Image

കെ-റെയില്‍ പദ്ധതി: ഒരു പ്രവാസിമലയാളിയുടെ കാഴ്ചപ്പാടില്‍ (ജോര്‍ജ്ജ് എബ്രഹാം)

ജോര്‍ജ്ജ് എബ്രഹാം Published on 08 April, 2022
 കെ-റെയില്‍ പദ്ധതി: ഒരു പ്രവാസിമലയാളിയുടെ കാഴ്ചപ്പാടില്‍ (ജോര്‍ജ്ജ് എബ്രഹാം)

എന്നെപ്പോലെ  ഇടയ്ക്കിടയ്ക്ക് കേരളം സന്ദര്‍ശിച്ചുപോകുന്ന ഒരു പ്രവാസി മലയാളിയാണ് നിങ്ങളെങ്കില്‍, അമ്പരപ്പിക്കുന്ന തരത്തില്‍ ചില കാര്യങ്ങള്‍ ഓരോ തവണയും കാത്തിരിപ്പുണ്ടാകും. കേരളത്തിന്റെ വരുംകാലത്തെക്കുറിച്ച് പലവിധ പ്രവചനങ്ങള്‍ പറയപ്പെടുന്നെങ്കില്‍ തന്നെയും അടിസ്ഥാന  സൗകര്യങ്ങള്‍ കെട്ടിപ്പടുക്കുന്നതിലും ജനങ്ങളുടെ ജീവിതസാഹചര്യങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും മെച്ചപ്പെടുത്തുന്നതിലും, സംസ്ഥാനം പുരോഗതിയുടെ പാതയിലാണ്.

ഞാന്‍ ഉള്‍പ്പെടുന്ന മധ്യതിരുവിതാംകൂര്‍ പ്രദേശത്തെങ്കിലും മിക്ക റോഡുകളും രണ്ടുവരിയാണെങ്കില്‍ കൂടി, മുന്‍പ് ഇത്ര മെച്ചമായിരുന്നില്ല. വാണിജ്യപരമായ കെട്ടിടങ്ങളും പാര്‍പ്പിടങ്ങളും ഹൈവേകളുടെ ഇരുവശങ്ങളിലും പ്രധാന പാതകളിലും നാള്‍ക്കുനാള്‍ ഉയരുന്നു. മിക്കയിടത്തും കനത്ത ഗതാഗതക്കുരുക്കാണ്.

എന്റെ കുഞ്ഞുനാളില്‍ കുഗ്രാമമായിരുന്ന ചെങ്ങന്നൂര്‍ കല്ലിശ്ശേരിയിലൂടെ മെയിന്‍ സെന്‍ട്രല്‍ റോഡ് (എം.സി. റോഡ്) കടന്നുപോകുന്നു. ഗൃഹോപകരണ സ്റ്റോറുകളും റിലയന്‍സ് സൂപ്പര്‍മാര്‍ക്കറ്റും എല്ലാം ചേര്‍ന്ന് നാടിന്റെ മുഖച്ഛായ അപ്പാടെ മാറി.  ഷോപ്പിംഗ് പറുദീസയായുള്ള കല്ലിശേരിയുടെ പരിണാമം അത്ഭുതത്തോടെയേ നോക്കിക്കാണാനാകൂ.

കഷ്ടിച്ച് ഒരു കിലോമീറ്റര്‍  അകലത്തിലാണ് ലോകോത്തര നിലവാരത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ പുതുതായി പണികഴിപ്പിച്ച 'കെ.എം. ചെറിയാന്‍ ഹോസ്പിറ്റല്‍' ഉള്ളത്. വാഹനങ്ങളുടെ നിര്‍ത്താതെയുള്ള ഒഴുക്കും ആശുപത്രികളിലേക്ക് ചീറിപ്പായുന്ന ആംബുലന്‍സുകളുടെ നിരന്തരമായ സൈറന്‍വിളികളും കേള്‍ക്കുമ്പോള്‍ സമാധാനപരവും ശാന്തവുമായ ആ പഴയ നല്ല നാളുകള്‍ കൊതിച്ചേക്കാം.

ചെങ്ങന്നൂര്‍ മുതല്‍ ചങ്ങനാശേരി വരെ എം.സി. റോഡിലൂടെ സഞ്ചരിച്ചാല്‍, ഇരുവശത്തും കടകളും വൈവിദ്ധ്യമാര്‍ന്ന ഭക്ഷണശാലകളും കൊണ്ട് ഏതാണ്ട് ഒരു നീണ്ട പട്ടണത്തിന്റെ തുടര്‍ച്ചയായേ അനുഭവപ്പെടുകയുള്ളൂ (ഒരു മിനിമെഗാപോളിസ്). അതെ, കേരളം പുരോഗമിച്ചു. ആ പുരോഗമനത്തിന്റെ അനന്തരഫലമായി രൂപാന്തരപ്പെടുന്ന മാറ്റങ്ങളാണ് ചുറ്റും കാണുന്നത്.

രാഷ്ട്രീയക്കാര്‍ വികസനപദ്ധതികള്‍ ഒച്ചപ്പാടോടെയേ എതിരേല്‍ക്കൂ. ഇരു പാര്‍ട്ടിക്കാരും പരസ്പരം പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാന്‍ ക്ഷമ കാണിക്കില്ല. ഒരാളുടെ ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കുക എന്ന ഉദ്ദേശം മാത്രം വച്ചുകൊണ്ട് മറ്റെയാള്‍ ഉറക്കെ ആക്രോശിക്കുന്നതുപോലെയാണത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നിലവിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ശക്തമായി പ്രചരിപ്പിക്കുന്ന സെമി-ഹൈ-സ്പീഡ് റെയില്‍ വികസന പദ്ധതിയായ കെ-റെയില്‍ ആണല്ലോ ഏറ്റവും ചൂടേറിയ സമകാലിക വിഷയം. ഈ സില്‍വര്‍ ലൈന്‍ പദ്ധതി യാത്രാസമയം ലാഭിക്കുന്നതിനും മലിനീകരണം കുറയ്ക്കുന്നതിനും സഹായകമാകുമെന്ന വാദത്തെ ഞാന്‍ എതിര്‍ക്കുന്നില്ല. മാത്രമല്ല, ഹൈവേ ആയാലും റെയില്‍ ആയാലും അതിവേഗ ഗതാഗത സംവിധാനങ്ങള്‍ എവിടെയും വികസനത്തിന്റെ  അവിഭാജ്യ ഘടകമാണ്. ചൈനയിലെ ഷാങ്ഹായ് മഗ്ലേവ്  (Maglev) ലോകത്തെ ആദ്യത്തെ അതിവേഗ വാണിജ്യ മാഗ്‌നെറ്റിക് ലെവിറ്റേഷന്‍  ലൈന്‍, 430 KM/h (267 mph) എന്ന ഉയര്‍ന്ന വേഗതയിലാണ് ട്രെയിനുകള്‍ ആധുനിക ട്രാക്കുകളിലൂടെ പായുന്നത്. മണിക്കൂറില്‍ 600 കിലോമീറ്റര്‍ ഓടുന്ന മഗ്ലേവ് പ്രോട്ടോടൈപ്പ് ട്രെയിനിന്റെ പരീക്ഷണം 2020 ല്‍ ആരംഭിച്ച ചൈന, 2025 ലേക്കുള്ള  തുടക്കം ആസൂത്രണം ചെയ്തുകഴിഞ്ഞു.

നമ്മള്‍ പിന്നോട്ട് തിരിഞ്ഞുനോക്കുകയാണെങ്കില്‍, സെമി-ഹൈസ്പീഡ് ട്രെയിന്‍ പദ്ധതി ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റിന്റെ ആശയമായിരുന്നു എന്ന് വ്യക്തമാകും. ഇപ്പോള്‍ നിലവിലുള്ള ഭരണകൂടം അത് നടപ്പാക്കുന്നു എന്നുമാത്രം. നീണ്ടുകിടക്കുന്ന സംസ്ഥാനത്തിന്റെ ഒരറ്റത്തുള്ള തലസ്ഥാനനഗരിയായ തിരുവനന്തപുരം മുതല്‍ മറ്റേ അറ്റം വരെ എത്താന്‍ റോഡുമാര്‍ഗ്ഗമുള്ള യാത്രയ്ക്ക് പലപ്പോഴും  മണിക്കൂറുകള്‍ എടുക്കുമെന്ന്  നമുക്കെല്ലാവര്‍ക്കും അറിയാം.

എം.സി. റോഡ് വികസിപ്പിക്കാനുള്ള പതിറ്റാണ്ടുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ്, അതൊരു രണ്ടുവരി പാതയായത്. എക്‌സ്പ്രസ് ഹൈവേ എന്നത് ഒരു വിദൂര സ്വപ്നമായി ഇപ്പോഴും അവശേഷിക്കുന്നു. വിനോദസഞ്ചാരത്തിന് ഇതൊരു അനുഗ്രഹമാണെന്നും കോവളത്തേക്കും വയനാട്ടിലേക്കുമുള്ള വണ്‍-ഡേ ട്രിപ്പിന് അതിവേഗ പ്രവേശനം തുറക്കാനും വഴിയൊരുക്കുമെന്നും ചിലര്‍ പറയുന്നു. തലസ്ഥാനത്തുനിന്ന് വാണിജ്യ കേന്ദ്രമായ കൊച്ചിയിലേക്കുള്ള യാത്രയും കൂടുതല്‍ ആയാസരഹിതമായേക്കാം.

പദ്ധതിയുടെ വ്യാപ്തി കണക്കിലെടുക്കുമ്പോള്‍, പല വിദഗ്ധരും ആവശ്യപ്പെടുന്നത് പോലെ മഴക്കാലത്ത് താഴ്ന്ന പ്രദേശങ്ങളില്‍ പ്രളയസാധ്യത ഉണ്ടാകുമോ എന്നറിയാന്‍ ഒരു പാരിസ്ഥിതിക ആഘാത പഠനം നല്ലതാണ്. എന്നിരുന്നാലും, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പഠനം പൂര്‍ത്തിയായ യുവാക്കള്‍ സംസ്ഥാനം വിടുന്ന അവസ്ഥ തടുക്കാനുമാണ് മുന്‍ഗണനയെങ്കില്‍, പരിസ്ഥിതി സംരക്ഷണവും വികസനവും തമ്മില്‍ കൂട്ടിക്കുഴയ്ക്കരുത്. ജനങ്ങളുടെ അതിജീവനത്തിന് വഴികള്‍ ഇല്ലെങ്കില്‍ പിന്നെ, സംസ്ഥാനം സുന്ദരസുരഭിലമായിരുന്നിട്ട് എന്ത് കാര്യം? വളരെ പ്രധാനപ്പെട്ട ഈ പദ്ധതിയെ നിലവിലെ സര്‍ക്കാര്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് യഥാര്‍ത്ഥ വിഷയം. ഒരു തരം ധാര്‍ഷ്ട്യം കൊണ്ടും  തെറ്റായ ചുവടുവയ്പുകള്‍ കൊണ്ടും ഈ റെയില്‍ പദ്ധതിയുടെ ഗുണപരമായ വശങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ മുങ്ങിപ്പോയി.

ഭാഗഭാക്കാകുന്ന എല്ലാവര്‍ക്കും സുതാര്യമാകാതെ, ഈ സ്വപ്നപദ്ധതി നമ്മള്‍ ഏറ്റെടുക്കാന്‍ പാടില്ല. ഈ വലിയ ഉദ്യമത്തിന്റെ ആവശ്യകതയും  പ്രാധാന്യവും ഘടകകക്ഷികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുന്നതില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു.

അഴിമതിയുടെയും ദുര്‍വൃത്തിയുടെയും ഗതകാലചരിത്രം അറിയുന്ന കേരളത്തിലെ ശരാശരി ആളുകള്‍ക്ക് ഏത് പദ്ധതിയെക്കുറിച്ച് കേട്ടാലും  സംശയം തോന്നുന്നത് സ്വാഭാവികമാണ്. മുന്‍കാല വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയാത്തതാണ് അതിനേക്കാള്‍ വലിയ വീഴ്ച. ഓഖി ചുഴലിക്കാറ്റിലും 2018 ലെ പ്രളയത്തിലും നിരാലബരായ  പാവങ്ങളുടെ പുനരധിവാസം ഇപ്പോഴും സാധ്യമായിട്ടില്ല. അപ്പോള്‍ പിന്നെ ഇത്തരത്തിലൊരു
 പുതിയ സംരംഭവുമായി ഗവണ്‍മെന്റോ അവര്‍ അധികാരപ്പെടുത്തിയ സ്ഥാപനമോ സമീപിച്ചാല്‍ ജനങ്ങള്‍ അതെങ്ങനെ വിശ്വസിക്കും? കുടിയൊഴിഞ്ഞു കൊടുത്താല്‍ അവര്‍ക്ക് കൃത്യസമയത്ത് നഷ്ടപരിഹാരം ലഭിക്കുമെന്നതിന് എന്താണ് ഉറപ്പ്? ഒറ്റരാത്രികൊണ്ട് ജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കാനാകില്ല. ജനങ്ങള്‍ക്കിടയില്‍ വിശ്വാസം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ കഠിനമായി പ്രയത്‌നിക്കേണ്ടിവരും, അതിലൂടെ മാത്രമേ ഏതൊരു പദ്ധതിയും എളുപ്പമാവുകയും സമയബന്ധിതമായി വിജയിപ്പിക്കുക സാധ്യമാവുകയുമുള്ളൂ.

ഇന്റര്‍നെറ്റിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും അതിവേഗത്തില്‍ പ്രചരിക്കുന്ന വിവരങ്ങളുടെ ഒഴുക്ക് കണക്കാക്കുമ്പോള്‍, വിശ്വാസം നിലനിര്‍ത്തുക എന്ന വെല്ലുവിളി സങ്കീര്‍ണ്ണമാണ്. സംസ്ഥാനത്തിന്റേതായ പദ്ധതി ആയിരുന്നിട്ടും, കേരളത്തില്‍ നിന്നുള്ള ചില പാര്‍ലമെന്റ് അംഗങ്ങള്‍ ബിജെപി ഗവണ്‍മെന്റിനോട് ഇതിനായി ഫണ്ട് അനുവദിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചതും ഖേദകരമാണ്.

യു.ഡി.എഫിനെ സംബന്ധിച്ച് ഇത് ചരിത്രത്തിലെ തിളങ്ങുന്ന ഏടല്ല! കേന്ദ്രത്തിലെ ബി.ജെ.പി ഗവണ്‍മെന്റ് കേരളത്തിന്റെ വര്‍ധിച്ചുവരുന്ന സാമ്പത്തിക ആവശ്യങ്ങളില്‍ സഹായഹസ്തം നീട്ടാന്‍ പൊതുവേ വിമുഖത പ്രകടിപ്പിക്കാറുണ്ട്. ഇപ്പോള്‍ അവര്‍ക്ക് ഇതിന് വേണ്ട ഒത്താശ പഴയ വലിയ പാര്‍ട്ടിയില്‍ നിന്ന് ലഭിക്കുക കൂടി ചെയ്തിരിക്കുന്നു. പാര്‍ട്ടി അണികളില്‍ ആര്‍ക്കെങ്കിലും വിയോജിപ്പുണ്ടെങ്കില്‍ അവര്‍ വിമര്‍ശനവിധേയരാകുകയും അച്ചടക്ക നടപടിയെടുക്കുമെന്ന ഭീഷണി നേരിടേണ്ടതായും വരുന്നു.

 ആരോഗ്യപരമായി തുറന്നുള്ള സംവാദം ജനാധിപത്യ പ്രക്രിയയിലെ അവിഭാജ്യ ഘടകമാണ്. ഈ പ്രശ്‌നം സംസ്ഥാന തലത്തില്‍ പരിഹരിക്കപ്പെടേണ്ടതായിരുന്നു. അതിനുപകരം, ഒരു കക്ഷി, ഫണ്ടിന് വേണ്ടി അപേക്ഷിക്കുകയും വേറൊരു കൂട്ടര്‍ കേന്ദ്രത്തോട് അത് അനുവദിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന മോശം കീഴ്വഴക്കത്തിലേക്ക് വഴിമാറി.

 കെ-റെയില്‍ പദ്ധതിയുടെ സാമ്പത്തിക സാദ്ധ്യതയെക്കുറിച്ചും ഇതിന് കെട്ടുറപ്പുണ്ടായിരിക്കുമോ എന്നതുസംബന്ധിച്ചും വാശിയേറിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പൊതുഗതാഗത സംവിധാനങ്ങള്‍ സ്വയം നിലനില്‍ക്കുന്നതല്ലെന്നും സര്‍ക്കാര്‍ സബ്സിഡിയും മറ്റ് സാമ്പത്തിക സഹായങ്ങളും ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ അവിഭാജ്യമാണെന്നും ഏത് രാജ്യത്ത് നോക്കിയാലും വ്യക്തമാകും. യുഎസ്എയിലെ ആംട്രാക്കും ന്യൂയോര്‍ക്ക് സിറ്റിയിലെ  എംടിഎയും ഗവണ്‍മെന്റിനെ വളരെയധികം ആശ്രയിച്ചുകൊണ്ട്  പൊതുജനങ്ങള്‍ക്ക് താങ്ങാനാവുന്ന നിരക്കില്‍ ദീര്‍ഘദൂര യാത്രാ സേവനങ്ങള്‍ നല്‍കുന്ന ഗതാഗത സംവിധാനങ്ങളുടെ ഉത്തമ ഉദാഹരണങ്ങളാണ്.

ജപ്പാനില്‍ നിന്നുള്ള കാലഹരണപ്പെട്ട സാങ്കേതികവിദ്യകള്‍ നമ്മള്‍ വാങ്ങുന്നതിലൂടെ ഉപയോഗശൂന്യമായിത്തീര്‍ന്ന ഉല്‍പ്പന്നങ്ങള്‍ വിറ്റഴിയുകയും കുറച്ചുപണം തിരികെ പിടിക്കാന്‍ അവര്‍ക്ക് സാധിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉന്നയിച്ച വാദം, മറ്റൊരു പ്രധാന വിഷയമാണ്.ഇത്രയും വലിയൊരു പദ്ധതി തുടങ്ങണമെങ്കില്‍ ഭാവി മുന്നില്‍ കണ്ട്  അത്യാധുനിക സൗകര്യങ്ങളും സാങ്കേതികവിദ്യയും തേടേണ്ടതുണ്ട്.

സാധാരണയായി കേരളത്തിന്റെ ചിന്താഗതി ഹ്രസ്വകാലത്തെക്കുറിച്ചുമാത്രമായിരിക്കും. ആ പ്രവണത മാറണം. നാളെ എന്താകും എന്നുകൂടി നമ്മള്‍ ചിന്തിച്ചുതുടങ്ങണം.അടുത്ത തിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ വികസന വിരുദ്ധര്‍ എന്ന് മുദ്രകുത്തപ്പെടാതിരിക്കാന്‍ കോണ്‍ഗ്രസ്
ശ്രദ്ധിക്കണം. യന്ത്രവല്‍ക്കരണത്തെ എതിര്‍ത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നിലകൊണ്ടതിന്റെ പേരില്‍ കേരളത്തിലെ ജനങ്ങള്‍ വര്‍ഷങ്ങളായി കനത്ത വില നല്‍കിവരികയാണ്. സംസ്ഥാനത്ത് സ്ഥാപിക്കേണ്ടിയിരുന്ന മള്‍ട്ടി നാഷണല്‍ കമ്പനികളും വാണിജ്യ കേന്ദ്രങ്ങളും വരാതിരുന്നതും അവര്‍ വിലങ്ങുതടിതീര്‍ത്തതുകൊണ്ടാണ്.

 കെ-റെയില്‍ വിഷയത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുമ്പോള്‍, സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിന് നിര്‍ണായകമായ ഭരണപരമായ മറ്റുപ്രശ്‌നങ്ങള്‍ കാണാതെ പോകരുത്. എന്റെ കാഴ്ചപ്പാടില്‍, എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രതിപക്ഷവുമായി രമ്യതയില്‍ ഈ വിഷയം ചര്‍ച്ചചെയ്യുകയും പൊതുജനത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും നേരിട്ട് ബാധിക്കപ്പെട്ട താമസക്കാര്‍ക്ക് ന്യായവും സമയബന്ധിതവുമായ നഷ്ടപരിഹാരം ഉറപ്പുനല്‍കുകയും ചെയ്യുന്നതിലൂടെ മാത്രമേ ഈ പദ്ധതി മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുകയുള്ളു.  ജനാധിപത്യത്തില്‍ സംവാദവും സമവായം കെട്ടിപ്പടുക്കലും അനിവാര്യമാണ്. ഇതിനായി സുതാര്യതയും വിശ്വാസവും ഊട്ടിയുറപ്പിക്കുന്ന നടപടികള്‍ സ്വീകരിക്കണം. അടുക്കളവാതിലില്‍ മുട്ടിക്കൊണ്ട് പോലീസിന്റെയും ഉദ്യോഗസ്ഥരുടെയും സഹായത്തോടെ സര്‍വേ കല്ലുകള്‍ സ്ഥാപിക്കാന്‍ ശ്രമിച്ചാല്‍,പദ്ധതി നടപ്പാകില്ല. നിലവിലെ ഗവണ്‍മെന്റിന് അധികാരഗര്‍വ്വ് തലയ്ക്ക് പിടിച്ചതായി തോന്നുന്നു. തെറ്റ് മനസ്സിലാക്കി തിരുത്താത്ത പക്ഷം, അവര്‍ അതിന് വലിയ വില കൊടുക്കേണ്ടി വന്നേക്കാം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാമില്‍ നിന്ന് സിപിഎം ഇനിയും പാഠം പഠിച്ചിട്ടില്ല.
കെ-റെയില്‍ ഒരുപക്ഷേ കേരളത്തില്‍ നിന്നവരെ തുടച്ചുമാറ്റിയെന്നു വരാം.
( ഐക്യരാഷ്ട്രസഭയുടെ മുന്‍ ചീഫ് ടെക്‌നോളജി ഓഫീസറും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്, യുഎസ്എയുടെ  വൈസ് ചെയര്‍മാനുമാണ് ലേഖകന്‍)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക