Image

ലഡ്ഡു (കഥ: ഡോ എം ഷാജഹാൻ)

Published on 12 May, 2022
ലഡ്ഡു (കഥ: ഡോ എം ഷാജഹാൻ)

എന്തിനാണ് തന്നെ  ഡോക്ടറുടെ അടുത്ത് കൊണ്ടുവന്നിരിക്കുന്നത് എന്ന മട്ടിലാണ് പയ്യൻ. അമ്മ പക്ഷേ വലിയ വേവലാതിയിൽ വിഷയം അവതരിപ്പിക്കുന്നു.
"ഛർദ്ദി വയറുവേദന"
ഏയ് അങ്ങനെയൊന്നുമില്ല അമ്മ വെറുതെ പറയുകയാണ് എന്ന മട്ടിൽ പയ്യൻ പുഞ്ചിരിച്ചു. ഡോക്ടർ വയറിൽ നന്നായൊന്ന് അമർത്തിയശേഷം ചോദിച്ചു,
" പതിവില്ലാത്ത വല്ലതും കഴിച്ചോ?"
"ഇല്ല" രണ്ടു പേരുടെയും ഉത്തരം ഒരുമിച്ച്.
പിന്നെ പയ്യൻ ഓർത്തെടുത്തു പറഞ്ഞു 
"രണ്ടു ലഡ്ഡു കഴിച്ചു"
"ആര് കൊണ്ടു വന്നതാ ?"
"അച്ഛൻ"
" അച്ഛൻ എത്ര ലഡു കൊണ്ടുവന്നു?"
"പത്ത്"
 "നിങ്ങൾ കുട്ടികൾ എത്ര എണ്ണം തിന്നു?"
" മൂന്നാളും രണ്ടെണ്ണം വീതം"
"അമ്മ തിന്നില്ലെ?"
 "അറിയില്ല "
"ചോദിച്ചു നോക്കൂ.. അമ്മയോട്"
 മകൻ അമ്മയെ ആദ്യമായി കാണുന്നതുപോലെ ചോദിച്ചു .
"അമ്മ തിന്നിരുന്നോ?"
"ഞാൻ തിന്നില്ല" അമ്മ.
മകൻ ആ ഉത്തരത്തിൽ തൃപ്തനായി ഡോക്ടറെ നോക്കി. ഡോക്ടർ വീണ്ടും പ്രോത്സാഹിപ്പിച്ചു. "എന്തുകൊണ്ടാണ് അമ്മ കഴിക്കാഞ്ഞത് എന്ന് ചോദിക്കൂ.. ലഡ്ഡു ഇഷ്ടമല്ലാത്ത ആരെങ്കിലുമുണ്ടോ?"
"എന്താ അമ്മ കഴിക്കാഞ്ഞത് ?"മകൻ.
"എനിക്ക് ലഡു വലിയ ഇഷ്ടമല്ല" അമ്മ.
പിന്നെ ഡോക്ടർ അമ്മയോട് ആയി ചോദിച്ചു 
"ഒന്ന് നിങ്ങൾ ഭർത്താവിനെ തീറ്റിച്ചു അല്ലേ?"
" അതെ"
" ബാക്കി മൂന്നെണ്ണം സൂക്ഷിച്ചുവെച്ചു?"
" അതേ ,അടുത്ത ദിവസം കുട്ടികൾ ചോദിക്കുമ്പോൾ കൊടുക്കാലോ" ഇൗ ചോദ്യങ്ങളും ഉത്തരവും മകൻ ശ്രദ്ധിച്ചതേയില്ല.. അവൻ മറ്റൊരു കാര്യമാണ് ചോദിച്ചത്.
"എനിക്ക് ശാഖയിൽ പോകാൻ പറ്റുമോ കളരിയിൽ?"
"പോകാലോ എന്താ കാര്യം?"
"അല്ല എന്നാലേ അച്ഛൻ ഇനി ലഡ്ഡു കൊണ്ടുവരു"
"അങ്ങനെയാണോ"
"അതെ സാറേ ഇവരുടെ അച്ഛൻ അതിൻറെ ആളാ കുറച്ചായി…."
"സാരമില്ല ഞാൻ മരുന്നു കുറിക്കാം"
ഡോക്ടർ പെട്ടെന്ന് എഴുത്തുപാഡ് എടുത്തു..
,*******************************************************

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക