ചില കണ്ടുമുട്ടലുകൾ അപ്രതീക്ഷിതമാണ്. അതിനു മുൻപോ അതിനു ശേഷമോ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത, ഇനിയൊരിക്കലും കാണാനിടയില്ലാത്ത, കണ്ടാല്‍ പോലും പരസ്പരം തിരിച്ചറിയാനിടയില്ലാത്ത, എന്തിന്, പേരുപോലുമറിയാത്തൊരാ പെൺകുട്ടിയെ ഞാന്‍ കണ്ടത് ബോംബെയിലേക്കുള്ള ഒരു തീവണ്ടി യാത്രയ്ക്കിടയിലാണ്.
പൊതുവെ സൗഹൃദങ്ങളുണ്ടാക്കുന്നതിലും നിലനിർത്തുന്നതിലും വമ്പൻ പരാജയമാണ് ഞാന്‍. യാത്രകളൊരുപാടു ചെയ്തിട്ടുണ്ടെങ്കിലും, അതിനിടയില്‍ രൂപം കൊണ്ട സുഹൃദ് ബന്ധങ്ങളൊന്നുപോലുമില്ല ഓർമ്മിക്കത്തക്കതായി. ഒരു സെക്കന്റ് ക്ലാസ്സ് കംപാർട്ട്മെന്റിൽ ഇരുപത്തിനാലു മണിക്കൂർ മാത്രം നീണ്ട ഒരു സൗഹൃദം ഇപ്പോഴും മനസ്സില്‍ തങ്ങി നിൽക്കുന്നത് അതിലെ യാദൃശ്ചികത ഒന്നു കൊണ്ട് മാത്രമാണ് .
മുന്നില്‍ വന്നിരുന്ന ആ അച്ഛനും മകളും എന്നിൽ പ്രത്യേകിച്ചൊരു കൗതുകവും ഉണർത്തിയില്ല, അവരെന്റെ ശ്രദ്ധയിലേ പെട്ടിരുന്നില്ല എന്നതാണ് നേര്. അല്ലെങ്കിലും അൻപതുകളിലെത്തിയ ഒരച്ഛനും ഇരുപതുകളിലെത്തിയ മകൾക്കും ഒന്നിച്ചൊരിടത്ത് പോവേണ്ടി വരുന്നത് അത്ര അസാധാരണ സംഭവമൊന്നുമല്ലല്ലോ. ഇനറർവ്യൂവിനോ, പഠനാവശ്യങ്ങൾക്കോ ആവാം....
അവരെ ഞാന്‍ ശ്രദ്ധിച്ചത് രാത്രി ഭക്ഷണസമയത്താണ്. വീട്ടില്‍ നിന്നും കൊണ്ടുവന്ന ഭക്ഷണം കഴിക്കാന്‍ ആവശ്യപ്പെടുന്ന അച്ഛനും അത് കേൾക്കാത്തമട്ടിൽ മുഖം തിരിച്ചിരിക്കുന്ന മകളും. അദ്ദേഹം നിർബന്ധിക്കുമ്പോൾ അവള്‍ ചീറിക്കൊണ്ടാണ് പ്രതികരിക്കുന്നത്. അദ്ദേഹം ദൈന്യതയോടെ ആർക്കും മുഖം കൊടുക്കാതെ ........
അവരുടെ ആ പെരുമാറ്റം എല്ലാവർക്കും അരോചകമായി തോന്നുന്നുണ്ടെന്ന് ചുറ്റുമുള്ളവരുടെ മുഖഭാവം വ്യക്തമാക്കി.
ഒരാവശ്യവുമില്ലാതെ ആ സാധു മനുഷ്യനെ എല്ലാവരുടേയും മുന്നില്‍ കോമാളിയാക്കുന്ന ആ പെൺകുട്ടിയോട് എനിക്ക് അതികഠിനമായ ദേഷ്യമാണ് തോന്നിയത്.
എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്ന അച്ഛനെ എനിക്ക് നഷ്ടപ്പെട്ടിട്ട് അധികമായിരുന്നില്ല, യാത്രകളോടു പൊതുവെയും Trekking നോട് പ്രത്യേകിച്ചും ഭ്രമമുണ്ടാക്കിത്തന്നത് അച്ഛനാണ്. ആ തണൽ പൊടുന്നനെ നഷ്ടപ്പെട്ടതിന്റെ നോവ് മനസ്സിലുള്ളതുകൊണ്ട് ആ പെൺകുട്ടിയോട് എനിക്ക് ദേഷ്യം കൂടിക്കൂടി വന്നു.
ആദ്യദിവസം രാത്രിയിലെ നാടകം പിറ്റേന്ന് പ്രാതലിന്റെ സമയത്തും ആവർത്തിച്ചു. ഉച്ചയൂണിന് ആരും ആ നാടകം കണ്ടതായി ഭാവിച്ചില്ല.
ഇനി, അദ്ദേഹം ആ പെൺകുട്ടിയുടെ അച്ഛനല്ലെന്നു വരുമോ? എനിക്ക് സംശയമായി.
അതിനിടയില്‍ ഒരുകാര്യം കൂടി എന്റെ ശ്രദ്ധയിൽ പെട്ടു. എവിടെയെങ്കിലും വണ്ടി നിർത്തുമ്പോൾ, ആ മനുഷ്യന്‍ സീറ്റില്‍ നിന്നെഴുന്നേറ്റ് പ്ലാറ്റ്ഫോറത്തിലേയ്ക്കിറങ്ങിയാലുടൻ പെൺകുട്ടി തന്റെ കയ്യിലുള്ള ചെറിയൊരു പേഴസ് തുറന്ന് കാഡ്ബറീസ് ഡയറിമിൽക്ക് ചോക്ലേറ്റിന്റെ ഒരു തുണ്ട് വായിലിട്ട് വേഗം ഇറക്കും.
വൈകുന്നേരം വണ്ടി ഏതോ സ്റ്റേഷനില്‍ നിന്നു, പുറത്ത് ഒരാൾ വട, ബോണ്ട എന്നിവയെല്ലാം ഒരു ഉന്തുവണ്ടിൽ കൊണ്ടു പോകുന്നു, പെട്ടെന്ന് പെൺകുട്ടി എന്റെ അടുത്ത് വന്നിരുന്നു, അവളുടെ നോട്ടം വണ്ടിയിലേക്കാണ്, ഞാന്‍ വെറുതെ ചോദിച്ചു "തനിക്കു വട വേണോ?"
ഉത്തരം പ്രതീക്ഷിച്ചല്ല ചോദിച്ചതെങ്കിലും എന്നെ അതിശയിപ്പിച്ചുകൊണ്ടവൾ പറഞ്ഞു
"ബോണ്ട മതി"
"എനിക്ക് വല്ലാതെ വിശക്കുന്നു, കയ്യില്‍ പൈസയില്ല, എല്ലാം അച്ഛന്‍റടുത്താണ്"
സംഭാഷണം ഇത്രത്തോളം എത്തിയതിനിടയിൽ, ഉന്തുവണ്ടിക്കാരൻ വിളിപ്പുറത്തിനുമപ്പുറമെത്തിയിരുന്നു. വണ്ടിയില്‍ നിന്ന് ഇറങ്ങാന്‍ ഭയം തോന്നി. ഒരനിയത്തിക്കുട്ടിയുടെ കണ്ണിലെരിയുന്ന വിശപ്പും, പ്രതീക്ഷയും കണ്ടില്ലെന്നു വയ്ക്കാനും കഴിയുന്നില്ല. ഞാന്‍ ധർമ്മസങ്കടത്തിലായി. പിന്നെ യാത്രക്കിടയിലൊരിക്കലും, വണ്ടിയില്‍ നിന്നിറങ്ങരുതെന്ന നിബന്ധന വച്ചിരുന്ന അച്ഛനോട് മനസ്സില്‍ മാപ്പു പറഞ്ഞ് പ്ലാറ്റ്ഫോമിലിറങ്ങി, വണ്ടിക്കാരനു പിറകേ ഓടി. മൂന്നു ബോണ്ടയും വാങ്ങി തിരിച്ചോടി വണ്ടിയില്‍ കയറി. ഭക്ഷണവും കാത്ത്, വാതില്‍ക്കൽ നിന്നിരുന്ന പെൺകുട്ടി, അതെന്നിൽ നിന്നും വലിച്ചെടുത്ത് അതിവേഗത്തില്‍ അകത്താക്കാൻ തുടങ്ങി
എനിക്ക് വേണോ എന്ന് പോലും ചോദിക്കാന്‍ നിൽക്കാതെ അവള്‍ മൂന്നാമത്തെ ബോണ്ടയും തിന്നാന്‍ തുടങ്ങി. അതു പകുതിയാവുമ്പോഴേയ്ക്കും ട്രെയിന്‍ പതുക്കെ അനങ്ങിത്തുടങ്ങിയിരുന്നു. വണ്ടിയില്‍ തിരിച്ചു കയറിയ അവളുടെ അച്ഛന്‍, അവളെ സീറ്റില്‍ കാണാതെ തിരഞ്ഞെത്തി. അദ്ദേഹത്തിന്റെ കണ്ണിലെ പരിഭ്രമം ആശ്വാസത്തിനു വഴിമാറിയതു ഞാന്‍ കണ്ടു . കയ്യില്‍ ബാക്കിയായ ഭക്ഷണം അവളെന്തു ചെയ്യുമെന്നത്, ആ ഒളിച്ചുകളിയിൽ അവളുടെ പങ്കാളിയാവേണ്ടി വന്ന എന്നെ പരിഭ്രമിപ്പിച്ചു . ഒരു പക്ഷേ അവളതറിയാത്ത ഭാവത്തില്‍ നിലത്തിട്ടേക്കുമെന്നു കരുതിയ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്, ഒന്നും സംഭവിക്കാത്തതുപോലെ, അതും വായിലേക്കിട്ടുകൊണ്ട് അവള്‍ സീറ്റിനടുത്തേയ്ക്കു പോയി. ആകെ ചമ്മി നിന്ന എന്നെ നന്ദിപൂർവ്വം നോക്കിയിട്ട് പിറകെ അച്ഛനും. ഇനി ഞാനായിട്ടെന്തിനാ ? ഞാനും നടകൊണ്ടു. വയറ്റില്‍ വിശപ്പിന്റെ ചൂളം വിളിയുയർന്നു.
പിന്നെപ്പോഴോ അവളടുത്തുവന്നിരുന്ന് ക്ഷമാപണം പോലെ എന്തോ പറഞ്ഞു, കൂട്ടത്തിൽ പിറുപിറുക്കും പോലെ തന്റെ യാത്രോദ്ദേശവും. അത്, വീട്ടുകാരംഗീകരിക്കാൻ തയ്യാറാകാത്ത അവളുടെ ഇഷ്ടത്തെക്കുറിച്ചും അവരിരുവരുടെയും തീരുമാനത്തെ കുറിച്ചുമായിരുന്നു. അവൾ പറഞ്ഞവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു
(റാണി ബി. മേനോൻ)
'അവർക്കാവുന്നതവർ ചെയ്യട്ടെ, ഞാന്‍ തിരിച്ചു പോവുക തന്നെ ചെയ്യും, ഒറ്റയ്ക്കല്ല ഒന്നിച്ച്. ഞങ്ങള്‍ സന്തോഷമായി ജീവിക്കുകയും ചെയ്യും'.
അവളുടെ വാക്കിൽ നിശ്ചയദാർഢ്യമുണ്ടായിരുന്നു. ഞാനൊന്നും പറഞ്ഞില്ല, അവളെന്നോട് അഭിപ്രായമോ സഹായമോ അല്ല തേടിയതും. അവളുടെ പെരുമാറ്റത്തിലെ അരോചകത്വത്തിന്റെ കാരണം വെളിപ്പെടുത്തിയതാകാം, എന്നെ വിശ്വാസത്തിലെടുത്തതാകാം....
അവളെഴുന്നേറ്റു പോയപ്പോള്‍ ഇരുന്നിടത്തൊരു കുറിപ്പു കണ്ടു, അതില്‍ വടിവൊത്ത അക്ഷരത്തിൽ ഇങ്ങനെ എഴുതിയിരുന്നു
"സഖാവേ എനിക്ക് കുറേ നാളും കൂടി ഈ ഭൂമിയില്‍ ചുറ്റി നടക്കണമെന്നുണ്ട്. അതിന് നീ എന്റെ കൂടെ വേണം. അല്ലെങ്കില്‍ ഞാന്‍ കാണുന്ന ചന്ദ്രന്‍ നിന്നേം കാണുന്നു എന്ന അറിവെങ്കിലുമെനിക്കു വേണം (നമ്മൾക്ക് പൊതുവായുള്ള വാസ്തവം)"
ആരാർക്കെഴുതിയതാണോ.
എനിക്കിറങ്ങാനുള്ള സ്റ്റേഷനടുത്തു, ബാഗുമായി ഇറങ്ങാനൊരുങ്ങി നിന്ന എനിക്കടുത്തേക്കോടിവന്ന് അവളുടെ അച്ഛന്‍ ചോദിച്ചു, അവളെന്താണെന്നോടു പറഞ്ഞത് എന്ന്. എനിക്കവളെ ചതിക്കാൻ വയ്യ. ഒരച്ഛന് മകളെ കുറച്ചുള്ള ആധി കാണാതിരിക്കാനും വയ്യ. ഞാന്‍ വീണ്ടും ധർമ്മസങ്കടത്തിലായി.
ആ മനുഷ്യന്‍ യാചനപോലെ എന്നോടതേ ചോദ്യം ആവർത്തിച്ചു.
"നിങ്ങള്‍ എവിടെയാണു താമസിക്കുന്നതെങ്കിലും, ഞാന്‍ വന്നു കണ്ടോളാം. അപ്പോള്‍ പറഞ്ഞാലും മതി" എന്നായി പിന്നെ.
ഞാനൊന്നും മിണ്ടാതെ നിന്നു.
സ്റ്റേഷനെത്തി, ഞാനിറങ്ങി. തീവണ്ടി എന്നെക്കടന്ന് മുന്നോട്ട് കുതിക്കുമ്പോഴും ആ സാധു മനുഷ്യന്‍ പ്രതിമപോലെ വാതില്‍ക്കല്‍ നിൽക്കുന്നുണ്ടായിരുന്നു. ചെയ്തത് തെറ്റോ ശരിയോ എന്നെനിക്കറിയില്ല. എന്തു ചെയ്താലും തെറ്റാവുമായിരുന്ന ഒരുപാതി, അഥവാ എന്തു ചെയ്താലും ശരിയാവുമായിരുന്ന മറുപാതിയും.
ഞാന്‍ വെറുതെ മാനത്തേക്കു നോക്കി . അവിടെ പൂർണ്ണചന്ദ്രൻ ചിരിച്ചു നിന്നിരുന്നു
"നമുക്കു പൊതുവായുള്ള വാസ്തവം"