്ദമായി സ്വാഗതം ചെയ്തു. അവിടെയുണ്ടായിരുന്ന ഒറ്റ മരത്തണലിൽ ഒരു ചെറുപ്പക്കാരി ചെറിയ
കുപ്പികളിൽ മോരും മസാല പുരട്ടിയ കക്കിരിക്കകളും വിൽക്കാൻ വെച്ചിരിക്കുന്നു. ഉറക്കെ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ഞങ്ങളെ പ്രതീക്ഷയോടെ ഒന്ന് നോക്കി സൗഹാർദ്ദപൂർവ്വം ഉള്ളിലേക്ക് പോവാനുള്ള വഴി കണ്ണുകൾ കൊണ്ട് കാട്ടിത്തന്നു.

ചെറുകൂട്ടങ്ങളായി സഞ്ചാരികൾ കാഴ്ചകൾ കണ്ടു നടക്കുന്നുണ്ടായിരുന്നെങ്കിലും സങ്കടകരമായ മൂകതയാണ് അവിടെ നിറഞ്ഞു നിൽക്കുന്നത് എന്ന് എനിക്ക് തോന്നി. കൽത്തൂണിൽ ചാരി നിന്ന് ബീഡി വലിച്ചു കൊണ്ടിരുന്ന നാട്ടുകാരനായ ഒരു വഴികാട്ടി വില പേശലുകളൊന്നുമില്ലാതെ കൂടെ വന്ന് വീണ്ടും ദേശചരിത്രം പറഞ്ഞുതുടങ്ങി.

പണ്ടൊരു കാലത്ത് വിജയനഗര സാമ്രാജ്യത്തിന്റെ തന്ത്ര പ്രധാനമായ കേന്ദ്രമാണ് റോയൽ എൻക്ലോഷർ എന്ന രാജകീയാസ്ഥാനം. കൊട്ടാരങ്ങളും ദർബാർ കേന്ദ്രങ്ങളും നാടകശാലകളും വാണിജ്യ സ്ഥാപനങ്ങളും കൂട്ടത്തിൽ ഭൂഗർഭ അറകളും നിറഞ്ഞ അവിടത്തെ കെട്ടിടങ്ങൾ ഏറ്റവും മികച്ച കല്ലിലാലും മരത്തിലാലും നിർമ്മിച്ചതായിരുന്നെങ്കിലും ഇവ നിലനിൽക്കരുത് എന്ന ഉദ്ദേശത്തോടെ നടത്തിയ ആക്രമണങ്ങൾക്ക് മുന്നിൽ അടി പതറിപ്പോയി. കൊട്ടാരങ്ങൾ തകർത്തു കളഞ്ഞതോടൊപ്പം കൽമണ്ഡപങ്ങളിലെ മരപ്പണികൾ മുഴുവൻ തീയിട്ടു കത്തിച്ചു  കളഞ്ഞെന്നും അയാൾ നിരാശയോടെ ഞങ്ങളോട് പറഞ്ഞു. ഞാൻ അവിടെ വെച്ച് കണ്ട നാട്ടുകാരിൽ മിക്കവരുടെയും സ്ഥായീഭാവം നിരാശയായിരുന്നു. സമ്പൽ സമൃദ്ധമായിരുന്ന ഭൂതകാലത്തെക്കുറിച്ചുള്ള കേട്ടറിവുകളിൽ മാത്രമാണ് ഇന്ന്
 അവർ സമ്പന്നർ .

ഒറ്റക്കല്ലിൽ നിർമ്മിച്ച കൂറ്റനൊരു കൽവാതിൽ ചാരിവെച്ചിടത്തേക്ക് ഞങ്ങളുടെ നോട്ടം പതിഞ്ഞു. കല്ലുകൾ കൊണ്ടു തന്നെയുള്ള വാതിൽക്കഴകളുടെയും വിജാഗിരി കളുടെയും സൂക്ഷ്മഭംഗിയും പ്രൗഢിയും വിവരണത്തിന് അതീതമാണ്. റോയൽ
എൻക്ലോഷറിലെ അനേകം കൽ വാതിലുകളിൽ അവശേഷിച്ച ഒന്ന് ഇതു മാത്രമാണെന്നും ഇതു തുറക്കാൻ ആനകൾക്ക് മാത്രമെ പറ്റുമായിരുന്നുള്ളു എന്നും ഗൈഡ് ഹിന്ദി കലർന്ന ഇംഗ്ലീഷിൽ വിശദീകരിച്ചു.

രണ്ടു കൽവാതിലുകളും ചാരിവെച്ചത് ചതുരാകൃതിയിലുള്ള ഒരു മണ്ഡപത്തിന് അടുത്തായിരുന്നു.

അവിടെയുള്ളതിൽ വെച്ച് ഏറ്റവും ഉയരം കൂടിയ നിർമ്മിതിയാണ് ഈ മണ്ഡപം. ഒറ്റനോട്ടത്തിൽ വലിയ പ്രത്യേകതകളൊന്നും ഇല്ലെന്നു തോന്നുമെങ്കിലും അടുത്തു നിന്ന് നോക്കിയാൽ വിസ്മയകാഴ്ചകളുടെ കൂടാരമാണവിടം. കൃഷ്ണദേവരായർ ഉദയഗിരി (ഇന്നത്തെ ഒറീസ) ക്കു മേലുള്ള വിജയത്തെ അടയാളപ്പെടുത്താനായി നിർമ്മിച്ചതാണത്രെ ഈ മൂന്ന് അടുക്കുകളുള്ള ഈ പ്ളാറ്റ്ഫോം. ചുറ്റുപാടും വിവിധ നിറം ഗ്രനേറ്റു പാളികളിൽ കൊത്തിവെച്ചിട്ടുള്ള ശില്പങ്ങളുടെ സൂക്ഷ്മഭംഗിയും ചാരുതയും നോക്കിക്കൊണ്ടിരിക്കെ ഇതാണ് പ്രസിദ്ധമായ മഹാനവമി ഡിബ്ബ എന്നു പറഞ്ഞു കൊണ്ട് ചിത്രങ്ങളിലെ ഡിറ്റൈയിലിങ്ങിലേക്ക് ഗൈഡ് ശ്രദ്ധക്ഷണിച്ചു.

ആനകളും ഒട്ടകങ്ങളും വിചിത്രരൂപികളും മത്സ്യാകൃതികളും സംഗീത ഉപകരണങ്ങളും ഘോഷയാത്രകളും എന്നു വേണ്ട അതിന്റെ ഓരോ ലെയറിലും കൊത്തിവെക്കാത്തതായി ഒന്നുമില്ലെന്ന് തന്നെ പറയാം. അവിടെയുള്ള ഓരോ കൊച്ചു ചിത്രങ്ങൾക്കും പരമാവധി ഭാവപൂർണ്ണതയും രൂപപൂർണ്ണതയും ഉണ്ടായിരുന്നു എന്നതും വിസ്മയിപ്പിക്കുന്നതാണ്.

മഹാനവമി ഡിബ്ബയുടെ മുകളിലേക്കെത്താൻ രണ്ട് കൽപ്പടവുകൾ ഉണ്ട്. കിഴക്ക് ഭാഗത്തേക്ക് കയറിപ്പോവുന്ന കോണിപ്പടി കൊത്തുപണികളാൽ അലങ്കരിച്ചതായിരുന്നു. ഇത് വഴിയാണ് നവരാത്രി ഉത്സവത്തോടനുബന്ധിച്ചുള്ള ചടങ്ങുകളും പട്ടാളക്കാരുടെ അഭ്യാസ പ്രകടനങ്ങളും കലാപരിപാടികളും കാണാനായി രാജകുടുംബം മുകളിലെത്തിയിരുന്നത്. മന്ത്രി മാരും ഗവർണർമാരും സത്യപ്രതിജ്ഞ ചെയ്തിരുന്നതും ഈ പ്ളാറ്റ്ഫോമിൽ വെച്ചായിരുന്നു.

ചുറ്റുപാടും തകർന്നടിഞ്ഞ് കിടക്കുന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിലും അതി മനോഹരമായി ഡിസൈൻ ചെയ്ത പുഷ്കരിണി എന്ന് വിളിക്കുന്ന കുളം കേടുപാടുകളൊന്നും കൂടാതെ നിലനിൽക്കുന്നത് കാണാമായിരുന്നു. ഞങ്ങൾ ഒട്ടും തിടുക്കപ്പെടാതെ എല്ലാം കണ്ടു തീർത്തു മറുവഴിയിലൂടെ താഴെയിറങ്ങി ഭൂഗർഭ അറയിലേക്ക് നടന്നു. യുദ്ധങ്ങൾ വരുമ്പോൾ സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതരായി ഇരിക്കാനും, ആയുധങ്ങൾ ശേഖരിച്ചു വെക്കാനുമാവണം ഇത് നിർമ്മിച്ചത്. വവ്വാലുകളുടെ ആവാസ കേന്ദ്രമാണ് ഇപ്പോഴവിടം. കണ്ടു തീരാത്ത കാഴ്ചകളിൽ കണ്ണ് നിറച്ച് ഞങ്ങൾ പുഷ്കരണിയുടെ തീരത്തെത്തി.

റോയൽ എൻക്ലോഷറിലെ ഓരോ കാഴ്ചകളും ആ കാലത്ത് ജീവിച്ചിരുന്ന കലാകാരൻമാരെയും നിർമ്മാണ വിദഗ്ദ്ധരെയും ഓർമ്മിപ്പിച്ചു. അവരെ മനസാ നമിച്ചു കൊണ്ടല്ലാതെ ആ കാഴ്ചകൾ കണ്ടു തീർക്കാനാവില്ലെന്നതാണ് സത്യം.

ഹംപിയിലെ കാഴ്ചകൾ തുടരും

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക