Image

പെണ്ണിന്റെ പ്രതികാരത്തിന്റെ തീച്ചൂടിൽ കത്തുന്നവർ (ശ്രീപാര്‍വതി)

Published on 09 May, 2022
പെണ്ണിന്റെ പ്രതികാരത്തിന്റെ തീച്ചൂടിൽ കത്തുന്നവർ (ശ്രീപാര്‍വതി)

ജീവിതവും കുടുംബവും നശിപ്പിച്ചവരോടുള്ള പ്രതികാരം കാലങ്ങൾക്ക് മുൻപേ സിനിമകൾക്ക് കഥകളായിട്ടുണ്ട്. പക്ഷെ അവയെല്ലാം ഇങ്ങനെയായിരുന്നു, ഭാര്യയെയും അല്ലെങ്കിൽ കാമുകിയെയും മക്കളെയും കൊന്നു തീർത്തവരെ തേടിപ്പിടിച്ച് നാളുകൾ കാത്തിരുന്നു ഓരോരുത്തരെയായി ഇല്ലാതാക്കുന്ന പുരുഷന്മാരുടെ പക. അതുമല്ലെങ്കിൽ പക സ്ത്രീയുടെ ഉള്ളിലെങ്കിൽ വര്ഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ശരീരം കാട്ടി മോഹിപ്പിച്ച് ശത്രുവിനെ തന്റെ ഇടത്തിലേക്കെത്തിക്കുന്ന സ്ത്രീകൾ, അല്ലെങ്കിൽ ഗാന്ധാരി സിനിമയിൽ എന്ന പോലെ ശത്രുവിനെ തകർക്കാൻ കൂടെ കൂടുന്ന കുറെയധികം മനുഷ്യർ. സ്ത്രീയുടെ പക എരിയുന്ന ഗാന്ധാരി എന്ന മാധവിയുടെ ചിത്രം ഇത്തരുണത്തിൽ ഒരിക്കലും മറക്കാനാവുന്നതല്ല. പക്ഷെ ഒരിടത്തും വേദനയിൽ നീറുന്ന ആ സമയത്ത് പകയെരിച്ച് ശത്രുവിനെതിരെ പടയിറങ്ങുന്ന സ്ത്രീയെ പോയിട്ട് പുരുഷനെപ്പോലെ കണ്ടു കിട്ടാൻ ബുദ്ധിമുട്ടാണ്. അവിടെയാണ് സാനി കായിദം എന്ന കീർത്തി സുരേഷ് നായികയായ ചിത്രം ചർച്ചയാവുന്നത്.

2021 പുറത്തിറങ്ങിയ റോക്കി എന്ന ഗ്യാങ്‌സ്റ്റർ സിനിമയ്ക്ക് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ചിത്രമാണ് സാനി കായിദം. രണ്ടും വയലന്സിന് പ്രാധാന്യമുള്ള ചിത്രങ്ങളുമാണ്. പക്ഷെ മറ്റേതൊരു ചിത്രങ്ങളെക്കാളും സാനി കായിദം അതിന്റെ അതിരുകൾ തകർത്തെറിയുന്നുണ്ട്. പകയും പ്രതികാരവും പോലുമില്ലാതെ മനുഷ്യരെ പച്ചക്ക് , അതി ക്രൂരമായി ശിക്ഷിക്കുന്ന നിരവധി ഡാർക്ക് മൂടുള്ള ഇംഗ്ലീഷ് കൊറിയൻ ത്രില്ലറുകളുണ്ട്. അവയുടെ മൂഡാണ് സാനി കായിദം. പക്ഷെ ഇവിടെ പ്രതികാരം ചെയ്യുന്ന വ്യക്തിയ്ക്ക് എതിരെ നിൽക്കുന്നവരോട് കൃത്യമായ പകയുണ്ട്.

സ്വാഭാവികമായും തമിഴ് സിനിമകളിലെ ഏറ്റവും വലിയ ഇരുണ്ട ചിന്ത എന്നത് ജാതിയും സമുദായവും തന്നെയാണ്. ചിന്തിക്കാൻ പോലും പറ്റാത്ത അത്ര ജാതി വെറി മനസ്സിൽ കൊണ്ട് നടക്കുന്ന വലിയൊരു വിഭാഗം ഇപ്പോഴും പല രാജ്യങ്ങളിലുമുണ്ട്, പ്രത്യേകിച്ച് ഇന്ത്യൻ ഗ്രാമങ്ങളിൽ. അതിലൊന്നാണ് തമിഴ്‌നാടും അവിടുത്തെ പല ഗ്രാമങ്ങളും. എല്ലാ രീതിയിലും മനുഷ്യർ മെച്ചപ്പെടുകയും വികസിക്കുകയും ചെയ്യുന്നുണ്ടെങ്കിലും സമൂഹത്തെ ചൂഷണം ചെയ്തു നാളുകളായി ജീവിച്ചിരുന്ന സാമ്പത്തികമായും ജാതീയമായും മുന്നിൽ നിൽക്കുന്ന സമൂഹത്തിന്റെ മാനസിക നിലകളെ മാറ്റാൻ ഒരു കാലത്തിനുമായിട്ടില്ല. ആ സത്യത്തെ അതിന്റെ ഏറ്റവും ക്രൂരമായ നിലയിൽ അരുൺ മാതേശ്വരം ഈ ചിത്രത്തിൽ കാണിക്കുന്നു.

ഗ്രാമത്തിലെ പോലീസ് സ്റ്റേഷനിലെ ഒരേയൊരു (ലേഡി) കോൺസ്റ്റബിളാണ് പൊന്നി. അവൾക്ക് ഭർത്താവും ഒരു മകളും. ജാതീയതയുടെ അവഗണനയും സാമൂഹിക ബുദ്ധിമുട്ടുകളും മാരി എന്ന അയാളെ അസഹിഷ്ണുവായ ഒരാളാക്കി മാറ്റുന്നുണ്ട്. താൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന വിവേചനങ്ങൾക്കെതിരെ സംസാരിക്കാനും വിപ്ലവം നയിക്കാനും അയാൾ അതുകൊണ്ടാണ് മുതിരുന്നത്. പക്ഷെ ഒറ്റപ്പെട്ട വിപ്ലവങ്ങൾ അടിച്ചമർത്താൻ അധികാരമുള്ളവർക്ക് എളുപ്പമാണ്. തന്റെ മുഖത്ത് തുപ്പിയ മാരിയേയും അയാളുടെ ഭാര്യ പൊന്നിയെയും മകളെയും ഇല്ലാതാക്കാനുള്ള പ്രതികാരമാണ് പിന്നീട് നടക്കുന്നത്.

സാനി കായിദം, പൊന്നിയുടെ പകയുടെ കഥയാണ്. തന്റെ കുടുംബം നശിപ്പിച്ച ബൂർഷ്വാ മുതലാളിമാരോട് പ്രതികാരം ചെയ്യാൻ അവൾ കാലങ്ങൾ കാത്തിരിക്കുന്നില്ല. സ്വന്തം സഹോദരൻ തുണയ്ക്ക് അവളുടെ കൂടെ കൂടുമ്പോഴും അവൾക്ക് അയാളുടെ ഉൾപ്പെടെ ആരുടെയും സഹായം ആവശ്യമില്ല. പക്ഷെ സമാനമായ ദുരന്തം ജീവിതത്തിൽ സംഭവിച്ച സഹോദരനെ അവൾ കൂടെ കൂട്ടുന്നത് തങ്ങളുടെ യുദ്ധം ജാതീയതയ്ക്ക് എതിരെ ആയതുകൊണ്ട് തന്നെയാണ്. ഏറ്റവും ക്രൂരമായാണ് പൊന്നി ഓരോരുത്തരെയും തന്റെ പ്രതികാരത്തിന്റെ തീയിൽ കൊളുത്തി വിടുന്നത്.

അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട ഒരു സ്ത്രീയെ എങ്ങനെയാണ് സമൂഹം കാണുന്നത്? അവളുടെ പേര് പോലും ഉച്ചത്തിൽ പറയാൻ സമൂഹം മടിക്കുന്നു, അവൾ താമസിക്കുന്ന നാടിന്റെ പേരിലാണ് പിന്നെയവരുടെ അസ്തിത്വം. ആ പെൺകുട്ടി പ്രതികാരം ചെയ്യാനോ? ചിന്തിക്കാൻ പോലുമാകാത്ത അത്തരമൊരു അവസ്ഥയിലാണ് ബലാത്സംഗം നടന്ന ഇടത്തു നിന്നും തന്നെ "തൊട്ട" ഓരോരുത്തരെയും അവൾ തകർത്തെറിയുന്നത്. ഒരു നാട്ടിൻപുറത്തെ പെൺകുട്ടിക്ക് കഴിയില്ലെന്ന് വിധിയെഴുതുന്ന മദ്ദനമുറകളും ഡ്രൈവിങ്ങും എല്ലാം ഒരു പോലീസ് കോൺസ്റ്റബിൾ ആയതിനാൽ അവൾക്ക് കിട്ടിയ പോസിറ്റീവ് ഫാക്ടറുകളാണ്.

സിനിമ ആദ്യാവസാനം ഡാർക്ക് ഷേഡിൽ അതി ഗൗരവത്തോടെ മുന്നോട്ടു പോകുന്ന സീനുകളാണ്. സാധാരണ ഇത്തരം കഥകൾ പറയുന്ന സിനിമയാണെങ്കിൽപ്പോലും പുട്ടിനു പീര എന്ന പോലെ തമാശയ്ക്കായി മാത്രം സൃഷ്ടിക്കുന്ന രാഷ്ട്രീയ തിരുത്തുകളില്ലാത്ത ഡയലോഗുകളില്ല. വളരെ കൃത്യമായി നേരെ വാ നേരെ പോ എന്ന പോലെ രാഷ്ട്രീയവും സത്യങ്ങളും പറഞ്ഞു പോകുന്നു. അതുകൊണ്ടു തന്നെ ത്രില്ലറിന്റെ സ്വഭാവം ഒട്ടും കൈവിട്ടു പോയിട്ടുമില്ല. ഡാർക്ക് മൂഡ് ഇഷ്ടപ്പെടുന്ന രാഷ്ട്രീയ തിരുത്തലുകൾ വരുത്താനാഗ്രഹിക്കുന്ന പതിനെട്ടു വയസ്സിനു മുകളിലുള്ള പ്രേക്ഷകർക്ക് സിനിമ പ്രൈമിൽ സിനിമ കാണാം. 
                                    

Join WhatsApp News
സമസ്ത X women 2022-05-14 23:09:03
സ്ത്രീപുരുഷന്മാർ ഇടപഴകുന്നത് സമസ്തയുടെ രീതിയല്ലെന്ന പ്രതികരണവുമായി ജിഫ്രി മുത്തുക്കോയ തങ്ങൾ ഉൾപ്പെടെയുള്ള സമസ്ത പ്രതിനിധികൾ #Samastha #samasthakeralajamiyyathululama #samasthakerala #MathrubhumiNews
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക