Image

വിശ്വാസം അതല്ലേ എല്ലാം! കഥ,  അരുൺ വി സജീവ് 

Published on 03 May, 2022
വിശ്വാസം അതല്ലേ എല്ലാം! കഥ,  അരുൺ വി സജീവ് 



ഇംഗ്ലീഷ് ഗ്രാമർക്ലാസ്സിൽ പഠിച്ച, ഡിഗ്രീസ് ഓഫ് കംപാരിസൺ പ്രകാരം, കാമുകനായ ഗോകുലനേയും, ഭാവി വരനായ ജിതനേയും തുലനം ചെയ്തുനോക്കിയപ്പോഴാണ് ശ്രീലക്ഷ്മിക്ക്, ഗോകുലൻ തന്റെ ചവിട്ടടിയിലെ അച്ചിളായത് !. വൈകുനേരത്തെ ചായക്കോപ്പയുമായി പിൻവശത്തെ കൊച്ചുതിണ്ണയിലിരുന്ന് എങ്ങനെയൊക്കെ ചിന്തിച്ചിട്ടും.. ഗോകുലന്, ഗൾഫുകാരനായ ജിതന്റെ ഒപ്പം പോയിട്ട് സമീപത്തു പോലും എത്താനുള്ള ഒരു യോഗ്യതയും അവൾക്കു കാണാൻ കഴിഞ്ഞില്ല. തന്നെയുമല്ല തന്റെ മൂത്തചേച്ചിമാരായ ശ്രീപ്രിയക്കും, ശ്രീഭദ്രക്കും ലഭിച്ചതു പോലെ  ലാസ്റ്റ്ഗ്രേഡ് സർക്കാരുദ്യോഗസ്ഥനൊന്നുമല്ല ജിതൻ. അവരേക്കാളുമേറെ സാമ്പത്തിക നിലയുള്ള, കണ്ടാൽ സിനിമാ നടൻ കുഞ്ചാക്കോ ബോബനേപ്പോലിരിക്കുന്ന ഒരു സുന്ദരൻ. തത്ഫലമായി അവളുടെ ചിന്തകളിൽ ജിതൻ വാനോളം ഉയരത്തിലുളള സൂപ്പർലെറ്റീവും, ഗോകുലൻ പാതാളത്തോളം താഴ്ന്ന പോസിറ്റീവുമായി !.

കവലയിൽ സ്റ്റേഷനറി കച്ചവടം നടത്തിയിരുന്ന ഗോകുലന്, തന്റെമേൽ ഒരു കണ്ണുള്ളത് അവൾ തിരിച്ചറിഞ്ഞിട്ട് കാലംകുറെ ആയിരുന്നു. ആ വകയിൽ കിട്ടിയ മഞ്ചും, ഡയറിമിൽക്കുമൊന്നും അവളൊട്ടു വാങ്ങാതിരുന്നുമില്ല. എന്നാൽ ഇതതുപോലെ വല്ലതുമാണോ,വർണ്ണക്കടലാസിൽ പൊതിഞ്ഞ മിഠായി പോലാണോ ജീവിതം?!. അവളുടെ നാവിൽനിന്നും ഗോകുലൻ തന്ന മിഠായിമധുരം അലിഞ്ഞില്ലാതായതുപോലെ അവനെക്കുറിച്ചുള്ള ഓർമ്മകളും അകന്നുപോയി. പകരം, ചിന്തകളിലാകെ ഗൾഫിലെ ഊദിന്റെയും, അത്തറിന്റെയും സുഗന്ധം പരത്തുന്ന ജിതൻ വന്നുനിറയുകയും ചെയ്തു. അമ്പലത്തിലേക്കിറങ്ങാൻ തുടങ്ങിയ ഭവാനിയമ്മ മകളുടെ ആ ഇരിപ്പുകണ്ട് ചെറു ചിരിയോടെ പറഞ്ഞു " ഇതു നിന്റെ മഹാഭാഗ്യമാ മോളെ, വ്രതംനോറ്റ്  നാരങ്ങാവിളക്കെടുത്തതിന്റെ പുണ്യം!. "
******


പതിവിലധികം കസ്റ്റമേർസുണ്ടായിരുന്ന ആ വൈകുന്നേരം ഗോകുലൻ നല്ല തിരക്കിലായിരുന്നു. കടലമാവും, ആട്ടപ്പൊടിയും,ലൈഫ്ബോയ്  സോപ്പുമൊക്കെ അവന്റെ കൈകളിലൂടെ ഇടതടവില്ലാതെ പലചരക്ക് വാങ്ങാനെത്തിയവരുടെ സഞ്ചികളിലേക്ക് ഒഴുകിക്കൊണ്ടിരുന്നു. കാശുവാങ്ങി പെട്ടിയിലിട്ടശേഷം, ഊഴം കാത്തുനില്ക്കുന്നവർക്കിടയിലേക്ക് അവനൊന്ന് നോക്കിയപ്പോൾ,നിരയിൽ ഒരു കഷണ്ടിത്തല തെളിഞ്ഞുകണ്ടു. അന്നേരം ഗോകുലന്റെ ഉടുമുണ്ടിന്റെ മടക്കിക്കുത്ത് അവൻ പോലുമറിയാതെ അഴിഞ്ഞ നിലയിലായി !. അത് പൊങ്ങൻ ഗോപാലേട്ടനായിരുന്നു. ശ്രീലക്ഷ്മിയുടെ അച്ഛൻ. മൂന്നു പെൺമക്കളെ ചുമലിലേറ്റിയ ജീവിതഭാരം കൊണ്ട് തലയിലെ മുടിപോലെ അധീനതയിലെ സ്വത്തുവകകളും നഷ്ടപ്പെട്ടുപോയൊരു നിസ്സഹായൻ. ഭാവിയിലെ അമ്മായി അപ്പനെ ബഹുമാനിക്കാനുള്ള തരം ഗോകുലന്റെ ഉടുമുണ്ടിനുപോലും ആ കാലയളവിനുള്ളിൽ ശീലമായിരുന്നു. അതാണാ തല കണ്ടതും അവൻ പോലുമറിയാതെ അവന്റെ മടക്കിക്കുത്തഴിഞ്ഞത്.

"ഗോപാലേട്ടാ മോളുടെ കല്ല്യാണം ഏതാണ്ട് തീരുമാനമായെന്ന് കേട്ടു.?" കടവരാന്തയുടെ ബെഞ്ചിലിരുന്ന് സമയം ഉന്താനായ്, കരു ഉന്തിക്കൊണ്ടിരുന്ന ഉള്ളാടൻ ഉണ്ണിയുടെ വകയായിരുന്നു ആ ചോദ്യം.

പൊങ്ങൻ ഗോപാലനിലെ സ്വയംപൊങ്ങി നൊടിയിടയിൽ കുതിച്ചുയർന്നു.
"ഉവ്വെടാ.. ചെറക്കൻ പേർഷ്യാക്കാരനാ. അവന് ലീവധികമില്ല, അടുത്തമാസം തിരിച്ചുപോണം. അതിനെടേ കല്യാണം നടത്തണം. ഉടനെതന്നെ ഉണ്ടാകും. എന്നെക്കൊണ്ട് എടുത്താ പൊങ്ങണ ബന്ധമൊന്നുമല്ല. വല്ല്യ കുടുംബക്കാരും ആസ്തിയുള്ള കൂട്ടരും ഒക്കെയാ അവര് .കിഴക്കേപ്പൊറത്തെ തെങ്ങിൻതോപ്പ്
 ലാസറ് തരകന് അഡ്വാൻസാക്കി. ഇനി അതേ ബാക്കിയുണ്ടായിരുന്നുള്ളൂ. " 

വരുന്ന ചിങ്ങത്തിൽ, വീട്ടുകാരെ പറഞ്ഞുവിട്ട് ഔദ്യോഗികമായി പെണ്ണ് ചോദിക്കാനൊരുങ്ങിയിരുന്ന ഗോകുലന്റെ തലയിൽ വീണ വെള്ളിടിയായിരുന്നു ഗോപാലന്റെയാ മറുപടി. ഇതു കേട്ടതും, തുലാസിന്റെ തട്ടിലേക്ക് അവൻ വെച്ച രണ്ട്കിലോയുടെ ഒരു തൂക്കുകട്ടി, കൈവഴുതി അവന്റെ കാലിലേക്ക് വീണു. മറുതട്ടിലിരുന്ന പഞ്ചസാര നിലതെറ്റി തറയിലാകെ തൂവി. കൂടി നിന്നവരുടെ ഒരുമിച്ചുള്ള "അയ്യോ" എന്ന ആരവത്തിനിടയിൽ അവന്റെ കരളു പിടഞ്ഞ ശബ്ദം അലിഞ്ഞില്ലാതായിപ്പോയി. 

ഇരുട്ടിവെളുത്ത്, ഒന്നുരണ്ട് ദിവസങ്ങൾ കൂടി ആ നാട്ടുകാരുടെ ജീവിതത്തിലൂടെ കൊഴിഞ്ഞു. മൂന്നിന്റന്ന് ആ വാർത്ത കേട്ടവരൊക്കെ അത്ഭുതം കൂറിക്കൊണ്ട് പറഞ്ഞു "ഇത് അതിശയം തന്നെ !. നാട്ടുകാരുടെ മുജ്ജന്മ സുകൃതം. അല്ലാതിപ്പോൾ ഇതെങ്ങനെ സംഭവിച്ചു..?
 "അർദ്ധകായ പ്രതിമയാ "
സ്വയം ഭൂവായിരിക്കണത് ! "

" കൊച്ചു വെളുപ്പാൻകാലത്ത് മടല് പെറുക്കാനെത്തിയ കിഴക്കേപ്പാട്ടെ ജാനുവാ ആദ്യം കണ്ടത്. ഓലമാറ്റിയതും ചെളിയിൽ പുതഞ്ഞതാ കിടക്കുന്നു ഭഗവാൻ. പെട്ടെന്ന് "ശൂ " എന്നൊരു ശബ്ദവും,ദിവ്യജ്യോതിയും തെളിഞ്ഞു. എനിക്ക് ഭഗവാന്റെ മുതല് വേണ്ടായെ എന്നലറി കയ്യിലിരുന്ന തേങ്ങയും താഴെയിട്ട് ഒറ്റ ഓട്ടമായിരുന്നു പോലും .
അവളുടെ ആ ഓട്ടം കണ്ടതും, ബീഡിയും കത്തിച്ച്   ആശാരി ശശി അങ്ങോട്ടേക്ക് ചെന്നു. പിന്നെ അവനാ കവലേല് വന്ന് വിവരം പറഞ്ഞത്. " 
കപ്പിൽ കൂട്ടിയ ചായ ഉയരത്തിൽനിന്നും കൃത്യം ഗ്ലാസ്സിലേക്ക് വീഴിച്ച് ചായക്കടക്കാരൻ കേശവൻ നായര് പറഞ്ഞു.
"ദേശം, കെട്ട് മുടിയാതിരിക്കാൻവേണ്ടി അവതാരം കൊണ്ടതാ ഭഗവാൻ. ഗീതയിൽ ഗ്ലാനിർ ഭവതി ഭാരതായെന്ന് പറഞ്ഞു വെച്ചിരിക്കുന്നത് വെറുതെയായില്ല. ക്രിസ്ത്യാനികളല്ലയോ നായന്മാരുടെ ആസ്തികള് മുഴുവൻ വെലക്കെടുക്കുന്നത്. ആ അധർമ്മം ഭഗവാന് പൊറുക്കാൻ കഴിഞ്ഞില്ല. എന്റെ മുതല് ഞാൻ കൈവിടില്ലെന്ന് നേരിട്ടങ്ങട് കാട്ടിത്തന്നു. " 
ചായഗ്ലാസ്സ് ഡെസ്കിലേക്ക് ആഞ്ഞു വെച്ചുകൊണ്ട് കേശവൻ നായർ വരണോരോടും  പോണോരോടും ഇക്കാര്യം സഹസ്രനാമംപോലെ  ഉരുക്കഴിച്ചു.

അങ്ങനെ പൊങ്ങൻ ഗോപാലൻ നായരുടെ തെങ്ങുംപറമ്പ് അന്ന് മൂന്നിഞ്ചു മുതൽ പത്തിഞ്ചുവരെയുളള കാലടിപ്പാടുകളാൽ ഉഴുതുമറിക്കപ്പെട്ടു. സ്വയംഭൂവായ വിഗ്രഹം കണ്ടിടത്തിനുചുറ്റും ഒറ്റപ്പിരിയൻ ചകിരിക്കയർ വേലിതീർത്തു. ആശാരി ശശി എല്ലാത്തിനും മുൻപന്തിയിൽ നിന്നു. അവന്റെ ഉള്ളിലപ്പോൾ അവിടെ ഉയരാൻ പോകുന്ന അമ്പലത്തിന്റെ തടിപ്പണിക്ക് തനിക്ക് കിട്ടാൻപോകുന്ന തച്ചിനെക്കുറിച്ചുള്ള ചിന്തമാത്രമായിരുന്നു.

പ്രശ്നം വെപ്പിക്കണമെന്ന് പറഞ്ഞ് പഴമുറക്കാർ കൃഷ്ണൻ ജ്യോത്സ്യനു വേണ്ടി ആരവമിട്ടു. ഇതുവരെ പ്രവചനങ്ങളൊന്നും പിഴക്കാത്ത ആളാണ്!. ഉപ്പിടാം കുന്നിലെ ഗരുഢ ഭഗവാന്റെ കാലടിപ്പാടുവരെ ഗണിച്ച് കണ്ടുപിടിച്ചയാൾ. അത് കാലടിയൊന്നുമല്ലെന്നും പാറപൊട്ടിക്കാനായി തമരടിച്ചതിന്റെ പാടാണന്നു പറഞ്ഞു ജ്യോത്സ്യനെ പരിഹസിച്ച വെളച്ചിപ്പറമ്പിലെ രാജൻ ചോര തുപ്പിയാ ചത്തത്!. അത്രക്ക് കേമനായ ജ്യോത്സനാ. അവർ ഏകസ്വരത്തിൽ പറഞ്ഞു.

കൃഷ്ണൻ ജ്യോത്സ്യനെ വിളിക്കാൻ ഇളമുറയിലൊരാൾ കാറുമായി പോയി. തെക്കുനിന്നും കാറിലാളുവന്നു. വടക്ക് പടിഞ്ഞാറ് കണക്കാക്കി പറമ്പിൽ തടുക്ക്പായ നിവർന്നു. കിഴക്ക് തിരിഞ്ഞ് ജ്യോത്സൻ ആവണപ്പലകയിലിരുന്നു, പലകയിൽ കവിടി നിരന്നു. കരുക്കൾ കൈക്കുള്ളിലാക്കി കറക്കുമ്പോൾ ഇളവെയിലേറ്റു തിളങ്ങിയ അഞ്ചുവിരലിലേയും സ്വർണ്ണ മോതിരങ്ങളുടെ പ്രഭയിൽ ചുറ്റും നിന്നവരുടെ കണ്ണു മഞ്ഞളിച്ചു.

പല മൂലയിലേക്ക് നീക്കിയ കരുക്കൂട്ടത്തിൽ നോക്കി കുംഭയുഴിഞ്ഞ് ജോത്സ്യര് പരിഹാരം പറഞ്ഞു. ഇരിപ്പിടംവേണം.. മഴയും,വെയിലും കൊള്ളാതെ. അതാ ദേവൻ ആവശ്യപ്പെടുന്നത്. പ്രശ്നത്തിൽ അതുകണ്ടു. ജോത്സ്യനെഴുന്നേറ്റു, കൈത്തണ്ടയിൽ അഴിഞ്ഞുകിടന്ന റാഡോവാച്ച് മുറുക്കിക്കെട്ടി. ഇരുകൈകളും കൂപ്പി ധ്യാനത്തിൽനിന്ന ജ്യോത്സ്യന്റെ ഒറ്റമുണ്ടിനിടയിലൂടെ വെളിയിൽ തെളിഞ്ഞുകണ്ട കോണകവാലിനെ നോക്കി  "അതെന്തുവാ ആ ചേട്ടന്റെ പീപ്പി പുറകിലെന്ന് " നാലു വയസ്സുകാരൻ വിനുക്കുട്ടൻ ചോദിച്ചു. "ദൈവകോപം വരുത്തരുതെന്ന് പറഞ്ഞ് " മുത്തശ്ശി അവനെ ശാസിച്ചു. 

പറമ്പുവാങ്ങാനെത്തിയ ലാസറ് തരകൻ തീ കൊണ്ടു തലചൊറിയാൻ ഞാനില്ലെന്നു പറഞ്ഞ് അഡ്വാൻസ്പണം തിരികെ വാങ്ങി. പെട്ടെന്ന് നടത്താൻ പറ്റാതെ വന്നതിനാൽ ശ്രീലക്ഷ്മയുടെ നിശ്ചയിച്ച കെട്ടുമുടങ്ങി. ഗൾഫുകാരൻ ജിതൻ വേറെ കെട്ടി. പൊങ്ങൻ ഗോപാലൻ നെഞ്ചു തടവി. കവിളിലെ ഉപ്പ് ചുണ്ടിലേക്ക് പടർന്നപ്പോൾ, ഡയറി മിൽക്കിന്റെ ഒരു മിഠായി കിട്ടിയിരുന്നെങ്കിൽ കൊള്ളാമായിരുന്നുവെന്ന് 
ശ്രീലക്ഷ്മിക്ക് തോന്നി. അവളുടെ ചിന്തകളിൽ അത്തറ് ഗന്ധത്തേക്കാൾ, ആ മധുരം വന്നുനിറയാൻ തുടങ്ങി. 
*****


കുളിക്കുന്നതിനിടയിൽ വീടിനുപിന്നിലെ കുളത്തിൽ പതിവുപോലെ മുങ്ങാംകുഴിയിട്ട ഗോകുലൻ, ആഴത്തിലേക്കു നീന്തിച്ചെന്ന് പായലുകളുടെ ഇടയിൽക്കിടന്ന ഒരു കരിങ്കൽ പാളിയിൽതൊട്ടു. കഴിഞ്ഞമാസം അവൻ പൊങ്ങൻ ഗോപാലന്റെ പറമ്പിൽ ഇരുചെവിയറിയാതെ കൊണ്ടുപോയിട്ട അർദ്ധകായ വിഗ്രഹത്തിന്റെ ബാക്കി ഭാഗമായിരുന്നു അത്. ഉടഞ്ഞു പോയതുകൊണ്ട്, പണ്ടെങ്ങോ ഉപേക്ഷിച്ച, വിഗ്രഹത്തിന്റെ അരക്കുതാഴോട്ടുള്ള ഭാഗം.

കാലം പിന്നെയും കുറെക്കഴിഞ്ഞു. പൊങ്ങൻ ഗോപാലന്റെ തെങ്ങുംപറമ്പിൽ ക്ഷേത്രമുയർന്നു. വിശ്വാസികൾ ഒഴുകിയണഞ്ഞു.ഗ്രാമമാകെ ചെറുകിട കച്ചവടക്കാരെക്കൊണ്ടു നിറഞ്ഞു .സോഡാസർബത്തു വിറ്റും , മോരുംവെള്ളം വിറ്റും , ലോട്ടറിവിറ്റും അവർക്ക് സാമ്പത്തികാഭിവുദ്ധിയുണ്ടായി. എല്ലാം ഭഗവാന്റെ കൃപയായിക്കണ്ട് അവർ  ആമോദിച്ചു. തിരുനടക്കുമുന്നിൽ ലോട്ടറി വിറ്റുകൊണ്ടിരുന്ന ചട്ടൻ രാമന് വിൽക്കാതെ അവശേഷിച്ച ലോട്ടറിയിൽ ഒന്നാം സമ്മാനം ലഭിച്ചു. വാർത്ത കേട്ടറിഞ്ഞ ആളുകൾ ദൂരെ ദിക്കുകളിൽ നിന്നും ലോട്ടറിയെടുക്കാൻ ഓട്ടോ പിടിച്ചുവന്നു. അത്ഭുത രോഗശാന്തിക്കായി ചരൽവിരിച്ച പറമ്പിൽ മുട്ടുകുത്തിനിന്ന് അവർ പ്രാർത്ഥിച്ചു. ചിലർ മുട്ട് നൊമ്പരപ്പെട്ട് എഴുന്നേറ്റുനിന്നു. ചിലർ 
വേദനകടിച്ചമർത്തി പിന്നെയും അവിടെത്തന്നെ ഇരുന്നു. പൊങ്ങൻ ഗോപാലൻ, മകളുടെ മംഗല്യ ഭാഗ്യത്തിനായ് സ്വയംഭൂ ദേവന്റെ അർദ്ധകായ പ്രതിമയിരിക്കുന്ന അമ്പലത്തിനുചുറ്റും ശയനപ്രദിക്ഷണം നടത്തി. ആ പ്രാർത്ഥന ഫലംകണ്ടു. പിറ്റത്തെ ഞായറാഴ്ച്ച ഗോകുലന്റെ വീട്ടുകാർ പെണ്ണുചോദിക്കാൻ പൊങ്ങൻ ഗോപാലന്റെ വീട്ടിലെത്തി. 

അടുത്തദിവസം രാവിലെ കുളത്തിൽ മുങ്ങാംകുഴിയിട്ട ഗോകുലൻ ഒരു കാര്യംകൂടി ചെയ്തു. പ്രതിമയുടെ ബാക്കിഭാഗം  പുറത്തെടുത്ത് രഹസ്യമായ് കൊണ്ടുപോയി അള്ളുപാറയുടെ ഇടുക്കിലേക്ക് വലിച്ചെറിഞ്ഞു. വിശ്വാസം അതല്ലേ എല്ലാം.. അതിന് ഒരുതരത്തിലും ഭംഗം വരരുതല്ലോ !

അരുൺ 

Join WhatsApp News
രാജീവ് പഴുവിൽ 2022-05-07 01:55:47
അരുൺ ഭായ്ന - ന്നായി എഴുതി. പതിവുപോലെ, നർമ്മത്തിന്റെ അടിയോഴുക്ക് അവിടവിടെ കാണാം. ആശംസകൾ.❤❤👌
[ഗദ്യ ഹൈക്കു.] 2022-05-08 01:00:22
കുറെ ചിതറിയ ചിന്തകൾ :- [ഗദ്യ ഹൈക്കു.] 1]* നീ എന്നെ ഒരിക്കലും ഓർക്കില്ല എന്ന് എനിക്കറിയാം എങ്കിലും ഒരിക്കലും എനിക്ക് നിന്നെ മറക്കാൻ കഴിയില്ല. നിന്നെ ഞാൻ ഇന്നും കാത്തുനിൽക്കുന്നു ഇ ബസ്സ് സ്റ്റാൻഡിൽ. 2] കാറ്റിൽ ആടും വന മുല്ലപോലെ ഞാൻ നിന്നെ പുണരാൻ വന്നു; പക്ഷെ നീ എന്നെ കാണാത്ത മട്ടിൽ എതിരെ വന്ന ഓട്ടോയിൽ കയറി മറഞ്ഞു. 3] ദൈവം സാക്ഷിആയി ഞാൻ നിൻ കഴുത്തിൽ താലി ചാർത്തി. പക്ഷെ ദൈവംപോലും അറിയാതെ നീ ഒളിച്ചോടി. 4] പ്രണയത്തെയും പൂക്കളെയും കുറിച്ചല്ലാതെ എനിക്ക് പറയുവാൻ അനേകം ഉണ്ട് പക്ഷെ കേൾക്കുവാൻ ആരും ഇല്ല. 5] നമുക്കിനി മറക്കാം; മണലിൽ എഴുതിയ ആദ്യ അക്ഷരങ്ങൾ പോലെ. 6] നീ ചാർത്തിയ താലി എൻ കഴുത്തിൽ ഫണം ഉയർത്തിയ കാർക്കോടകൻ, 7] ഉറുമ്പു കരളുന്ന പൂക്കളെപ്പോലെ എൻറ്റെ യൗവനം, തേൻ നുകരാൻ ഒരു പൂമ്പാറ്റയും വന്നില്ല. 8] ഞാൻ മറന്ന പേരുകളുടെ കൂടെ എൻ്റെ പേര് കൂടി ഞാൻ ചേർത്തു, ഹാ എന്തു സുഖം. 9] വേലിക്കു മുകളിൽ കൈ ഇട്ടു തലോടുന്നു വാഴ; ശൂന്യമായ എൻ കഴുത്തിൽ നോക്കി പൊട്ടിച്ചിരിക്കുന്നു വാലിട്ടെഴുതിയ വാൽക്കണ്ണാടി. 10] എന്നിലെ എന്നെ തേടി ഞാൻ അലഞ്ഞു, ഷീണിച്ചു തളർന്നു ഞാൻ മരച്ചുവട്ടിൽ ഇരുന്നു. ഭ്രാന്തൻ എന്ന് കരുതി അവർ എൻ മുന്നിൽ അവർ കളയുവാൻ കൊതിച്ച നാണയങ്ങൾ എറിഞ്ഞു. ഞാൻ പൊട്ടിച്ചിരിച്ചു, അവർ വീണ്ടും ചില്ലിക്കാശുകൾ എനിക്ക് നേരെ എറിഞ്ഞു. ഹാ! ഹ!; ചിരിക്കണോ ഞാൻ മരിക്കുംവരെ!!!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക