Image

മന:സാക്ഷി , ഹായ് , കഥ ! - 82 - പ്രകാശൻ കരിവെള്ളൂർ

Published on 11 April, 2022
മന:സാക്ഷി , ഹായ് , കഥ ! - 82 - പ്രകാശൻ കരിവെള്ളൂർ

ബസ്സിന്റെ ലാസ്റ്റ് സ്റ്റോപ്പായിരുന്നു. അയാൾ ഒന്ന് മയങ്ങിപ്പോയി. ഉണർന്നു നോക്കുമ്പോഴേക്കും തൊട്ടടുത്ത സീറ്റിൽ ഒരു  പേഴ്സ്. അവിടെയിരുന്ന യാത്രക്കാരന്റെ പാന്റ്സിന്റെ പിൻ പോക്കറ്റിൽ നിന്ന് അറിയാതെ വീണതാവും . സംഗതി കണ്ടക്ടറുടെ ശ്രദ്ധയിൽ പെട്ടിട്ടില്ല. ദിവസങ്ങളായി പണിയൊന്നും കിട്ടാത്ത അയാളുടെ കൈയിൽ അഞ്ച് പൈസയില്ലായിരുന്നു. അന്യന്റെ മുതൽ അവരുടെ സമ്മതമില്ലാതെ എടുക്കുന്നത് മോഷണമാണ് എന്ന് അമ്മ പഠിപ്പിച്ച പാഠം തൽക്കാലത്തെ സൗകര്യത്തിന് അയാൾ മറന്നു.  
വീട്ടിലേക്കുള്ള യാത്രയിൽ അയാൾ മക്കൾക്ക് കുറച്ച് ബിരിയാണിയും ഐസ് ക്രീമുമൊക്കെ വാങ്ങി. എത്ര നാളായി ഇങ്ങനെ വല്ലതുമൊക്കെ വീട്ടിലേക്ക് വാങ്ങിക്കൊണ്ടു പോയിട്ട് ?

വീട്ടിൽ ഭാര്യയ്ക്കും മക്കൾക്കുമെല്ലാം സന്തോഷമായി . അതുകൊണ്ടു തന്നെ രണ്ടു മൂന്ന് ദിവസം ഓൺ ചെയ്തിട്ടേ ഇല്ലാത്ത റേഡിയോ അന്നയാൾ കുറേ നേരം കേട്ടു. നേരം പതിനൊന്ന് മണിയായി. എല്ലാവരും ഉറങ്ങി. അയാൾക്ക് ഉറക്കം വന്നില്ല. ചെലവായതിന്റെ ബാക്കി എത്രയുണ്ടെന്ന് നോക്കാൻ അയാൾ വീണ്ടും ആ പേൾസ് കയ്യിലെടുത്തു. അഞ്ഞൂറിന്റെ രണ്ട് നോട്ടേയുള്ളൂ. ബാക്കിയെല്ലാം രണ്ടായിരത്തിന്റേതാണ്. എണ്ണുമ്പോൾ അയാളുടെ കൈ വിറച്ചു. പത്തിരുപത്തയ്യായിരം രൂപയുണ്ട്. കൂടെ ഒരു ഡോക്ടറുടെ പ്രിസ്ക്രിപ്ഷനും . ചെറുപ്പത്തിൽ കുറച്ചു കാലം മെഡിക്കൽ റപ്പ് ആയി ജോലി ചെയ്തിരുന്ന അയാൾക്ക് കുറിച്ചത് വായിക്കാൻ കഴിഞ്ഞു. തല സ്കാൻ ചെയ്യാൻ നിർദ്ദേശിച്ചിരിക്കുന്നു.

അതോടെ അയാൾക്ക് ഇരിക്കപ്പൊറുതിയില്ലാതായി. പരിചയമുള്ള ഒരു ഓട്ടോക്കാരനെ ഫോണിൽ വിളിച്ചു. നിങ്ങൾ ഇതെവിടെയാ ഈ നേരത്ത് ? ഉണർന്നു വന്ന ഭാര്യയുടെ ചോദ്യത്തിന് മറുപടി പറയാതെ അയാൾ ഓട്ടോയിൽ കയറി. ഡോക്ടറുടെ സ്ളിപ്പിൽ നിന്ന് അയാൾ ജോലി ചെയ്യുന്ന ആശുപത്രിയുടെ പേര് മനസ്സിലാക്കി നേരെ അങ്ങോട്ട് പോയി. ഡോക്ടർ ഡ്യൂട്ടി കഴിഞ്ഞ് പോയിരുന്നു. എൻക്വയറിയിൽ  ഡോക്ടറുടെ വീട് അന്വേഷിച്ചു. ഉടൻ അങ്ങോട്ട് വിട്ടു.
പ്രിസ്ക്രിപ്ഷൻ നോക്കി ഡോക്ടർ നെടുവീർപ്പിട്ടു - പണം മുൻകൂട്ടി അടക്കാതെ സ്കാൻ ചെയ്യില്ലെന്ന ഹോസ്പിറ്റൽ റൂൾ. ഞാനെന്ത് ചെയ്യാനാ ?
അയാളുടെ നെഞ്ചിടിപ്പ് കൂടി - എന്നിട്ട് ...?
ഡോക്ടർ പറഞ്ഞു - അയാൾ ഭാര്യയെയും കൂട്ടി നാട്ടിലെ സർക്കാരാശുപത്രിയിലേക്ക് പോയി .

ഏതാ അയാളുടെ നാട് ?
ഡോക്ടർ - അറിയില്ല.

അയാൾ - വല്ല നമ്പറും ?

ഡോക്ടർ ഫോണിൽ പരതി. അയാളുടേത് എന്ന് തോന്നിയ രണ്ട് നമ്പർ കിട്ടി. പല തവണ വിളിച്ചിട്ടും എടുക്കുന്നില്ല. ഡോക്ടറിൽ നിന്നും നമ്പർ വാങ്ങി അയാൾ ഓട്ടോയിൽ കയറി.
ഓട്ടോക്കാരൻ ചോദിച്ചു - എങ്ങോട്ടാ പോകേണ്ടത് ?
അയാൾ വിഷമത്തോടെ പറഞ്ഞു - അറിയില്ല.
ഏതായാലും പരിസരത്തെവിടെയെങ്കിലും സർക്കാരാശുപത്രി ഉണ്ടോന്ന് നോക്കാം.
ഓട്ടോക്കാരൻ വണ്ടി മുന്നോട്ട് വിട്ടു. 
നഗരത്തിൽ നിന്നും കുറച്ചകലെയായുള്ള ഗവ.ഹോസ്പിറ്റലിന് മുന്നിൽ ഓട്ടോ നിർത്തി. 
അയാൾ അന്വേഷിച്ചെത്തിയ മനുഷ്യൻ ഭാര്യയേയും കൊണ്ട് അവിടെ വന്നിരുന്നോ എന്ന് ചോദിച്ചു. ആശുപത്രി അധികൃതർ അഡ്മിഷൻ രജിസ്റ്റർ പരിശോധിച്ച് അവിടെ എത്തിയില്ലെന്ന് അറിയിച്ചു. 
ഇനിയിപ്പം എന്തു ചെയ്യും - നമുക്ക് തിരിച്ച് പോകാം . ഓട്ടോക്കാരൻ അഭിപ്രായപ്പെട്ടു.
അത് പറ്റില്ല , എവിടെയായാലും അയാളെ കണ്ടു പിടിച്ച് ഈ പൈസ ഏൽപ്പിക്കാതെ എനിക്കിനി വീട്ടിലേക്ക് പോകാൻ കഴിയില്ല.
ആദ്യം ഒന്നമ്പരന്നെങ്കിലും ഓട്ടോക്കാരന് അയാളുടെ ഉള്ളിലെ വിങ്ങൽ പിടി കിട്ടി. 
വണ്ടി വീണ്ടും സ്റ്റാർട്ട് ചെയ്തു കൊണ്ട് വണ്ടിക്കാരൻ അയാളെ ആശ്വസിപ്പിച്ചു - ചിലപ്പോൾ ആ സർക്കാരുപത്രി അയാളുടെ നാട്ടിൽ തന്നെയായിരിക്കും. കുറച്ചു കൂടി ഉള്ളോട്ട് പോയി നോക്കാം.
പിന്നിലിരുന്ന് അയാൾ സേവ് ചെയ്ത രണ്ട് നമ്പറിലും മാറി മാറി വിളിച്ചു കൊണ്ടിരുന്നു. കുറേ വിളിച്ച് ഫോണിൽ ചാർജ് തീരാറായി. ഒടുവിൽ മറുഭാഗത്ത് ഫോൺ എടുത്തു. സംസാരിക്കാൻ തുടങ്ങുമ്പോഴേക്കും ചാർജ് തീർന്ന് ഫോൺ ഓഫായി .
നിരാശ കൊണ്ട് അയാൾ ആകെ തകർന്നു പോയി.
പ്രിസ്ക്രിപ്ഷനിൽ ഡോക്ടറുടെ നമ്പറില്ലേ ? താ, ഞാൻ എന്റെ ഫോണിൽ വിളിക്കാം - അയാൾക്ക് മുന്നിലെ ഇരുട്ടിൽ പ്രത്യാശയുടെ വെളിച്ചം ചൊരിഞ്ഞു കൊണ്ട് ഓട്ടോക്കാരന്റെ മുഖം !

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക