ഞങ്ങളുടെ പള്ളിയിൽ ശനിയാഴ്ച വൈകുന്നേരം പ്രാർത്ഥനായോഗം കഴിഞ്ഞാൽ ഒരു സ്നേഹസല്ക്കാരമുണ്ട്. കഞ്ഞിയും പയറുതോരനുമാണ് വിഭവങ്ങൾ. ചിലപ്പോൾ ചമ്മന്തിയും പപ്പടവുമുണ്ടാവും. ഏകദേശം നാല്പതോ അമ്പതോ പേർ സ്നേഹസല്ക്കാരത്തിൽ പങ്കെടുക്കാനുണ്ടാവും.
“മല്ലൂസിന് കഞ്ഞി വളരെ പ്രിയപ്പെട്ട ഭക്ഷണമാണ്.” എന്നൊരാൾ പറഞ്ഞു. കേരളത്തിൽ നിന്നും അമേരിക്കയിൽ കുടിയേറിപ്പാർത്ത അമേരിക്കൻ മലയാളികളാണ് മല്ലൂസ്. അവരിൽ മദ്ധ്യവയസ്സ് കഴിഞ്ഞവരാണ് ലക്ഷണമൊത്ത മല്ലൂസ്. അമേരിക്കയിൽ ജനിച്ചുവളർന്നവർ മല്ലൂസ് എന്ന വിഭാഗത്തിൽ പെടുകയില്ല.
മല്ലൂസിലെ അച്ചായന്മാർക്കും അങ്കിളുമാർക്കും കഞ്ഞിയും പയറുകൂട്ടാനും പ്രിയഭക്ഷണമാണെങ്കിലും അവക്ക് കഞ്ഞികുടിച്ച പാത്രം കഴുകി ശീലമില്ല. അത് സ്ത്രീകളുടെ പണിയെന്നാണ് വയ്പ്.
“സ്ത്രീ സഭയിൽ മിണ്ടരുത്.” എന്നാണല്ലോ നിയമം. ദൈവവചനമല്ലേ? അപ്പോൾ അനുസരിച്ചേ പറ്റൂ.
“എന്നാൽ ദൈവസഭയിൽ സ്ത്രീകൾക്കുമുണ്ട് ശുശ്രൂഷ. കഞ്ഞികുടിച്ച എച്ചിൽ പാത്രങ്ങൾ സ്ത്രീകൾ കഴുകുന്നതിൽ തെറ്റില്ല. അതൊരു ശുശ്രൂഷയാണ്. ‘കെംക്രയ സഭയിലെ ശുശ്രൂഷക്കാരത്തി’ എന്ന് വേദപുസ്തകത്തിൽ പറയുന്നുണ്ടല്ലോ.”
ഇടവകയിലെ ചില മൂപ്പന്മാർ അഭിപ്രായപ്പെട്ടു. കത്തനാരെ ഭരണത്തിൽ സഹായിക്കുന്ന അയ്മേനി നേതാക്കന്മാരാണ് മൂപ്പന്മാർ. അവരെല്ലാവരും ലക്ഷണമൊത്ത മല്ലൂസാണ്.
റീനയും ബീനയും സീനയും നീനയും മഹിളാസമാജത്തിന്റെ നേതൃത്വനിരയിൽ വിരാജിക്കുന്ന വനിതാരത്നങ്ങളാണ്. സെഹ്യോൻ ഇടവകയുടെ തൂണുകളാണവർ.
ഒരിക്കൽ ബീന നീനയോട് പറഞ്ഞു.
“അച്ചായന്മാർക്ക് കഞ്ഞികുടിച്ചും പയറുതിന്നും അങ്ങു പോയാൽ മതി. പെണ്ണുങ്ങൾ വേണം പാത്രം കഴുകാൻ. എനിക്കീ പണി വയ്യ.”
“ആഴ്ചതോറും കാശുചെലവാക്കി മാനിക്യൂർ ചെയ്താ ഞാൻ വരുന്നത്? നോക്ക്, എന്റെ വിരലെല്ലാം വൃത്തികേടായി. മല്ലൂസിന്റെ എച്ചിൽപാത്രം കഴുകാൻ വേറെ ആളിനെ നോക്കട്ട്.”
നീന ബീനയുടെ അഭിപ്രായത്തോട് യോജിച്ചു. നീന സുന്ദരിയാണ്. അവൾ സീയോൻകുമാരി പോലെ സുരസുന്ദരിയാണെന്നാണ് ഇടവകയിലെ ചില ചെറുപ്പക്കാരുടെ പക്ഷം. നീനയ്ക്കും അങ്ങനെതന്നെ തോന്നിയിട്ടുമുണ്ട്.
പ്രൊഫസർ ചാണ്ടി മത്തായി എന്നും മത്തായിസാർ എന്നും കേരളഭൂമിയിൽ ആദരപൂർവം വിളിക്കപ്പെട്ടിരുന്ന മത്തായി അങ്കിൾ ബീനയുടെയും നീനയുടെയും സംഭാഷണം യാദൃശ്ചികമായി കേൾക്കാനിടയായി.
മത്തായി അങ്കിൾ എഴുപതാം വയസ്സിൽ മക്കളോടും കൊച്ചുമക്കളോടും കൂടി പാർക്കാൻ അമേരിക്കാ എന്ന വാഗ്ദത്തഭൂമിയിലേക്ക് പ്രയാണം ചെയ്തെത്തിയ പ്രവാസിയാണ്. വയസ്സ് കൃത്യമായി പറഞ്ഞാൽ 75. പക്ഷേ 70 എന്നാണ് പറയുക. സ്ക്കൂളിൽ ചേർത്തപ്പോൾ മൂന്നു വയസ്സ് കൂട്ടിയാണ് ചേർത്തതത്രേ. പിന്നെ കോവിഡിന്റെ കാലത്ത് രണ്ടുജന്മദിനം ആഘോഷിക്കാനും പറ്റിയില്ലല്ലോ. മക്കളും മരുമക്കളും കൊച്ചുമക്കളുംകൂടി മത്തായി അങ്കിളിന്റെ എഴുപതാം ജന്മദിനം ഇക്കഴിഞ്ഞ മാർച്ചിൽ ആഘോഷമായി കൊണ്ടാടി. അങ്ങനെ മത്തായി അങ്കിളിന്റെ പ്രായത്തിലുള്ള സന്ദിഗ്ദ്ധത വീട്ടുകാർ ‘റാഷനലൈസ്’ ചെയ്തു.
ബീനയുടെയും നീനയുടെയും സംഭാഷണം കുറിക്കുകൊണ്ടു.
മത്തായി അങ്കിൾ തീരുമാനിച്ചു.
“ഇനി ഞാൻ കഞ്ഞികുടിച്ച പാത്രം ഞാൻ തന്നെ കഴുകും.”
അത് ഒരു വിപ്ലവകരമായ തീരുമാനമായിരിക്കുമെന്ന് മത്തായി അങ്കിളിനു തോന്നി. മത്തായി അങ്കിൾ സ്വയം അഭിനന്ദിച്ചു.
“പ്രൊഫസർ ചാണ്ടി മത്തായി എന്ന ഞാൻ ഒരു ആദർശവാൻ തന്നെ.”
പിന്നെയും ശനിയാഴ്ച വന്നു. ഉണർവുപ്രാർത്ഥനയും വന്നു. പള്ളിയുടെ കിച്ചണിൽ വലിയ പാത്രത്തിൽ ‘അങ്കിൾ ബെൻസ്’ അരിയുടെ കഞ്ഞി കിടന്നുതിളച്ചു. തിളയ്ക്കുന്ന കഞ്ഞിയുടെ വാസന ഫെലോഷിപ്പ് ഹാളിലേക്ക് ഒഴുകിവന്നു.
മത്തായി അങ്കിൾ കഞ്ഞി കുടിച്ചശേഷം ഓവർകോട്ട് ഊരി കോറിഡോറിലെ ഹാങ്ങറിൽ തൂക്കി. നെക്ക്-ടൈ ഊരി കോട്ടിന്റെ പോക്കറ്റിൽ തിരുകിവച്ചു. കിച്ചണിൽ പാത്രങ്ങൾ കഴുകുന്ന വലിയ വാഷ് ബേസിനിലിലേക്ക് ചെന്നു. വാഷിങ് സിങ്ക് എന്നാണ് അമേരിക്കയിൽ ആ സാധനത്തിന്റെ നാമധേയം. മത്തായി അങ്കിൾ കരുതിക്കൊണ്ടുവന്ന സോപ്പുപൊടി പാത്രത്തിൽ വിതറി. കഞ്ഞികുടിക്കുന്ന പാത്രത്തിലും പയറുകറി വിളമ്പിയ പാത്രത്തിലും മെഴുക്ക് പറ്റിയത് കഴുകിക്കളയണമല്ലോ. പാത്രം വിസ്തരിച്ചു കഴുകാൻ തുടങ്ങി. അപ്പോഴാണ് സീന വന്നത്. സീന ചില്ലറക്കാരത്തിയല്ല. ഡാക്ടർ ഇൻ ഫാർമസിയാണ്.
“അയ്യോ, അങ്കിൾ പാത്രം കഴുകുന്നോ! പാടില്ല, ഞാനതു ചെയ്തുകൊള്ളാം”
എന്ന് ഡാക്ടർ ഇൻ ഫാർമസിക്കാരത്തി പറയുമെന്നാണ് വിചാരിച്ചത്. പക്ഷേ സീനയുടെ പവിഴാധരങ്ങളിൽ നിന്ന് പ്രതീക്ഷിച്ച മുത്തുമണികളല്ല കൊഴിഞ്ഞുവീണത്.
“ഹാ, അങ്കിളോ, ഇന്നു കാക്ക മലർന്നു പറക്കുമല്ലോ.”
മറുപടിയൊന്നും പറഞ്ഞില്ല. പാത്രം കഴുകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി ഭാവിച്ചു.
അപ്പോഴാണ് ബീനയുടെ വരവ്. ബീനയും ഉന്നതകുലത്തിൽ പെട്ടവളാണ്, നേഴ്സിംഗ് പ്രാക്ടീഷണർ. ഡാക്കിട്ടറെപ്പോലെ ദേവയാനിക്കുഴൽ തോളിൽ വഹിക്കുന്നവളാണ് നേഴ്സിംഗ് പ്രാക്ടീഷണർ.
എന്താണ് ദേവയാനിക്കുഴൽ? പറയാം. മ്സ്. ദേവയാനി സാറാ മാർട്ടിൻ ഡാക്ടറല്ല, നേഴ്സിംഗ് പ്രാക്ടീഷനറല്ല, നേഴ്സുമല്ല. ഒരു ഡാക്ടറുടെ ആപ്പീസിലെ റിസപ്ഷനിസ്റ്റ് ആണവൾ. പക്ഷേ ഡാക്റുടെ ആപ്പീസിനു പുറത്തിറങ്ങിയാൽ സ്റ്റെതസ്ക്കോപ്പ് എന്ന ഉപകരണം മ്സ്. ദേവയാനി കഴുത്തിൽ തൂക്കിയിടും. സാക്ഷാൽ പരമേശ്വരന്റെ ഗളസ്ഥാനത്ത് വിലസുന്ന നാഗരാജനെപ്പോലെ ദേവയാനിയുടെ കഴുത്തിൽ ഡാക്റ്റർമാരുടെ പരിശോധനാക്കുഴൽ സദാ കിടന്നാടി. ഈസ്റ്റേൺ മാർക്കറ്റിലും വെസ്റ്റേൺ മാളിലുമൊക്കെ മ്സ്. ദേവയാനി മാർട്ടിൻ മേല്പടി കുഴൽധാരിണിയായി വിലസുവാൻ തുടങ്ങി. ഇതുകണ്ട അവരാണ്ടൻ തോമാ സ്റ്റെതസ്ക്കോപ്പിന് ഒരു മലയാളനാമധേയം നല്കി; ദേവയാനിക്കുഴൽ. മലയാളഭാഷാപണ്ഡിതന്മാർ അവരാണ്ടൻ തോമാക്ക് വല്ല അവാർഡും നല്കുന്ന കാര്യം പരിഗണിക്കുമോ? ആവോ?
പക്ഷേ ദേവയാനി പിണങ്ങി. അവൾ ഇപ്പോൾ പള്ളിയിൽ വരാറില്ല. പള്ളീലച്ചൻ അവരാണ്ടൻ തോമായെ വിളിച്ച് ശകാരിച്ചെന്നാണറിവ്. മലയാളഭാഷയുടെ വികാസപരിണാമങ്ങൾക്ക് അവരാണ്ടൻ തോമാ നല്കുന്ന സംഭാവനകൾ അരസികനായ കത്തനാർ കാര്യമായെടുത്തില്ല.
ബീനയുടെ കൈയിൽ രണ്ട് എച്ചിൽ പാത്രങ്ങളുണ്ടായിരുന്നു, കഞ്ഞിയും പയറും വിളമ്പിയ പാത്രങ്ങൾ.
ബീന ചോദിച്ചു.
“അല്ല, ഇന്ന് ഞങ്ങളുടെ പണി അങ്കിൾ ഏറ്റെടുത്തോ? നന്നായി, അങ്കിളേ.”
“നിന്റെ കൈയിലിരിക്കുന്ന പാത്രങ്ങളും ഇങ്ങുതാ. ഞാൻ കഴുകിവയ്ക്കാം.”
മത്തായി അങ്കിൾ ഭംഗിവാക്കു പറഞ്ഞു.
ബീന കൈയിലിരുന്ന എച്ചിൽ പാത്രങ്ങൾ രണ്ടും മത്തായി അങ്കിളിനെ ഏല്പിച്ചു. മത്തായി അങ്കിൾ അതല്ല പ്രതീക്ഷിച്ചത്.
ബീനയുടെ പാത്രങ്ങൾ കഴുകിക്കഴിഞ്ഞപ്പോഴാണ് സൈമൺ പീറ്റർ വന്നത്. സൈമൺ പീറ്റർ, മത്തായി അങ്കിളിന്റെ സ്നേഹിതനാണ്, അല്പം കൂടുതൽ പ്രായവ്യത്യാസമുണ്ടെങ്കിലും.
“ഇന്ന് അങ്കിളാണോ പാത്രം കഴുകുന്നത്? എന്റെ പാത്രം കഴുകാൻ ഞാൻ അങ്കിളിനെ സമ്മതിക്കില്ല.” സൈമൺ പീറ്റർ പറഞ്ഞു.
“ഞാൻ നിന്റെ പാത്രം കഴുകിയില്ലെങ്കിൽ നമുക്കു തമ്മിൽ കൂട്ടായ്മയില്ല.”
മത്തായി അങ്കിൾ ബൈബിൾഭാഷ ഉരുവിട്ടു.
“എന്നാൽ കഴുകിക്കോ.”
സൈമൺ പീറ്റർ എച്ചിൽപാത്രങ്ങൾ സിങ്കിലേക്കു ചാണ്ടി, പെട്ടെന്നു നടന്നുമറഞ്ഞു.
സൈമൺ പീറ്റർ കഴുകൽ ശുശ്രൂഷയിൽ മത്തായി അങ്കിളിനെ സഹായിക്കുമെന്നാണ് അദ്ദേഹം കരുതിയത്. അതുണ്ടായില്ല.
ഒരുപറ്റം കുട്ടികൾ അവരുടെ പാത്രങ്ങളുമായെത്തി. അവരെല്ലാം എച്ചിൽപാത്രങ്ങൾ സിങ്കിലേക്കിട്ടു. കുട്ടികൾ കഞ്ഞികുടിക്കുന്നവരല്ല. മല്ലൂസിന്റെ കഞ്ഞിയും പയറും അമേരിക്കൻ കുട്ടികൾക്ക് പറ്റിയ ഭക്ഷണവുമല്ല. അവർക്കുവേണ്ടി ‘പിസ്സാ’യും ഹാംബർഗറും മറ്റു വിഭവങ്ങളും കരുതിയിരുന്നു.
ദോഷം പറയരുതല്ലോ. കഞ്ഞിയും പയർകൂട്ടാനും ഇഷ്ടപ്പെടുന്ന കുഞ്ഞുങ്ങളുമുണ്ട്. നാപ്പ് എന്ന പേരുള്ള ഒരു കുട്ടിയുണ്ട്, ഇടവകയിൽ. അവന് കഞ്ഞിയും പയറും ഇഷ്ടമാണ്. പക്ഷേ അവന്റെ അമ്മ അമ്മിണിത്തങ്കമണിക്ക് നാപ്പ് കഞ്ഞികുടിക്കുന്നത് ഇഷ്ടമല്ല. മല്ലൂസിന്റെ കഞ്ഞി കുടിച്ചാൽ വയറുചാടും എന്നാണ് അമ്മിണിത്തങ്കമണി പറയുന്നത്. നാപ്പ് എന്നത് നഫ്ത്താലി എന്നതിന്റെ ചുരുക്കെഴുത്താണ്. അമ്മിണിത്തങ്കമണി പറയുന്നത് അവരുടെ കുടുംബം യഹൂദകുടുംബം ആണെന്നാണ്. അവരെ തോമാശ്ലീഹാ മാമോദീസാ കൊടുത്ത് ക്രിസ്ത്യാനികളാക്കിയതാണുപോലും. യഹൂദപൈതൃകത്തിന്റെ സ്മരണകൾ നിലനിർത്താനാണ് അവരുടെ പൈതലിന് നഫ്ത്താലി എന്ന യഹൂദഗോത്രപിതാവിന്റെ നാമധേയം നല്കിയത്. സ്വന്തം പിതാമഹന്റെ പേരുപോലും അറിയാത്ത അമ്മിണിത്തങ്കമണി എങ്ങനെയാണ് രണ്ടായിരം കൊല്ലത്തെ കുടുംബചരിത്രം വ്യക്തമായി പഠിച്ചതെന്ന് ആരും ചോദിച്ചിട്ടില്ല. ചോദിക്കാൻ ധൈര്യമുള്ളവരാരും ഇടവകയിലില്ല.
“നാപ്പിന് എന്തിനാണ് കഞ്ഞി കൊടുത്തത്?”
ഒരിക്കൽ അമ്മിണിത്തങ്കമണി മറിയച്ചേടത്തിയോട് ചോദിച്ചു. അമ്മിണിത്തങ്കമണിയുടെ ഭർത്തൃമാതാവാണ് തൈക്കിളവിയായ മറിയച്ചേടത്തി. മരുമകളുടെ ചുവന്ന കണ്ണുകൾ കണ്ടുഭയന്ന മറിയച്ചേടത്തി പറഞ്ഞു.
“ഞാനതു കുടിക്കേണ്ടാ എന്ന് കുഞ്ഞിനോടു പറഞ്ഞതാ. ആംബ്രക്കാ തിന്നാൽ മതി എന്നും പറഞ്ഞതാ. പക്ഷേ കേൾക്കണ്ടേ? ദാ അയാളാണ് അവന് കഞ്ഞി വിളമ്പിക്കൊടുത്തത്.”
മറിയച്ചേടത്തി മത്തായി അങ്കിളിന്റെ നേരെ വിരൽ ചൂണ്ടി. മത്തായി അങ്കിൾ ഫെലോഷിപ്പ് ഹാളിൽനിന്നും പെട്ടെന്ന് മുങ്ങിക്കളഞ്ഞു.
ഹാംബർഗറും മറിയച്ചേടത്തി പറഞ്ഞ ആംബ്രക്കായും ഒന്നുതന്നെയാണ്.
നാപ്പ് മലയാളം പറയുന്നതും അമ്മിണിത്തങ്കമണിക്ക് ഇഷ്ടമല്ല. ഒരിക്കൽ അമ്മിണിത്തങ്കമണി ഒരു സ്നേഹിതയോട് പറഞ്ഞത്രേ.
“ആ മറിയത്തള്ള ഞങ്ങളുടെ വീട്ടിൽ താമസിക്കുന്നതുകൊണ്ടാണ് നാപ്പ് മല്ലൂസിന്റെ ഭാഷ സംസാരിക്കാൻ ശ്രമിക്കുന്നത്. പക്ഷേ വേറെ പോംവഴി ഇല്ലല്ലോ. നാപ്പിന്റെ കഷ്ടകാലം!”
ഒന്നിനുപിറകേ ഒന്നായി എച്ചിൽപാത്രങ്ങൾ വന്നുകൊണ്ടേയിരുന്നു. മത്തായി അങ്കിൾ ഒന്നുരണ്ട് മണിക്കൂർകൊണ്ട് പാത്രങ്ങളെല്ലാം കഴുകിവച്ചു. ചെയ്തു ശീലമുള്ള പണിയല്ലല്ലോ. മത്തായി അങ്കിൾ ക്ഷീണിച്ചു.
മത്തായി അങ്കിളിന് അല്പം ജാള്യത തോന്നിയെങ്കിലും അദ്ദേഹത്തിന്റെ ആദർശബോധം ഉണർന്നു.
“യേശു അത്താഴത്തിൽ നിന്നും എഴുനേറ്റ് വസ്ത്രം ഊരിവെച്ച് ഒരു തുവർത്ത് എടുത്ത് അരയിൽ ചുറ്റി, ഒരു പാത്രത്തിൽ വെള്ളം പകർന്ന് ശിഷ്യന്മാരുടെ കാൽ കഴുകുവാനും അരയിൽ ചുറ്റിയിരുന്ന തുണികൊണ്ട് തുവർത്തുവാനും തുടങ്ങി.” തിരുവചനമാണ്. സുവിശേഷത്തിലുള്ളതാണ്.
“ആ യേശുനാഥന്റെ അനുഗാമിയാണ് ഞാൻ. ഈ ശുശ്രൂഷ ചെയ്യുന്നതിൽ ഞാൻ അഭിമാനം കൊള്ളും. എന്റെ ഈ ശുശ്രൂഷ ഈ ഇടവകയിലെ കുഞ്ഞുങ്ങൾക്കും യുവജനങ്ങൾക്കും മാതൃകയാവട്ടെ.”
മത്തായി അങ്കിൾ മനസ്സിൽ പറഞ്ഞു. ഉറക്കെ പറഞ്ഞില്ല.
പിറ്റേദിവസം ഞായറാഴ്ചയാണ്. ആരാധനായോഗത്തിൽ വികാരിയച്ചന്റെ അഭിനന്ദനവചസ്സുകൾ വന്നു.
“കഴിഞ്ഞദിവസം ഒരു മുതിർന്ന പ൱രൻ പാത്രങ്ങൾ കഴുകിവച്ചു. അതുപോലെയുള്ള ശുശ്രൂഷകൾ ചെയ്യാൻ ഇടവകാംഗങ്ങൾ പ്രത്യേകിച്ച് മുതിർന്ന സഹോദരന്മാർ മുമ്പോട്ടുവരണം. അതെല്ലാം ദൈവശുശ്രൂഷയാണ്. ഓരോരുത്തർക്കും ഓരോ ശുശ്രൂഷ ദൈവം കൊടുത്തിട്ടുണ്ട്. പ്രസംഗപീഠത്തിൽ നിന്നും സംസാരിക്കുന്നതാണ് ദൈവം എന്നെ ഏല്പിച്ച ശുശ്രൂഷ. ഒരാൾക്ക് ഇടവകയ്ക്ക് നേതൃത്വം നല്കുന്ന ശുശ്രൂഷയായിരിക്കും, ദൈവം നല്കിയിരിക്കുന്നത്. അപരന് മറ്റേതെങ്കിലും ശുശ്രൂഷയായിരിക്കും. പാത്രം കഴുകുന്നതും ശുചിമുറികൾ വൃത്തിയാക്കുന്നതും ചപ്പുചവറുകൾ നീക്കം ചെയ്യുന്നതും എല്ലാം ദൈവിക ശുശ്രൂഷയാണ്. ഓരോരുത്തരെയും ദൈവം ഏല്പിച്ച ശുശ്രൂഷ എന്താണെന്ന് അവരവർ മനസ്സിലാക്കണം. ആ ശുശ്രൂഷ അവർ ഏറ്റെടുക്കണം. കഴിഞ്ഞദിവസം മത്തായി അങ്കിൾ അദ്ദേഹത്തെ ദൈവം ഏല്പിച്ച ശുശ്രൂഷ എന്താണെന്ന് മനസ്സിലാക്കി, അതേറ്റെടുത്തു. അതുപോലെ നമ്മൾ ഓരോരുത്തരും നമ്മുടെ ശുശ്രൂഷ എന്താണെന്ന് മനസ്സിലാക്കണം.”
അങ്ങനെ മത്തായി അങ്കിളിന് അദ്ദേഹത്തിന്റെ ദൈവികനിയോഗം എന്താണെന്ന് മനസ്സിലായി. ഇനി വല്ല റസ്റ്റാറന്റിലും ഈ ദൈവനിയോഗം പ്രയോഗത്തിൽ വരുത്തുകയാണെങ്കിൽ കഞ്ഞികുടിച്ചു കിടക്കാനുള്ള വകയുമാകും, ഈ വാഗ്ദത്തഭൂമിയിൽ.
പള്ളിയിൽ സണ്ടേസ്ക്കൂളിന്റെ ആനിവേഴ്സറിദിനം വന്നു. മത്തായി അങ്കിളിന്റെ പേരക്കുട്ടി നന്നായി പാടും. സണ്ടേസ്ക്കൂളിന്റെ ആനിവേഴ്സറിയിൽ അവൾ മനോഹരമായി പാടി. ആളുകൾക്ക് വളരെ ഇഷ്ടപ്പെട്ടു. ചില ആന്റിമാർ നെറ്റിചുളിച്ചു. അവരുടെ പേരക്കുട്ടികളും ഗാനമത്സരത്തിനുണ്ടായിരുന്നു.
ചർച്ച് ബിൽഡിംഗിൽ വിശാലമായ റസ്റ്റ്റും സ൱കര്യങ്ങൾ ഉണ്ട്. റസ്റ്റ്റും എന്നു പറയുന്ന റൂമിൽ ടോയിലറ്റുകൾ, യൂറിനൽസ്, വാഷ്ബേസിനുകൾ, ഇവയെല്ലാം ഉണ്ടായിരിക്കണം. പള്ളി പൊതുജനങ്ങൾ കൂടിവരുന്ന സ്ഥലമാണ്. അതുകൊണ്ട് സർക്കാർ നിഷ്ക്കർഷിക്കുന്ന സ്പെസിഫിക്കേഷനിൽ ഈ സ൱കര്യങ്ങളെല്ലാം ഉണ്ടായിരിക്കണം. അടച്ചുപൂട്ടിയ ടോയിലറ്റ്മുറിയിൽ ഇരുന്ന് മത്തായി അങ്കിൾ രണ്ട് യുവാക്കന്മാരുടെ സംഭാഷണം ശ്രവിക്കാനിടയായി. ഒരാൾ വക്കീലാണ്, അപരൻ ഡാക്റ്ററും. വക്കീലും ഡാക്റ്ററും വാഷ്ബേസിനിൽ മുഖം കഴുകാനെത്തിയതാണ്.
“ആ പെൺകുട്ടി പാടിയത് കേട്ടോ. എത്ര സുന്ദരമായിട്ടാണ് ആ കുട്ടി പാടുന്നത്? ഏതാണ് ആ കുട്ടി?”
വക്കീൽ ഡാക്റ്ററോട് ചോദിക്കുന്നത് കേട്ടു.
“നമ്മുടെ ഫെലോഷിപ്പ് ഹാളിൽ പാത്രം കഴുകുന്ന ഒരു അങ്കിളിനെ കണ്ടിട്ടുണ്ടോ? അയാളുടെ പേരക്കുട്ടിയാണവൾ.”
ഡാക്റ്റർ പ്രതിവചിച്ചു.
“ആ പാത്രം കഴുകുന്ന മനുഷ്യനോ?”
“അതേ, അയാൾ സുന്ദരമായി ഇംഗ്ലീഷ് സംസാരിക്കും. മല്ലൂസിന്റെ ആക്സന്റ് ഉണ്ടെങ്കിലും.”
“എനിക്ക് രണ്ടു കാര്യങ്ങൾ അലർജിയാ. ഈ മല്ലൂസിന്റെ ആക്സന്റും പിന്നെ അവരുടെ കോട്ടിന്റെ മണവും.”
“മല്ലൂസിന്റെ കോട്ടിന് എപ്പോഴും മീൻകറിയുടെ മണം കാണും.”
“എനിക്കു തോന്നുന്നത് ഇയാൾ ഏതോ മിഷ്യനറിസായ്പിന്റെ കുക്കായിരുന്നിരിക്കണം. അങ്ങനെ ഇംഗ്ലീഷ് പഠിച്ചവർ ധാരാളമുണ്ടെന്ന് എന്റെ ഡാഡി പറഞ്ഞു കേട്ടിട്ടുണ്ട്.”
“അതായിരിക്കണം അയാൾക്ക് പാത്രം കഴുകാനിത്ര ഭ്രമം.”
“ഏതായാലും ഈ രാജ്യത്തു വന്നത് അയാളുടെ ഭാഗ്യം.”
ചെറുപ്പക്കാർ പുറത്തേക്ക് പോയി. സാങ്ച്വറിയിൽ പ്രെയിസ് ആൻഡ് വർഷിപ്പ് തുടങ്ങിക്കഴിഞ്ഞിരുന്നു.
“ഭാഗ്യം.”
കേരളാ യൂണിവേഴ്സിറ്റിയിൽ ഇംഗ്ലീഷ്ഭാഷാസാഹിത്യത്തിന്റെ മേധാവി ആയിരുന്ന പ്രൊഫസർ ചാണ്ടി മത്തായി പിറുപിറുത്തു.
അയാൾ കോറിഡറിൽ ചെന്ന് മീൻകറിയുടെ മണമുള്ള കോട്ടുമെടുത്തിട്ട് പള്ളിയുടെ പിൻവാതിലിലൂടെ വേഗത്തിൽ പാർക്കിംഗ്-ലോട്ടിലേക്ക് വലിഞ്ഞു.