Image

വിലപേശൽവീരൻ , ഹായ് , കഥ ! - 77 - പ്രകാശൻ കരിവെള്ളൂർ

Published on 01 April, 2022
വിലപേശൽവീരൻ , ഹായ് , കഥ ! - 77 - പ്രകാശൻ കരിവെള്ളൂർ

മത്തി കിലോ നൂറ് എന്ന് മീൻകാരൻ പറഞ്ഞാൽ അമ്പത് രൂപക്ക് ഒരു കിലോ തരുമോ എന്ന് ചോദിക്കുന്നയാളാണ് ഭാസ്കരാട്ടൻ . കുറേ നേരം ചോദിക്കുന്നത് കേട്ട് മീൻകാരന്റെ മനസ്സ് അലിഞ്ഞു പോവും. അയാൾ എഴുപതിനോ എൺപതിനോ മീൻ കൊടുക്കാൻ സന്നദ്ധനാവും. അവസാനം ഭാസ്കരാട്ടൻ അറുപത്തിയഞ്ചിൽ ഉറപ്പിക്കും . മീൻകാരൻ കവർ ഏൽപ്പിക്കുമ്പോൾ ഭാസ്കരേട്ടന്റെ അടുത്ത ചോദ്യം - ഇതെന്ന് രാജീവാ , പൊന്നിന്റെ മീനാ ? ഒരു നാലെണ്ണം പറക്കിയിടറാ... ഇയാൾടെ ഒടുക്കം കയ്ക്കട്ട് എന്ന് ശപിച്ച് രാജീവൻ രണ്ടെണ്ണം പെറുക്കിയിടും. അപ്പോൾ ഒന്നു കൂടി എന്ന് ഭാസ്കരാട്ടൻ താഴ്മയോടെ അഭ്യർത്ഥിക്കും. 

പ്രസ്തുത ഭാസ്കരാട്ടൻ റിബേറ്റ് സീസണിലേ ഭാര്യയ്ക്കും മോൾക്കും ഡ്രസ്സ് വാങ്ങാറുള്ളു. റിബേറ്റ് കിട്ടിയ തുകയ്ക്ക് തനിക്കും വല്ലതും വാങ്ങും. മടങ്ങും വഴി മൂന്നുപേരും ഹോട്ടലിൽ കയറി കുടിച്ച ചായയുടെ ബില്ല് 100 രൂപയായാൽ അവിടെയും ഭാസ്കരേട്ടന്റെ ചോദ്യമുണ്ട് - റിബേറ്റൊന്നുമില്ലേ ?
വീട്ടിൽ പല പല സാധനങ്ങൾ വിൽക്കാനെത്തുന്നവരോട് , ആ സാധനം വാങ്ങാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ പോലും അവർ പറഞ്ഞ വിലയുടെ നാലിലൊന്ന് പറയുക എന്നത് ഭാസ്കരാട്ടന്റെ പ്രിയവിനോദമാണ്. ഒരിക്കൽ അതിൽ മൂപ്പർ പെട്ടു പോവുകയും ചെയ്തു. ഒരു കിടക്കക്കാരൻ ഗേയ്റ്റിൽ വന്ന് 2000 പറഞ്ഞപ്പോൾ ഭാസ്കരാട്ടൻ അഞ്ഞൂറിന് തരുന്നോ എന്ന് ചോദിച്ചു - അഞ്ഞൂറിന് തരുന്നോ ? 

എടുത്ത വായ്ക്ക് അയാൾ - എടുത്തുങ്കോ സാർ..
ലോട്ടറിയെന്ന് തുള്ളിച്ചാടി ഭാസ്കരാട്ടൻ . ഉള്ള് നിറയെ ചകിരിയാണെന്ന് ഭാര്യ സരള കണ്ടെത്തുമ്പോഴേക്കും തമിഴൻ സേലം കടന്നിരുന്നു. 
ഭാസ്കരാട്ടൻ റേഡിയോ വാങ്ങാൻ പോയ കഥയാണ് കൂട്ടത്തിലേറ്റവും പ്രശസ്തം.
മൂവായിരം രൂപ വിലയുള്ള റേഡിയോ മൂപ്പർ ആയിരത്തിയഞ്ഞൂറിന് കിട്ടുമോ എന്നന്വേഷിച്ചു . സാധ്യമല്ലെന്ന് കടക്കാരൻ . ഒടുവിൽ 1600 ന് സമ്മതിച്ചു. ഉടൻ ആയിരത്തിന് തരുമോ എന്നായി അടുത്ത ചോദ്യം . പറഞ്ഞു പറഞ്ഞ് പീടികക്കാരൻ  ആയിരത്തിലെത്തിയപ്പോൾ 600 ന് കിട്ടണംന്നായി ഭാസ്കരാട്ടൻ . പീടികക്കാരന് വല്ലാതെ ദേഷ്യം വന്നു. അയാൾ ഭാസ്കരാടനോട് ചൂടായി. നിങ്ങൾക്ക് വിൽക്കാൻ ഇവിടെ റേഡിയോ ഇല്ലെന്ന് പറഞ്ഞു. പിന്നെയും പിന്നെയും വിലപേശി നിന്നപ്പോൾ അയാൾ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറായി. ശരി എന്നാൽ ഒരു എണ്ണൂറിനെടുത്തോ .
ഉടൻ ഭാസ്കരാട്ടൻ - എനിക്ക് വേറെയും സാധനങ്ങൾ വാങ്ങാനുണ്ട്. നിങ്ങൾ ഇത് അഞ്ഞൂറിന് തരുമോ ?
സഹികെട്ട പീടികക്കാരൻ ദയനീയമായി ഭാസ്കരാട്ടന്റെ മുഖത്ത് നോക്കി . എന്നിട്ട് പ്രഖ്യാപിച്ചു . നിങ്ങൾക്ക് ഞാനീ റേഡിയോ വെറുതേ തന്നിരിക്കുന്നു.
ഉടൻ വാർന്നു വീണു ഭാസ്കര വിലപേശൽ - എന്നാപ്പിന്ന രണ്ടെണ്ണം താ !

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക