Image

യുക്രൈന്‍ യുദ്ധം ആര്‍ക്കുവേണ്ടി? (ലേഖനം-തമ്പി ആന്റണി)

Published on 22 March, 2022
യുക്രൈന്‍ യുദ്ധം ആര്‍ക്കുവേണ്ടി? (ലേഖനം-തമ്പി ആന്റണി)

യുദ്ധം തുടങ്ങിവയ്ക്കുന്നതാരാണെങ്കിലും അവരെ ക്രിമിനല്‍ കുറ്റവാളികളായിക്കണ്ടു ശിക്ഷിക്കാനുള്ള നിയമങ്ങള്‍ വേണമെന്നാണ് എന്റെയഭിപ്രായം. 
    ഒരു യുദ്ധത്തിലും ആരും വിജയിച്ച ചരിത്രമില്ല. വിജയിച്ചതായി അവകാശപ്പെടുന്നവര്‍പോലും ആത്യന്തികമായി പരാജയപ്പെടുകയാണു ചെയ്തിട്ടുള്ളത്. എന്നിട്ടും ഇപ്പോഴും പല രാജ്യങ്ങളും കോടികള്‍ കത്തിച്ചു യുദ്ധം ചെയ്യുന്നു; രാഷ്ട്രനേതാക്കളുടെ താല്‍പ്പര്യത്തിനുവേണ്ടി മാത്രം! കുറേ നിരപരാധികളെ കൊന്നുകഴിയുമ്പോള്‍ യുദ്ധം നിര്‍ത്തി അവര്‍ 'ഷെയ്ക്ക് ഹാന്‍ഡ്' ചെയ്യുന്നു.     യുദ്ധം ചെയ്യുന്ന രാജ്യങ്ങളിലെ ജനങ്ങള്‍, 'രാജ്യസ്‌നേഹം' എന്ന തട്ടിപ്പിനിരയായി, തൊട്ടയല്‍പക്കത്തുള്ള സ്വന്തം വര്‍ഗ്ഗത്തെ കൊല്ലുന്നു; അവിടങ്ങളിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നു; വീടുകളും വ്യാപാരസ്ഥാപനങ്ങളും ചുട്ടെരിക്കുന്നു. അതൊന്നും ഒരിക്കലും കുറ്റങ്ങളാകുന്നില്ല; ആ കുറ്റവാളികളെ ഒരു കോടതിയും ശിക്ഷിക്കാറുമില്ല! 

എന്റെ യുക്രൈന്‍ അനുഭവങ്ങള്‍
    എന്നോ മറന്നുപോയ ഒരു യുക്രൈന്‍യാത്ര മനസ്സിലേക്കോടിയെത്താന്‍ കാരണം, ഇപ്പോഴത്തെ റഷ്യ-യുക്രൈന്‍ യുദ്ധമാണ്. 2002 ല്‍, ഒരു കോണ്‍ഫറന്‍സിനായി ഞാന്‍ പോയത് യുക്രൈന്‍ തലസ്ഥാനമായ കീവിലേക്കായിരുന്നു. ഞാന്‍ ചെല്ലുമെന്നറിഞ്ഞ്, മീറ്റിംഗിന്റെ ഒരുക്കങ്ങളെല്ലാം നേരത്തേതന്നെ ഏര്‍പ്പാടാക്കിയിരുന്നു. സാമ്പത്തികമായി അത്ര മെച്ചപ്പെട്ട അവസ്ഥയിലൊന്നുമായിരുന്നില്ല അന്ന് ആ രാജ്യം. എങ്കിലും വളരെ നിഷ്‌ക്കളങ്കരും സമാധാനപ്രിയരുമായ സാധാരണക്കാരുടെ നാടായിട്ടാണ് എനിക്കു തോന്നിയത്. 
    നഴ്‌സിംഗ് വിദ്യാര്‍ത്ഥികളെ അമേരിക്കയിലേക്കു റിക്രൂട്ട് ചെയ്യാനുള്ള സാധ്യതയെപ്പറ്റി ഒരു പഠനം നടത്തുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു എന്റെ സന്ദര്‍ശനം. റഷ്യയില്‍നിന്നു സ്വാതന്ത്ര്യം കിട്ടിയെങ്കിലും സാമ്പത്തികസ്ഥിതി മെച്ചമല്ലാത്തതിനാല്‍ ഈ നിര്‍ദ്ദേശത്തെ അവര്‍ ഇരുകൈകളുംനീട്ടി സ്വീകരിച്ചു. 
    കീവ് എയര്‍പോര്‍ട്ടിലാണ് ആദ്യം ലാന്‍ഡ് ചെയ്തത്. അവിടുത്തെ ഇമിഗ്രേഷന്‍ ചെക്കിലെ നീണ്ട ക്യൂ കണ്ട് അന്തംവിട്ടു നില്‍ക്കുമ്പോള്‍, അതിസുന്ദരിയായ ഒരു പെണ്‍കുട്ടി ഓടിവന്നു സ്വയം പരിചയപ്പെടുത്തി: 
    'ആര്‍ യൂ മിസ്റ്റര്‍ ആന്റണി? ഐ ആം മറിയ. ഹൗ ആര്‍ യൂ?'
    'ഐ ആം ഗുഡ്. താങ്ക് യൂ.'
    'ഹൗ വാസ് ദി ഫ്‌ളൈറ്റ്?'
    'നോട്ട് ബാഡ്' എന്നുപറഞ്ഞ്, ഞാനൊരു സംശയം ചോദിച്ചു: 
    'ഹൗ ഡു യു നോ മീ?'
    'ഐ ഹാവ് യുവര്‍ ഫോട്ടോ.'
    അവള്‍ ഫോട്ടോ കാണിച്ചു. എന്നെ സ്വീകരിക്കാന്‍ യൂണിവേഴ്‌സിറ്റി അധിഃകൃതര്‍ പറഞ്ഞുവിട്ടതാണെന്നു മനസ്സിലായി. അത്രയും വെള്ളക്കാരുടെയിടയില്‍നിന്ന്, ഏതൊരു സായിപ്പിനും ഒരു ബ്രൗണ്‍ സ്‌കിന്‍ നിഷ്പ്രയാസം കണ്ടുപിടിക്കാവുന്നതേയുള്ളു. 
    ഇംഗ്ലീഷിലാണെങ്കിലും, റഷ്യന്‍ ആക്‌സെന്റില്‍ അവളെന്തൊക്കെയോ പറഞ്ഞു. കുറച്ചു ശ്രദ്ധിച്ചുകേട്ടപ്പോള്‍ അവളെ അനുഗമിക്കാനാവശ്യപ്പെടുകയാണെന്നു മനസ്സിലായി. എന്റെ പാസ്‌പോര്‍ട്ട് വാങ്ങി, അവള്‍ മുമ്പേ നടന്നു. കീവ് യൂണിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷ് പഠിക്കുന്ന സ്റ്റുഡന്റാണെന്നും ദ്വിഭാഷിയെന്ന നിലയില്‍ സഹായിക്കാനാണു വന്നതെന്നും അവള്‍ വിശദീകരിച്ചു. 
    അവള്‍ നേരേ പോയത്, നീണ്ട ക്യൂവിന്റെ ഏറ്റവും മുന്നിലേക്കായിരുന്നു. ക്യൂവിലുണ്ടായിരുന്നവരാരും ഒരു പരിഭവവും പറഞ്ഞില്ല. ഏതോ ഇന്ത്യന്‍ വി ഐ പിയാണെന്ന് അവര്‍ കരുതിയിട്ടുണ്ടാവും. അല്ലെങ്കില്‍ അവിടെയതെല്ലാം സാധാരണസംഭവങ്ങളായിരിക്കാം. 


    ഇമിഗ്രേഷന്‍ ഓഫീസര്‍ പാസ്‌പോര്‍ട് പരിശോധിച്ച്, എന്നെയൊന്നു നോക്കിയശേഷം മറിയയെ നോക്കിച്ചിരിച്ച്, പൊയ്‌ക്കൊള്ളാന്‍ പറഞ്ഞു. ഞാന്‍ നന്ദി പറഞ്ഞു. അഴിമതിയുടെ നാടെന്നു നമ്മളെപ്പോഴും കുറ്റപ്പെടുത്തുന്ന കേരളത്തില്‍പ്പോലും ഇതൊന്നും ഇത്രയെളുപ്പം നടക്കാനുള്ള സാധ്യതയില്ലല്ലോ എന്നായിരുന്നു ഞാനപ്പോള്‍ ചിന്തിച്ചത്. പണവും സ്വാധീനവുമുണ്ടെങ്കില്‍ ഏതു കാര്യവും സാധിക്കാവുന്ന, ഒരു സായിപ്പിന്റെ രാജ്യമാണത് എന്നത് എന്നെ അത്ഭുതപ്പെടുത്തി. നമ്മുടെ കുട്ടികള്‍ അവിടെപ്പോയി ഡോക്ടര്‍മാരാകാന്‍ പഠിക്കുന്നതിന്റെ രഹസ്യം അതായിരിക്കാം! 
    ഞങ്ങള്‍ പുറത്തേക്കിറങ്ങി. അവളൊരു കാറിനു കൈകാണിച്ചു. ആദ്യമൊന്നു മടിച്ചെങ്കിലും അവളുടെ നിഷ്‌ക്കളങ്കമായ ചിരിയും സംസാരവുമൊക്കെക്കണ്ടപ്പോള്‍ സംശയങ്ങളെല്ലാം കറ്റില്‍പ്പറത്തി അവള്‍ക്കൊപ്പം കാറില്‍ക്കയറി. അപ്പോഴേക്കും ഏജന്റിന്റെ കോള്‍ വന്നു. പിറ്റേന്നത്തെ മീറ്റിംഗിനുള്ള എല്ലാ എര്‍പ്പാടുകളും പ്ലാന്‍ ചെയ്തിട്ടുണ്ടെന്നായിരുന്നു സന്ദേശം. താമസസൗകര്യവുംമറ്റും ഏതോ ഹോട്ടലില്‍ ബുക്ക് ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. 
    കാറിന്റെ സ്പീക്കറില്‍നിന്നു കേട്ട ഹിന്ദി ഗാനം അപ്പോഴാണു ശ്രദ്ധിച്ചത്. ഡ്രൈവര്‍ പാട്ടിനൊപ്പം താളം പിടിച്ചുകൊണ്ട് കുറേ ഹിന്ദി നടന്‍മാരുടെയും നടിമാരുടെയും പേരുകള്‍ പറഞ്ഞു. രാജ് കപൂര്‍ തൊട്ട് ഐശ്വര്യ റായിയും ഷാരൂഖ് ഖാനുംവരെയുണ്ടായിരുന്നു അയാളുടെ ലിസ്റ്റില്‍. 
    അയാള്‍ ഹിന്ദിപ്പടങ്ങള്‍ കാണാറുണ്ടെന്നും ഹിന്ദിപ്പാട്ടുകളിഷ്ടമാണെന്നും യുക്രൈന്‍ ഭാഷയില്‍ പറഞ്ഞത് മറിയ പരിഭാഷപ്പെടുത്തിത്തന്നു. ഏതായാലും ഇന്ത്യക്കാരെയും ഇന്ത്യന്‍ സംസ്‌ക്കാരത്തെയും ഹിന്ദി സിനിമയേയുമൊക്കെ സ്‌നേഹിക്കുന്ന സായിപ്പന്‍മാര്‍ വേറെയേതെങ്കിലും ഭൂഖണ്ഡത്തിലുണ്ടാവുമെന്നു തോന്നുന്നില്ല. 
    അന്ന് ഹോട്ടലിലെ റൂമില്‍ ചെക്കിന്‍ ചെയ്ത്, ടി വി ഓണ്‍ ചെയ്തപ്പോള്‍ കണ്ടതും ഹിന്ദി സിനിമയായിരുന്നു. സംഭാഷണം യുക്രൈന്‍ ഭാഷയിലും പാട്ടുകളെല്ലാം ഹിന്ദിയിലുമായിരുന്നു എന്നത് വിചിത്രമായിത്തോന്നി. ഇതൊക്കെ ഇരുപതു വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നെന്നോര്‍ക്കണം. റഷ്യന്‍ സംസ്‌ക്കാരത്തിന്റെ തുടര്‍ച്ചയായിരുന്നിരിക്കണം. അവര്‍ രാജ്കപൂറിന്റെ കാലംതൊട്ടു ഹിന്ദി സിനിമകള്‍ ധാരാളം കണ്ടിരുന്നുവെന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു. 
    അടുത്ത ദിവസം കീവില്‍നിന്ന് ഖാര്‍കീവ് നാഷണല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുമായുള്ള മീറ്റിംഗിനായിരുന്നു പോകേണ്ടിയിരുന്നത്. അവിടെനിന്നു പഠിച്ചിറങ്ങുന്നവരെ ഇംഗ്ലീഷ് പഠിപ്പിച്ച്, അമേരിക്കയിലെ നഴ്‌സിംഗ് പരീക്ഷയും പാസ്സാക്കി കാലിഫോര്‍ണിയയിലേക്കു കൊണ്ടുവരികയായിരുന്നു ലക്ഷ്യം. ലോക്കല്‍ ഫ്‌ളൈറ്റിലായിരുന്നു അങ്ങോട്ടുള്ള യാത്രയ്‌ക്കൊരുങ്ങിയത്. 
    പോകാനുള്ള ഫ്‌ളൈറ്റ് ലാന്‍ഡ് ചെയ്തപ്പോള്‍ എനിക്കാകെയൊരങ്കലാപ്പായിരുന്നു. പുറമേപോലും പെയിന്റ് ഇളകിത്തുടങ്ങിയ പഴയൊരു റഷ്യന്‍ ഫ്‌ളൈറ്റ്. അതില്‍ക്കയറാന്‍ എനിക്കു പേടിയാകുന്നു എന്നു മറിയയെ അറിയിച്ചു. അപ്പോള്‍ ആത്മവിശ്വാസത്തോടെ അവള്‍ പറഞ്ഞു: 
    'ഡോണ്ട് വറി എബൗട് ലുക്ക്. വി ഹാവ് ദി ബെസ്റ്റ് ഫ്‌ളൈറ്റ്‌സ് ആന്‍ഡ് ബെസ്റ്റ് പൈലറ്റ്‌സ് ഇന്‍ ദി വേള്‍ഡ്!'
    എന്തായാലും അവളെ വിശ്വസിച്ച് അതില്‍ കയറിക്കൂടി. അകത്തു കയറിയപ്പോഴാണ് കൂടുതല്‍ ഭീതി തോന്നിയത്. നമ്മുടെ സര്‍ക്കാരിന്റെ ഓര്‍ഡിനറി ബസ്സിനേക്കാള്‍ കഷ്ടം! ലഗേജ് വയ്ക്കാനുള്ള ഓവര്‍ഹെഡ് സ്റ്റോറിനു ഡോറില്ല! പല സീറ്റുകളും കീറിപ്പറിഞ്ഞിരിക്കുന്നു. ഒന്നുരണ്ടെണ്ണം ഇരിക്കാന്‍ പറ്റാത്തവിധം പിന്നിലേക്കു മറിഞ്ഞുകിടക്കുന്നു. യുക്രൈന്‍കാര്‍ അതൊന്നും ഗൗനിക്കാതെ, കൂളായി ചിരിച്ചുകളിച്ചു കയറിയിരിക്കുന്നു! എന്തായാലും ഇനി തിരിച്ചിറങ്ങാന്‍ പറ്റില്ലല്ലോ! ധൈര്യം സംഭരിച്ച്, സീറ്റ് നമ്പര്‍ നോക്കി, എന്റെ സീറ്റില്‍ത്തന്നെയിരുന്നു. പ്ലെയിന്‍ പറന്നുപൊങ്ങിയപ്പോള്‍ ഞാന്‍ കണ്ണടച്ചിരുന്ന്, അവള്‍ പറഞ്ഞത് മനസ്സിലാവര്‍ത്തിച്ചു:
    'ഡോണ്ട് വറി എബൗട് ലുക്ക്. വീ ഹാവ് ദി ബെസ്റ്റ് ഫ്‌ളൈറ്റ്‌സ് ആന്‍ഡ് ബെസ്റ്റ് പൈലറ്റ്‌സ് ഇന്‍ ദി വേള്‍ഡ്!'
    വിമാനം വളരെ സ്മൂത്തായി, ഖാര്‍കീവില്‍ ലാന്‍ഡ് ചെയ്തു. അപ്പോള്‍ അവള്‍ പറഞ്ഞതുതന്നെയാണു ശരിയെന്നു തോന്നി. ലുക്കിലെന്തിരിക്കുന്നു! അല്ലെങ്കിലും കാണാന്‍ നല്ലതു തിന്നാന്‍ കൊള്ളില്ലെന്നാണല്ലോ പറയുന്നത്! 
    അതൊക്കെ അന്നത്തെക്കാര്യം. ഇന്നിപ്പോള്‍ എല്ലാ മേഖലകളിലും യുക്രൈന്‍ പുരോഗതി കൈവരിച്ചിരിക്കുന്നു. യൂറോപ്യന്‍ യൂണിയനായ നാറ്റോയില്‍ അംഗത്വമെടുക്കാനുള്ള തീരുമാനത്തിലെത്തിയിരുന്നു. അതൊക്കൊക്കണ്ടു സഹികെട്ടിട്ടായിരിക്കണം, റഷ്യന്‍ പ്രസിഡന്റ് പുടിന്റെ ഈ അധിനിവേശം!  
    എയര്‍പോര്‍ട്ടില്‍ എന്നെ കാത്തുനിന്നത് മറ്റൊരു സുന്ദരി! യൂണിവേഴ്‌സിറ്റി മീറ്റിംഗിന് അവളായിരുന്നു ദ്വിഭാഷി. 'നടാഷ' എന്നു സ്വയം പരിചയപ്പെടുത്തി. കോളേജിലെ ഇംഗ്ലീഷ് അധ്യാപികയാണെന്നു പറഞ്ഞു. അവിടുത്തെ വിദ്യാര്‍ത്ഥിയാണെന്നു പറഞ്ഞാലും ആരും വിശ്വസിച്ചുപോകും. അത്രയ്ക്കു ചുറുചുറുക്കുണ്ട്, അവളുടെ സംസാരത്തിനുപോലും. മറിയയെക്കാള്‍ നന്നായി ഇംഗ്ലീഷ് സംസാരിച്ചിരുന്നു എന്നതും എനിക്കാശ്വാസമായി. 
    മുഖവുരയൊന്നും കൂടാതെ നടാഷ ചോദിച്ചു: 
    'ഹൗ വാസ് മറിയ?'
    'ഷീ വാസ് വെരി ഹെല്‍പ്ഫുള്‍.'
    അവര്‍തന്നെ ഏര്‍പ്പാടാക്കിയ ദ്വിഭാഷിയായിരുന്നു മറിയ. അവള്‍ കൂടെ വരുമെന്നു പറഞ്ഞെങ്കിലും അവസാനം എന്നെ ഒറ്റയ്ക്കു യാത്രയാക്കിയെന്നു പറഞ്ഞു. പരീക്ഷക്കാലമായതുകൊണ്ട് അവള്‍ പഠിത്തത്തിന്റെ തിരക്കിലാണെന്നാണു നടാഷ പറഞ്ഞത്. എന്തായാലും ഇപ്പോള്‍ നടാഷയുള്ളതുകൊണ്ട് എനിക്കു സമാധാനമായി. 
    ഞായറാഴ്ചയായതുകൊണ്ട് കാമ്പസില്‍ കുട്ടികളുടെ തിരക്കു കുറവായിരുന്നു. വൈസ് ചാന്‍സലറും കുറച്ചു വിദ്യാര്‍ത്ഥികളും അധ്യാപകരുമുണ്ടായിരുന്നു. 
    വിജയകരമായ മീറ്റിംഗിനുശേഷം, മുന്തിയ ഒരു റെസ്റ്റോറണ്ടില്‍ ഉച്ചഭക്ഷണത്തിനു പോയി. അപ്പോള്‍ വൈസ് ചാന്‍സലറും ഭാര്യയും കുട്ടികളും നടാഷയും മാത്രമേ ഉണ്ടായിരുന്നുള്ളു. നടാഷയില്ലായിരുന്നെങ്കില്‍ അവര്‍ പറഞ്ഞ ഒരക്ഷരംപോലും മനസ്സിലാകുമായിരുന്നില്ല. സുന്ദരനും സുന്ദരിയുമായ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒരു സുന്ദരിയമ്മയും! പെണ്‍കുട്ടിയാണു മൂത്തതെന്നത് അവളുടെ പെരുമാറ്റത്തില്‍നിന്നറിയാമായിരുന്നു. 
    കുട്ടികള്‍ക്കു പത്തും പതിമൂന്നുമായിരുന്നു പ്രായമെങ്കിലും രണ്ടുപേരും ഭക്ഷണത്തോടൊപ്പം വൈന്‍ കുടിച്ചിരുന്നതു ഞാന്‍ ശ്രദ്ധിച്ചു. അമേരിക്കയിലായിരുന്നെങ്കില്‍ ആ റെസ്റ്റോറണ്ട് പൂട്ടി, ഭീമമായ പെനാല്‍റ്റി കൊടുക്കേണ്ടിവരുമായിരുന്നു! 
    അങ്ങനെ എല്ലാ രീതിയിലും സ്വാതന്ത്ര്യമനുഭവിക്കുന്ന ഒരു സ്വര്‍ഗ്ഗരാജ്യം! ഒട്ടും മാനസികപിരിമുറുക്കമില്ലാതെ സുഖമായി ജീവിക്കുന്ന ഒരു ജനവിഭാഗം! ഇപ്പോള്‍ സാമ്പത്തികമായി മെച്ചപ്പെടുകയും ചെയ്തു. അതൊക്കെക്കണ്ടിട്ട് റഷ്യക്കാരന്‍ പുടിന്റെ സമാധാനം നഷ്ടപ്പെട്ടെന്നുവേണം കരുതാന്‍! അതുകൊണ്ടാണല്ലോ സ്വന്തം സൈന്യത്തിനും രാജ്യത്തിനും നാശങ്ങളുണ്ടാകുമെന്നറിഞ്ഞിട്ടും യുക്രൈനെ നാമാവശേഷമാക്കാന്‍ പുറപ്പെട്ടത്! 
    അന്നുവൈകിട്ട് അവിടെത്തന്നെ ഹോട്ടലില്‍ താമസിച്ചു. അടുത്ത ദിവസം വീണ്ടും ഒറ്റയ്ക്കാണു കീവിലേക്കു പറന്നത്. ആദ്യം കയറിയപ്പോഴുണ്ടായ ഭീതിയൊന്നും അന്നു തോന്നിയില്ല. 
    എയര്‍പോര്‍ട്ടില്‍ മറിയ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അന്നു കീവിലൊക്കെ ചുറ്റിക്കറങ്ങി. ലോകത്തിലെ ഏറ്റവും വലിയ പോസ്റ്റ് ഓഫീസ് അവള്‍ കാണിച്ചുതന്നു. അഞ്ഞൂറു വര്‍ഷത്തിലധികം പഴക്കമുള്ള, കല്ലുകൊണ്ടു മാത്രം നിര്‍മ്മിച്ച പള്ളികള്‍; വളരെ വിസ്താരമേറിയ കല്ലുകള്‍ പാകിയ നടപ്പാതകള്‍; അച്ചടക്കമുള്ള മനുഷ്യര്‍! എല്ലാംകൊണ്ടും എനിക്കൊരത്ഭുതമായിരുന്നു, ആ മനോഹരമായ പട്ടണം. 
    വൈകുന്നേരം ഒരു പഞ്ചാബി റെസ്റ്റോറണ്ടിലേക്കാണ് അവളെന്നെ കൊണ്ടുപോയത്. അവിടെനിന്നാണ് ഞാന്‍ ഏറ്റവും രുചിയുള്ള തന്തൂരി ചിക്കനും റഷ്യന്‍ വൈനും കഴിച്ചത്. 
    മറിയതന്നെ എന്നെ ഹോട്ടലില്‍ കൊണ്ടുവന്നു. ഞങ്ങള്‍തമ്മില്‍ കുറേനേരം വിശേഷങ്ങള്‍ പങ്കുവച്ചു. ഞാന്‍ കാത്തലിക് ആണെന്നു പറഞ്ഞപ്പോള്‍ അവളുടെ കണ്ണുകള്‍ വിടര്‍ന്നതു ഞാന്‍ ശ്രദ്ധിച്ചു. ഇന്ത്യയില്‍ ക്രിസ്ത്യാനികളുണ്ടെന്നുപോലും അവള്‍ക്കറിയില്ലായിരുന്നു! ഞാന്‍ കേരളത്തെപ്പറ്റിയും നമ്മുടെ ക്രിസ്ത്യന്‍ പാരമ്പര്യത്തെപ്പറ്റിയുമൊക്കെ അറിയാവുന്ന കാര്യങ്ങള്‍ അവളെ പറഞ്ഞുമനസ്സിലാക്കി. പള്ളിയില്‍ പോകാത്തവരാണെങ്കിലും യുക്രൈന്‍കാര്‍ അല്‍പ്പം റിലിജിയസ് സ്പിരിറ്റുള്ളവരാണെന്ന് അവരുടെ പെരുമാറ്റത്തില്‍നിന്നു മനസ്സിലാക്കാം. 
    അടുത്തദിവസം രാവിലേതന്നെ ടാക്‌സിയെടുത്ത്, വീണ്ടും ഹിന്ദിപ്പാട്ടൊക്കെക്കേട്ട്, എയര്‍പോര്‍ട്ടിലെത്തി, അമേരിക്കയുടെ യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ഫ്‌ളൈറ്റില്‍ സാന്‍ഫ്രാന്‍സിസ്‌കോയിലേക്കു പറന്നു. 
    കുറേ കുട്ടികളെ തെരഞ്ഞെടുത്ത് ഇംഗ്ലീഷ് പഠിപ്പിച്ചെങ്കിലും ഏതാനും കുട്ടികള്‍ മാത്രമേ അമേരിക്കന്‍ പരീക്ഷയില്‍ വിജയിച്ചുള്ളു. അവരൊക്കെ അമേരിക്കയിലെത്തിയെങ്കിലും നഴ്‌സുമാരുടെ ഡിമാന്‍ഡ് കുറഞ്ഞപ്പോള്‍ ആ പ്രോഗ്രാംതന്നെ വേണ്ടെന്നു തീരുമാനിക്കുകയായിരുന്നു. എങ്കിലും ആ സന്ദര്‍ശനത്തിന്റെ മധുരമുള്ള ഓര്‍മകള്‍ എന്നും മനസ്സില്‍ തങ്ങിനിന്നിരുന്നു. 
    സുന്ദരികളുടെയും സുന്ദരന്‍മാരുടെയും നാടാണ് യുക്രൈന്‍ എന്നു പറഞ്ഞുകേട്ടിരുന്നു. ആ യാത്രയില്‍ കണ്ടുമുട്ടിയവരേയും വൈസ് ചാന്‍സലറുടെ കുടുംബാംഗങ്ങളേയും തെരുവില്‍ക്കൂടി നടന്നവരേയുമൊക്കെക്കണ്ടപ്പോള്‍ കേട്ടതു ശരിയായിരുന്നെന്നു മനസ്സിലായി. ഈ യുദ്ധകാലത്ത് ആ നല്ല ഓര്‍മകളാണു മനസ്സിലേക്കു വരുന്നത്. 
    ഇപ്പോള്‍ മലയാളികളുള്‍പ്പെടെ ധാരാളം ഇന്ത്യക്കാര്‍ അവിടത്തെ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്നതായറിയുന്നു. അവരൊക്കെ സുരക്ഷിതരായി നാട്ടിലെത്തിയെന്നാണ് വാര്‍ത്തകളില്‍നിന്നു മനസ്സിലാകുന്നത്. അതില്‍ നമ്മുടെ ഇന്ത്യന്‍ ഭരണകൂടത്തിനഭിമാനിക്കാം. കാരണം, തൊട്ടപ്പുറത്തു കിടക്കുന്ന പാക്കിസ്താനുപോലും സാധിക്കാത്ത കാര്യമാണല്ലോ നമ്മള്‍ നേടിയെടുത്തത്! അവരുടെ കുട്ടികള്‍ രക്ഷപ്പെടാനായി ഇന്ത്യന്‍ പതാകയുമേന്തി തെരുവിലൂടെ നടക്കുന്നതായും വാര്‍ത്തകളില്‍ കണ്ടു. 
    എന്തായാലും ഇപ്പോള്‍ ആ നാടാകെ നാശംവിതച്ചുകൊണ്ടിരിക്കുന്ന യുദ്ധവും റഷ്യന്‍ അധിനിവേശവും എത്രയും വേഗം അവസാനിക്കുമെന്ന പ്രതീക്ഷയോടെ നമുക്കു കാത്തിരിക്കാം. 

(I know not with what weapons World War III will be fought, but World War IV will be fought with sticks and stones.
-Albert Einstein)

Join WhatsApp News
Tom Abraham 2022-03-22 20:48:20
Nurses from Eukraine are not hired in India, though many Indians go there for the sub-standard programme. That is why they failed in USA exam. But, they may re-educate in USA. Or go to work in South Africa. That s what I read elsewhere, India now is stable business relationship with Russia, despite NATO stance for Eukraine. Hope the War will end . Putin gets back to his senses !!
G. Puthenkurish 2022-03-22 23:44:15
യുക്രൈൻ എന്നതിന് 'ഉക്രൈൻ' എന്നും നേറ്റോ എന്നതിന് , 'നാറ്റോ' എന്നൊക്ക കേട്ടും വായിച്ചും മടുത്തിരിക്കുമ്പോളാണ് 'യുക്രൈൻ' എന്ന ശരിയായ ഉച്ചാരണത്തോടുകൂടി 'യുക്രൈൻ യുദ്ധം ആർക്കുവേണ്ടി' എന്ന ലേഖനം കണ്ടത്. . .യുദ്ധം എന്തിന് വേണ്ടി എന്ന ചോദ്യം പ്രസക്തം തന്നെ ? യുദ്ധത്തിന്റെ കാരണങ്ങൾ അന്വേഷിച്ചാൽ അവയെല്ലാം പണവുമായി ബന്ധപ്പെട്ടു കിടക്കുന്നു . അഫ്‌ഗാനിസ്ഥാനിൽ റഷ്യയും അമേരിക്കയും യുദ്ധം ചെയിതെങ്കിൽ അതിന് കാരണം അവിടെയുള്ള പ്രകൃതിവിഭവങ്ങളായ, കൽക്കരി. പ്രകൃതിവാതകം, കോപ്പർ, ലിഥിയം, ഇരുമ്പ് അയിര് , സ്വർണ്ണം തുടങ്ങിയവയാണ്. എന്തിന് അമേരിക്ക ഗൾഫിൽ യുദ്ധം നടത്തി എന്ന് ചോദിച്ചാൽ എണ്ണ തന്നെ കാരണം . യുക്രൈനിലെ പ്രകൃതി വിഭവങ്ങൾ എന്ന് പറയുന്നത് കൽക്കരി, പ്രകൃതി വാതകം, മാൻഗനീസ്‌, സാൾട്ട്, എണ്ണ, ഇരുമ്പ് അയിര്, ഗ്രാഫയിറ്റ്, റ്റയിറ്റേനിയം. നിക്കൽ, തുടങ്ങിയവയാണ്. ടെക്സസിന്റ വലിപ്പമുള്ള യുക്രൈൻ പ്രകൃതി വിഭവങ്ങളുടെ ഒരു കലവറയാണ്, പൂറ്റിനും ഒലിഗാർക്കുകൾക്കും ഇത് നന്നായറിയാം. പണത്തിനുവേണ്ടി മാതാപിതാക്കളെയും സഹോദരങ്ങളെയും അരിഞ്ഞു വീഴ്‌ത്തുന്നത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല എന്ന് നമ്മളുടെ ഇതിഹാസനങ്ങളൂം വേദങ്ങളും പരിശോധിച്ചാൽ കാണാം. യുക്രൈനിലും പത്തി താഴ്ത്തി കിടക്കുന്ന വിഷസര്പ്പങ്ങൾ ഉണ്ടെന്ന് ' വൗൾഡിമർ സെലിൻസ്കിയുടെ ' 'സെർവെൻറ് ഓഫ് ദി പീപ്പിൾ' എന്ന പരമ്പര കണ്ടാൽ മനസിലാകും .(നെറ്റ്ഫ്ലിക്സ് ). ഇതിൽ നിന്നെല്ലാം മാറി നിന്നുകൊണ്ട് യുദ്ധത്തിന്റ കെടുതിയിലൂടെ കടന്നു പോകുന്ന യുക്രൈനിലെ സാധാരണക്കാരായ മനുഷ്യരിലേക്ക് വായനക്കാരുടെ ശ്രദ്ധ തിരിച്ചുവിടുന്നതിൽ ലേഖകൻ വിജയിച്ചിരിക്കുന്നു . അഭിനന്ദനം .
Shahul Ahmed.NJ 2022-03-29 10:00:48
Today's thoughts: Supreme Court Judge Clarence Thomas's wife is involved in the Capitol attack. Clarence must resign or need to be impeached.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക