Image

ശ്രീ ജോസഫ് നമ്പിമഠത്തിന്റെ കവികളുടെ ശ്മശാനം (ഒരു അവലോകനം: സുധീർ പണിക്കവീട്ടിൽ)

Published on 11 April, 2022
ശ്രീ ജോസഫ് നമ്പിമഠത്തിന്റെ കവികളുടെ ശ്മശാനം (ഒരു അവലോകനം: സുധീർ പണിക്കവീട്ടിൽ)

ശ്രീ ജോസഫ് നമ്പിമഠം നല്ല കവിയാണ്. നിർഭാഗ്യവശാൽ അദ്ദേഹം അമേരിക്കൻ മലയാളി ആയിപ്പോയി. അതുകൊണ്ട് അർഹിക്കുന്ന അംഗീകാരം കിട്ടുന്നില്ലെന്നു ഈ ലേഖകൻ കരുതുന്നു. കാരണം അമേരിക്കൻ മലയാളി എഴുത്തുകാർക്ക് ഇവിടെ ഒരു സാഹിത്യപ്രസ്ഥാനം വേണ്ട എല്ലാം നാട്ടിൽ മതിയെന്നാണ്. അപ്പോൾ നാട്ടിൽ നിന്നും അംഗീകാരങ്ങൾ വരുമെന്ന് പ്രതീക്ഷിക്കാം. അതിനായ് കവിക്ക് ഭാവുകങ്ങൾ നേരുന്നു.

ശ്രീ ജോസഫ് നമ്പിമഠത്തിന്റെ "കവികളുടെ ശ്മശാനം" എന്ന കവിതയിൽ മരണശേഷവും കവികൾ അവരുടേതായ ഒരു കാവ്യലോകം സൃഷ്ടിക്കുന്നു അവിടെ അവർ  നേരം പുലരുവോളം മറ്റു കവികളുടെ രചനകളെ ഓർക്കുന്നു എന്ന് വിവരിക്കുന്നുണ്ട്. . രാത്രിയിലാണ് കവികളുടെ സമ്മേളനം എന്ന് കവി സൂചന തരുന്നു. കാരണം രാത്രികൾ കവികൾക്കാണെന്നു അദ്ദേഹം വിശ്വസിക്കുന്നു. കവികൾക്ക് പ്രേതബാധ പോലെ അവരുടെ ഓർമ്മകളിൽ പഴയകാല കവികളും വർത്തമാനകവികളും പ്രത്യക്ഷപ്പെടുക സാധാരണയാണ്. ഇവിടെ കവി ഒരു കൂട്ടം കവികളുടെ കർമ്മങ്ങൾ അദ്ദേഹത്തിന്റെ ഭാവനയിലൂടെ വീക്ഷിക്കുകയാണ്. അല്ലെങ്കിൽ അത്തരം ചിന്തകൾ അദ്ദേഹത്തെ പിന്തുടരുന്നു.(haunt )

എന്തുകൊണ്ടാണ് കവികൾ മരിച്ചതായും അവർ രാത്രികാലങ്ങളിൽ മാത്രം പ്രത്യക്ഷപ്പെടുന്നതായും കവി കാണുന്നത് എന്നതിന് നമുക്ക് പല വ്യാഖാനങ്ങളും കാണാം.  ഒരു പക്ഷെ ഇപ്പോൾ കവിത മരിച്ചുകൊണ്ടിരിക്കുന്ന എന്ന സൂചനയാകാം. അല്ലെങ്കിൽ ഇപ്പോഴുള്ള രചനകൾ മേന്മ കുറവുള്ളവയാണെന്നു കാണാം. അതിനു കാരണമായി പറയാവുന്നത് ഈ കവികൾ അവരുടെ കാവ്യങ്ങൾ വായിക്കാനല്ല വരുന്നത്. അനേകം ഉദാഹരണങ്ങളിലൂടെ (Allusion)കവി പറയുന്നത് കവിതയിൽ ഇതിഹാസങ്ങൾ രചിച്ച അല്ലെങ്കിൽ കവിതക്ക് പുതിയ മാനവും രീതിയും നൽകിയ കവികളെപ്പറ്റിയാണ്. 
കവിതയിലെ അലൂഷൻസ് എന്ന് പറയുന്നത് ഒരു വാക്കിലൂടെ അല്ലെങ്കിൽ ഒരു ശൈലിയിലൂടെ നമ്മുടെ മനസ്സിലേക്ക് എന്തെങ്കിലും കാര്യങ്ങൾ കൊണ്ടുവരുന്നതിനെയാണ്  അവയെക്കുറിച്ച് പ്രത്യക്ഷമായി പറയാതെ. ഇതിഹാസ കാവ്യങ്ങൾ എന്ന് പറയുമ്പോൾ നമ്മുടെ മനസ്സിലേക്ക് രാമായണവും ഭാരതവും  എത്തുന്നു.അതേപോലെ ഒസ്യത്തിലെഴുതാൻ വിട്ടുപോയ ഹൃദയത്തെപ്പറ്റി പറയുമ്പോൾ നമ്മൾ എ അയ്യപ്പൻറെ കവിതകൾ ഓർക്കുന്നു. കൂൺ കവിതകളെപ്പറ്റി പറയുമ്പോൾ നമ്മൾ സിൽവിയ പ്ലാത്തിനെ, എമിലി ഡിക്കിൻസൺ എന്നിവരെ ഓര്ക്കുന്നു. പിന്നെ വ്യത്യസ്തമായ കവിതകളെപ്പറ്റി കവിയുടെ അഭിപ്രായങ്ങൾ നമ്മൾ വായിക്കുന്നു. 

കവികൾക്കും കലാകാരന്മാർക്കും പ്രേതങ്ങളെ ഇഷ്ടമാണ്. പ്രേതങ്ങൾ അവർക്ക് പ്രിയപ്പെട്ടവരായിരിക്കാം അല്ലെങ്കിൽ കേട്ടറിവുള്ളവർ  ആയിരിക്കാം. പ്രേതങ്ങൾ ഉണ്ടെന്നും ഇല്ലെന്നും ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ലല്ലോ. കവികൾ മനസ്സ് വച്ചാൽ അവർക്ക് പ്രേതങ്ങളെ സൃഷ്ടിക്കാനും ബുദ്ധിമുട്ടില്ല. എന്നാൽ മരിച്ചുപോയവർ പ്രേതങ്ങളായി തിരിച്ചുവരുമോ എന്ന് സാധാരണ മനുഷ്യർ ചിന്തിക്കുക സ്വാഭാവികം.
മരിച്ചവർ തിരിച്ചുവരുമോ എന്ന ശങ്ക വേണ്ട. ചാരത്തിൽ നിന്നും പുനർജീവിക്കുന്ന ഫീനിക്സ് പക്ഷിയെപ്പോലെ കവികൾ പുനരുത്ഥാനം ചെയ്യുന്നു എന്ന കവിയുടെ വിശ്വാസം അദ്ദേഹം നമ്മെ അറിയിക്കുന്നു.  ഈ പക്ഷിയുടെ തൂവലുകൾക്ക് മരണത്തെ മറികടക്കാനുള്ള കഴിവുണ്ടെന്ന് വിശ്വസിക്കുന്നു. തൂവലുകൾ എഴുതാനായി എഴുത്തുകാർ ഉപയോഗിച്ചിരുന്നു. അതുകൊണ്ട് ഫീനിക്സ് പക്ഷിയെപ്പോലെ എന്ന കവിയുടെ ബിംബകല്പന അനുയോജ്യം തന്നെ. ലക്ഷ്യത്തിലേക്ക് പറക്കുമ്പോഴൊക്കെ ചാരമാകുകയും വീണ്ടും ആ ചാരത്തൽ നിന്നും ഉയർത്തെഴുന്നേൽക്കാനും  ഫീനിക്സ് പക്ഷിക്ക്  കഴിഞ്ഞിരുന്നു.

കവികൾ ജീവിച്ച് മതിയാകാത്തവരാണ്. നമ്മുടെ പ്രിയ കവി വയലാർ പാടിയില്ലേ "ഈ മനോഹരതീരത്തു തരുമോ ഇനിയൊരു ജന്മം കൂടി".സര്ഗാത്മസൃഷ്ടിയിൽ മുഴുകിയിരിക്കുന്ന കവികൾക്കും മരണമില്ലെന്നു കവി ഇവിടെ സ്ഥാപിക്കുന്നു. അവർ ഉയർത്തെഴുനേൽക്കുന്നു.  അവർ മറ്റു കവികളിലൂടെ വീണ്ടും ജനിക്കുന്നു. ഫീനിക്സ് പക്ഷിയെ ചൂണ്ടിക്കാണിച്ചത് പിന്നീടുള്ള  വരികൾ അതുമായി ബന്ധപെടുന്നുവെന്നു കാണിക്കാനാണ്. സ്വന്തം ചാരത്തിൽ നിന്നും ഉയർത്തെഴുനേൽക്കാൻ കഴിയുന്ന പക്ഷി.
ബിംബങ്ങളും ഉദാഹരണങ്ങളും (allusion) ക്രമമായി കൊടുക്കാനും അവയുടെ വികാസത്തിലൂടെ കവിതയുടെ  ആശയം കൃത്യമായി ബോധിപ്പിക്കാനും കഴിഞ്ഞതായി കാണാം. മരിച്ചുപോയ കവികൾ നാറാണത്തുഭ്രാന്തനെപോലെ നിർഭയരായി ശ്മശാനങ്ങളിൽ അവരുടെ യോഗം നടത്തുന്നു. നാറാണത്തു ഭ്രാന്തനെ കവി ഓർത്തത് ഒരു പക്ഷെ കവികളുടെയും ജീവിതം അദ്ദേഹത്തിന്റേത് പോലെ സാദൃശ്യമുള്ളതായതുകൊണ്ടാകാം. ജീവിച്ചിരിക്കുമ്പോൾ ഭ്രാന്തൻ എന്ന പേര് മാത്രം. ആരും അംഗീകരിച്ചില്ല.  മറിച്ച് വിമർശിക്കുക കൂടി ചെയ്തു. ചുടലപ്പറമ്പുകളിൽ കത്തിയെരിയുന്ന ചിതക്കരികെ ഭക്ഷണം പാകം ചെയ്യുന്ന നാറാണത്ത് ഭ്രാന്തന്റെ അരികിൽ ചോരയിറ്റുന്ന നാവു കാട്ടി ഭദ്രകാളി ഭയപ്പെടുത്താൻ  നോക്കിയിട്ടും നാറാണത്തു ഭ്രാന്തൻ കുലുങ്ങിയില്ല. കവികൾ വെല്ലുവിളികളെ നിർഭയം നേരിട്ടുകൊണ്ട് അവരുടെ കർമ്മങ്ങൾ അനസ്യൂതം തുടരുന്നു എന്നതിന്റെ സൂചനയാണിത്. അതേപോലെ കവികൾ അവരുടെ ഓർമ്മകലങ്ങളിൽ സർഗ്ഗസൃഷ്ടികൾ പാകം ചെയ്തു സ്വസ്ഥരായി മറ്റു കവികളെ ഓർക്കുന്നു.  കാല്പനികഭംഗി നിഴലിക്കുന്ന വരികൾ.
ഈ കവിത അമേരിക്കയിലെ കവികളെകുറിച്ചാണെന്നു ആരെങ്കിലും സംശയിച്ചാലും  അത് പൂർണമായി തള്ളിക്കളയാൻ കഴിയില്ല.  പകൽ മുഴുവൻ നിദ്രയിലാണ്ടു രാത്രി കാലങ്ങളിൽ കവിതയോടുള്ള അടങ്ങാത്ത അഭിനിവേശം മൂലം ഒരുമിച്ച്കൂടുന്നവർ ഒരിക്കൽ പോലും അവരുടെ രചനകളെ കുറിച്ച് വിശകലനമോ അവലോകനമോ ചെയ്യുന്നില്ല. അവർ പ്രശസ്തരായ കവികളുടെ രചനകളിലൂടെ സഞ്ചരിച്ച് അഭിരമിക്കയാണ്. ഇവിടെയും നമ്മൾ അത് കാണുന്നുണ്ടല്ലോ. എല്ലാം അവിടെ അതായത് നാട്ടിൽ എന്ന അടിമമനസ്ഥിതി. കവികൾ വിമർശകരും കൂടിയാണല്ലോ. പോരാതെ ശ്രീ നമ്പിമഠം അമേരിക്കൻ മലയാളി കവിയാണ്.  ഒരു പക്ഷെ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളിൽ നിന്നും ഇഴചേർന്നുവന്ന വരികളായിരിക്കാം ഈ കാവ്യമായി പരിണമിച്ചത്.

ഈ കവിതയിൽ ഉപയോഗിച്ചിരിക്കുന്ന രണ്ടു ബിംബങ്ങൾ വളരെ ശക്തമാണ്.  ബിംബങ്ങൾ എന്ന് പറയുമ്പോൾ നമ്മുടെ ഇന്ദ്രിയങ്ങളിൽ തീപ്പൊരി പാറിക്കുന്നവ എന്നർത്ഥം. ഫീനിക്സ് പക്ഷിയും, നാറാണത്ത് ഭ്രാന്തനും വായനക്കാരന് വളരെ പരിചിതരാണ്. ഫീനിക്സ് പക്ഷി ലക്ഷ്യത്തിലെത്തുന്നതിനുമുമ്പ് എത്രയോ തവണ ചാരമാകുന്നു. എന്നാൽ ആ ചാരത്തിൽ നിന്നു തന്നെ ഊർജ്ജം സംഭരിച്ച് അത് ഉയർത്തെഴുന്നേൽക്കുന്നു. വിമർശനങ്ങളിൽ തളരാതെ കവികളും അവരുടെ മുന്നോട്ടുള്ള പ്രയാണം തുടരണമെന്ന സൂചനയാണിത്. നാറാണത്തു ഭ്രാന്തൻ  അയാളെ ഉറ്റവരും ചുറ്റുപാടും ഭ്രാന്തൻ എന്നു വിളിച്ചിട്ടും പരിഭവിച്ചില്ലായിരുന്നു. കാരണം അദ്ദേഹത്തിനറിയാമായിരുന്നു അദ്ദേഹത്തിനല്ല വിളിക്കുന്നവർക്കാണ് ഒരിക്കലും മാറാത്ത ഭ്രാന്തെന്ന്. തന്നെയുമല്ല അദ്ദേഹം നിർഭയനായിരുന്നു. ആരും ഭയപ്പെട്ടുപോകുന്ന ചുടലഭദ്രകാളിയുടെ മുന്നിൽ പോലും പതറാതെ തന്റെ സ്വൈരവിഹാരത്തിനു ഭംഗം വരുത്താതെ അവിടെ നിന്നും ഭദ്രകാളിയോട് പോകാൻ പറയാൻ അദ്ദേഹത്തിന് കഴിഞ്ഞു. കവികൾ പ്രലോഭനങ്ങൾക്ക് വഴങ്ങുകയോ, പ്രതിബന്ധങ്ങളിൽ തളരുകയോ ചെയ്യാതെ ലക്ഷ്യസ്ഥാനത്തെത്താൻ പരിശ്രമിക്കണമെന്ന സന്ദേശം ഈ കവിത നൽകുന്നു.
അവസാനത്തെ വരികളിൽ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. “ചില ജന്മങ്ങൾ അങ്ങനെയാണ്. അവർ ജനിച്ചതേ കവികളായിട്ടായിരുന്നു.മരിച്ചിട്ടും അങ്ങനെതന്നെ.”  സർഗ്ഗശക്തി ജന്മനാൽ  ലഭിച്ചവർ മാത്രമേ സൃഷ്ടികർമ്മങ്ങളിൽ വിജയിക്കുകയുള്ളുവെന്ന ആശയം ഇതിൽ ഉൾക്കൊണ്ടിരിക്കുന്നു.

ശുഭം

Join WhatsApp News
Mohan Raj 2022-04-11 01:59:44
മലയാളം സിനിമ നടൻ മോഹൻ രാജ് അല്ല ശ്രീ നമ്പിമഠത്തിന്റെ യൗവ്വനകാല ചിത്രം.
ജോസഫ് നമ്പിമഠം 2022-04-11 19:35:36
കവിതയെപ്പറ്റിയുള്ള അവലോകനത്തിനു നന്ദി പ്രിയ സുധീർ പണിക്കവീട്ടിൽ. സിനിമ നടൻ മോഹൻരാജിനോട് ഉപമിച്ചു കമെന്റ് എഴുതിയ ആൾക്കും നന്ദി. (സാമ്യം ഉണ്ടോ?)നോക്കുന്നവരുടെ കണ്ണിൽ ആണല്ലോ എല്ലാം.
Mohan Raj 2022-04-11 21:16:47
നമ്പിമഠം സാറേ, നോക്കുന്നവരുടെ കണ്ണിൽ എന്ന് പണ്ടുള്ളവർ പറഞ്ഞതാ.. ഇപ്പോൾ കാലം മാറി അതുകൊണ്ടു തിരുത്ത് വേണം. "അസൂയയില്ലാതെ നോക്കുന്നവന്റെ കണ്ണിൽ" എന്ന് ഈ നവയുഗത്തിൽ പറയുമ്പോൾ. സാമ്യമുണ്ട് സാറേ. ഇയ്യുള്ളവന് തോന്നി. അമേരിക്കൻ മലയാളി അസൂയക്കാരനായതുകൊണ്ടു അറിഞ്ഞുകൂടാ അവർ എന്ത് പറയുമെന്ന്.
M P ഷീല 2022-04-12 01:54:07
നല്ല ആസ്വാദനം
ജോസഫ് നമ്പിമഠം 2022-04-12 04:05:09
മോഹൻ രാജ്, സത്യരാജ്, പ്രണവ് മോഹൻലാൽ ഇവരോടൊക്കെ സാമ്യമുണ്ടെന്ന് ചിലർ പറഞ്ഞിട്ടുണ്ട്. നന്ദി. ഏതായാലും അഭിനയിക്കാൻ അറിയാത്തതുകൊണ്ട് തൽക്കാലം കവിത എഴുതാം, മരിച്ച ശേഷം കവികളുടെ ശ്‌മശാനത്തിൽ കൂടാം. Thanks again
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക