Image

മഞ്ഞേ വാ .... കുളിരലമാല , ഹായ് , കഥ ! - 74 - പ്രകാശൻ കരിവെള്ളൂർ

Published on 28 March, 2022
മഞ്ഞേ വാ .... കുളിരലമാല , ഹായ് , കഥ ! - 74 - പ്രകാശൻ കരിവെള്ളൂർ

മലയാളത്തിലെ പഴയൊരു സിനിമാനിർമ്മാണക്കമ്പനിയായിരുന്നു ജിയോ മൂവീസ് . അതിന്റെ ഉടമ ജോൺ ,കൃഷ്ണൻ നായരെ വിളിച്ച് പറഞ്ഞു - അടുത്ത സിനിമ കാശ്മീരിലാണെന്ന് . ആവേശം പൂണ്ട കൃഷ്ണൻനായർ സംവിധായകനെ വിളിച്ച്  തന്റെ റോളിനെക്കുറിച്ച് അന്വേഷിച്ചു. മഞ്ഞിലൂടെ കുതിരയോടിക്കുന്ന ദൃശ്യം കാര്യമായി ചെയ്യാനുണ്ടെന്ന് സംവിധായകൻ പറഞ്ഞു. 
നടൻ ഉടൻ അല്ലറച്ചില്ലറ ത്തിരക്കെല്ലാം ധൃതി പിടിച്ച് പരിഹരിച്ച് കാശ്മീരിലേക്ക് ട്രെയിൻ കയറി. നിർമ്മാതാവോ സംവിധായകനോ യാതൊന്നുമറിഞ്ഞില്ല. സിനിമാതാരത്തെപ്പോലെ ഫുൾ ഗ്ളാമറിൽ കൃഷ്ണൻ നായർ ശ്രീ നഗറിലെത്തി. ലോഡ്ജിൽ മുറിയെടുത്തു. വിദഗ്ധനായ ഒരു കുതിരയോടിക്കൽ പരിശീലകനെ അന്വേഷിച്ചു. വന്നയാൾ കേമനെന്ന് മനസ്സിലാക്കി ലോഡ്ജുകാർ കുതിരയോടിപ്പുകാരുടെ ഒരു ഇന്റർവ്യൂ തന്നെ നടത്തി. മാസം വലിയ ശമ്പളത്തിന് ഒരു വിദഗ്ധനെ കണ്ടെത്തി. വിദഗ്ധൻ ശമ്പളദാതാവിന് മുന്നിൽ വിനയാന്വിതനായി - രാവിലെ നാലു മണിയാണ് മഞ്ഞിൽ റൈഡിങ്ങ് പ്രാക്ടീസ് ചെയ്യാൻ നല്ലത് . പക്ഷേ സാറിന് ആ നേരത്ത് .... ?
കൃഷ്ണൻ നായർ പറഞ്ഞു - മൂന്ന് മണിക്ക് വന്ന് എന്നെ വിളിക്കൂ. മൂന്നരക്കേ ഞാൻ തയ്യാർ. 
പരിശീലകന് സന്തോഷമായി. പിറ്റേന്ന് രാവിലെ നടൻ വാതിൽ തുറന്നതും , വന്നു വിളിച്ച ആ പാവത്താന് നെഞ്ചത്ത് ചവിട്ട് കിട്ടും പോലെ ഒരു ആട്ടായിരുന്നു - ഫ, ഒറങ്ങാനും വിടത്തില്ലേ ?

പരിശീലകൻ ഓർമ്മിപ്പിച്ചു - സാർ ... കുതിരയോട്ടം .
ഉടൻ കൃഷ്ണൻ നായർ - സോറി ... സ്റ്റാർട്ട്.
ആ പരിശീലനം നാല് ദിവസം കൊണ്ട് നടനെ കൊടിയ പനിയിലാക്കി. പനി ദിവസവും റയ്ഡ് പരിശീലിക്കാൻ പനിക്കാരൻ രണ്ട് മണിക്ക് ഉണർന്ന് മൂന്ന് മണിക്ക് മൂന്ന് മണിക്ക് പരിശീലകനെ വിളിച്ചു. നാലു മണിക്ക് ലോഡ്ജുടമ അറിയിച്ചു - സാർ , അവൻ പരിശീലനം നിർത്തി വച്ചു. 
നടൻ ലോഡ്ജുടമയെ ചീത്ത വിളിച്ച്  പരിശീലകനെ പരതിപ്പോയി. അയാൾ ഒളിവിൽ പോയിരുന്നു. നിരാശനായ ആവേശക ൻ ലോഡ്ജുടമയോട് , അതിരാവിലെ പരിശീലനത്തിന് മറ്റൊരു പരിശീലകനെ ഹാജരാക്കാൻ പറഞ്ഞു. മഞ്ഞു വീഴ്ച്ച കഠിനമായതിനാൽ ആരും തയ്യാറല്ലെന്ന് ലോഡ്ജുകാർ. എങ്കിൽ ആദ്യത്തെ പരിശീലകനെ ഒന്നു കൂടി വിളി , അയാൾക്ക് മൂന്നിരട്ടി ശമ്പളം എന്ന് നടൻ . ആ പാവം കിടു കിടാ വിറച്ച് നാലു മണിക്ക് വന്നു. അഞ്ചാം ദിവസം ആവേശിതനടൻ പനി തലയോട്ടിൽ കയറി ഐ സി യു വിൽ അഡ്മിറ്റായി. ആറു ദിവസം ബോധം വന്നു പോയുമിരുന്നു. ഏഴാം ദിവസം ഹോസ്പിറ്റൽ അധികൃതരെ ജിയോ ജോൺ ഫോണിൽ ബന്ധപ്പെട്ടു - മൂപ്പർക്ക് യാതൊരു കുറവും വരുത്തല്ലേ ...

പറഞ്ഞതിന് ഗുണമുണ്ടായി. അസുഖം മാറി ഒരാഴ്ച്ചയ്ക്കുള്ളിൽ റൈഡിങ്ങിനിടയിൽ തെറിച്ചു വീണ് കൈയ്യൊടിഞ്ഞ് മൂപ്പർ വീണ്ടും അതേ ഹോസ്പ്പിറ്റലിൽ തീവ്ര ക്ഷേമ പരിചരണത്തിനെത്തി. 

പക്ഷേ, കാശ്മീരിൽ മുഴുവനായും ചിത്രീകരിച്ച ആ സിനിമയുടെ ഷൂട്ടിങ്ങിൽ പങ്കെടുക്കാൻ നടൻ ബാക്കിയുണ്ടായില്ല. പകരം നായകനായി വന്നത് പുതിയ താരം രതീഷ് . സിനിമ ഐ വി ശശിയുടെ തുഷാരം. അതിൽ താനാണ് നായകനെന്നറിഞ്ഞ് ഒരു വർഷം മുമ്പേ കുതിരസവാരി പരിശീലിക്കാൻ കാശ്മീരിലേക്ക് പുറപ്പെട്ട കൃഷ്ണൻനായർ കോളിളക്കം എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിലെ ഹെലികോപ്ടർ അപകടത്തിൽ മരിച്ചു പോയിരുന്നു. ആ കൃഷ്ണൻനായരാണ് മലയാള സിനിമയുടെ ജയൻ !

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക