ഇംഗ്ലീഷ്പള്ളിയിൽ വച്ചാണ് ഞാൻ ആദ്യമായി ജോൺസിനെ കണ്ടത്. പള്ളിയിലെ ആരാധനായോഗം കഴിഞ്ഞ് ആളുകൾ സംസാരിച്ചുകൊണ്ടു നില്ക്കുമ്പോൾ മദ്ധ്യവയസ്ക്കനായ ഒരു വെള്ളക്കാരൻ എന്റെ അടുത്തേക്കു വന്നു. ആറടിയിൽ കൂടുതൽ നീളവും ആകർഷകമായ താടിമീശയുമുള്ള സുമുഖനായ ഒരു മനുഷ്യനായിരുന്നയാൾ. വന്നപാടെ അയാൾ സ്വയം പരിചയപ്പെടുത്തി.
“ഞാൻ ജോൺസ്. മൊത്തം പേര് മൈക്കൾ മാത്യു ജോൺസ്. ഞാൻ നിങ്ങളെ ‘സീക്കോ’യിൽവച്ച് കണ്ടിട്ടുണ്ട്. ഞാനവിടെ കേബിൾ സ്പ്ലൈസർ (Splicer) ആയി ജോലി ചെയ്യുന്നു.”
സീക്കോ (SECO) എന്നത് State Electricity Company എന്നതിന്റെ ചുരുക്കെഴുത്താണ്.
“ഞാൻ സാമുവൽ. സീക്കോ എഞ്ചിനിയറിംഗ് ഡിവിഷനിൽ ജോലി ചെയ്യുന്നു.”
“എനിക്കറിയാം. ഞാനവിടെവച്ച് നിങ്ങളെ കണ്ടിട്ടുണ്ട്.”
“എവിടെയാണ് മിസ്റ്റർ ജോൺസ് താമസിക്കുന്നത്?”
“5236 വെൽക്കം സ്റ്റ്രീറ്റ്. ഇവിടെനിന്നും അധികദൂരമില്ല.”
ആ സ്റ്റ്രീറ്റിൽ തന്നെയാണ് ഞാനും താമസിച്ചിരുന്നത്. നടന്നുപോകാവുന്ന ദൂരമേയുള്ളു ഞങ്ങളുടെ വീടുകൾ തമ്മിൽ.
“ഒരുകാര്യംകൂടി പറയാം. എന്റെ മകൻ ഡെനസും സാമിന്റെ മകനും ഒരേ ക്ലാസ്സിലാണ് പഠിക്കുന്നത്, ക്ലിഫോർഡ് ഹൈസ്ക്കൂളിൽ. അവർ തമ്മിൽ സ്നേഹിതന്മാരാണ്. ഡെനസ് പറഞ്ഞതാണ്.”
“അത് നല്ല കാര്യമാണല്ലോ. ഇനിയും കാണാം, കാണണം. ഒരു ദിവസം എന്റെ വീട്ടിലേക്കൊന്നു വരണം, കുടുംബമായിട്ട്. വലിയ അകലമൊന്നുമില്ലല്ലോ.”
ഞാൻ മിസ്റ്റർ ജോൺസിനെയും കുടുംബത്തയും എന്റെ വീട്ടിലേക്ക് ക്ഷണിച്ചു. സായ്പന്മാരുമായുള്ള സ൱ഹൃദം ഒരന്തസ്സാണ് ഇൻഡ്യൻ കമ്മ്യൂണിറ്റിയിൽ.
ഒരുദിവസം അവർ വന്നു. മിസ്റ്റർ ജോൺസും ഭാര്യ അമാൻഡായും അവരുടെ മൂന്ന് മക്കളുമായാണ് അവർ വന്നത്. അമാൻഡാ ജനിച്ചുവളർന്നത് ബ്രസീൽ എന്ന തെക്കേ അമേരിക്കൻ രാജ്യത്താണ്. അതുകൊണ്ട് പോർച്ചുഗീസാണ് അവരുടെ മാതൃഭാഷ. അമേരിക്കക്കാരനായ ജോൺസിനെ വിവാഹം കഴിച്ചതിനുശേഷമാണ് അവർ ഇംഗ്ലീഷ് പഠിച്ചത്.
ജോൺസും കുടുംബവും ഞങ്ങളെ സന്ദർശിക്കുവാൻ വന്നത് എനിക്കും കുടുംബത്തിനും വളരെ സന്തോഷമായി. ബ്രസീലിയൻ റൈസോൾ എന്ന രുചികരമായ ഒരു വിഭവവുമായാണ് അവർ വന്നത്. നമ്മുടെ സമൂസയ്ക്ക് സമാനമായ ഒരു ബ്രസീലിയൻ പലഹാരമാണത്. ഡെനസും സ്റ്റീഫനും ഒരേ ക്ലാസിൽ പഠിക്കുന്നവരാണ്. ജോൺസിന്റെ മറ്റുകുട്ടികളും ക്ലിഫോർഡ് ഹൈസ്ക്കൂളിലാണ് പഠിക്കുന്നത്. ജോൺസിന്റെ മക്കളെപ്പോലെ സ൱ന്ദര്യമുള്ള കുട്ടികളെ ഞാൻ കണ്ടിട്ടില്ലെന്നുപറയാം. വന്നയുടനെതന്നെ കുട്ടികൾ എല്ലാവരും സ്റ്റീഫന്റെ മുറിയിലേക്ക് പോയി. അവർക്ക് ധാരാളം കാര്യങ്ങൾ പറയാനുണ്ടാവും. അവർ കുട്ടികളല്ലേ!
എന്റെ ഭാര്യയും അമാൻഡായും പെട്ടെന്ന് സുഹൃത്തുക്കളായി. അവർ ചിരകാലസുഹൃത്തുക്കളെപ്പോലെ സംഭാഷണം നടത്തുന്നത് ഞാൻ ശ്രദ്ധിച്ചു. “ദൈവം ഒരുത്തനിൽനിന്ന് മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി” എന്നൊരു വാക്യം ബൈബിളിലുണ്ട്. ഭാരതമായാലും ബ്രസീലായാലും മനുഷ്യജാതിയുടെ സാഹോദര്യഭാവവും ആർദ്രതയും ചിന്താഗതിയും ഒരേമൂശയിൽ വാർത്തെടുത്തതു പോലെയാണ് എന്നെനിക്ക് തോന്നി. എന്റെ ഭാര്യക്ക് ബ്രസീലിയൻ റൈസോളിന്റെ റസിപ്പി കൂടിയേ തീരൂ. അമാൻഡാക്ക് അതു പറഞ്ഞുകൊടുക്കുന്നതിൽ സന്തോഷമേയുള്ളുതാനും.
കൊത്തിയരിഞ്ഞ കോഴിയിറച്ചി
അരിപ്പൊടിയുടെയോ ഗോതമ്പുപൊടിയുടെയോ മാവുകുഴച്ചത്
കാച്ചിക്കുറുക്കിയ പാൽ
കോഴിമുട്ട
പാർമ്സാൺ ചീസ്സ്
റൊട്ടിക്കഷണങ്ങൾ
ഇവയൊക്കെ വേണ്ട അനുപാതത്തിൽ കൂട്ടിച്ചേർത്ത് പാകം ചെയ്തെടുക്കുന്ന ഒരു പലഹാരമാണ് ബ്രസീലിയൻ റൈസോൾ.
അമാൻഡാ പറഞ്ഞുകൊടുത്ത പാചകവിധി എന്റെ ഭാര്യ താല്പര്യത്തോടെ കുറിച്ചെടുത്തു.
“കേരളത്തിലെ പാചകവിധിയെല്ലാം പഠിച്ചുകഴിഞ്ഞു. ഇനി ബ്രസീലിയൻ പലഹാരങ്ങൾ ഉണ്ടാക്കാം.”
ഞാൻ മനസ്സിൽ പറഞ്ഞു. ഉറക്കെ പറയാനാവില്ലല്ലോ.
ഞാനും ജോൺസും സീക്കോയിലെ രാഷ്ട്രീയക്കളികളും വർഗ്ഗവർണ്ണവ്യത്യാസത്തിന്റെ കഥകളുമൊക്കെ പറഞ്ഞ് നേരം പോക്കി. പിരിഞ്ഞപ്പോൾ അമാൻഡാ എനിക്ക് ആലിംഗനം നല്കി. അതവരുടെ പതിവ്. പുരുഷനും സ്ത്രീയും ആലിംഗനം നല്കും. പക്ഷേ എന്റെ ഭാര്യ ജോൺസിന് ആലിംഗനമൊന്നും കൊടുത്തില്ല. അവൾ കൈകൂപ്പി യാത്രാവന്ദനം പറഞ്ഞു. അത് ഭാരതസ്ത്രീകളുടെ പതിവ്.
സീക്കോയിൽ ഞാൻ ജോലിചെയ്യുന്നത് ഒരു ചെറിയ അറപോലെയുണ്ടാക്കിയ മുറിയിൽ ഇരുന്നാണ്. ക്യുബിക്കിൾ എന്നാണ് ആ മുറിയുടെ പേര്. ഒരു തിങ്കളാഴ്ച മദ്ധ്യാഹ്നത്തിൽ മിസ്റ്റർ ജോൺസ് എന്റെ ക്യുബിക്കിളിലേക്ക് കടന്നുവന്നു. ഞങ്ങൾക്ക് സീക്കോയിൽ അരമണിക്കൂർ ലഞ്ച് ബ്രേക്കുണ്ട്. ആ സമയത്താണ് ജോൺസ് വന്നത്. എന്റെ ഡസ്കിന്റെ മുമ്പിൽ സന്ദർശകർക്കുവേണ്ടി രണ്ട് കസേരകൾ ഇട്ടിട്ടുണ്ട്. അമേരിക്കയിൽ ആപ്പീസിലെ മേശയ്ക്ക് ഡസ്ക്ക് എന്നാണു പറയുക.
“ഹൈ മിസ്റ്റർ ജോൺസ്,”
“ഹൈ സാം”
ഞങ്ങൾ പരസ്പരം അഭിവാദനം ചെയ്തു. ജോൺസിനോട് ഇരിക്കാൻ ഞാൻ ആവശ്യപ്പെട്ടു. പക്ഷേ അദ്ദേഹം ഇരുന്നില്ല. നിന്നുകൊണ്ടുതന്നെ ജോൺസ് സംഭാഷണമാരംഭിച്ചു. അത് ജോൺസിന്റെ സ്വഭാവമാണെന്ന് ഞാൻ പിന്നീട് മനസ്സിലാക്കി.
“സാം, നിങ്ങൾ ഈ രാജ്യത്ത് വന്നതെന്തിനാണ്? നിങ്ങളുടെ രാജ്യത്തെ ദാരിദ്ര്യമാണോ നിങ്ങളെ ഇവിടെയെത്തിച്ചത്?”
ജോൺസ് ചോദിച്ചു.
നേരേ വെട്ടിത്തുറന്ന് സംസാരിക്കുന്ന ആളായിരുന്നു ജോൺസ്. പക്ഷേ അദ്ദേഹം നിഷ്ക്കളങ്കനായ ഒരു അമേരിക്കക്കാരനായിരുന്നു. മറ്റുചില അമേരിക്കക്കാരെപ്പോലെ ഇൻഡ്യയെ താഴ്ത്തിക്കെട്ടാനുള്ള താല്പര്യമൊന്നും ജോൺസിനില്ലായിരുന്നു.
“എനിക്ക് അമേരിക്കായിൽ വരേണ്ട കാര്യമൊന്നുമുണ്ടായിരുന്നില്ല. എനിക്ക് നല്ല ജീവിതം ഇൻഡ്യയിലുണ്ടായിരുന്നു. പക്ഷേ എന്റെ കുഞ്ഞുങ്ങളുടെ ഭാവിക്ക് ഇവിടെ കുടിയേറുന്നതാണ് ഉത്തമമെന്നെനിക്ക് എനിക്ക് തോന്നി.”
മിക്ക ഇൻഡ്യാക്കാരും പറയുന്ന ഉത്തരം ഞാനും തട്ടിവിട്ടു.
“ഇവിടുത്തെ വിദ്യാഭ്യാസസമ്പ്രദായമാണോ നിങ്ങളെ ആകർഷിച്ചത്?”
ജോൺസ് ചോദിച്ചു.
“അതും ഒരു ഘടകമാണ്. അമേരിക്കൻ സർവകലാശാലകൾ പലതും ലോകപ്രസിദ്ധമാണല്ലോ. അവിടൊക്കെ പഠിക്കാൻ അവസരം കിട്ടുന്നത് കുഞ്ഞുങ്ങൾക്ക് വലിയ കാര്യമല്ലേ?”
ഞാൻ പറഞ്ഞു. പക്ഷേ ജോൺസ് നിഷേധഭാവത്തിൽ തലയാട്ടി.
“സാം, അതൊരു മിഥ്യാധാരണയാണ്.” ജോൺസ് പറഞ്ഞു. അദ്ദേഹം തുടർന്നു.
“എന്റെ ഭാര്യാസഹോദരിയുടെ മക്കൾ മൂന്നുപേരും ബ്രസീലിലാണ് പഠിക്കുന്നത്. എന്റെ മകൾ ഇസബെല്ലയെക്കാൾ കൂടുതൽ സയൻസും കണക്കുമൊക്കെ അക്കാവുവിനറിയാം. അവർ സമപ്രായക്കാരാണ്. പെൺകുട്ടികളുടെ കാര്യം ഞാൻ പറഞ്ഞുവെന്നേയുള്ളു. ആൺപിള്ളാരുടെ കാര്യവും അങ്ങനെതന്നെ. ബ്രസീലിൽ പഠിക്കുന്ന കുട്ടികൾ അമേരിക്കൻ കുട്ടികളെക്കാൾ മിടുക്കരാണ് എല്ലാ കാര്യത്തിലും.”
“ഡെനസ് വളരെ മിടുക്കനാണെന്നും ACT പരീക്ഷയിൽ നല്ല മാർക്കുണ്ടെന്നും സ്റ്റീഫൻ പറഞ്ഞുകേട്ടല്ലോ.”
വിഷയം മാറ്റാനെന്നോണം ഞാൻ പറഞ്ഞു.
“അതു ശരിയാണ് സാം. അവൻ മിടുക്കനാണ്. ACT പരീക്ഷയിൽ പെർഫക്ട് സ്കോറുമുണ്ട്. പക്ഷേ ബ്രസീലിൽ പഠിക്കുന്ന അവന്റെ കസിനെക്കാൾ സയൻസിനും കണക്കിനും അവൻ തുലോം താഴെയാണ്.”
ഞാനൊന്നും പറഞ്ഞില്ല. ജോൺസിന് പറയാനുള്ളത് ശ്രദ്ധിച്ചു.
“ബ്രസീലിൽ മൂന്നുമണിക്ക് സ്കൂൾ വിട്ട് വീട്ടിൽ വന്നാലുടൻ കുട്ടികൾ ഓടുകയാണ്, കളിസ്ഥലത്തേക്ക്. അവർക്കവിടെ സാമൂഹ്യജീവിതമുണ്ട്. അമാൻഡായുടെ സഹോദരിയുടെ മക്കൾ ദിവസം മൂന്നു മണിക്കൂറാണ് സോക്കർ കളിക്കുന്നത്.”
“ബ്രസീൽ സോക്കർകളിക്ക് ലോകപ്രസിദ്ധമായ രാജ്യമാണല്ലോ.”
ഞാൻ പറഞ്ഞു. ഞാൻ പറഞ്ഞത് ശ്രദ്ധിക്കാതെ ജോൺസ് തുടർന്നു.
“ഇവിടുത്തെ കുട്ടികൾക്ക് സാമൂഹ്യജീവിതമില്ല, ലക്ഷ്യബോധമില്ല. താളം തെറ്റിയ വിദ്യാഭ്യാസസമ്പ്രദായമാണ് ഇവിടെയുള്ളത്.”
“അമേരിക്കയിലെ വിദ്യാഭ്യാസസമ്പ്രദായം ലോകത്തിലെ ‘നമ്പർ വൺ’ എന്നാണല്ലോ പറയുന്നത്?”
എന്റെ ചോദ്യം ജോൺസിന് ഇഷ്ടപ്പെട്ടില്ലെന്ന് തോന്നി. അയാൾ ചോദിച്ചു.
“സാം മാസ്ക്റ്റിലും സ്പ്രോക്കറ്റിലും പഠിക്കുന്ന കുട്ടികളെ കണ്ടിട്ടുണ്ടോ?”
ഞങ്ങളുടെ വീടിനടുത്തുള്ള പബ്ലിക്ക് സ്ക്കൂളുകളാണ് മാസ്ക്കറ്റും സ്പ്രോക്കറ്റും. അമേരിക്കയിൽ സർക്കാർവക പള്ളിക്കൂടങ്ങളാണ് പബ്ലിക്ക് സ്ക്കൂളുകൾ.
“വലിച്ചുകീറിയ ചേളാവുജീൻസും ധരിച്ച് തെരുവുതെണ്ടികളെപ്പോലെയാണ് അവർ സ്കൂളിൽ പോകുന്നത്. മെറ്റൽ ഡിറ്റക്റ്ററിൽ കൂടിയാണ് അവർ സ്കൂളിലേക്ക് കയറുന്നത്. തോക്കുകളുമായാണ് അവർ സ്കൂളിൽ വരുന്നത്. കഴിഞ്ഞവർഷം ഈ രാജ്യത്ത് മുപ്പത്തിനാല് സ്കൂളുകളിലാണ് വെടിവയ്പ് നടന്നത്.”
ജോൺസിന്റെ രോഷം പൊട്ടിത്തെറിച്ചു. അയാൾ തുടർന്നു.
“എന്റെ മകൻ ഡെനസ് ഒരുവർഷം മാസ്ക്കറ്റ് ഹൈസ്ക്കൂളിൽ പഠിച്ചതാണ്. എന്റെ മന:സമാധാനം നഷ്ടപ്പെട്ട ഒരു വർഷമായിരുന്നത്. സിലബസില്ല, പബ്ലിക്ക് പരീക്ഷയില്ല. അദ്ധ്യാപകർ അവർക്ക് തോന്നിയത് പഠിപ്പിക്കുന്നു. ദേഹം മുഴുവനും പച്ചകുത്തി വികൃതമായി നടക്കുന്ന ഈ അദ്ധ്യാപകർ എന്തു സന്ദേശമാണ് ഭാവിതലമുറയ്ക്കു നല്കുന്നത്? അവരുടെ വികൃതമായ ആശയങ്ങളും വികടമായ ചിന്തകളും വൃത്തികെട്ട രാഷ്ട്രീയ അരാജത്വവുമെല്ലാം നിഷ്ക്കളങ്കരായ കുഞ്ഞുങ്ങളുടെ തലച്ചോറിലേക്ക് പകർന്നുകൊടുക്കുകയാണവർ. അവർ ഈ നാടിന്റെ ചരിത്രത്തെ വളച്ചൊടിക്കുന്നു. ഈ രാജ്യത്തോട് ഒരിഞ്ച് കൂറില്ലാത്തവരാണവരിൽ പലരും. ‘അവലക്ഷണമായ’ പലതിനെയും പ്രോത്സാഹിപ്പിക്കുന്നവരാണവർ.”
ഞാൻ വിദ്യാഭ്യാസവിചക്ഷണനൊന്നുമല്ലാത്തതുകൊണ്ട് അഭിപ്രായമൊന്നും തട്ടിവിട്ടില്ല. എങ്കിലും ചോദിച്ചു.
“ഈ രാജ്യത്തെ എല്ലാ സ്ക്കൂളുകളും മാസ്ക്കറ്റും സ്പ്രോക്കറ്റും പോലെ ആയിരിക്കണമെന്നില്ലല്ലോ.”
“ശരിയാണ്. നല്ല പബ്ലിക്ക് സ്ക്കൂളുകൾ ഇല്ലെന്നു ഞാൻ പറയുന്നില്ല. കോടാനുകോടി ഡോളറാണ് പബ്ലിക്ക് സ്ക്കൂളുകൾക്കുവേണ്ടി സർക്കാർ ചെലവഴിക്കുന്നത്. പക്ഷേ സാം, എന്റെയും നിന്റെയും അനുഭവമെന്താണ്? എന്തുകൊണ്ട് നീ നിന്റെ കുട്ടികളെ തൊട്ടടുത്തുള്ള മാസ്ക്കറ്റിൽ വിടുന്നില്ല?”
“ഭയം കൊണ്ട്.”
“അതേ, ഭയം കൊണ്ട്. സാം, അനുഭവമാണ് ഏറ്റവും നല്ല ഗുരു.”
അവസാനം ജോൺസ് എനിക്കൊരുപദേശവും തന്നു.
“സാം, നിങ്ങൾ നിങ്ങളുടെ കുട്ടികളുമായി നിങ്ങളുടെ രാജ്യത്തേക്ക് തിരിച്ചുപോകുക. നിങ്ങളുടെ രാജ്യത്തെ സ്ക്കൂളുകളായിരിക്കാം നല്ലതെന്ന് എനിക്കു തോന്നുന്നു. ഞാൻ എന്റെ കുഞ്ഞുങ്ങളുമായി ബ്രസീലിലേക്ക് പോകുന്ന കാര്യം ചിന്തിക്കുകയാണ്.”
പിറ്റേ തിങ്കളാഴ്ചയും ജോൺസ് എന്റെ ക്യുബിക്കിളിലേക്കു കയറിവന്നു. പതിവുപോലെ ലഞ്ചുബ്രേക്കിന്റെ സമയത്താണദ്ദേഹം വന്നത്. ഇരിക്കാൻ ഞാനാവശ്യപ്പെട്ടു. പക്ഷേ ജോൺസ് ഇരുന്നില്ല. നിന്നുകൊണ്ടുതന്നെ ജോൺസ് സംഭാഷണമാരംഭിച്ചു.
“കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ അമേരിക്കയിൽ അടച്ചുപൂട്ടിയ ബാങ്കുകൾ എത്രയാണെന്ന് സാമിനറിയാമോ?”
“ഇല്ല, എനിക്കറിയില്ല.”
“511 ബാങ്കുകളാണ് കഴിഞ്ഞ 10 വർഷത്തിനുള്ളിൽ അടച്ചുപൂട്ടിയത്. കോടിക്കണക്കിന് ജനങ്ങൾ, എന്നെയും നിന്നെയും പോലുള്ള സാധാരണക്കാർ അദ്ധ്വാനിച്ചുണ്ടാക്കിയ പണമാണ് നഷ്ടമായത്. ബാങ്ക്റപ്റ്റ്സി ഫയൽ ചെയ്ത് കാശടിച്ചുമാറ്റുകയെന്നുള്ളത് അവന്മാരുടെ കള്ളക്കളിയാണ്.”
ഞാനൊരു സാമ്പത്തികവിദഗ്ദ്ധനല്ല. അതുകൊണ്ട് ജോൺസിന്റെ പ്രസ്താവനയോട് പ്രതികരിക്കാൻ എനിക്കാവില്ല. എങ്കിലും ഞാൻ പറഞ്ഞു.
“അതിന് നമുക്കെന്തു ചെയ്യാൻ കഴിയും? നാം അദ്ധ്വാനിച്ചുണ്ടാക്കുന്ന കാശ് എവിടെയെങ്കിലും തത്ക്കാലത്തേക്ക് നിക്ഷേപിക്കണ്ടേ? തലയിണയുറയ്ക്കുള്ളിൽ സൂക്ഷിക്കാൻ പറ്റുമോ?”
“തലയിണയുറയ്ക്കുള്ളിൽ സൂക്ഷിക്കേണ്ടാ. ഞാൻ ചെയ്യുന്നപോലെ സ്വിസ്സ്ബാങ്കിൽ നിക്ഷേപിക്കുക. നിങ്ങളുടെ പണം സുരക്ഷിതമായിരിക്കും.”
“സ്വിസ്സ്ബാങ്കിലോ? സ്വിറ്റ്സർലൻഡ് യൂറോപ്പിലെ രാജ്യമല്ലേ? നമുക്കാവശ്യമുള്ളപ്പോൾ പണമെടുക്കാനും മറ്റും പറ്റുമോ?”
“സാം ഒരു ഫോൺവിളികൊണ്ട് നിങ്ങൾ പറഞ്ഞ കാര്യം നടക്കും. ഇന്ന് ഫോൺ ചെയ്താൽ നാളെ പണം ഇവിടെ വരും. ഞാൻ അതാണ് ചെയ്യുന്നത്.” ജോൺസ് വിശദീകരിച്ചു.
ഞാൻ കൂടുതലൊന്നും ചോദിച്ചില്ല. ജോൺസ് പറഞ്ഞതൊക്കെ എനിക്ക് പുതിയ അറിവായിരുന്നു. പക്ഷേ സ്വിസ്സ്ബാങ്കിലൊന്നും അക്കൌണ്ട് തുറക്കാൻ എനിക്ക് താല്പര്യമില്ലായിരുന്നു.
പിറ്റേ തിങ്കളാഴ്ചയും ജോൺസ് എന്റെ ക്യുബിക്കിളിൽ ആഗതനായി. പതിവുപോലെ ഇരിക്കുവാനാവശ്യപ്പെട്ടെങ്കിലും നിന്നുകൊണ്ടുതന്നെ അദ്ദേഹം സംഭാഷണം ആരംഭിച്ചു.
“സോവിയറ്റ് റഷ്യയുടെ ഒരു ആക്രമണമുണ്ടായാൽ ഈ രാജ്യത്തിന് പിടിച്ചുനില്ക്കാൻ കഴിയുമെന്ന് സാം വിചാരിക്കുന്നുണ്ടോ?”
“സോവിയറ്റ് യൂണിയൻ എന്നൊരു രാജ്യം ഇന്നില്ലല്ലോ. USSR തകർന്നല്ലോ.”
“സാം, ഞാനൊരു കാര്യം പറയാം. സോവിയറ്റ് യൂണിയന്റെ തകർച്ച എന്നു പറയുന്നത് ഒരു നാടകമാ.”
“എന്തിന്? ആരു കളിക്കുന്ന നാടകം?”
ഞാൻ ചോദിച്ചു.
“അവർക്ക് നമ്മുടെ പണം വേണം. പല പേരുകൾ പറഞ്ഞ് അവരത് തട്ടിയെടുക്കും. മണ്ടന്മാരായ പാശ്ചാത്യശക്തികൾ അവരെ വിശ്വസിച്ച് നമ്മുടെ ഡോളർ അങ്ങോട്ടൊഴുക്കും.”
“ഞാനതു വിശ്വസിക്കുന്നില്ല.” ഞാൻ പറഞ്ഞു.
“നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും അതാണു സത്യം. അവരുടെ ലക്ഷ്യം നേടിക്കഴിഞ്ഞാൽ കളിമാറും. പഴയ യൂണിയൻ പൂർവാധികം ശക്തിയോടെ തിരിച്ചുവരും.”
“ഈ മൈക്കൾ മാത്യു ജോൺസ് ഒരു മാനസികരോഗിയാണോ?”
ആ ചോദ്യം എന്റെ മനസ്സിലുയർന്നു.
പിറ്റേ തിങ്കളാഴ്ചയും ജോൺസ് എന്നെ സന്ദർശിക്കുവാൻ വന്നു. അയാളുടെ മുഖം കൂടുതൽ പ്രസന്നമായിരുന്നു.
“ഞങ്ങൾ രണ്ടാഴ്ചയ്ക്കുള്ളിൽ ബ്രസീലിലേക്ക് പോകുവാൻ തീരുമാനിച്ചു. എന്റെ വീടിന്റെ വില്പന കഴിഞ്ഞു. ക്ലോസ് ചെയ്യുവാൻ കുറച്ചു ദിവസങ്ങളെടുക്കും, അത്രമാത്രം.”
“ഇത്ര പെട്ടെന്ന് നിങ്ങൾ തീരുമാനമെടുത്തോ? ഡെനസ് MCAT പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണെന്ന് സ്റ്റീഫൻ പറഞ്ഞല്ലോ. ഇവിടെ വിദ്യാഭ്യാസം തുടരുന്നതല്ലേ കുട്ടികൾക്ക് നല്ലത്?”
അമേരിക്കയിൽ മെഡിക്കൽസ്ക്കൂളിൽ പ്രവേശനം ലഭിക്കുന്നതിനുള്ള മത്സരപ്പരീക്ഷയാണ് MCAT.
അപ്രിയമായതെന്തോ കേട്ടതുപോലെ ജോൺസ് പ്രതികരിച്ചു.
“ഡാക്ടറാവുന്നതാണോ ജീവനാണോ പ്രധാനം? മുങ്ങുന്ന കപ്പലിൽ നിന്ന് എത്രയും വേഗത്തിൽ രക്ഷപ്പെടുക. അതാണ് ഞാൻ ചെയ്യുന്നത്.”
അയാളെ ഉപദേശിക്കുന്നതിൽ പ്രയോജനമില്ലെന്ന് എനിക്കു മനസ്സിലായി.
“നിങ്ങൾ ബ്രസീലിൽ ഏതു സ്ഥലത്താണ് താമസിക്കാൻ പോകുന്നത്?”
ഞാൻ ചോദിച്ചു.
“സാന്തോ പോളോ എന്ന ബ്രസീലിയൻ പട്ടണത്തിന്റെ ഒരു പ്രാന്തപ്രദേശമാണത്. ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലം. സ്ക്കൂളുകളും കോളേജുകളുമൊക്കയുണ്ട്. ഞങ്ങളുടെ വാർദ്ധക്യത്തിൽ സമാധാനവും ദൈവകൃപയുമാണ് ഞങ്ങൾക്കാവശ്യം. അതവിടെ ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.”
“നിങ്ങൾ അവിടെ സെറ്റിൽ ചെയ്തുകഴിയുമ്പോൾ ഒരുദിവസം ഞാനും കുടുംബവും നിങ്ങളെ സന്ദർശിക്കാനെത്തും.”
“സാം, എന്റെ വീട് നിന്റെ വീടായിരിക്കും.” ജോൺസ് പറഞ്ഞു.
ഞങ്ങൾ യാത്രപറഞ്ഞു. ആലിംഗനം ചെയ്തു പിരിഞ്ഞു. എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
മൂന്നുമാസം കഴിഞ്ഞ് എന്റെ മെയിൽബോക്സിൽ നിറയെ ബ്രസീലിയൻ സ്റ്റാമ്പുകൾ പതിച്ച ഒരു കവർ ഉണ്ടായിരുന്നു.
ഞാൻ ഉദ്വേഗത്തോടെ അത് പൊട്ടിച്ചു. കണ്ണുനീർച്ചാലുകൾ അക്ഷരങ്ങൾ മായിച്ചിരുന്ന ഒരു കടലാസുകഷണം അതിലുണ്ടായിരുന്നു.
“ഞങ്ങളുടെ മാതാപിതാക്കൾ സാന്തോ പോളോയിലുണ്ടായ ഒരു കാറപകടത്തിൽ കൊല്ലപ്പെട്ട വിവരം ഞങ്ങൾ ഖേദപൂർവം അറിയിക്കുന്നു.
ഡെനസ് മാർട്ടിൻ ജോൺസ്
നിക്കോളാസ് ഫെലിക്സ് ജോൺസ്
ഇസബെല്ലാ സാറാ ജോൺസ്”