Image

സംയമനം ഇല്ലാത്ത ചാപല്യമോ സ്ത്രീ ? (വനിതാമാസ രചന: സുധീർ പണിക്കവീട്ടിൽ)

Published on 30 March, 2022
സംയമനം ഇല്ലാത്ത ചാപല്യമോ സ്ത്രീ ? (വനിതാമാസ രചന: സുധീർ പണിക്കവീട്ടിൽ)

ഷേക്സ്പിയറിന്റെ വിഖ്യാതമായ വരികൾ എല്ലാവർക്കും ഓർമ്മ കാണും; "Fraility thy name is woman". ദൗർബല്യമേ നിന്റെ പേരോ സ്ത്രീ. ഇങ്ങനെ സ്ത്രീകളെക്കുറിച്ച്  എഴുത്തുകാരും മഹാന്മാരുമൊക്കെ പലവിധ വിലയിരുത്തലുകൾ നടത്തിയിട്ടുണ്ട്. മലയാളത്തിന്റെ പ്രിയകവി ചങ്ങമ്പുഴ "അങ്കുശമില്ലാത്ത ചാപല്യമേ മണ്ണിൽ അംഗനയെന്നു വിളിക്കുന്നു നിന്നെ ഞാൻ" എന്നും എഴുതിയിട്ടുണ്ട്. സ്ത്രീകൾ ചപലകളാണ്, അബലകളാണ് എന്നൊക്കെയും നമ്മൾ കേട്ടിട്ടുണ്ട്, വായിച്ചിട്ടുണ്ട്. “ജനക്കൂട്ടത്തെ പിന്തുടരുന്ന സ്ത്രീ ജനക്കൂട്ടത്തിനപ്പുറത്തേക്ക് പോകുന്നില്ല. സ്വയം നയിക്കുന്ന സ്ത്രീ ആരും അതിനുമുമ്പ് എത്തിച്ചേരാത്ത സ്ഥലങ്ങളിൽ എത്തപ്പെടുന്നു” എന്ന് ഐൻസ്റ്റീൻ പറഞ്ഞതു സ്ത്രീകൾ ശ്രദ്ധിക്കയും മുന്നേറുകയും ചെയ്‌താൽ അവരിൽ ഏല്പിക്കപ്പെട്ടിരിക്കുന്ന സ്വാഭാവവിശേഷങ്ങൾ തിരുത്തിക്കുറിക്കാം എന്നുദ്ദേശിച്ചാണ്. പക്ഷെ സ്ത്രീക്ക് ഇപ്പോഴും ജനക്കൂട്ടത്തിന്റെ (സമൂഹത്തിന്റെ) ഒപ്പം നടക്കാനാണ് എന്നും പ്രിയം. സമൂഹം അവളെ കാൽകീഴിൽ ആക്കിയാലും, അപഹസിച്ചാലും, ഉപദ്രവിച്ചാലും അവൾ സീതാദേവിയെ വണങ്ങി പുരുഷന്റെ അതായത് സമൂഹത്തിന്റെ ചൊൽപ്പടിക്ക് നിൽക്കാൻ തയ്യാറാകുന്നു. എന്നാൽ എല്ലാവരും അങ്ങനെയല്ല. ചിലരൊക്കെ ആ സങ്കൽപ്പങ്ങളെ മാറ്റിമറിച്ചു. ചരിത്രം അവരെ ആദരിക്കുന്നു. ബഹുമാനിക്കുന്നു.
പക്ഷെ സ്ത്രീകൾ ജീവിതത്തിൽ പരാജയപ്പെടുന്നതു അവരുടെ കുറവുകൾകൊണ്ടു മാത്രമല്ല. അതു പ്രകൃതി അവരോട് ചെയ്ത ഒരു പുണ്യകർമ്മത്തിന്റെ ദുരുപയോഗഫലം കൊണ്ടാണ്. പാവപ്പെട്ട വീട്ടിലെ പന്ത്രണ്ടുകാരി പെൺകുട്ടിയെ വേലയെടുത്തിരുന്ന വീട്ടിലെ പണക്കാരനായ എഴുപത്തിരണ്ടുകാരൻ മുത്തശ്ശൻ ബലാൽസംഗംചെയ്തു ഗര്ഭിണിയാക്കുന്നു. മുത്തശ്ശൻ മരിക്കുന്നു. പെൺകുട്ടിയുടെ ഇളംപ്രായം കണക്കിലെടുത്ത് അവൾക്ക് ഗർഭഛിദ്രം സുരക്ഷതിമല്ലെന്നു ഡോക്ടർ വിധിയെഴുതുന്നു. കൈക്കുഞ്ഞുമായി ആ പാവം കുട്ടി കഴുകന്മാർ കൊത്തിവലിക്കുന്ന ജീവിത ശ്മശാനത്തിലേക്ക് ജീവിക്കാൻ വേണ്ടി ജീവശ്ശവമാകുന്നു. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ അവൾ അബലയാകുന്നു. അതിനെ അതിജീവിച്ചവർ ഉണ്ടായിരിക്കാം പക്ഷെ അതു എളുപ്പമല്ല ഹിന്ദു പുരാണങ്ങളിൽ പറയുന്ന പോലെ ദേവന്മാർ ഇറങ്ങിവന്നു പെൺകുട്ടികൾക്ക് വരം കൊടുത്താൽ രക്ഷ പ്പെടാം. അതായത് "നീ സമ്മതിക്കാതെ നിന്നെ ഒരു പുരുഷനും തൊടാൻ കഴിയാതെവരട്ടെ എന്ന വരം".  അത് ഒരു കാലത്തും നടക്കാൻ പോകുന്നില്ല. അതുകൊണ്ട് വനിതാ ദിനവും വനിതാമാസവും പെൺകുട്ടികളെ കൂടുതൽ ശക്തരാക്കാനുള്ള അവരെ ബോധവത്കരിക്കാനുള്ള പരിപാടികൾ ആസൂത്രണം ചെയ്യുന്നത് നല്ലതായിരിക്കും.
സുഗതകുമാരിയുടെ കവിതയിൽ കാണുന്നത് സ്ത്രീക്ക് സാന്ത്വനമരുളാൻ എത്തുന്നതും ഒരു പുരുഷൻ ആയിരിക്കാമെന്നാണ്.
ഇവളാം ദുഃഖശിലയെ 
തൊട്ടു മന്ദമുണർത്തുവാൻ 
ഇവളെ ക്കൈപിടിച്ചിന്നിൻ 
വെളിച്ചത്തേയ്ക്കിറക്കുവാൻ 
ശുദ്ധിയാർക്കെന്നെതിർക്കുവാൻ 
ഇവളെപ്പറ്റി വർണിച്ചു 
സഭയിൽ പാട്ടുപാടുവാൻ 
ഇവൾ തൻ കണ്ണുനീരൊപ്പാൻ 
ഉണ്ണിയൊന്നുപിറക്കുമോ ?

ഉണ്ണികൾ പലപ്പോഴും അവരുടെ ഉന്നതി ലക്ഷ്യം വച്ചുകൊണ്ടിരുന്നപ്പോൾ സ്ത്രീ വീണ്ടും നിരാലംബമാക്കപ്പെടുകയാണ് പതിവ്. . അതിനെ ചോദ്യം ചെയ്യാൻ പോലും അശക്തയാകുന്നു അവൾ.    ശ്രീബുദ്ധനാകാൻ സിദ്ധാർത്ഥ രാജ്‌കുമാരൻ പത്നിയെയും മകനെയും ഉപേക്ഷിച്ചു പോയപ്പോൾ യശോധാരയുടെ മനോവികാരങ്ങൾ ജി  ശങ്കരകുറുപ്പ് ഇങ്ങനെ വിവരിക്കുന്നു.

എന്തപരാധത്തിനന്നത്തെ രാത്രിയി -
ലന്ത:പുരത്തിൽ മയങ്ങുന്നൊരെന്നെയും 
സ്വന്തം പ്രതിഛായപോലാകയാൽ തെളി-
ഞ്ഞന്തരംഗം കുളിർക്കേണ്ട മകനെയും 
ആരുമറിയാതായേതുമുരയ്ക്കാതെ 
ഭീരുവെപ്പോലിട്ടെറിഞ്ഞു കടന്നുപോയ് .

സ്ത്രീയെ പുരുഷന്റെ അടിമയാക്കി നിർത്തിയിരുന്നു പുരുഷചിന്തകൾ. ഭാര്യയെയും മകനെയും ഉപേക്ഷിച്ച് ബുദ്ധനാകാൻ സിദ്ധാർത്ഥനു കഴിഞ്ഞു യാതൊരു സാമൂഹ്യപ്രശ്നങ്ങളും ഉയർത്താതെ. യശോധാരയെക്കൊണ്ട് കവി വീണ്ടും പറയിപ്പിക്കുന്നു :

നാരിക്ക് സാതികശുദ്ധി പാടില്ലയോ 
നാരിപുരുഷന്നു ചങ്ങലമാത്രമോ 
ഒന്നനങ്ങുമ്പോൾ കരയുന്ന ചങ്ങല 
ഒന്ന് കുടഞ്ഞാൽ മുറുകുന്ന ചങ്ങല.

ആണും പെണ്ണുമായി ഈശ്വരൻ സൃഷ്ട്ടിച്ചപ്പോൾ സ്ത്രീക്ക് മാത്രമായി അരുതായ്കളും വിലക്കുകളും വന്നതെങ്ങനെയെന്നു മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ കാണാൻ കഴിയുന്നത്  പുരുഷമേധാവിത്വം എന്നാണു.  സിന്ധുനദീതട സംസ്കാരം 'അമ്മ ദൈവങ്ങളെ ആരാധിച്ചിരുന്നത്കൊണ്ട് സ്ത്രീകൾ ആരാധിക്കപ്പെട്ടു. എന്നാൽ ഋഗ്വേദകാലത്ത് ആ പദവി ഭാര്യയിലേക്ക് മാറി. അവർക്ക് ഭർത്താവിനോടൊപ്പം പൂജ കർമ്മങ്ങൾ അനുഷ്ടിക്കാനുള്ള അവകാശം ലഭിച്ചിരുന്നു. ക്ഷത്രിയ പെൺകുട്ടികൾക്ക് സ്വയംവരത്തിലൂടെ ഇഷ്ടപെട്ടവനെ ഭർത്താവായി സ്വീകരിക്കാം, വിധവാവിവാഹം അനുവദിച്ചിരുന്നു പിന്നെ പൂജാകർമ്മങ്ങളുടെ  ഉത്തരവാദിത്തം ബ്രാഹ്മണൻ സ്വന്തമാക്കി. അപ്പോൾ സ്ത്രീ ഒഴിവാക്കപ്പെട്ടു.പുത്രന്മാരെ പ്രസവിക്കാത്ത സ്ത്രീയെ സമുദായം അംഗീകരിക്കാതായി.പെൺകുട്ടികളുടെ വിവാഹപ്രായം കുറച്ചുകൊണ്ടിരുന്നു. അങ്ങനെ സ്ത്രീയെ "വീടാം  കൂട്ടിൽ കുടുങ്ങും തത്തമ്മകളാക്കി". അപവാദ ശരത്തിന്റെ ഒഴിയാത്ത ആവനാഴി കയ്യിലുള്ള പുരുഷന്മാരെ സ്ത്രീകൾ ഭയപ്പെട്ടു.

പിന്നീട് സ്ത്രീ വെറും "ചരക്ക്" എന്ന നിലയിലേക്ക് താഴ്ന്നു മഹാഭാരതകാലത്ത് ധർമ്മപുത്രർ ഭാര്യയെ പണയം വയ്ക്കുന്നുണ്ട് (ധർമ്മപുത്രർ പേര് മാത്രമേയുള്ളു, പിന്നെ കണ്ണടച്ച് ജനം കല്പിച്ചുകൊടുത്ത പുണ്യവും. ഇക്കാലത്താണെങ്കിൽ ഭാര്യയെ പണയം വച്ചതിനു വനിതാകമ്മീഷൻ വെള്ളം കുടിപ്പിച്ചേനെ)). മനുവിന്റെ വരവ് പാവം സ്ത്രീകളെ അസ്വതന്ത്രരാക്കി. സ്ത്രീകൾക്കായി അദ്ദേഹം ഉണ്ടാക്കിയ നിയമങ്ങൾ ഷണ്ഡന്മാരെ സന്തോഷിപ്പിച്ചു. സ്ത്രീകളുടെ ജീവിതം നരകമാക്കി. വൈദികകാലത്തിനുശേഷം ജാതിവ്യവസ്ഥ നിലവിൽ വന്നു. സതിയും ശൈശവ വിവാഹവും നിലവിൽ വന്നു. ഇത് രണ്ടും സ്ത്രീയുടെ സമൂഹത്തിലെ സ്ഥാനത്തിനു ഇളക്കമുണ്ടാക്കി. മനു സാഹിബിന്റെ നിർദേശപ്രകാരം സ്ത്രീക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു.പ്രതികരിക്കാൻ ശേഷിയുണ്ടായിട്ടും ദൈവത്തിന്റെ പേര് പറഞ്ഞു അതായത് സ്ത്രീ പുരുഷനെ പൂജിക്കേണ്ടവൾ എന്ന പരട്ടന്യായം പറഞ്ഞു എല്ലാം നിർവ്വീകരിച്ചു.

ബ്രിട്ടീഷ്കാരുടെ  ഭരണത്തോടെ സ്ത്രീകളുടെ സമൂഹത്തിലെ സ്ഥാനത്തിന് മാറ്റം വന്നു തുടങ്ങി. ഗാന്ധി  സ്ത്രീകളെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുപ്പിക്കുകയും അവർക്ക് തുല്യഅവകാശങ്ങൾ വേണമെന്ന അഭിപ്രായത്തോട് യോജിക്കയും ചെയ്‌തു. സതി നിർത്തലാക്കപ്പെട്ടു. വിധവ വിവാഹം അനുവദിക്കപ്പെട്ടു. ഒരു പരിധി വരെ വിദ്യഭ്യാസം അനുവദിക്കപ്പെട്ട. എന്നിട്ടും     സ്ത്രീകൾക്ക് പൂർണ്ണ സ്വാതന്ത്ര്യം ലഭിച്ചിരുന്നില്ല, ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും സ്ത്രീകൾക്ക് തുല്യ അവകാശങ്ങൾ നൽകിയിരുന്നില്ല അപ്പോഴാണ് സാഹിത്യത്തിലൂടെ അവളുടെ അവകാശങ്ങളെപ്പറ്റി എഴുത്തുകാർ എഴുതാൻ തുടങ്ങിയത്. പുരുഷ എഴുത്തുകാരെ ആശ്രയിക്കാതെ ധാരാളം വനിതാ എഴുത്തുകാർ മുന്നോട്ടു വന്നു.

പക്ഷെ വനിതാ എഴുത്തുകാരും സ്ത്രീയുടെ നിസ്സഹായാവസ്ഥയും അല്ലെങ്കിൽ അവളുടെ മാതൃത്വത്തെ മഹനീയമാക്കലുമൊക്കെ രചനകളിൽ കൊണ്ടുവന്നു. ബാലാമണിയമ്മ ഇങ്ങനെ എഴുതുന്നു.

ഏതിനെ പുൽകുവാനേതിനെ ചുംബിക്കാൻ 
മാതൃഹൃദയമേ വെമ്പുന്നു നീ 
നിൻ മുന്നിലോമൽക്കിടാങ്ങളായല്ലയോ
നിൽക്കുന്നു സർവ്വചരാചരങ്ങളൂം 

ചിലർ സ്ത്രീകളെ പ്രണയദേവതമാരായി കണ്ടു. ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയ വരികൾ.

.....
ക്ഷമപറയുവാൻ വീർപ്പുമുട്ടും 
പരസ്പര സമുദ്രങ്ങൾ നെഞ്ചിലടക്കി നാം 
ഒരു ശരൽക്കാലസായന്തനത്തിന്റെ 
കരയിൽ നിന്നും പിരിഞ്ഞുപോകുമ്പോഴും 
വെയിൽപുരണ്ടതാം നിൻ വിരൽ കൂമ്പിന്റെ 
മൃദുല കമ്പനമെൻ കൈഞരമ്പുകൾ-
ക്കറിയുവാൻ കഴിഞ്ഞിട്ടില്ല, മാനസം 
മുറുകീടുമ്പോഴും നിന്റെ കൺപീലികൾ 
നനവുചുണ്ടുകൊണ്ടൊപ്പിയിട്ടില്ല ഞാൻ.

സ്ത്രീയെ കുറ്റപ്പെടുത്തുന്ന രചനകൾ, മഹത്തവത്കരിക്കുന്ന രചനകൾ, അവളുടെ സൗന്ദര്യം വർണ്ണിക്കുന്ന രചനകൾ അങ്ങനെ പുരുഷനേക്കാൾ സ്ത്രീ കലയിൽ നിറഞ്ഞുനിൽക്കുന്നു. സമൂഹത്തിൽ പല തരത്തിലുള്ള സ്ത്രീകൾ ഉണ്ട്. ഏതെങ്കിലും ഒരു സ്ത്രീയുടെ ഒരു പ്രത്യേകാവസ്ഥയിൽ അവൾ ചെയ്തതോ അല്ലെങ്കിൽ അവളെ കൊണ്ട് ചെയ്യിച്ചതോ മുഴുവൻ സ്ത്രീകളുടെ സ്വഭാവമായി കാണുന്നത് തെറ്റാണ്. ഷേക്സ്പിയറിന്റെ :ഹാംലെറ്" എന്ന ഡ്രാമയിൽ ഹാംലെറ്റ് അദ്ദേഹത്തിന്റെ അമ്മയെപ്പറ്റി പറയുന്നതാണ്  “ബലഹീനതെ  നിന്റെ പേരാണ് സ്ത്രീയെന്നു. അച്ഛൻ മരിച്ച് ഒരു മാസം കഴിഞ്ഞപ്പോഴേക്കും 'അമ്മ ചെറിയഛനെ വിവാഹം കഴിച്ചത് അദ്ദേഹത്തെ ഞെട്ടിപ്പിച്ചു. ആ കമന്റ് തന്റെ കാമുകി ഒഫീലിയക്കും ബാധകമാക്കിയാണ് അയാൾ പറയുന്നത്. സ്ത്രീകൾ ബലഹീനരാണ്, എളുപ്പം തകർന്നുപോകുന്നവരാണ്, അതിലോലരാണ് എന്നൊക്കെ അയാൾ ചിന്തിക്കുന്നു. ഹാംലെറ്റിന്റെ കാഴ്ച്ചപ്പാടിലൂടെ ഷേക്സ്പിയർ അവതരിപ്പിക്കുന്ന സ്ത്രീ അങ്ങനെയാണ്. അതുകൊണ്ട് എല്ലാ സ്ത്രീകളും അങ്ങനെ എന്ന് പൊതുവായി പറയുന്നവർ ഉണ്ട്.

കാലം സ്ത്രീകൾക്ക് കരുത്ത് നൽകി അല്ലെങ്കിൽ അവൾ കരുത്താർജ്ജിച്ചു. പണ്ട് കവികളും എഴുത്തുകാരും അവളെപ്പറ്റി പറഞ്ഞതൊക്കെ മാറ്റപ്പെട്ടുകൊണ്ടിരിക്കുന്നു. വനിതാ ദിനങ്ങൾ വനിതാ മാസങ്ങൾ ഇനിയും ഇതുവഴി വരുമ്പോൾ എന്തെല്ലാം മാറ്റങ്ങൾ നമുക്ക് കാണാൻ കഴിയും.

ശുഭം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക