Image

വിർജീനിയ എട്ടാം ഡിസ്ട്രിക്ടിൽ വിക്ടോറിയ വീരസിംഗ്: തുല്യതയുടെ സന്ദേശവുമായി യുവ സ്ഥാനാർഥി 

Published on 14 May, 2022
വിർജീനിയ എട്ടാം ഡിസ്ട്രിക്ടിൽ വിക്ടോറിയ വീരസിംഗ്: തുല്യതയുടെ സന്ദേശവുമായി  യുവ സ്ഥാനാർഥി 

വിക്ടോറിയ വീരസിംഗ് എന്ന 29കാരി ആർലിംഗ്ടണിൽ ഡെമോക്രാറ്റിക്‌ പ്രൈമറിയിൽ നേരിടുന്നത് റെപ്. ഡോൺ ബെയർ എന്ന പാർട്ടിയുടെ കരുത്തനെ. വിർജീനിയ രാഷ്ട്രീയത്തിൽ പയറ്റി തെളിഞ്ഞ 71 കാരനെ തോൽപിക്കാൻ കഴിയുമെന്നു ഇന്ത്യൻ പിതാവിന്റെയും ഇക്വഡോറിയൻ മാതാവിന്റെയും പുത്രി ഉറച്ചു  വിശ്വസിക്കുന്നു. ജനം മാറ്റം ആഗ്രഹിക്കുന്നു എന്ന കണ്ടെത്തലാണ് ആ വിശ്വാസത്തിനു അടിസ്ഥാനം. 

വംശീയ അധിക്ഷേപങ്ങൾ വെറുതെ വിഴുങ്ങേണ്ടി വന്ന വർഷങ്ങളുടെ അനുഭവമാണ്  വീരസിംഗിനു പ്രേരണയായത്. വിർജിനിയയുടെ എട്ടാം കോൺഗ്രെഷണൽ ഡിസ്ട്രിക്റ്റിൽ മത്സരത്തിൽ പ്രവേശിക്കുന്ന ആദ്യത്തെ ലാറ്റിനോയും ആദ്യത്തെ ഏഷ്യക്കാരിയുമാണ് വീരസിംഗ്. ആർലിംഗ്ടൺ, ഫെയര്ഫാക്സ് കൗണ്ടികളും അലക്സാൻഡ്രിയാ, ഫാൾസ് ചർച് നഗരങ്ങളും ഉൾപ്പെട്ടതാണ് ഡിസ്ട്രിക്റ്റ്.  

ഈ ഡിസ്ട്രിക്റ്റിന്റെ ഹൃദയഭാഗത്തു ജനിച്ചു വളർന്നതാണു താനെന്നു വീരസിംഗ് 'അമേരിക്കൻ കഹാനി' യോട് പറയുന്നു. "കുടിയേറ്റക്കാരുടെ മകൾ. എന്റെ കുടുംബത്തിന്റെ കഥ പോരാട്ടത്തിന്റെയും അവസരങ്ങളുടെയുമാണ്. 

"എന്റെ 'അമ്മ ഇക്വഡോറിൽ വളർന്നു. അച്ഛൻ തായ്‌ലൻഡിൽ സിഖ് അഭയാർത്ഥികളുടെ മകനായിരുന്നു. ഇരുവരും അമേരിക്കയിലേക്കു വന്നതു മെച്ചപ്പെട്ട ജീവിതം തേടിയാണ്. അവർക്കു പക്ഷെ എല്ലാ ദിവസവും കഠിനമായ പോരാട്ടമായിരുന്നു."

മിനിമം വേതനം മാത്രം ലഭിക്കുന്ന ജോലികൾ കൊണ്ട് അവർ അമേരിക്കയിൽ നടത്തിയ അതിജീവനത്തിന്റെ ഓർമ്മകൾ വീരസിംഗിന്റെ ഓർമയിലുണ്ട്. കഠിനമായി അധ്വാനിക്കാനും ത്യാഗം സഹിക്കാനും അമേരിക്കൻ സ്വപ്നം നേടിയെടുക്കാനും അവർ പഠിപ്പിച്ചു. 

കുടുംബത്തിൽ നിന്നു കോളജിൽ പോയ ആദ്യ അംഗം വിക്ടോറിയ വീരസിംഗ് ആയിരുന്നു. സ്റ്റാൻഫോഡ് യൂണിവേഴ്‌സിറ്റിയിൽ നിന്നു അന്താരാഷ്ട്ര ബന്ധങ്ങളിൽ ബിരുദം. പിന്നെ ലാറ്റിൻ അമേരിക്കൻ സ്റ്റഡീസിൽ മാസ്‌റ്റേഴ്‌സ്. അതും കഴിഞ്ഞപ്പോൾ ജോലിയായി. ആവശ്യത്തിന് പണവും. 

അമേരിക്കൻ സ്വപ്നം പൂവണിഞ്ഞു. പക്ഷെ അപ്പോഴാണ് അതെത്ര കഠിനമായിരുന്നു എന്ന ചിന്ത ഉണ്ടായത്. ചില വിഭാഗങ്ങൾക്കു മാത്രം എന്തേ അങ്ങിനെ എന്ന ചിന്ത ഉയർന്നപ്പോഴാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കണം എന്ന തീരുമാനം ഉണ്ടായത്. വംശീയ അധിക്ഷേപങ്ങൾ പ്രതിഷേധിക്കാതെ വിഴുങ്ങുക, കഠിനമായി അധ്വാനിക്കയും പഠിക്കയും ചെയ്യുക എന്നൊക്കെയുള്ള നിയമങ്ങൾ എന്തേ നമുക്ക് മാത്രം എന്ന ചോദ്യം ഉയർന്നു. 

മത്സരിക്കാൻ തീരുമാനിച്ചു എന്ന് കേട്ടപ്പോൾ കുടുംബത്തിൽ തന്നെ ചോദ്യം ഉയർന്നു: എന്തിന്. 

പുരോഗമന ചിന്തയുള്ള ഡെമോക്രറ്റ് എന്ന് സ്വയം വിളിക്കുന്ന വീരസിംഗ് കോർപ്പറേറ്റ് സംഭാവനകൾ നിരസിക്കുന്നു. ഈ വിഭാഗത്തിൽ പെട്ട അലക്സാൻഡ്രിയാ ഒക്കെഷിയോ-കോർട്ടസ് (ന്യയോർക്ക്), കോറി അനിക  ബുഷ് (മിസൂറി) എന്നീ ഡെമോക്രറ്റുകളുടെ വിജയം അവർക്കു ആവേശമായി. വർഷങ്ങളായി വേരോടി നിന്ന വമ്പന്മാരെ വീഴ്ത്തിയാണ് അവരൊക്കെ കോൺഗ്രസിൽ എത്തിയത്. 

പ്രൈമറിയിൽ എട്ടു വർഷത്തിനിടെ ബേയറെ വെല്ലുവിളിച്ച ആദ്യത്തെ സ്ഥാനാർഥിയാണ് വീരസിംഗ്. മത്സരം നേരിടുന്ന ഒരേയൊരു ഡെമോക്രാറ്റിക്‌ കോൺഗ്രസ് അംഗവുമാണ് ബേയർ. 

സെനറ്റർ ഡയാനെ ഫെയ്ൻസ്റ്റീനോടൊപ്പം ജോലി ചെയ്‌തിരുന്ന പരിശീലനം രാഷ്ട്രീയ പോരാട്ടങ്ങൾക്ക് ഉപകരിക്കുമെന്ന് വീരസിംഗ് ഓർമ്മിക്കുന്നു. 

ഡിസ്‌ട്രിക്ടിലെ 48% താമസക്കാരും ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. ശക്തമായ ഏഷ്യൻ അമേരിക്കൻ സാന്നിധ്യമുണ്ട്. ഇന്ത്യൻ അമേരിക്കൻ വിഭാഗം വളരെ വിശാലമാണ് താനും. വിർജിനിയയിലെ മറ്റൊരു ഡിസ്ട്രിക്ടിലും ഇല്ലാത്ത വലിയൊരു ലാറ്റിൻ സമൂഹവുമുണ്ട്. 

സ്ത്രീ ആയിരിക്കുക,  വെള്ളക്കാരിയല്ലാത്ത സ്ത്രീ ആയിരിക്കുക ഇതൊക്കെ കഠിനമാണ് അമേരിക്കയിൽ എന്ന് വീരസിംഗ് അനുഭവത്തിൽ നിന്നു  ചൂണ്ടിക്കാട്ടുന്നു. 18നും 44നും ഇടയിൽ പ്രായമുള്ളവർ വളരെയേറെയുള്ള ഡിസ്ട്രിക്ടിൽ ഇത്ര കാലം ജയിച്ചു പോയിരുന്നത് 65 കഴിഞ്ഞ പുരുഷന്മാർ മാത്രം ആയിരുന്നു. അതും കോടീശ്വരന്മാർ. 

മാറ്റത്തിനുള്ള ആഗ്രഹം വ്യക്തമാണ്, വീരസിംഗ് പറയുന്നു.  ശബ്ദമുയർത്തി ഒരു പുതിയ തലമുറയെ വിളിച്ചുണർത്തുക എന്നതാണ് അവരുടെ ദൗത്യം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക