"വീട് ഒരു ഗർഭപാത്രം പോലെയാണ്.അതിന്റെ ഈർപ്പത്തിൽ, ഊഷ്മളതയിൽ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ കണ്ണുകൾ അടച്ചു, കൈകൾ കാലുകൾക്കിടയിൽ തിരുകി കിടക്കാം".എം.മുകുന്ദന്റെ "ഹരിദ്വാറിൽ മണികൾ മുഴങ്ങുമ്പോൾ" എന്ന കുഞ്ഞു നോവലിലെ വരികൾ ഓർമയിൽ നിന്ന് എടുത്ത് എഴുതിയത് ആണ്. അസ്തിത്വ ദുഃഖത്തിന്റെ മൂർത്തിമദ് രൂപമാണ് ഈ നോവലിലെ നായകൻ. മികച്ച ഉദ്യോഗവും,തന്നെ സ്നേഹിക്കുന്ന കാമുകിയെയും, ഡൽഹി നഗരത്തെയും ഉപേക്ഷിച്ചു ചിതകൾ എരിയുന്ന ഹരിദ്വാറിലേക്ക് പോകുന്നവൻ.അയാൾക്ക് പോലും ഓർമയും, സ്നേഹവും ഊറുന്ന വികാരമാണ് വീട്.
യാത്രകളിൽ എപ്പോഴും ഹോട്ടലുകൾക്ക് മുന്നിൽ "വീട്ടിലെ ഊണ്" എന്ന അടയാളപ്പലക കാണാം. ആ ഭക്ഷണശാലകളിൽ ഉണ്ടാക്കി വിളമ്പുന്ന ഭക്ഷണം നമ്മുടെ വീട്ടിലെ ഭക്ഷണത്തോട് സാമ്യമുള്ളതൊന്നും ആവില്ലെന്ന് നമുക്ക് അറിയാം.പക്ഷെ വീട്ടിലെ ഭക്ഷണം എന്ന വാക്ക് നമ്മളിലേക്ക് കൊണ്ട് വരുന്ന തീവ്രമായ ഗൃഹാതുരത്വത്തിന്റെ വിപണന സാധ്യതയാണ് ഇത്തരം വാക്കുകൾ ഉപയോഗിക്കുന്നത്.
മനസിനും, ശരീരത്തിനും സുഖമില്ലാതെ ആകുമ്പോൾ എങ്ങനെയെങ്കിലും വീട്ടിൽ എത്തിയാൽ മതി എന്ന് നമ്മൾ മോഹിക്കും.വീട്ടിൽ എത്തി നമ്മുടെ വീട്ടിലെ വെള്ളത്തിൽ ഒന്ന് കുളിച്ചു, ഒരു നരച്ച അയഞ്ഞ വീട്ടു കുപ്പായം ഇട്ട്,നമ്മുടെ കുഴിഞ്ഞു പോയ സോഫയിൽ ചാരിയിരുന്നു ഒരു കട്ടൻ ചായ കുടിക്കുമ്പോൾ ഉള്ള സുഖം ലോകത്തെ ഒരു പഞ്ചനക്ഷത്ര പാർപ്പിട സമുച്ചയത്തിനും തരാൻ കഴിയില്ല.
വീടും, വീടിനെ ചുറ്റി പറ്റി നിൽക്കുന്ന സകലതും മനുഷ്യർക്ക് ഹൃദയം തൊട്ട വികാരമാണ്. വീടിന്റെ മണം, വീട്ടടുക്കളയിലെ രുചി, വീടിന്റെ മുറ്റത്തേക്ക് വീഴുന്ന നിലാവ്, വീടിനെ പുണർന്നു പെയ്യുന്ന മഴ : വീട് മനുഷ്യരുടെ ഓർമകളുടെ സഞ്ചയമാണ്, നാളെക്കുള്ള പ്രതീക്ഷയാണ്.
ഓരോ വീടിനും ഒരു കഥയുണ്ട്."ചോര നീരാക്കി പണിത വീട്" എന്നൊക്കെ മനുഷ്യർ വീടുകളെപ്പറ്റി പറയുന്നത് അത് കൊണ്ടാണ്. സ്വപ്നങ്ങളിലും, ഭാവനയിലും എത്രയോ വട്ടം പണിയുകയും, അഴിച്ചു പണിയുകയും ചെയ്തതിന് ശേഷമാണ് യഥാർത്ഥത്തിൽ ഒരു വീടിന്റെ കുറ്റി നാട്ടുക.
സാധാരണ മനുഷ്യർ ജീവിതത്തിൽ ഒരു തവണയേ വീട് വയ്‌ക്കൂ. ആ വീട് അവർക്ക് ജീവിച്ചു മരിക്കാൻ മാത്രമുള്ളത് അല്ല, മക്കൾക്ക് കൈമാറാൻ കൂടി വേണ്ടിയുള്ള സ്വത്ത് ആണ്.കുറ്റി നാട്ടി, കിണറു കുത്തി, തറ പണിഞ്ഞു, കട്ട്ളയും, ജനാലയും വച്ച്, മേൽക്കൂര വാർത്ത്, തേച്ചു മിനുക്കി, കുമ്മായം പൂശി, വീട് പാലു കാച്ചാറാകുമ്പോഴേക്ക് ഒരു മനുഷ്യായുസിന്റെ ഒരു പങ്ക് അതിലേക്ക് അലിഞ്ഞു ചേർന്നിട്ടുണ്ടാകും.
ഒരു വ്യാഴവട്ടക്കാലം മുൻപ് ആണ് ഞങ്ങൾ ഒരു വീട് വച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലോൺ, കയ്യിലുള്ള സ്വർണം ഏതാണ്ട് മുഴുവൻ, ചിട്ടി, കുറി, അങ്ങനെ എല്ലാം സമാഹരിച്ചിട്ടാണ് വീട് പണി തുടങ്ങുന്നത്. ഏറ്റവും ചീത്തക്കാലത്തു ആണ് മനുഷ്യർ വീട് വയ്ക്കാൻ പുറപ്പെടുക എന്ന് ഒരു നാട്ടുചൊല്ലുണ്ട്. നമ്മൾ ആസൂത്രണം ചെയ്തത് പോലെ ഒന്നും നടക്കില്ല.ഞങ്ങളുടെ പദ്ധതികളും പലതും പൊളിഞ്ഞു.കഴുത്തിൽ ഇട്ട താലിമാല വരെ ഊരി പണയം വയ്‌ക്കേണ്ടി വന്നു.അമ്പലത്തിന്റെ നടക്കൽ വച്ച് കഴുത്തിൽ ഇട്ട താലിമാല ഊരുക എന്ന് പറയുന്നത് ഭയങ്കര ധർമസങ്കടം ആയിരുന്നു. ഒരു മാസത്തിനുള്ളിൽ അത് എങ്ങനെയോ തിരിച്ചെടുത്ത് കൊണ്ട് വന്ന് എന്റെ കഴുത്തിൽ ഇട്ട് തരുന്നത് വരെ എന്റെ ഭർത്താവ് നേരെ ചൊവ്വേ ഉറങ്ങിയിട്ടില്ല.
വീട്ടിലേക്ക് എത്താനുള്ള വഴി ചെറുത് ആയത് കൊണ്ട്, ഇത്തിരി അകലെ ആണ് മണലും, ഇഷ്ട്ടികയും ഇറക്കിയത്. ജോലി കഴിഞ്ഞ് വന്ന്, രാത്രി അർബാനയിൽ മണൽ നിറച്ചു ഞങ്ങൾ രണ്ടു പേരും കൂടി തള്ളി കൊണ്ടു വരും. യു.കെ.ജി ക്കാരിയായ മോളും കൂടെ ഉണ്ടാകും.സുഹൃത്തും, സഹപ്രവർത്തകയും ആയ രാജി ടീച്ചറും, ഭർത്താവ് സുനോജ് മാഷും അന്ന് ഞങ്ങളുടെ വീടിന്റെ അടുത്താണ് താമസം.അവരും ചിലപ്പോൾ കൂടെ കൂടും, എത്ര ഞങ്ങൾ വേണ്ടെന്ന് വിലക്കിയാലും , സ്നേഹത്തോടെ !
മണൽ ഒക്കെ കൊണ്ടു വന്ന് കൂട്ടികഴിഞ്ഞ് പണിതിട്ട തറയുടെ മുകളിൽ വിയർത്തു കുളിച്ച് നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തേക്ക് നോക്കി , മോളേയും ചേർത്തു പിടിച്ച് ഞങ്ങൾ ഇരിക്കും.ആ വീട് പണി കഴിയുന്ന ദിവസവും, അവിടെ ഞങ്ങൾ ജീവിക്കാൻ പോകുന്ന ജീവിതവും ഞങ്ങൾ സങ്കല്പിക്കും.രാത്രി ചോറു കുഴക്കുമ്പോൾ അർബാന ഉന്തിയ കൈകൾ നീറും. പക്ഷെ സ്വന്തം വീടെന്ന സ്വപ്നത്തിന് മുൻപിൽ ആ നീറ്റൽ ഒക്കെ മറക്കും.
അവിടെയുള്ള ഓരോ കുഞ്ഞു സാധനവും മോഹിച്ചും, സ്നേഹിച്ചും വാങ്ങിയത് ആണ്.പന്ത്രണ്ട് കൊല്ലം കഴിയുമ്പോൾ ഇത്തിരിപ്പോന്ന മുറ്റത്ത് നിറയെ ചെടികളും, മരങ്ങളും ആണ്.ഓരോന്നും സ്നേഹത്തോടെ നട്ടും, നനച്ചും വളർത്തിയത്.ആ മരങ്ങളുടെ മുകളിൽ കിളികൾക്ക് കൂടുണ്ട്.അവിടെ ഉണ്ടാകുന്ന ചാമ്പയും, മാങ്ങയും, പേരക്കയും അവർക്ക് ഭക്ഷണമാണ്.സാരി വാരി ചുറ്റി സ്‌കൂളിലേക്ക് ഓടുന്നതിന്റെ ഇടയിലും ഒരു കൈക്കുമ്പിൾ ജലം അവർക്ക് പാർന്നു വെയ്ക്കും, ഒരു പിടി ഗോതമ്പ് മണിയും.
ഏതു കൂരിരുട്ടിലും വീടിന്റെ ഏതു മുക്കിലും, മൂലയിലും ഒരു വെളിച്ചവും ഇല്ലാതെ ഞാൻ നടക്കും."നിനക്ക് ലൈറ്റ് ഇട്ട് നടന്ന് കൂടേ ?" എന്ന് എന്റെ ഭർത്താവ് കലഹിക്കും.പക്ഷെ എന്റെ വീട് എന്റെ ഉള്ളിൽ എപ്പോഴും സൂര്യപ്രഭയിൽ ജ്വലിച്ചാണ് നിൽക്കുന്നത്.ഉമ്മറവാതിൽ തുറക്കുമ്പോൾ ആദ്യം കാണുന്ന ഭഗവാനോടുള്ള പ്രാർത്ഥനയാണ് എനിക്ക് എന്റെ വീട്.
കല്ലും, മരവും കൊണ്ട് പണിത ഒന്നിനെ ഇത്ര മാത്രം സ്നേഹിക്കേണ്ട ആവശ്യമില്ല എന്ന് വാദിക്കുന്നവർ ഉണ്ടാകാം. യുക്തി കൊണ്ട് ചിന്തിക്കുമ്പോൾ അത് ശരിയാണ്.വലിയ വൃത്തിക്കാരി ആയിരുന്നു എന്റെ ഭർത്താവിന്റെ അമ്മ.ഒരു ദിവസത്തിലെ നല്ലൊരു പങ്ക് സമയവും വീട് വൃത്തിയാക്കാൻ ആണ് അവർ ചിലവഴിച്ചത്.ബ്ലാക്ക് ഓക്സൈഡ് പൂശിയ തറ കണ്ണാടി പോലെ മിനുങ്ങി കിടന്നു.അമ്മയുടെ മരണ ശേഷം അനിയൻ വീട് പുതുക്കി പണിതു.ഏതാനും മണിക്കൂർ കൊണ്ട് യന്ത്രങ്ങൾ ആ വീട് പൊളിച്ചെടുത്തു.അമ്മ തുടച്ചു മിനുക്കി വച്ച തറ മണ്ണിൻ കൂമ്പാരമായി.
ഞാൻ കടന്ന് പോയതിന് അപ്പുറം എന്റെ വീടും ഒരു പക്ഷെ തകർന്നു പോയേക്കാം. പക്ഷെ ഇനി ബാക്കിയുള്ള ഇത്തിരി കാലത്ത് എന്റെ ഒരുപിടി ചിരി കൂട്ടി വച്ച് ഇരട്ടിപ്പിക്കാൻ ഉള്ള ഇടമാണ് എനിക്കെന്റെ വീട്, നൊന്തു മുറിവേറ്റ് തളർന്ന് ചെന്ന് വീഴാനും,മുറിവുകൾ ആറ്റിയുണക്കി ഇത്തിരി കഴിഞ്ഞു കരുത്തോടെ എണീറ്റ് നിൽക്കാനും എനിക്കുള്ള നിലപാട് തറയാണ് എന്റെ വീട്.മരണത്തിന്റെ തണുത്ത കച്ച പുതച്ചുറങ്ങേണ്ടതും എന്റെ വീടിന്റെ ചൂടിൽ ആകണമെന്ന് തന്നെയാണ് മോഹം.