Malabar Gold

ഇല പൊഴിക്കുന്ന മരങ്ങൾ: നോവലെറ്റ്, മിനി സുരേഷ്

Published on 22 April, 2022
ഇല പൊഴിക്കുന്ന മരങ്ങൾ: നോവലെറ്റ്, മിനി സുരേഷ്

മാവുകളും, പ്ലാവുകളും വർഷിച്ച ഇലകൾ കൊണ്ട് മുറ്റവും,തൊടിയും നിറഞ്ഞു കിടക്കുന്നു. എപ്പോഴൊക്കെയോ പെയ്തുപോയ മഴവെള്ളത്തിൽ അഴുകി ചീഞ്ഞളിഞ്ഞ ഇലകൾക്കിടയിലൂടെ കറുപ്പും, മഞ്ഞയും നിറം കലർന്ന അട്ടകൾ തേരോട്ടം നടത്തുന്നുണ്ട്. വേച്ചു പോകുന്ന കാലുകളെ ചേർത്ത് പിടിച്ച് മാണിച്ചൻ ബാഗുമായി വാതിലിനടുത്തേക്ക് നടന്നു. ഇതിലും വേഗം ഞങ്ങൾ നടക്കുന്നുണ്ടേ എന്ന് പരിഹസിക്കുന്നതു പോലെ വരാന്തയിലൂടെ രണ്ട്ഒച്ചുകൾ ഇഴഞ്ഞു നീങ്ങുന്നുണ്ട്. വീടിനകവും ഈ ഒരു മാസം കൊണ്ട് ആകെ അലങ്കോലപ്പെട്ട് കിടക്കുകയായിരിക്കും.
തെക്കേ മുറിയുടെ പാത്തിക്ക് ചെറിയൊരു ചോർച്ചയുണ്ട്. വെള്ളം കയറി തളം കെട്ടി കിടക്കുന്നുണ്ടാവണം. വയസ്സായാൽ വീഴാതെ സൂക്ഷിച്ച് നടക്കാനാണ് ഏറെ ശ്രദ്ധ വേണ്ടത്.

"മാണിസാർ ചെന്നൈയിൽ നിന്നും വരുന്ന വഴിയാണോ.പത്രം നാളെ മുതൽ ഇട്ടേക്കട്ടേ" .പത്രം ഇടുന്ന കൊച്ചുകുഞ്ഞാണ്.

"ഇന്നു തൊട്ടങ്ങ് ഇട്ടോ. രാവിലെ പത്രംവായിച്ചില്ലെങ്കിൽ ഒരു സുഖവുമില്ല.ആ രാജൂനെ കണ്ടായിരുന്നോ
കൊച്ചൂഞ്ഞേ . അവനെ വിളിക്കുമ്പോഴെല്ലാം ഫോൺ
സ്വിച്ച്ട്ഓഫ്. എല്ലാം വൃത്തിയാക്കിയിടണമെന്നു പറഞ്ഞേൽപ്പിച്ചിരുന്നതാണ്. നേരിയൊരു ശുണ്ഠിയോടെ അയാൾ പറഞ്ഞു.
"ആര് ജവാനോ?അവനാണ്ടെ വെള്ളമടിച്ച് തലയും
പൊട്ടി ആശൂത്രിയിൽ കിടപ്പുണ്ടെന്ന് കേട്ടു.ഇപ്പോൾ
ഡിസ്ചാർജ് ആയിക്കാണണം.

"എടോ..മഞ്ഞും, മഴയും സഹിച്ച് നാടുകാക്കുന്ന ധീരനെയാണ് ജവാനെന്ന് വിശേഷിപ്പിക്കേണ്ടത്. അല്ലാതെ പണിയെടുത്ത് കിട്ടുന്ന കാശിന് കള്ളു കുടിച്ച് നടക്കുന്നവനെയല്ല. മദ്യക്കുപ്പിക്ക് ഇടാൻ
കണ്ടൊരു പേര്."
കയ്യിലിരുന്ന കാലൻ കുട വരാന്തയിലെകസേരയിലേക്ക് ഊക്കോടെ ഇട്ടു. ബാഗിൽ നിന്ന് താക്കോലെടുത്ത് നേരിയൊരു വിറയലോടെ അയാൾ വാതിൽ തുറന്നു
"സാറെന്തിനാ എന്നോട് കോപിക്കുന്നത്. ഞാനാണോ അവനാ പേരിട്ടത്"  ബൈക്ക് സ്റ്റാർട്ടാക്കുന്നതിനിടയിൽ  കൊച്ചുകുഞ്ഞ് പിറുപിറുക്കുന്നത് കേൾക്കാമായിരുന്നു.
ബാഗുമെടുത്ത് അകത്തേക്ക് കയറിയപ്പോൾ അയാളെ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു. 


യാത്ര ചെയ്യാനൊക്കെ തീരെ വയ്യാണ്ടായിരിക്കുന്നു.
'ഏബേലിന്  ട്വൻറ്റിഫിഫ്ത്തിന് എക്സാം തുടങ്ങുകയാണപ്പാ.
ഈസ്റ്ററിനുവരുവാൻ സാധിക്കുമെന്ന് തോന്നുന്നില്ല.'
മകൻ വിഷമത്തോടെയാണ് പറഞ്ഞത്.

"സാരമില്ല മോനെ, കൊറോണ കഴിഞ്ഞ് ഓഫീസൊക്കെ തുറന്നതല്ലേ ഉള്ളൂ. ഇപ്രാവശ്യം
ഞാനങ്ങോട്ട് വരാം". തന്റെ മറുപടി അവന്ആശ്വാസമായെന്ന് തോന്നി.


"അപ്പച്ചന് വിഷമമൊന്നും തോന്നരുതേ ,
ഞങ്ങൾ തീർച്ചയായും ക്രിസ്തുമസ്സിനുവരുന്നുണ്ട്''.ആസ്ത്രേലിയയിൽ നിന്ന് മകളും വിളിച്ചിരുന്നു.
"ശ്ശെ ,എന്താ മോളെ നിങ്ങളുടെ ജോലിത്തിരക്കുകളൊക്കെ എനിക്ക്മനസ്സിലാകുന്നതല്ലേ".അവിടെ 
ചെന്നു താമസിക്കാത്തതിന് കുറെ പരിഭവമൊക്കെ പറഞ്ഞ് കരഞ്ഞാണ് ഫോൺ വച്ചതും.

പ്രായത്തിന്റെ അവശതകളൊഴിച്ചാൽ മേഴ്സി നേരത്തെ പോയി എന്നൊരു സങ്കടം മാത്രമേ ഉള്ളൂ.
വീട് തന്റെയും,മേഴ്സിയുടെയും പേരിലാണ്. ബാക്കിയുള്ള സ്വത്തുക്കൾ മകന്റെയും,മകളുടെയും പേരിൽ എഴുതി വച്ചിട്ടുണ്ട്. മകൾക്കും,ഭർത്താവിനും വിദേശത്ത് നല്ലഉദ്യോഗമാണ്.

ചെന്നൈയിൽ മകൻ താമസിക്കുന്നതൊരു വാടക ഫ്ലാറ്റിലാണ്. സാമ്പത്തികമായി കുറച്ച് ബുദ്ധിമുട്ടുള്ള വീട്ടിലെ കുട്ടിയാണ് മരുമകൾ. 'അവർക്ക് രണ്ടാൾക്കും പരസ്പരം ഇഷ്ടമാണേൽ ജാതിയൊന്നും നോക്കണ്ട. കല്യാണമങ്ങ് നടത്തിക്കൊടുത്തേക്കിച്ചായാ എന്ന് മേഴ്സിയുംകൂടി നിർബന്ധിച്ചപ്പോൾ മറ്റു കാര്യങ്ങളൊന്നും നോക്കിയതേയില്ല.

ഇവിടുള്ള സ്ഥലം വിറ്റ് ബാക്കി കുറച്ച് ലോണും കൂടിയെടുത്ത് ഒരു ഫ്ലാറ്റ് വാങ്ങുവാൻ പറഞ്ഞാൽ ചെറുക്കൻ കേൾക്കുകയുമില്ല.
'അതവിടെ കിടക്കട്ടെ അപ്പാ. ഇപ്പോഴത് വിൽക്കേണ്ട
ആവശ്യമൊന്നുമില്ല' .
തനിക്ക് വിഷമമാകും എന്നോർത്താകും അവനതിന് താല്പര്യം പ്രകടിപ്പിക്കാറേ ഇല്ല.
'ഞങ്ങളുടെ കൂടെ വന്നു നിൽക്കുവാൻ പറഞ്ഞാൽ അപ്പച്ചൻ കേൾക്കുന്നില്ലല്ലോ. ഞങ്ങൾക്കതൊരു ബുദ്ധിമുട്ടൊന്നും അല്ല. അപ്പച്ചന് നാടിനോടും, വീടിനോടും ഉള്ള അറ്റാച്ച്മെന്റ് അറിയാവുന്നത് കൊണ്ടാണ് കൂടുതൽ നിർബന്ധിക്കാത്തത്. 'മരുമകളും സ്നേഹമുള്ള കുട്ടിയാണ്.


ഭാഗം 2

അപ്പൻ തനിച്ച് താമസിക്കുന്നതിലുള്ള മക്കളുടെ ആശങ്ക ഒഴിവാക്കാനാണ് രാജുവിനെ ഒപ്പം കൂട്ടിയത്.
ഏജൻസിയിൽ നിന്നും ആളെ ഏർപ്പാടാക്കിത്തരാമെന്ന് മകൾ പറഞ്ഞതാണ്. പക്ഷേ എന്തോ അതിനോട് അത്ര താല്പര്യം തോന്നിയില്ല. നാട്ടിൽ തന്നെയുള്ള ആളാകുമ്പോൾ
ഒന്നും പേടിക്കണ്ടല്ലോ എന്നായിരുന്നു ചിന്തിച്ചത്.

പണ്ട് പറമ്പിലെയും,പാടത്തെയും പണികളൊക്കെ നോക്കി 
നടത്തിയിരുന്ന മണിയൻചേട്ടന്റെ കൊച്ചുമകനുമാണ് രാജു. അന്നൊക്കെ എല്ലാക്കാര്യങ്ങളും പുലർച്ചെ എഴുന്നേറ്റവൻ ഭംഗിയായി നോക്കുമായിരുന്നു. തന്റെ ഇഷ്ടത്തിനൊത്ത് രുചികരമായി കറികളുണ്ടാക്കുവാനും, ഖദർ വസ്ത്രങ്ങൾ വൃത്തിയായി അലക്കിയിടാനും രാജുവിനു നല്ല ഉൽസാഹമായിരുന്നു. വീട്ടുമുറ്റത്ത് തോട്ടമുണ്ടാക്കിയതും,തൊടിയിൽ വീണ്ടുംകൃഷി 
തുടങ്ങിയതുമെല്ലാം കണ്ടപ്പോൾ മനസ്സു നിറഞ്ഞു പോയിട്ടുണ്ട്.

ജോലികളെല്ലാം കഴിയുമ്പോൾ അടുത്ത് വന്നിരുന്ന് നാട്ടുവിശേഷങ്ങൾ പറഞ്ഞുകൊണ്ട് സ്നേഹത്തോടെ കാൽ തടവിത്തരും.
 'രാജു വന്നതിൽ പിന്നെ അപ്പച്ചന്റെ മുഖത്ത് നല്ല 
തെളിച്ചമാണല്ലോ. പിറക്കാതെ പോയ മകനാണെന്നാണ് തോന്നുന്നത്.' അപ്രാവശ്യം അവധിക്കു വന്നപ്പോൾ മകൾ കളിയായിപറയുകയും ചെയ്തു.

ട്രഷറിയിലേക്കും, ഡോക്ടറെ കാണാൻ പോകുവാനുമെല്ലാം തുണയായി അവനുള്ളത് ആശ്വാസത്തെക്കാളേറെ സന്തോഷമായിരുന്നു. രാജു തനിക്ക് മകൻ തന്നെയായിരുന്നു. ഓർത്തപ്പോൾ വല്ലാത്തൊരു കനം നെഞ്ചിനു തോന്നുന്നു.


അടുക്കളയിൽ ചെന്ന്ഒരു കപ്പ് കട്ടൻ  കാപ്പിയിട്ടു . അമ്പലത്തിനടുത്ത് ഹോട്ടൽ നടത്തുന്ന ശ്രീകുമാറിനോട് വിളിച്ച് പറഞ്ഞാൽ നല്ല ഇഡലി കിട്ടും. പാചകത്തിനൊന്നും താല്പര്യം തോന്നുന്നുമില്ല. നല്ല ക്ഷീണവുമുണ്ട് .അല്ലെങ്കിൽ മുറ്റത്ത് വീണുകിടക്കുന്ന ഇലയൊക്കെ ഒന്നു തൂത്തു കുട്ടി വയ്ക്കാമായിരുന്നു.
വീണ്ടും ഓർമ്മകളിലേക്ക് കണ്ണടച്ച് അയാൾ വരാന്തയിലെ ചാരുകസേരയിൽ കിടന്നു.

'മാണി സാറിന്റെയടുത്ത്  അവൻ ജോലിക്ക് വന്നത് ഞങ്ങളുടെ ഭാഗ്യമാ.'ഇടക്കിടക്ക് രാജുവിന്റെ അമ്മ
വിശേഷങ്ങൾ അന്വേഷിക്കുവാനെത്തും. തേങ്ങയോ, വാഴക്കുലയോഎന്തൊക്കെയാണുള്ളതെന്ന് വച്ചാൽ അമ്മക്ക് എടുത്തുകൊടുക്കുവാൻ പറയുമായിരുന്നു. നല്ല ചൊവ്വൊള്ള  ചെറുക്കനായിരുന്നു. തല തിരിഞ്ഞു പോയി. മാണിച്ചന്റെ കണ്ണു നിറയുന്നുണ്ടായിരുന്നു. മുടിയനായ പുത്രനെ ഓർത്ത് പിതാവ് എത്ര മാത്രം സങ്കടപ്പെട്ടിട്ടുണ്ടാവണം. ബൈബിളിലെ ആ ഭാഗം വായിച്ചു കൊടുക്കുമ്പോൾ മകന്റെയും, മകളുടെയും കണ്ണുകൾ നനയുന്നത് കണ്ടിട്ടുണ്ട്. അവരപ്പോൾ തന്നോട് ചേർന്നിരിക്കുമായിരുന്നു.
പുത്രദുഃഖം അനുഭവിക്കുവാൻ ഇങ്ങനെയും ഒരുവിധി.  

അന്ന് ഉച്ചയൂണും കഴിഞ്ഞ് ഒന്ന് മയങ്ങാനൊരുങ്ങുമ്പോളാണ് രാജു അടുത്തു വന്നത്.
"സാറേ ഇന്നലെ വഴിയിൽ വച്ച് കനാലു പണീടെ  കരാറുകാരൻ പണിക്ക് കൂടുന്നോന്ന് ചോദിച്ചു. ഞാം സാറിനോട് ചോദിച്ചിട്ട് പറയാമെന്ന് പറഞ്ഞു.
"സാറേ...
മറുപടി ഒന്നും പറയാതിരുന്നതിനാലാവണം അവൻ
വീണ്ടും കാലിൽ തലോടിക്കൊണ്ട് വിളിച്ചു.
"രാവിലെ എഴുനേറ്റ് ഇവിടുത്തെ പണി തീർത്ത് പോയാൽ സാറിന് ചോറുണ്ണാറാകുമ്പോൾവരാം. വൈകിട്ട് വന്നിട്ട് ബാക്കി പണികളൊക്കെ തീർക്കാവുന്നതല്ലേയുള്ളൂ"
"ഇളയ പെങ്ങളെ നഴ്‌സിംഗിന് പഠിപ്പിക്കുന്നതിന് നല്ല ചെലവുണ്ട് സാറേ. ഫ്ലാസ്കിൽ കട്ടൻ കാപ്പിയൊക്കെ തിളപ്പിച്ചു വച്ചോളാം .ഒന്നിനും ഒരുകുറവും വരുത്തത്തില്ല.


'വിടണ്ടായിരുന്നല്ലോ അപ്പച്ചാ. വിവരമറിഞ്ഞപ്പോൾ മക്കളിരുവരും ഒരു പോലെ പറഞ്ഞു.


ആദ്യമൊന്നും ഒരു പ്രശ്നവുമില്ലായിരുന്നു. ഒഴിവു ദിവസങ്ങളിൽ തൊടിയിലെ ജോലികളും അവൻ മുറയ്ക്കു നടത്തി.
"സാറേ ദിവസം എണ്ണൂറ് രൂപ വച്ച് കിട്ടുന്നുണ്ട്. ഈ മാസം പെങ്ങൾക്ക് വേണ്ടി ഇച്ചിരി പൊന്ന് വാങ്ങണം."
പകൽ രാജു വീട്ടിലില്ലാത്തതു കൊണ്ട് ചെറിയൊരു മടുപ്പും,ഏകാന്തതയുമൊക്കെഅനുഭവപ്പെടുന്നുണ്ടായിരുന്നുവെങ്കിലും അവന്റെ സന്തോഷത്തിനു മുൻപിൽ തന്റെ സ്വാർത്ഥ താല്‌പര്യങ്ങളെ മൂടി വച്ചു.

തുടരും 

Madhusudhanan 2022-04-22 20:08:00
ഇനിയുള്ള ഭാഗം വായിക്കാനായി കാത്തിരിക്കുന്നു. ആശംസകൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക