സുജാതയുടെ വീടുകൾ (നിർമ്മല):

Published on 27 April, 2022
സുജാതയുടെ വീടുകൾ (നിർമ്മല):

ദൂരെനിന്നും കണ്ട അമ്പരപ്പിക്കുന്ന വലിപ്പമുള്ള വീട്ടിലേക്കു തന്നെയാണ് കാർ തിരിഞ്ഞത് പുതിയ പെയിന്റും ഗ്രില്ലിന്റെ കലാചാതുരിയും കൊണ്ട് ആകർഷകമാക്കിയ മതിലിൽ പരസ്യം പതിക്കരുതെന്നൊരു പതിവു വാക്യമുണ്ടായിരുന്നു. ഗെയിറ്റിനടുത്തു തന്നെയായിട്ടാണ് നായയുടെ വലിപ്പമുള്ള കൂട്. സുജാതയുടെ വീടിന്റെ ഒറ്റമുറിയെക്കാൾ വലിപ്പം നായക്കൂടിനുണ്ടെന്ന് ഒറ്റനോട്ടത്തിൽ അവളറിഞ്ഞു.
കാർ മുറ്റത്തെത്തിയതും കൂട്ടിലെ നായ ഉച്ചത്തിൽ കുരയ്ക്കാൻ തുടങ്ങി. സുജാത ഭയത്തോടെ അതിനെ നോക്കി. ചുവപ്പിൽ കറുപ്പു പടർന്ന മുഖം ആദ്യം ഭീകരമായി തോന്നി. പക്ഷെ വാലിന്റെ സ്ഥാനത്തു വെറുമൊരു മുഴ. അത് അങ്ങോട്ടുമിങ്ങോട്ടും അല്പമൊന്ന് അനങ്ങുന്നുണ്ടെന്നു മാത്രം വളഞ്ഞ വാലില്ലാത്ത നായയോട് സുജാതക്കു കടുത്ത സഹതാപം തോന്നി.
ചട്ടികളിൽ വരിയായി നിൽക്കുന്ന ചെടികളും മുറ്റത്തെ മണലിന്റെ മൃദുലതയും കടന്ന് ടൈലുപതിച്ച പോർച്ചിലെത്തിയപ്പോൾ സുജാത ചെരുപ്പഴിച്ചുമാറ്റി.
അകത്തളത്തിലും മുറികളുടെ വാതിൽക്കലുമായി പല തലകളും പുറത്തേക്കുവന്നു. അതോടൊപ്പം അടക്കിപിടിച്ച ചില ഒലികളും അവൾ കേട്ടു.
- വന്നോ?
- അവരു വന്നു കേട്ടോ !
- കാപ്പി ഇപ്പൊ വേണോ?
- ചോദിച്ചിട്ടെടുക്കാം
ഒരേ സമയം ക്യാരംസ് കളിക്കുകയും ടി.വി കാണുകയും ചെയ്യുന്ന കുട്ടികളെ മുറിച്ചു കടന്നാണ് അവർ സുജാതയുടെ പുതിയ മുറിയിലെത്തിയത്. കട്ടിലിൽ അമ്മച്ചി ഭിത്തിക്കു നേരെ മുഖം തിരിച്ചു കിടന്നിരുന്നു.
- അമ്മച്ചീ ദേ നോക്കിയേ ഇദാരാ വന്നിരിക്കുന്നേന്ന്
നരച്ച കണ്ണുകൾ ഭിത്തിയിലുറപ്പിച്ച് ഒരു ജന്മത്തിന്റെ വേദന മുഴുവൻ ഉള്ളിലൊതുക്കി അമ്മച്ചി കിടപ്പു തുടർന്നു.
- അമ്മച്ചീ ഇതു കണ്ടോ, അമ്മച്ചിയുടെ പുതിയ കൂട്ടുകാരിയെ ?
കളിവാക്കുകൾ അമ്മച്ചിയുടെ ചെവിക്കു പുറത്തു തട്ടിയുടഞ്ഞ് മൊസെയ്ക്കുതറയിൽ വീണുചിതറി.
അമ്മച്ചിയുടെ മനസ്സിൽ വത്സയും മോളിയും കൂട്ടുകാരികളുടെ കൂടെ കളിച്ചുതിമിർത്തു കുടുകുടെ ചിരിച്ചു. തമ്പിയും സണ്ണിയും ഒരേസമയം മടിയിലിരിക്കണമെന്ന് വാശിപിടിച്ചു. രണ്ടുപേരെയും മടിയിലിരുത്തി ഉമ്മവയ്ക്കുമ്പോഴത്തെ മണം ഇപ്പോഴും അമ്മച്ചിക്കറിയാം. ഇന്നവരുടെ മണങ്ങൾ അലൂറും ഷനാലും എന്നൊക്കെയായി അമ്മച്ചിക്കു പറയാനറിയാത്ത ഫ്രഞ്ചു സുഗന്ധങ്ങളായിരിക്കുന്നു.
കട്ടിലിന് അല്പം അകലെയിട്ടിരിക്കുന്ന കസേരയിൽ സണ്ണിയും തമ്പിയും തമ്മിൽ മൽസരിക്കാതെയിരിക്കും. അവധി തീർന്ന് രാജ്യംവിട്ടു പോകുന്നതിനു മുൻപ് അമ്മച്ചിയോടൊട്ടി കൂടുതൽ സമയം ഇരിക്കണമെന്ന വാശി ആർക്കുമില്ല. വത്സക്കും മോളിക്കും തിരക്കൊന്നൊഴിഞ്ഞിട്ടുവേണ്ടേ ചിരിക്കാൻ സമയം!
അമ്മച്ചിക്കും പണ്ട് അസനമഞ്ചിഷ്ടാദി എണ്ണയുടെ സുഖദമായ മണമായിരുന്നു പക്ഷെ ഇപ്പോൾ അമ്മച്ചിയുടെ മുറിക്ക് നേർത്ത ലോഷന്റെ ആശുപത്രി മണമാണെന്ന് തമ്മിൽ പറയാതെ തന്നെ മക്കളും ദുഃഖത്തോടെ ഓർക്കുന്നു.
ആർക്കും താനൊരു കൂട്ടുകാരി ആയിരുന്നില്ലെന്ന് സുജാതയോർത്തു. എല്ലാവരും മരണ ദൂതിയെപ്പോലെ നോക്കുന്നു. രോഗത്തിൽനിന്നും ആശുപത്രിയിലേക്കും ആശുപത്രിയിൽ നിന്നും സ്വന്തം കട്ടിലിന്റെ അസ്വാതന്ത്ര്യത്തിലേക്കും തിരിച്ചെത്തിക്കഴിയുമ്പോഴെത്തുന്ന ഘടകം - ഹോം നേഴ്സ്. അടുത്ത ചുവട് മരണത്തിലേക്കെന്ന ഭയം എല്ലാ കണ്ണുകളിലുമുണ്ട്. പകുതിപ്പേരും ഈ കടമ്പ കടക്കാതെ മോക്ഷം കിട്ടാത്തതിൽ ദൈവത്തോടു പരിഭവിക്കുന്നു.
ഒരു മാസം മുൻപു വരെ അമ്മച്ചി ആരുടേയും കൈപിടിക്കാതെ നടന്ന വീട്ടിലേക്കാണ് അപശകുനത്തിന്റെ മുന്നോടിപോലെ സുജാത വന്നിരിക്കുന്നത്. ഷിക്കാഗോയുടെ തണുപ്പിൽനിന്നും ദോഹയുടെ ചൂടിൽ നിന്നും മുംബൈയുടെ തിരക്കിൽനിന്നും കൊൽക്കത്തയുടെ പൊടിയിൽനിന്നും പറന്നുവരുന്ന മക്കളെയൂട്ടാൻ ഓടി നടന്നൊന്നു പണിതതാണമ്മച്ചി. അടുക്കളയുടെ മിനുപ്പുള്ള ടൈലുകളിലൊന്നിൽ കാലൊന്നു തെറ്റിയത് തിടുക്കം കൂട്ടി നടന്നതുകൊണ്ടാവുമെന്ന് അമ്മച്ചി സ്വയം പഴിക്കുന്നു.
ഈ വീട്ടിലെ അമ്മച്ചിയുടെ ആദ്യത്തെ നേഴ്സാണ് സുജാത. അതിന്റെ പരിഭവത്തിൽ സുജാതയെ നോക്കിയൊന്നു ചിരിക്കാൻ കൂട്ടാക്കാതെ അവർ അപ്പോഴും ജനലിലൂടെ പുറത്തേക്കുനോക്കി കിടക്കുകയാണ്.
ആഴ്ചകൾ രണ്ടു കൂടി കഴിഞ്ഞാൽ വന്നവേഗത്തിൽ മക്കളൊക്കെ പറന്നുപോകുമെന്ന് അമ്മച്ചിക്കറിയാം. പിന്നെ, ഈ സുജാതയൊ മറ്റൊരു സുജാതയൊ കൂട്ടിനുണ്ടാവുകയുള്ളുവെന്നും അറിയാഞ്ഞിട്ടല്ല. എന്തോ അമ്മച്ചിയുടെ ചുണ്ടിൽ സൗഹൃദത്തിന്റെ ചിരി വിരിയാനാവാതെ മരവിച്ചു കിടന്നു.
ജനലിലൂടെ നോക്കിയാൽ അമ്മച്ചി ആയാസപ്പെട്ട് അടുപ്പിലേറ്റിവച്ചിരുന്ന കലങ്ങൾ പൈപ്പിനുതാഴെ കഴുകാൻ കാത്തു കിടക്കുന്നതു കാണാം. അതവിടെ കിടക്കാൻ തുടങ്ങിയിട്ട് നേരം കുറെആയെന്നും കാക്കകളതു വൃത്തികേടാക്കുമെന്നും മനസ്സു പിറുപിറുത്തു. പാത്രം കഴുകാനാഞ്ഞ രാധയെ ബ്ലൗസ്സു തുന്നിക്കാൻ തയ്യൽക്കാരിയുടെ അടുത്തേക്കോടിച്ചത് ഇളയ മരുമകളാണ്. നല്ലൊരു സാരീബ്ലൗസു തുന്നാൻ വടക്കേ അമേരിക്കയിൽതന്നെ ആരും ഇല്ലെന്ന ക്രൂരസത്യം  അമ്മച്ചിക്കറിയില്ലല്ലോ.
- മൂന്നും നാലും വർഷം കൂടുമ്പോ നാട്ടിലു വന്നെടുക്കുന്ന സാരീം ബ്ലൗസ്സും കൊണ്ടുവേണം അടുത്ത വരവുവരെ കഴിയാൻ.
മരുമകൾ ദാരിദ്ര്യത്തിന്റെ കെട്ടഴിക്കുന്നു. മണിക്കൂറുകൾ കഴിഞ്ഞാലും കലങ്ങൾ പൈപ്പിനു ചുവട്ടിൽ കലമ്പൽ കൂട്ടാതെ രാധയെ കാത്തിരുന്നുകൊള്ളും തുണി സമയത്തിന് തയ്യക്കടയിൽ എത്തിച്ചില്ലെങ്കിൽ അലങ്കോലപ്പെടുന്നത് മരുമകളുടെ ഫാഷൻ ലോകമാണ്.
അമ്മച്ചിയുടെ മനസ്സ് വീണ്ടും ജനലിനു പുറത്തെ ലോകത്തെ നോക്കി ആയാസപ്പെട്ടു പരിഭവിക്കുന്നു. മുറ്റത്തിനുതാഴെ കുലയുടെ അറ്റത്തൊരു വാഴച്ചുണ്ട് വിടർന്നു കൊഴിഞ്ഞു തീരുന്നു. ഒരാഴ്ച മുൻപേ അതൊടിച്ചു കുനുകുനാന്നരിഞ്ഞു പരിപ്പിട്ടു തോരൻ വയ്ക്കാമായിരുന്നു.
സിമന്റിട്ട ഒഴിഞ്ഞ പശുത്തൊഴുത്തിൽ നീണ്ട പ്ലാസ്റ്റിക് ചരടുകൊണ്ട് അയ വലിച്ചു കെട്ടിയിട്ടുണ്ട്. അതിൽ അലക്കിയ തുണികൾ ഇടയ്ക്കു ചെയ്യുന്ന മഴയെ കൊഞ്ഞനംകുത്തിക്കാട്ടി കുസൃതിയിലാടുന്നുണ്ട്.
ഓമനക്കുട്ടിയുടെ കഴുത്തിൽ കെട്ടിയിരുന്ന മണി അഴിച്ച് തൊഴുത്തിന്റെ മുകളിൽവച്ചത് അമ്മച്ചിതന്നെയാണ്. കൊമ്പു കുലുക്കി പ്രതിഷേധിക്കുന്ന അവളുടെ അമ്മയ്ക്ക് ഭദ്രകാളിപ്പശുവെന്നു പേരിട്ടത് സണ്ണി ആയിരുന്നുവെന്ന് അവർ ചിരിയോടെ ഓർത്തു. ഇനിയൊരിക്കലും ഓമനയായൊരു പശുക്കുട്ടി തൊഴുത്തിലേക്കു കയറി വരില്ലെന്ന് കിടന്നുകൊണ്ട് അമ്മച്ചിയറിഞ്ഞു.
ജാതിക്കകൾ പവൻമുറ്റി വിണ്ടുകീറിക്കൊ ഴിയുന്നതുകണ്ട അമ്മച്ചിയുടെ മനസ്സുരുകുന്നു.
- ഒന്നു പൊട്ടിച്ചു വെയിലത്തിടാൻ ഒരാളില്ലിവിടെ!
എല്ലാ അമ്മച്ചിമാർക്കും ഒരേശബ്ദമാണെന്ന് സുജാത തിരിച്ചറിഞ്ഞു. നഷ്ടബോധത്തിന്റെ ചിതറിയ ശബ്ദം.
മൂന്നുവർഷത്തിനിടയ്ക്ക് എട്ടാമത്തെ വീടാണിത്. ഒരു വീട്ടിലും വേരുപിടിക്കാൻ സുജാതയുടെ ഏജൻസി അനുവദിക്കില്ല. ഒരു വീട്ടിൽ മൂന്നുമാസം, അതു കഴിഞ്ഞാൽ പാതിശമ്പളത്തിൽ കുറച്ചവധിയെടുക്കാം. വീണ്ടും മറ്റൊരു വീട്ടിലേക്ക്. മക്കളുടെ തിരക്കിൽ ഒറ്റപ്പെട്ടുപോയ ഏതെങ്കിലുമൊരാൾക്കു കൂട്ട്.
എല്ലാ വീടുകൾക്കും ഒരേ ഛായയാണെന്ന് സുജാതക്കു തോന്നാറുണ്ട്. പുറത്ത് കമനീയമായ ചായം. അകത്ത് ടൈലും മൊസെയ്ക്കും തിളക്കം ചേർത്ത തറകൾ. ഭിത്തികളിലും ഷോകെയ്സിലും നിറയുന്ന വിദേശനിർമ്മിത കൗതുകവസ്തുക്കൾ. അവയ്ക്കിടയിൽ ഹോർലിക്സിന്റെ പരസ്യംപോലെ മക്കളുടെ കുടുംബ ചിത്രങ്ങൾ.
സുജാതയുടെ മുറിയിൽമാത്രം പഴകിയ ഒരു കട്ടിൽ, അതിലെ വിദേശ വിരിപ്പിൽ പഴകിയ ഒരു ശരീരം. ഭൂമിയെ അതിരറ്റു സ്നേഹിച്ചും അതിൽ നിന്നും വിട്ടു പോകാൻ കൊതിച്ചും ഞരങ്ങുന്ന ജീവിതം. ചുള്ളിക്കമ്പു പോലെയായ കൈകളിൽ പിടിക്കുമ്പോൾ തൂങ്ങിപ്പോയപേശികൾക്ക് മേഘത്തിന്റെ മൃദുലതയുണ്ടെന്ന് സുജാതക്കു തോന്നും. ഓരോ ജോഡി കണ്ണുകളിലും ഒരു രാമായണം കഥ മുഴുവൻ പറയാൻ ബാക്കിയുണ്ടെന്ന് അവൾക്കറിയാം. അവഗണിക്കപ്പെട്ട ഊർമ്മിളയെപ്പറ്റി , അപമാനത്തീയിൽ നിന്നമ്മ കൈ നീട്ടി സ്വീകരിക്കാതെ പോയ ഒരു സീതയെപ്പറ്റി , ധർമ്മാധർമ്മങ്ങൾക്കിടയിൽ ഞെരിക്കപ്പെട്ട ഒരു രാമ മനസ്സിനെപ്പറ്റിയൊക്കെ തിമിരം പാടയെറിഞ്ഞ ഉറയ്ക്കാത്ത കൃഷ്ണമണികൾ അവളോടു പറയാറുണ്ട്.
പോയ വീടുകളിൽ ഒരു വീടുമാത്രം സുജാതയുടെ ഓർമ്മയിൽ വേറിട്ടു നിന്നു. ആ വീടിന് ചുരുങ്ങിച്ചുരുങ്ങി വന്ന് ശ്വാസംമുട്ടിച്ചു കൊല്ലുമെന്ന ഭീതിയുണർത്തുന്നത്ര വലിപ്പമുള്ള മുറികളില്ലായിരുന്നു. അറയും നിരയുമൊക്കെയുള്ള ഒരു പഴയ വീട്. അതിനെയൊക്കെ പൊതിഞ്ഞ പേരിനൊരു ടെറസ്സും കോൺക്രീറ്റും. ആ വീടിന്റെ വെയിലേറ്റു നരച്ച പുറംഭിത്തികളിൽ മഴക്കാലം അസ്പഷ്ട ചിത്രങ്ങൾ വരച്ചിരുന്നു. വിദേശത്തുനിന്നുംവന്ന കൗതുക വസ്തുക്കളൊന്നും ഇല്ലാതിരുന്ന ആ വീടിന്റെ ഉള്ളാകെ സ്നേഹം പൂത്തുലഞ്ഞൊരു കുളിർമ്മയുണ്ടെന്ന് സുജാതക്കുതോന്നി.
അവിടുത്തെ പ്രഭാതങ്ങൾക്ക് ചാണകത്തിന്റെയും ഇലഞ്ഞിപ്പൂവിന്റെയും മണമായിരുന്നു. പ്രായം എഴുപതു കഴിഞ്ഞിട്ടും അടങ്ങിയിരിക്കാത്തൊരപ്പച്ചനെ നോക്കി തൊഴുത്തിൽ പശുക്കുട്ടി അതിരാവിലെ നീട്ടി വിളിക്കും.
പഴയൊരു കയറ്റു കട്ടിലിൽ അലക്കി നിറംമങ്ങിയ ഷീറ്റിൽ പനിയുടെ ക്ഷീണത്തിൽ ചുരുണ്ടുറങ്ങുന്നൊരമ്മച്ചി. അമ്മച്ചിക്കു ചോറുവാരി കൊടുക്കണം , കുളിപ്പിക്കണം , മുണ്ടുടുപ്പിച്ചു കൊടുക്കണം.
അടുക്കള വട്ടങ്ങളൊപ്പിച്ച് ജോലിക്കാരി പോയിക്കഴിഞ്ഞപ്പോഴിടക്ക് അപ്പച്ചൻ പറഞ്ഞു.
- കുട്ടീ ഇത്തിരി കഞ്ഞിവെള്ളം ഉപ്പിട്ടിങ്ങെടുത്തോ
അതു പേഷ്യന്റിനല്ലാത്തതുകൊണ്ട് എന്റെ ജോലിക്രമത്തിലില്ലെന്ന് സുജാതയാക്ഷേപിച്ചില്ല. അവൾ നീട്ടിയ കഞ്ഞിവെള്ളം കുടിച്ചിട്ടു വല്ലാത്തൊരു ചൂടെന്ന് അപ്പച്ചൻ തോർത്തെടുത്തു വീശി. ഫാനിടാനാഞ്ഞ സുജാതയെ അപ്പച്ചൻ തടഞ്ഞു.
- ഫാനിന്റെ കാറ്റ് അമ്മച്ചിക്കു തീരെ പിടിക്കുകേല.
പനിയുടെ ക്ഷീണം കുറച്ചൊന്നു മാറിയപ്പോൾ എഴുന്നേറ്റിരിക്കാനുൽസാഹപ്പെടുന്ന അച്ചാമ്മയമ്മച്ചി. കൈപിടിച്ച് കുളിമുറിയോളമെത്തിച്ചാൽ സ്റ്റൂളിലിരുന്നു തന്നെ കുളിക്കാമെന്നായപ്പോൾ ഇനി നേഴ്സു വേണ്ടെന്ന് അപ്പച്ചനും അമ്മച്ചിക്കും ഒരേ ശബ്ദം.
- ഇനി അച്ചാമ്മേ ഞാൻ കൈപിടിച്ച് എഴുന്നേല്പിച്ചോളാം.
- കുളിമുറിവരെയൊന്ന് എത്തിച്ചുതന്നാൽ മതി.
അമ്മച്ചിയുടെ കഫം കുറുകുന്ന ശബ്ദത്തിലൊരുപാടാശ്വാസം. ഒരു വീടിനു മൂന്നു മാസമെന്ന കണക്കു പൂർത്തിയാക്കാതെ സുജാത ജോലിയ സാനിപ്പിച്ച ഒരേ ഒരു വീടും അതായിരുന്നു.
സാധാരണ വീടുകൾവിടുമ്പോൾ സുജാതക്കു നേരെ നീണ്ടു വരുന്നത് ചുളിയാത്ത നോട്ടു നീട്ടുന്ന കൊഴുത്ത കൈയാണ്. ഏജൻസി കൊടുക്കുന്ന ശമ്പളത്തിനു പുറത്തൊരു നന്ദിപ്രകടനം. പക്ഷെ ആ വീട്ടിലെ അപ്പച്ചനവൾക്കൊരുകെട്ടു ചാമ്പക്ക പറിച്ചു കൊടുത്തു.
- കുട്ടിക്കിഷ്ടമല്ലേ ചാമ്പക്ക , ഇവിടാരു തിന്നാനാ ഇതെല്ലാം കൂടെ?
- ആ കുട്ടിക്ക് കമ്പിളി നാരങ്ങ പറിച്ചില്ലേ നിങ്ങള് ?
അമ്മച്ചിയുടെ പനിയുടെ പതർച്ച പറന്നുപറന്നകലുന്നു. മധുരനാരങ്ങയും ചാമ്പക്കയും പൊതികെട്ടിയിറങ്ങുമ്പോൾ അപ്പച്ച നോർമ്മിപ്പിച്ചു.
- കുട്ടിയുടെ അമ്മയെ വറുഗീസു വൈദ്യനെ ഒന്നു കാണിച്ചു നോക്ക്. അച്ചാമ്മ ഇനി നടക്കത്തില്ലെന്നു പലരും പറഞ്ഞതാ. വൈദ്യരുടെ ചികിത്സഒന്നാ അവളെ കട്ടിലേന്നെഴുന്നേല്ലിച്ചേ .
തലയാട്ടി സമ്മതിച്ച സുജാതയോട് അപ്പച്ചൻ വീണ്ടും പറഞ്ഞു.
- എണ്ണകാച്ചാൻ പച്ചമരുന്നെന്തെങ്കിലും വേണോങ്കി ഈ പറമ്പിലൊരുപാടൊണ്ട്. അങ്ങാടിക്കിട്ടുന്നതു മുക്കാലും ചള്ളാ . ബൃഹത് പഞ്ചമൂലങ്ങളുണ്ടീ പറമ്പിൽ പിന്നെ ആ മുറ്റത്തിന്റെ മൂലയ്ക്കു നില്ക്കുന്നതു നീലയമരി. എരുത്തിലിനു താഴെ അമുക്കു രോം, കച്ചോലോം , ആടലോടകോം ഒണ്ട്.
അത്ഭുതം തോന്നിയതു കൊണ്ട്‌ സുജാത ചോദിച്ചു.
- ഇവിടെ വൈദ്യം അറിയാവുന്നവരാരെങ്കിലുമുണ്ടോ?
- മകൻ ആയുർവ്വേദം പഠിക്കാൻ പോയതാ
ആ അർദ്ധോക്തി ആരും മുഴുമിച്ചില്ല. ആയുർവ്വേദം പഠിക്കാൻ പോയ മകനെന്തുപറ്റിയെന്ന് സുജാത ചോദിച്ചില്ല. അകത്തെച്ചുവരിലെ വലിയ ചിത്രമായി മാറിയ മകനുവേണ്ടി പഞ്ചമൂലങ്ങളും കാത്തു സൂക്ഷിച്ചിരുന്ന അച്ഛനേയും അമ്മയേയും നോക്കിയപ്പോൾ അവളുടെ തൊണ്ടയിൽ അതിബൃഹത്തായ ഒരു മൂലം ആണ്ടിറങ്ങി.
കൂവളത്തിന്റെ തണൽ തണുപ്പിച്ച മുറ്റത്തുനിന്നുമിറങ്ങുമ്പോൾ ഈ അപ്പച്ചനും അമ്മച്ചിയും ഒരിക്കലും കിടന്നു പോകാനിടയാവരുതേ എന്ന തന്റെ പ്രൊഫഷനു ചേരാത്ത ഒരു പ്രാർത്ഥന അവൾ ചൊല്ലിപ്പോയി.
കുറച്ചു ദിവസത്തെ പ്രതിഷേധം കഴിഞ്ഞാൽ സുജാതക്കു പിടിക്കുവാനായി ഈ അമ്മച്ചിയും കൈനീട്ടിത്തരുമെന്ന് അവൾക്കറിയാം. അമ്മച്ചി കൈ നീട്ടുമ്പോൾ പിടിക്കുവാനായി മറ്റാരും അപ്പോഴീ വീട്ടിലുണ്ടാവില്ല. അമ്മച്ചിയുടെ വിറക്കുന്ന കൈയ്ക്ക് അമേരിക്കയോ , ദോഹയോ, മുംബൈയോ , കൊൽക്കത്തയോവരെ നീളാനുമാവില്ലല്ലോ. എന്നാലും മുഖം തിരിച്ച് അമ്മച്ചിയൊന്നു നോക്കാത്തതിൽ സുജാതക്കു വിഷമം തോന്നി.
ഉപ്പും എണ്ണയും വളരെ കുറച്ചുചേർത്ത് അധികം വേവിച്ചു ഗുണങ്ങൾ നഷ്ടപ്പെടാതെടുത്ത ക്യാബേജു തോരനിൽ കടിച്ച് അമ്മച്ചി അത്താഴമൂണവസാനിപ്പിച്ചു. പരിപ്പു ചേർത്ത വാഴച്ചുണ്ടു തോരന്റെ സ്വാദ് അവർ വീണ്ടുമോർമ്മിച്ചുകാണും .
ഊണുകഴിഞ്ഞ അമ്മച്ചി ഭിത്തിക്കു നേരെ മുഖം തിരിച്ചു തന്നെ ഉറക്കം തുടങ്ങിയിരിക്കുന്നു. നിലത്തുവിരിച്ച കിടക്കയിൽ ചരിഞ്ഞുകിടന്ന് സുജാത ഉറക്കത്തെ വിളിച്ചു.
പതിവുപോലെ ഓർക്കരുതെന്നോർത്തിട്ടും ഇതൊന്നുമില്ലാത്തൊരു വീട് സുജാതയുടെ നെഞ്ചിൽ ഉടക്കി വലിഞ്ഞു. വീടിന്റെ ഒറ്റമുറിയിലെ പഴങ്കട്ടിലിൽ കിടന്നൊരമ്മ ചോദിക്കുന്നു.
- സൂജേടെ കാശു വന്നോടീ ?
- ഇല്ലമ്മേ , അഞ്ചാം തീയതി ആയിട്ടല്ലേ അതു വരൂ . ഇന്ന് രണ്ടല്ലേ ആയുള്ളു.
തീർന്നുപോയ മരുന്നിന്റേയും പെരുകുന്ന വേദനയുടേയും കണക്കുകൾ അമ്മ മനസിലടക്കുമ്പോൾ അറിയാതെ ഒരു ഞരക്കം പുറത്തുവരും. വയസ്സു മുപ്പതെത്തിയിട്ടും കഴുത്തിൽ താലി ചേരാത്ത ശോഭച്ചേച്ചി ചൂടുവെള്ളവും തോർത്തുംകൊണ്ട് അമ്മയുടെ വേദനയൊപ്പാൻ വെറുതെ ശ്രമിക്കും.
എല്ലാ തേങ്ങലുകളും തൊഴിലിന്റെ ഭാഗമെന്നോർത്തു മറക്കണമെന്ന നേഴ്സിംഗ് ടീച്ചറുടെ ഉപദേശമെടുത്തു നെഞ്ചുമൂടി സുജാത വീണ്ടും ഉറക്കത്തെ വിളിച്ചു.

            ( 2002- ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത്.)

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക