Image

വെള്ളിത്തിരയിലും മനുഷ്യമനസ്സുകളിലും ഇന്നും പറന്നുയരുന്ന പൈങ്കിളി (മേരി മാത്യു മുട്ടത്ത്)

Published on 27 April, 2022
വെള്ളിത്തിരയിലും മനുഷ്യമനസ്സുകളിലും ഇന്നും പറന്നുയരുന്ന പൈങ്കിളി (മേരി മാത്യു മുട്ടത്ത്)

1913 മെയ് 28 മുട്ടത്തുവര്‍ക്കി എന്ന അപ്പച്ചന്‍ തിരുവോണം നക്ഷത്രത്തില്‍ ഭൂജാതനായി. എല്ലാവരുടെയും ജന്മദിനം ആഘോഷിക്കുന്ന പതിവ്  തങ്കമ്മച്ചിക്ക് (തങ്കമ്മ) ഉണ്ടായിരുന്നു. അപ്പച്ചന്റെ പ്രിയപത്‌നിയായിരുന്ന തങ്കമ്മ അസ്സല്‍ പാചകക്കാരി കൂടി ആയിരുന്നു. സത്യത്തില്‍ ഞാന്‍ പാചകം പഠിച്ചത് അമ്മച്ചിയില്‍ നിന്നായിരുന്നു. ഏതൊരു മഹാന്റെയും പിറകില്‍ ഒരു സ്ത്രീ ഉണ്ടായിരിക്കും എന്നാണല്ലോ!
 അപ്പച്ചന്‍( മുട്ടത്തുവര്‍ക്കി) അതിസങ്കീര്‍ണമായ മാനസിക ഘടനയുള്ള വ്യക്തിയായിരുന്നു. സംഖ്യാശാസ്ത്രം, നാള്‍, നാഴിക, ശകുനം എന്നിത്യാദികളില്‍ വിശ്വാസമുണ്ടായിരുന്നെങ്കിലും മാതാവിന്റെ വലിയ ഭക്തനായിരുന്നു. പരിശുദ്ധ അമ്മയെ അങ്ങേയറ്റം വണങ്ങിയിരുന്നു. മിക്കവാറും കഥകളില്‍ മാതാവിനെയും പാറേല്‍ പള്ളിയേയും പ്രതിപാദിച്ചതും അതുകൊണ്ടാകാം.

സ്മര്യപുരുഷന്റെ ജാതകത്തില്‍ രാജസദസ്സില്‍ ബഹുമാനിക്കപ്പെടും  എന്ന് എഴുതിയിരുന്നു. 'പാടാത്ത പൈങ്കിളി' സിനിമയ്ക്ക് പ്രസിഡന്റിന്റെ  അവാര്‍ഡ് ലഭിച്ചതിനുശേഷം അത് സംഭവിച്ചു. 1957ല്‍  ശ്രീചിത്തിര തിരുനാള്‍ മഹാരാജാവ് സിനിമ നിര്‍മാതാവായ സുബ്രഹ്മണ്യം മുതലാളി, പ്രേംനസീര്‍, മുട്ടത്തുവര്‍ക്കി, സിനിമയിലെ നടീനടന്മാര്‍ എന്നിവരെ കൊട്ടാരത്തില്‍ വിളിച്ചുവരുത്തി അഭിനന്ദനം അറിയിച്ചു.
 'ഞങ്ങള്‍ വരുന്നു എഴുതിയ വര്‍ക്കി സാറാണ് ധനവാന്മാരുടെ സംസ്‌കാരത്തെ അതിനിശിതമായി വിമര്‍ശിക്കുന്ന 'ഒട്ടകവും സൂചിക്കുഴയും'  എഴുതിയത്.
 1974ല്‍  ദീപികയില്‍ നിന്നും വിരമിച്ച മൂന്ന് വര്‍ഷം( 1981  84) അദ്ദേഹം കേരള സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗമായിരുന്നു. ഉറൂബ്, തകഴി, എസ്.കെ. പൊറ്റേക്കാട്, എന്‍. കൃഷ്ണപിള്ള എന്നിങ്ങനെ പ്രഗല്‍ഭരുടെ ഒരു നിര തന്നെ ആ സമിതിയില്‍ ഉണ്ടായിരുന്നു.

 ഒരു എഴുത്തുകാരന്‍ ഇത്രയധികം മേഖലകളില്‍ ശോഭിച്ചിരുന്നു എന്ന്  ഊഹിക്കാന്‍ പോലും ആവില്ല. അതായത് ഗദ്യവും പദ്യവും നേരംപോക്കും തിരക്കഥയും നോവലുകളും ചെറുകഥകളും നാടകങ്ങളും  ചരിത്രവുമെല്ലാം ആ വിരലുകള്‍ക്ക് ഒരുപോലെ വഴങ്ങി. ഡോക്ടര്‍ ഷിവാഗോ, മാന്‍ഡ്രേക്ക് പോലുള്ള തര്‍ജ്ജമകള്‍ അനിതരസാധാരണമാണ്. മരിയ ഗൊരേത്തി,വിശുദ്ധ പത്താം പീയൂസ്, ഫാദര്‍ വില്യം തുടങ്ങിയ ജീവചരിത്രങ്ങളും ഇന്നും വായിക്കപ്പെടുന്നു.  അദ്ദേഹത്തിന്റെ കവിതാസമാഹാരമായ ആത്മാഞ്ജലി  1940കളിലാണ് എഴുതിയത്. 153  ശ്ലോകങ്ങളുള്ള ആ കവിതാസമാഹാരത്തിന് അവതാരിക എഴുതിയ എം. പി പോള്‍ സര്‍ പറഞ്ഞത് വര്‍ക്കിക്ക്  കൂടുതല്‍ വഴങ്ങുക ഗദ്യസാഹിത്യം ആണെന്നാണ്. പിന്നീടാണ് അദ്ദേഹം നോവല്‍ ചെറുകഥയൊക്കെ കൂടുതല്‍ കൊടുത്ത് എഴുതാന്‍ തുടങ്ങിയത്. മുപ്പതിലധികം നോവലുകള്‍ ചലച്ചിത്രമായ വേറൊരു എഴുത്തുകാരനും ഇല്ലെന്നുതന്നെ പറയാം. സംഗീതം രോഗശമനോപാധി ആയി പറയുന്ന നോവലാണ് ഫീഡില്‍.മുറ്റത്ത് വര്‍ക്കി ഇത്തരം വിവരക്കേടുകള്‍ നോവലില്‍ അവതരിപ്പിക്കുന്നു എന്ന് ആരോപിച്ചവര്‍ക്കുള്ള ഉത്തരം വൈദ്യശാസ്ത്രരംഗത്തെ പുതിയ കണ്ടെത്തലുകള്‍ നല്‍കി. 

 (മേരി മാത്യു മുട്ടത്ത്)

പ്രൊഫസര്‍ കൃഷ്ണന്‍ നായര്‍ തനിക്ക് തെറ്റുപറ്റിയെന്നും സംഗീതത്തിന് രോഗശമന ശക്തിയുണ്ടെന്ന് ശാസ്ത്രം തെളിയിച്ചിരിക്കുന്നുവെന്നും പില്‍ക്കാലത്ത് എഴുതുകയുണ്ടായി. 

തുഞ്ചത്ത് എഴുത്തച്ഛന്റെ പാരമ്പര്യമാണ് തന്റേതെന്ന് അഭിമാനിക്കുകയും പറയുകയും ചെയ്തു. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനായി എഴുത്ത് നിര്‍ബാധം തുടര്‍ന്നു. പ്രസാധകരുടെ ഒരു നീണ്ട നിരതന്നെ മിക്കവാറും ദിവസങ്ങളില്‍ വീട്ടുമുറ്റത്ത് ഉണ്ടായിരുന്നു. അതില്‍ ഡി.സി കിഴക്കേമുറിയും, മംഗളം വര്‍ഗീസും ഒക്കെയുണ്ടായിരുന്നു. എന്തായാലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍മൂലം അദ്ദേഹത്തിന്റെ നാല്‍പ്പത് പുസ്തകങ്ങളുടെ കോപ്പിറൈറ്റ് ഡി.സി കിഴക്കേമുറിക്ക് കൊടുക്കേണ്ടിവന്നു. 

പിന്നെ അദ്ദേഹത്തിന് ആത്മകഥയൊന്നും എഴുതാനുള്ള സമയം കിട്ടിയിരുന്നില്ല. അതില്‍ സങ്കടം തോന്നുന്നു. അബ്ദുള്‍ കലാസാര്‍ പറഞ്ഞതുപോലെ ' കള ഥീൗ ണമി േീേ വെശില ഹശസല മ ൗെി, ളശൃേെ യൗൃി ഹശസല മ ൗെി' അത് അപ്പച്ചന്റെ കാര്യത്തില്‍ പ്രാവര്‍ത്തികമായിരുന്നു എന്ന് തോന്നിപ്പോകുന്നു. 

ഇപ്പോള്‍ മുറ്റത്ത് മുട്ടത്ത് വര്‍ക്കി കൃതികള്‍ ഗവേഷണമായിരിക്കുന്നു. ഖുര്‍ആന്‍, ബൈബിള്‍. ഗീത എന്നിവയുടെ അന്തസാരം ഒന്നാണെന്ന തിരിച്ചറിവ് അദ്ദേഹത്തിന് വളരെയധികം ഉണ്ടായിരുന്നു. ചുറ്റുപാടും നാനാജാതി മതസ്ഥരുടെ ഒരു കൂട്ടംതന്നെയുണ്ടായിരുന്നു. മിക്കവാറും കൃതികളിലെത്തുക കഴിവതും അവരെ തന്നെ കഥാപാത്രങ്ങളാക്കുകയും ചെയ്തിരുന്നു.  

സ്ത്രീകഥാപാത്രങ്ങളെ ഇത്ര ഇഷ്ടത്തോടും ബഹുമാനത്തോടും, ആദരവോടും കൂടിയായിരുന്നു വായനക്കാര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നത്. പിന്നൊരു കാര്യം വര്‍ക്കിസാറിന്റെ 'ഒരു കുടയും കുഞ്ഞുപെങ്ങളും' പാഠ്യപുസ്തകമാക്കിയിട്ടുണ്ട്. പല ഭാഷകളിലേക്ക് തര്‍ജ്ജമയും ചെയ്തിട്ടുണ്ട്. 

നമുക്ക് രണ്ട് പൈങ്കിളികള്‍ മലയാളക്കരയ്ക്ക് ഉണ്ട് എന്നതാണ് സത്യം. ഒന്ന് തുഞ്ചത്ത് എഴുത്തച്ഛനും, പിന്നീട് ഗദ്യസാഹിത്യത്തിലെ പൈങ്കിളിയെന്ന് വിശേഷിപ്പിക്കുന്ന മുട്ടത്ത് വര്‍ക്കിയും. ഇതിന് തെല്ലും അതിശയോക്തിവേണ്ട! എല്ലാം കാലം തെളിയിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ പഠനവിധേയമാതുതന്നെ അതിനൊരു ഉത്തമോദാഹരണമാണ്. 

ജനപ്രിയ കലയുടെ അവസാന വാക്കായ സിനിമയുടെ അളവ് കോല്‍ ഉപയോഗിച്ചാല്‍ ഒരാളുടെ മുപ്പത് നോവലുകള്‍ ചലച്ചിത്രമായി എന്നത് അത്ഭുതകരമാണ്. മുട്ടത്തുവര്‍ക്കിയുടെ മലയാളത്തിലെ സ്വാധീനം അളക്കാന്‍ ഈ കണക്ക് ഒന്നുമാത്രം മതി. പുരാണങ്ങളില്‍ നിന്നും വിട്ടുപോന്ന മലയാള സിനിമ മുട്ടത്തുവര്‍ക്കിയിലാണ് വന്നുനിന്നത് എന്നുവേണം കരുതാന്‍. 

കലയെന്നത് ജന്മസിദ്ധമാണല്ലോ. മുട്ടത്തുവര്‍ക്കിയെന്ന പ്രതിഭയെക്കുറിച്ച് ഇനിയും എഴുതാന്‍ ഏറെയുണ്ട്. അദ്ദേഹത്തിന്റെ ജനനം മെയ് 28. മരണം ഏപ്രില്‍ 28. നമ്പരില്‍ ഏറെ വിശ്വസിച്ചിരുന്നു. 

അദ്ദേഹത്തിന്റെ ഈ ജന്മദിനം അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ക്ക് ഒരോര്‍മ്മയാവട്ടെ. പിന്നെ അദ്ദേഹത്തിന്റെ സിനിമയും, പുസ്തകങ്ങളും അദ്ദേഹത്തെ സ്‌നേഹിക്കുന്ന എല്ലാവരുടേയും മനസില്‍ മുതല്‍ക്കൂട്ടായി എന്ന് ഈ ജന്മദിന വേളയില്‍ ആശിക്കുന്നു, ആഗ്രഹിക്കുന്നു. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക