Image

മറുത്തുകളിയും ബേക്കറി ഗോപാലാട്ടനും , ഹായ് , കഥ ! - 79 - പ്രകാശൻ കരിവെള്ളൂർ

Published on 05 April, 2022
മറുത്തുകളിയും ബേക്കറി ഗോപാലാട്ടനും , ഹായ് , കഥ ! - 79 - പ്രകാശൻ കരിവെള്ളൂർ

രാപ്പകൽ അധ്വാനിച്ച് മെയ്ക്കരുത്ത് നേടിയ തീയ്യയുവാക്കളെ പണ്ടത്തെ ജന്മിമാർ പേടിച്ചു. അവരുടെ ഊർജ്ജം മുഴുവൻ കളിച്ചു കളയാൻ വേണ്ടി  ജന്മിമാരുടെ കൂട്ടത്തിലെ പഴയ എം ബിഎക്കാരായ ചാണക്യന്മാർ പടച്ചുണ്ടാക്കിയതാണ് പൂരക്കളി എന്ന് കേട്ടിട്ടുണ്ട്. കളിയിൽ മാത്രമല്ല , പാണ്ഡിത്യത്തിലും നിങ്ങൾ കേമർ എന്ന് പാവം അടിയാളരെ സോപ്പിടാൻ അവർണർക്ക് സംസ്കൃതവും അനുവദിച്ചു സവർണർ.എന്നിട്ടോ, അവർക്കായി വെറുതേ പാണ്ഡിത്യ പ്രദർശനം നടത്തി അതിന്റെ പേരിൽ തല്ലും പിടിയും ഉണ്ടാക്കുന്ന ഒരു കലാരൂപവും തട്ടിക്കൂട്ടിയെടുത്തു . അതാണ് മറുത്തുകളി. ആദ്യകാല മറുത്തുകളി വാക്കേറ്റം മൂത്ത് കയ്യാങ്കളിയായി മാറുന്നത് കണ്ടു രസിച്ചത്രേ സവർണർ. അറിവിന്റെ പേരിൽ ചോരയൊഴുക്കി വീര്യം കുറഞ്ഞാൽ , അത്രത്തോളം തങ്ങൾക്ക് രക്ഷ എന്ന വിദഗ്ധാസൂത്രണം ! 

ആദ്യമാദ്യം സ്വസമുദായത്തിലെ ക്ഷേത്രസ്ഥാനികർ തന്നെയായിരുന്നു മറുത്തുകളിയിലെ മധ്യസ്ഥർ . അടി പിടി ലഹരിക്കാരുണ്ടോ സ്വജാതിയെ മാനിക്കുന്നു. അവിടെ വീണ്ടും പ്രമാണിമാരായെത്തി ഉയർന്ന ജാതിയിലെ സംസ്കൃത പണ്ഡിതർ.
പണ്ട് വാണിൽത്തു നിന്ന് പതിവായ് മറുത്തുകളി കണ്ട ഞാൻ ഇന്നോർത്തു പോവുകയാണ്. ഞാൻ ഹൈസ്കൂൾ ക്ളാസിൽ പഠിക്കുമ്പോഴാണ്. അപ്പോൾ തന്നെ അറിഞ്ഞിരുന്നു - എത്ര നിസ്സാരമായ കാര്യങ്ങൾക്ക് വേണ്ടിയാണ് അവർ തർക്കിക്കുന്നതെന്ന് . തമാശ അതല്ല , അതിൽ തൊണ്ണൂറ് ശതമാനവും തർക്കത്തിന് വേണ്ടി മാത്രമുള്ള തർക്കങ്ങളായിരുന്നു. ഈ മറുത്തുകളിയുടെ സൈബർ രൂപമാണോ ഇന്നത്തെ ചാനൽ ചർച്ച എന്ന് എനിക്ക് പല തവണ സംശയം തോന്നിയിട്ടുണ്ട്. 
ഇതൊക്കെ ഇപ്പോ ഓർക്കാൻ കാരണം , ബേക്കറി ഗോപാലാട്ട നാണ്. മൂപ്പരെക്കുറിച്ച് കഥയെഴുതാൻ പലരും പറഞ്ഞു. ആ കഥ ആയില്ല . എന്നാൽ ഈ ഓർമ്മ ജ്വലിച്ചു നിൽക്കുന്നു. 

ഞാൻ ഒമ്പതാം ക്ളാസിൽ പഠിക്കുമ്പോളാണെന്നാണ് ഓർമ്മ. 
മറുത്തുകളിക്കാർ വാഗ്വാദത്തിന്റെ മൂർധന്യത്തിലാണ്. തേൻ കുടിച്ചു എന്നോ തേൻ നുകർന്നോ ? ഏതാണ് ശരി. രണ്ടും ശരിയാണെന്ന് ഒരാൾ മധുവാണെങ്കിലേ നുകർന്നു എന്ന് വേണ്ടു എന്ന് മറ്റയാൾ. അപ്പോൾ സത്യനോ നസീറോ ആണെങ്കിലോ എന്ന് സദസ്സിലൊരു സംശയം.
കലഹം മൂർധന്യത്തിലെത്തിയപ്പോൾ സദസ്സിലൊരു 
ശ്ളോകം -
കൂടിയല്ലാ ജനിക്കുന്ന നേരത്ത് ,
കൂടിയല്ലാ മരിക്കുന്ന നേരത്തും .
മധ്യയിങ്ങനെ കാണുന്ന നേരത്തും 
മധ്യയിങ്ങനെ കാണുന്ന നേരത്ത് 
മത്സരിക്കുന്നതെന്തിന് നാം വൃഥാ ?

നോക്കുമ്പോൾ കൈയ്യിൽ ഒരു ചെറു കെട്ട് വാഴയിലയും രണ്ടോ മൂന്നോ തേങ്ങ മാത്രമുള്ള ഒരു കുലയുമായി ബേക്കറി ഗോപാലാട്ടൻ ! 

ആധ്യാത്മികത എന്ന പേരിൽ ഞാൻ വല്ലതും മനസ്സിൽ സൂക്ഷിക്കുന്നുണ്ടെങ്കിൽ അത് പൂന്താനത്തിന്റെ ഈ നാല് വരികളാണ്. അതിന് കാരണം ബേക്കറി ഗോപാലാട്ടനുമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക