മാറുന്ന കേരളം: ഇത്ര ക്ഷിപ്രകോപികളോ നമ്മള്‍? (ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 13 May, 2022
മാറുന്ന കേരളം: ഇത്ര ക്ഷിപ്രകോപികളോ നമ്മള്‍? (ദുര്‍ഗ മനോജ് )

കുടുംബക്ഷേത്രത്തിലെ ചടങ്ങുകള്‍ക്കിടയിലുണ്ടായ തര്‍ക്കത്തിനിടയില്‍ കസേര കൊണ്ടുള്ള ഏറു കൊണ്ടു പരിക്കേറ്റ വീട്ടമ്മ മരിച്ചു. ചേര്‍ത്തല കടക്കരപ്പള്ളിയില്‍ താമസിക്കുന്ന അമ്പത്തിമൂന്നു വയസ്സുള്ള കുമാരിയാണു മരിച്ചത്. കസേര കൊണ്ടുള്ള ഏറില്‍ നെറ്റിക്കു പരിക്കേറ്റ ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പിന്നീടുണ്ടായ അസ്വസ്ഥതയില്‍ അവര്‍ മരിക്കുകയാണുണ്ടായത്.

കഴിഞ്ഞ ദിവസം മറ്റൊരു വാര്‍ത്ത പുറത്തു വന്നിരുന്നു, നെയ്യാറിനു കുറുകേയുള്ള റെയില്‍വേപ്പാലത്തിലിരുന്നു മദ്യപിക്കുകയായിരുന്ന മൂവര്‍ സംഘം അതിനിടയില്‍ ഉണ്ടായ തര്‍ക്കത്തിനിടെ സംഘാംഗത്തില്‍ ഒരാളെ അടിച്ചു പുഴയിലേക്കു തള്ളി. അയാളുടെ മൃതദേഹം പുഴയില്‍ നിന്നും പിന്നീടു കണ്ടെടുക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനു പിന്നാലെ നടന്ന അന്വേഷണത്തിടയില്‍ സംഭവം കൊലപാതകമാണെന്നു കണ്ടെത്തുകയായിരുന്നു.

മേല്‍പ്പറഞ്ഞ വാര്‍ത്തകള്‍ വായിക്കുമ്പോള്‍ എന്തെങ്കിലും അസ്വാഭാവികത തോന്നുന്നുണ്ടോ? മുന്‍പൊക്കെ ഒരു മനുഷ്യനെ ഇല്ലാതാക്കുക എന്നാല്‍ അത്രയേറെ പ്രശ്‌നങ്ങളോ ശത്രുതയോ ഉണ്ടാകണം, അതല്ലെങ്കില്‍ മോഷണത്തിനിടയില്‍ സംഭവിക്കാം. ചിലതു വളരെ പ്ലാന്‍ഡ് ആയും സംഭവിക്കാം. പക്ഷേ, അമ്പലത്തിലെ ആചാരത്തര്‍ക്കത്തിനിടയില്‍, ചില്ലറ നല്‍കാതിരിക്കുന്നതുമായി ബന്ധപ്പെട്ട്, മുഖത്തേക്കു തുറിച്ചു നോക്കി എന്നതു പോലും കൊലയ്ക്കു കാരണമാകുന്ന പുത്തന്‍ മനുഷ്യരാണിപ്പോള്‍ പ്രബുദ്ധരായ മലയാളികള്‍. നമുക്കു പുച്ഛമായിരുന്നു സര്‍വ്വതിനോടും. ഇന്നും ആ പുച്ഛഭാവത്തിനു വലിയ മാറ്റമൊന്നുമില്ല. പക്ഷേ, അതല്ലല്ലോ ഇവിടെ പ്രശ്‌നം, അസഹിഷ്ണുതയല്ലേ? ക്ഷിപ്രകോപമല്ലേ? ആരോടും ക്ഷമിക്കാന്‍ സാധിക്കുന്നില്ല, ആരുടെമുന്നിലും ഒന്നു കീഴടങ്ങാന്‍ വയ്യ, ഒന്നും മറക്കുന്നില്ല, അതില്‍ പക പുകയുന്ന മനസ്സ്, ഒപ്പം തനിക്കൊപ്പം ആരുമില്ലെന്ന ഭാവം ഒക്കെ എല്ലാത്തരം മനുഷ്യരിലും ഒന്നുപോലെ വര്‍ദ്ധിച്ചു വരുന്നു. മതചിന്തകളും ആരാധനാലയങ്ങളും നന്മയുടെ, സമാധാനത്തിന്റെ ഇരിപ്പിടമാകേണ്ടിടമാണ്. എന്നാലോ അതിനെ പ്രതിയാണ് വൈരാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നത്. എല്ലാറ്റിനും എരിവു പകരാന്‍ മദ്യവും അതിനേക്കാള്‍ അപകടകാരിയായ മയക്കുമരുന്നും. കഞ്ചാവു കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യാത്ത ഒറ്റ ദിവസം പോലും ഈ കൊച്ചു കേരളത്തിലില്ല. ആര്‍ക്കും ഒന്നിലും തൃപ്തി കിട്ടുന്നുമില്ല. ഇപ്പോഴത്തെ ഈ അസംതൃപ്തി നല്ലതിലേക്കുള്ള കുതിപ്പല്ല. നിശ്ചയമായും മദ്യത്തിനും മയക്കുമരുന്നിനും എതിരേ മാത്രമല്ല, ആഢംബര ഭ്രമത്തിനും ജോലി ചെയ്യാനുള്ള താല്‍പര്യമില്ലായ്മക്കും എതിരെ കൂടി ബോധവല്‍ക്കരണം വേണ്ടതുണ്ട്. അതു സ്‌ക്കൂള്‍ തലം മുതല്‍ ആരംഭിക്കേണ്ടതും കോളേജു തലത്തില്‍ വളരെ മികച്ച രീതിയില്‍ തുടരേണ്ടതുമുണ്ട്.

നഷ്ടമായ ജീവനുകള്‍ മടക്കിക്കിട്ടില്ല. ഒരിക്കല്‍ നഷ്ടമായാല്‍ നികത്താനാകാത്ത വിടവു സൃഷ്ടിച്ചാണ് ഓരോ അകാലമരണവും കടന്നു പോകുക. മരണത്തെ ഭയക്കാനാകില്ല. പക്ഷേ, വെറും നിസ്സാര പ്രശ്‌നങ്ങളില്‍ നഷ്ടപ്പെടുത്താനുള്ളതല്ല അത്. ഏതു പ്രത്യാക്ഷമണത്തിനു മുന്നേയും ഒന്നു ചിന്തിക്കാനുള്ള വിവേകം കാണിച്ചാല്‍ അതു മതിയാകും ഒരു അപ്രതീക്ഷിത മരണം തടയാന്‍. അത്രയും വിവേകമെങ്കിലും കാട്ടരുതോ പ്രബുദ്ധ കേരളമേ നീ?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക