Image

പാഞ്ചാലി ഭീമനെ പഠിപ്പിച്ചത് ; ഹായ് , കഥ ! - 68 - പ്രകാശൻ കരിവെള്ളൂർ

Published on 23 March, 2022
പാഞ്ചാലി ഭീമനെ പഠിപ്പിച്ചത്  ; ഹായ് , കഥ ! - 68 - പ്രകാശൻ കരിവെള്ളൂർ

അജ്ഞാതവാസക്കാലത്ത് പാണ്ഡവരിൽ കരുത്തനായ ഭീമസേനന് വിരാട രാജാവിന്റെ കൊട്ടാരത്തിൽ പാചകക്കാരന്റെ സഹായിയായി , ജോലി ചെയ്യേണ്ടി വന്നു. ഒരു ദിവസം പാചകക്കാരന് അസുഖമായപ്പോൾ അടുക്കളയുടെ ചുമതല ഭീമനിൽ വന്നു ചേർന്നു. അപ്പോഴാണ് വനവാസത്തിനിടയിൽ പാഞ്ചാലി തന്നെ പാചകം പഠിപ്പിച്ച ആ കറി ഭീമന് ഓർമ്മ വന്നത്.
പാഞ്ചാലി ഭാര്യയായി വരുന്നതിന് മുമ്പേ അമ്മ കുന്തിയാണ് പാണ്ഡവർക്ക് ചോറും കറിയും ഉണ്ടാക്കിക്കൊടുത്തത്. ഒന്നാം ദിവസം യുധിഷ്ഠിരനിഷ്ടപ്പെട്ട കയ്പക്കയെങ്കിൽ അടുത്ത ദിവസം ഭീമനിഷ്ടപ്പെട്ട മുരിങ്ങാക്കോല് . മൂന്നാം ദിവസം അർജ്ജുനന് ഇഷ്ടപ്പെട്ട വെള്ളരിക്ക . തുടർന്ന് നകുലന് പഥ്യമായ ചേന. അഞ്ചാം ദിവസം സഹദേവന് രുചിയേറ്റുന്ന നേന്ത്രക്കായ .
ഓരോ ദിവസത്തേക്കുള്ള പച്ചക്കറി ഓരോരാള് ശേഖരിച്ചു കൊണ്ടു വരണം എന്നതായിരുന്നു നിയമം. കയ്പക്കയോടുള്ള ഇഷ്ടം കൊണ്ട് യുധിഷ്ഠിരൻ ഒരു കയ്പക്കത്തോട്ടം തന്നെയുണ്ടാക്കി. ഭീമൻ തന്റെ മകൻ ഘടോൽക്കചനെ പറഞ്ഞയച്ച് മുരിങ്ങാക്കോല് വരുത്തിച്ചു. അർജുനന് കൃഷ്ണൻ മഥുരയിൽ നിന്ന് വെള്ളരിക്ക തേരിൽ കൊണ്ടു വന്നു കൊടുത്തു. ദേവലോകത്തെ വൈദ്യന്മാരായ അശ്വിനീദേവന്മാരുടെ മക്കളായ നകുലനോടും സഹദേവനോടും ഹസ്തിനപുരിയിലെ നാട്ടുവൈദ്യന്മാർക്ക് വലിയ സ്നേഹമായിരുന്നു. അവർ ദുര്യോധനനറിയാതെ കുതിരപ്പുറത്ത് ചേനയും കായയും ചാക്കുകളിൽ കെട്ടുകെട്ടായി എത്തിച്ചു കൊടുത്തു.
അഞ്ചു പേർക്കും കൂടി ഒരു ഭാര്യയായി പാഞ്ചാലി വന്നപ്പോൾ അവളും കുന്തിയുടെ നിർദ്ദേശമനുസരിച്ച് ഇതേ വ്യവസ്ഥയാണ് തുടർന്നത്. ആറാം ദിവസം അവൾ അവൾക്കിഷ്ടമായ മോരു കറിയുണ്ടാക്കി. കാട്ടാടിനെ കറന്നാണ് മോരിനാവശ്യമായ തൈര് ഉണ്ടാക്കിയത്.
ആഴ്ച്ചയിൽ ഏഴ് ദിവസമുണ്ടല്ലോ. ഇതിപ്പോൾ ആറ് കറിയല്ലേ ആയുള്ളൂ. ഏഴാം ദിവസം എന്ത് ചെയ്യും ?
അടുപ്പത്ത് അരിയിടാനുള്ള വെള്ളം തിളയ്ക്കുമ്പോൾ പാഞ്ചാലി തല പുകഞ്ഞാലോചിച്ചു.
ഇപ്പോൾ , ഒരു ദിവസത്തെ സ്വന്തം ഇഷ്ടത്തിന് മറ്റു ദിവസങ്ങളിൽ മറ്റുളളവരുടെ ഇഷ്ടം അംഗീകരിക്കുകയാണല്ലോ ചെയ്യുന്നത് ... ഏഴാം ദിവസം ഏഴു പേരുടെയും ഇഷ്ടം ഉൾക്കൊള്ളുന്ന ഒരു കറി ഉണ്ടാക്കാൻ കഴിഞ്ഞെങ്കിൽ ? ആ ആലോചനയാണ് പാഞ്ചാലിയെ പുതിയൊരാശയത്തിൽ കൊണ്ടെത്തിച്ചത്. കയ്പക്ക , മുരിങ്ങയ്ക്ക, വെള്ളരിക്ക, ചേന, നേന്ത്രക്കായ എല്ലാം ഒരു കറിയിൽ . പാണ്ഡവർ അഞ്ചു പേരും നല്ല പൊക്കമുണ്ടല്ലോ. അതു കൊണ്ട് കഷണങ്ങളെല്ലാം നെടുനീളത്തിൽ തന്നെ അരിഞ്ഞു. ഒന്നിച്ച് വേവിച്ച് അതിൽ മോരൊഴിച്ചു. അങ്ങനെയാണ് കറികളുടെ കൂട്ടത്തിൽ റാണിയായ അവിയൽ പിറന്നത്. എന്തായാലും മക്കളുടെ ഇഷ്ടം മാത്രം നോക്കിയിരുന്ന കുന്തിക്ക് പാഞ്ചാലിയുടെ അവിയൽ നന്നായി ബോധിച്ചു. അവർ പറഞ്ഞു - ദാമ്പത്യത്തിൽ രുചിക്ക് വലിയ പ്രാധാന്യമുണ്ട് മോളേ ..എന്റെ മക്കളഞ്ചു പേരെയും ഒരു കറിയിൽ ബന്ധിപ്പിക്കുന്നതിൽ നീ വിജയിച്ചു.

ഈ അവിയലാണ് വിരാട രാജാവിന് വച്ച് വിളമ്പി ഭീമസേനൻ പ്രശംസ നേടിയത്.
പുരാണത്തിൽ മാത്രമല്ല, ചരിത്രത്തിലുമുണ്ട് അവിയലിന് ഒരു ഉദ്ഭവ കഥ. തിരുവിതാംകൂറിൽ സ്വാതി തിരുനാളിന്റെ സദസ്സിലെ കവിയും ഗായകനുമായ ഇരയിമ്മൻ തമ്പി പാചകത്തിലും കൈപ്പുണ്യം നേടിയിരുന്നു. ഒരിക്കൽ തമ്പിയുടെ നേതൃത്വത്തിൽ കൊട്ടാരത്തിൽ വലിയൊരു സദ്യ നടന്നു. പ്രതീക്ഷിച്ചതിലധികം ആളു വന്ന് കറികളെല്ലാം തീർന്നു പോയി. മുട്ടുശാന്തിക്കിനി എന്ത് ചെയ്യും ? തമ്പി അഗ്രഹാരത്തിന്റെ പാചകശാലയിൽ പോയി നോക്കി. പല പച്ചക്കറികളുടെയും കഷണങ്ങൾ ബാക്കി. വേറേ വേറെ വേവിക്കാൻ തികയുകയുമില്ല. തമ്പി എല്ലാമെടുത്ത് വലിയൊരു ചെമ്പിലിട്ടു. വെന്തപ്പോൾ അതിൽ കുറേ മോരെടുത്തൊഴിച്ചു. അങ്ങനെ പാചകം ചെയ്ത കറിയിലും പ്രധാനമായുണ്ടായിരുന്നത് കുന്തി മക്കളുടെ ഇഷ്ടം പാലിച്ച , പാഞ്ചാലി ഭർത്താക്കന്മാരുടെ ഇഷ്ടത്തെ സമന്വയിപ്പിച്ച ആ അഞ്ചു കഷണങ്ങളായിരുന്നുവത്രേ ... ! 
ഓമനത്തിങ്കൾ പാടിയ കവിയുടെ താരാട്ടി നീണം അവിയലിന്റെ സംഗീതത്തിലലിഞ്ഞുചേർന്നിട്ടുണ്ട്. രുചിയുള്ള അവിയൽ ആരു വച്ചു വിളമ്പിയാലും ഉടൻ എന്റെ മനസ്സിൽ തെളിയുക അമ്മയുടെ മുഖമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക